LIMA WORLD LIBRARY

പ്രകൃതി സംരക്ഷണവും പരിസ്ഥിതി ദിനവും-പ്രീതി നായര്‍ മൂവാറ്റുപുഴ

ഛായാ മന്യസ്യ കുര്‍വ്വന്തി
തിഷ്ഠന്തി സ്വയമാത പേ
ഫലാന്യപി പരാര്‍ത്ഥായ
വൃക്ഷ: സത്പുരുഷാ : ഇവ

സുഭാഷിതത്തിലെ ഈ വരികളുടെ സാരാംശം ഇപ്രകാരമാണ് ‘ സ്വയം വെയില്‍ കൊണ്ടു കൊണ്ട് മരങ്ങള്‍ മറ്റുള്ളവര്‍ക്കായി തണല്‍ നല്‍കുന്നു. അതിന്റെ ഫലങ്ങളാകട്ടെ മറ്റുള്ളവര്‍ക്കായി നല്‍കുന്നു. അതിനാല്‍ വൃക്ഷങ്ങള്‍ നമ്മുടെ സജ്ജനങ്ങളാകുന്നു.
ഭാരതീയ പൈതൃകത്തില്‍ വൃക്ഷലതാദികളുടെ പ്രാധാന്യത്തെപറ്റി നമ്മുടെ പൂര്‍വ്വികര്‍ മനസിലാക്കി തന്നിട്ടുണ്ട്. വൃക്ഷത്തോലുകളിലൂടെയാണ് തലമുറകളുടെ അറിവും സംസ്‌ക്കാരവും പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്നു തന്നത്.

പ്രകൃതിയിലെ ഓരോ അംശത്തിലും ഈശ്വരനെ കണ്ട് നാം ആരാധിക്കുന്ന ഒരു വിശുദ്ധ പാരമ്പര്യത്തിന്റെ കണ്ണികളാണ് ഓരോ ഭാരതീയനും.
എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്‌ളി 1974 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. അന്തരീക്ഷത്തിലെത്തിച്ചേരുന്ന ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ തുടങ്ങിയ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇതു മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതു വഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തില്‍ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക, കാലാവസ്ഥ വ്യതിയാനം. മറ്റ് മലിനീകരണങ്ങള്‍, ജൈവ വൈവിധ്യ നഷ്ടം തുടങ്ങി നാം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതില്‍ ലോക പരിസ്ഥിതി ദിനം നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ എടുത്തു കാണിക്കുന്നതിലൂടെ വ്യക്തികളെയും സമൂഹങ്ങളെയും സര്‍ക്കാരുകളെയും കൂടുതല്‍ സുസ്ഥിരമായ രീതികള്‍ സ്വീകരിക്കാനും പ്രവര്‍ത്തിക്കാനും പ്രചോദനം നല്‍ക്കുക എന്നതാണ് ലക്ഷ്യം.

പ്ലാസ്റ്റിക് മലിനീകരണം

ENDING PLASTIC POLLUTION എന്ന സന്ദേശമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്ന സന്ദേശം. പ്രകൃതിയെ മലിനീകരിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയാല്‍ നില്‍ക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പ്രകൃതിക്ക് ഏറ്റവും അപകടകരമായ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന സന്ദേശമാണ് ഐക്യരാഷ്ട്രസഭ ഈ വര്‍ഷം നല്‍കുന്നത്. നിലവിലെ കണക്കനുസരിച്ച് 2040 ആകുമ്പോഴേയ്ക്കും പ്ലാസ്റ്റിക്കില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങള്‍ ഉയര്‍ത്തുന്ന മലിനീകരണ പ്രതിസന്ധി പത്തൊന്‍പത് ശതമാനമായി ഉയരും. ഓരോ മിനിറ്റിലും ഒരു ട്രക്കില്‍ കൊള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലേയ്ക്ക് ഒഴുകിയെത്തുന്നത്. ഓരോ ദിവസവും 1440 ട്രക്കില്‍ കൊള്ളുന്ന മാലിന്യം കടലിലേയ്ക്ക് തള്ളുന്നു. ഇത് കടലിലെ ജീവജാലങ്ങള്‍ക്ക് ഭീഷണിയാക്കുന്നു.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, നിര്‍മ്മാണം കുറയ്ക്കുക തുടങ്ങിയവയാണ് ഇതിന് പ്രതിവിധി. കൂടാതെ മണ്ണിലും മറ്റ് ജലാശയങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പൊടിഞ്ഞ് നാം അറിയാതെ നമ്മളിലേയ്ക്ക് തന്നെ തിരിച്ചെത്തുന്നു. 25 ശതമാനം രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ആണെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.

മനുഷ്യനും പ്രകൃതിയും

മനുഷ്യന്‍ പ്രകൃതിയുടെ തന്നെ ഭാഗമാണ്. ഭൂമിയുടെ നിലനില്‍പ് തന്നെ പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്. വൃക്ഷങ്ങള്‍ പ്രകൃതിദത്ത വായു ശുദ്ധികരണമായി പ്രവര്‍ത്തിക്കുന്നു. കാര്‍ബണ്‍ഡൈ ഓക്‌സൈസ് പോലുള്ള അപകടകരമായ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലൂടെയും എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ പുറത്തുവിടുന്നതിലൂടെയും മരങ്ങള്‍ പ്രകൃതിദത്ത വായു ശുദ്ധീകരിണിയായി പ്രവര്‍ത്തിക്കുന്നു അന്തരീക്ഷ ശുദ്ധിയില്ലാതെ വരുമ്പോള്‍ നമ്മുടെ ആരോഗ്യം തകരുന്നു. ആയുസ് കുറയുന്നു. രോഗികളാകുന്നു. ഒരു മനുഷ്യന്‍ ശരാശരി ഒരു വര്‍ഷം രണ്ടായിരം കിലോ കാര്‍ബണ്‍ ആണ് പുറത്തേയ്ക്ക് വിടുന്നത്. ഒരാള്‍ക്ക് ശ്വസനത്തിനായി നാനുറ്റി ഇരുപത് വൃക്ഷങ്ങള്‍ വേണം എന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവില്‍ ഒരാള്‍ക്ക് ഇതുപത്തിരണ്ട് വൃക്ഷങ്ങളാണുള്ളത്. പ്രകൃതിയിലെ ഏതൊരു മാറ്റവും മനുഷ്യനെ ബാധിക്കുന്നു. പാശ്ചാത്യ ജീവിത രീതിയില്‍ നാം ആകൃഷ്ടരായതോടെയാണ് വൃക്ഷ സംരക്ഷണത്തില്‍ നാം വേണ്ടത്ര ശ്രദ്ധയും പ്രാധാന്യവും കൊടുക്കാതെയായി. ഇത് പല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമായി. പ്രകൃതിയുടെ താളം തെറ്റിയാല്‍ മനുഷ്യ ജീവിതത്തിന്റെ താളലയവും നഷ്ടമാകും.

വൃക്ഷങ്ങള്‍ക്കും വൈകാരികതയുണ്ട്

വൃക്ഷങ്ങള്‍ക്കും വൈകാരികതയുണ്ടെന്ന് പുരാതന കാലം മുതല്‍ ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു. നമ്മുടെ പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും ഭാരതീയ പൈതൃകത്തിന്റെ അടിത്തറ വൃക്ഷങ്ങളായിരുന്നുവെന്ന് പരാമര്‍ശങ്ങളുണ്ട്.. മനുഷ്യനില്‍ നിന്നുള്ള തരംഗങ്ങളനുസരിച്ച് സസ്യങ്ങള്‍ പ്രതികരിക്കുമെന്ന് ഇന്ന് ശാസ്ത്രവും അംഗീകരിച്ച വസ്തുതയാണ്. ചെടിയെ നുള്ളാന്‍ ചെന്നാല്‍ അതിന് വൈബ്രേഷന്‍ ഉണ്ടാകുമെന്ന് സയന്‍സ് കണ്ടുപിടിച്ചു. എന്നാല്‍ ഇതേ തത്വം എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തിലെ മഹാഋഷീശ്വരന്‍മാര്‍ ഉള്‍ക്കൊണ്ട് ജീവിച്ചവരായിരുന്നു. കാളിദാസ ശാകുന്തളത്തില്‍ മനുഷ്യനും സസ്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു രംഗം നമുക്കെല്ലാവര്‍ക്കും അറിയാം. കണ്വാശ്രമത്തില്‍ ജീവിച്ച ശകുന്തള ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ വൃക്ഷലതാദികളും മറ്റും ശകുന്തളയെ യാത്രയാക്കുന്ന വേളയില്‍ കണ്വ മഹര്‍ഷി പറയുകയാണ്, അല്ലയോ സസ്യങ്ങളെ, നിങ്ങള്‍ക്ക് ജലമേകാതെ ഒരിറ്റു വെള്ളം കുടിക്കുന്നവളല്ല ഈ ശകുന്തള, നിങ്ങളുടെ ഇളം പൂന്തളിര്‍ തലയില്‍ ചൂടാന്‍ ഇവള്‍ക്കാഗ്രഹമുണ്ടെങ്കിലും അത് നുള്ളിയെടുത്താല്‍ നിങ്ങള്‍ക്ക് നോവുമോ എന്നു കരുതി അപ്രകാരം ചെയ്യാതിരുന്നതാണിവള്‍. സസ്യങ്ങളെ ! നിങ്ങള്‍ ആദ്യമായി പുഷ്പിച്ചപ്പോള്‍ ആനന്ദം കൊണ്ട് തുള്ളിച്ചാടിയവളാണ് ശകുന്തള. ആ ശകുന്തളയാണ് നിങ്ങളോട് വിട വാങ്ങുന്നത്.: കണ്വന്റെ ഈ വാക്കുകള്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ബന്ധം വെളിവാക്കുന്നു. പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ്. ശകുന്തള പോകാന്‍ നേരം അവള്‍ ലാളിച്ചു വളര്‍ത്തിയ സസ്യലതാദികളും വളര്‍ത്തുമൃഗങ്ങളും എത്രമാത്രം ദുഃഖിതരായി എന്ന് നോക്കു. ഒരു മുല്ലവള്ളി ശകുന്തളയെ വിടാതെ കാലില്‍ ചുറ്റി. സസ്യങ്ങളെയും മൃഗങ്ങളെയും സ്‌നേഹിച്ചാല്‍ അവ നമ്മെ തിരിച്ചും അതുപോലെ സ്‌നേഹിക്കുമെന്നാണിത് കാണിച്ചു തരുന്നത്. ആധുനിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലാത്ത നമ്മുടെ പൂര്‍വ്വികര്‍ പുലര്‍ത്തി പ്പോന്ന പ്രകൃത്യനുകൂലമായ വിജ്ഞാനവും കണ്ടുപിടുത്തങ്ങളും ഇന്നും നമ്മെ വിസ്മയിപ്പിക്കും. ഏതൊക്കെ വൃക്ഷങ്ങള്‍ എവിടെയൊക്കെ നട്ടുവളര്‍ത്തണമെന്നും ഏതെല്ലാം വൃക്ഷങ്ങള്‍ പ്രത്യേകമായി ആരാധിക്കണമെന്നും അവര്‍ക്കറിയാമായിരുന്നു. വൃക്ഷങ്ങളോട് അനുവാദം ചോദിച്ചിട്ടേ അവയെ മുറിക്കാറുള്ളായിരുന്നു.

പ്രകൃതിയെ ഈശ്വരനായി കണ്ട് സംരക്ഷിച്ചിരുന്ന ഒരു പാരമ്പര്യത്തിന്റെ കണ്ണികളാണ് നാം ഓരോരുത്തരും. അപ്പോള്‍ നമ്മളെ സംബന്ധിച്ച് പ്രകൃതി സംരക്ഷണം എന്നത് ഈശ്വരാരാധന തന്നെയാണ്. ഈ ബോധം നാം ഓരോരുത്തരിലും ഉണ്ടായാല്‍ മാത്രമെ നമുക്ക് പ്രകൃതിയെ സ്‌നേഹിക്കാന്‍ കഴിയു . കൂടാതെ മനുഷ്യ സമൂഹത്തിന്റെ ശാസ്ത്രീയവും സാമ്പത്തികവും, സാമൂഹികവും സാംസ്‌ക്കാരികവുമായ നിലനില്‍പ്പിനും വികസനത്തിനും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഒരു വസ്തുതയാണ്. മനുഷ്യന്റെ കേവല ഭൗതികാവശ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി സൃഷ്ടിക്കപ്പെട്ടവയാണ് പ്രകൃതിവിഭവങ്ങള്‍ എന്ന മിഥ്യാ ധാരണയില്‍ ഈ പ്രകൃതി വിഭവങ്ങളെ അങ്ങേയറ്റം ചൂഷണം ചെയ്തു കൊണ്ടുള്ള പുരോഗതിക്ക് പുറകെയാണ് ഇന്ന് മാനവരാശി.’ ദശകൂപസമാ വാപീ

ദശവാപീസമോ ഹ്രദ:
ദശഹ്രദ സം: പുത്ര:
ദശപുത്ര സമോ ദ്രുമ :

ഒരു കുളം പത്തു കിണറുകള്‍ക്കു തുല്യമാണ്. ഒരു ജലസംഭരണി പത്തു കുളങ്ങള്‍ക്ക് സമമാണ്. പത്തു ജലസംഭരണികള്‍ ഒരു പുത്രന് സമമാണ്. എന്നാല്‍ ഒരു വൃക്ഷം പത്തു പുത്രന്‍മാര്‍ക്ക് തുല്യമാണ് എന്നാണ്..

ഭാരതീയ ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിയെ ആദരിക്കുകയും സംരക്ഷിക്കുന്നതിനുമായാണ് ഓരോ ജന്മനക്ഷത്രത്തെയും വൃക്ഷങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഭാരതീയ ജ്യോതിഷത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളില്‍ ജനിച്ചവരും നക്ഷത്ര വൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും നട്ടു പരിചരിച്ച് വളര്‍ത്തുകയും ചെയ്യുക എന്ന നമ്മുടെ പൂര്‍വ്വികരുടെ നിരീക്ഷണ പാടവമാണ് ഇതിന് നിദാനം. പ്രകൃതിയെ പരിരക്ഷിക്കുകവഴി മാനസികവും ശാരീരികവും ആരോഗ്യവുമുള്ള ഒരു ജന സമൂഹത്തെ വാര്‍ത്തെടുക്കാനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഗാഢമായ ഈ ബന്ധത്തെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ധാരണകളുടേയും പ്രതീക്ഷകളുടേയും പശ്ചാത്തലത്തില്‍ സമഞ്ജസപ്പെടുത്തിയ നമ്മുടെ പൂര്‍വ്വികരുടെ ദീര്‍ഘവീക്ഷണത്തിന് ഉദാഹരണമാണ്.

എണ്ണിയാലൊടുങ്ങാത്ത പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും, കൊടും ചൂടും,
അന്തരീക്ഷ മലിനീകരണവും ഒക്കെ പ്രകൃതിനാശത്തിന് കാരണമാകുന്നു. പ്രളയം, മിന്നല്‍ പ്രളയം, മേഘ വിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍ ഇവ പതിവായി തീര്‍ന്നിരിക്കുന്നു. വരാനിരിക്കുന്നത് സങ്കീര്‍ണ്ണതയുടെ നാളുകളും. നമുക്കായി സുന്ദരവും സുരക്ഷിതവുമായി ഒരു ആവാസ വ്യവസ്ഥ ഒരുക്കി തന്ന പ്രകൃതിയെ ഇനി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ദീര്‍ഘ വീഷണത്തോടെ നമ്മുടെ പൂര്‍വ്വികര്‍ തെളിച്ച വഴിയിലൂടെ ഇനിയെങ്കിലും നമുക്ക് സഞ്ചരിക്കാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px