രചന-ഒ.എന്‍.വി കുറുപ്പ്
സംഗീതം-രവീന്ദ്രന്‍
ഗായകന്‍ ബ യേശുദാസ്
ചിത്ര- സുഖമോദേവി
ചില പ്രത്യേകതകള്‍ ഉള്ള ഒരു ഗാനമാണ്
‘ സുഖമോ ദേവീ ‘ –
രണ്ട് വാക്കുകള്‍ മാത്രം ആവര്‍ത്തിച്ച് കൊണ്ട് ഒരു പാട്ടിന്റെ പല്ലവി നിര്‍മ്മിക്കുക എന്നത് ലോക സംഗീതത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും . ഓ എന്‍ വി – രവീന്ദ്രന്‍ മാഷ് ദ്വയങ്ങള്‍ അത് വളരെ നന്നായി ചെയ്തു .
വേറൊന്ന് ഇതൊരു കഥകളിപദത്തില്‍ നിന്ന് പ്രചോദനം കൊണ്ടതാണ് എന്നതാണ് .
‘ സുഖമോ ദേവീ സാമ്പ്രതം ഇഹതെ
സുകൃതനിധേ ജാതം സുദിനം ‘
സീതയെ കാണുമ്പോള്‍ ഹനുമാന്‍ നെഞ്ചിടറി ചോദിക്കുന്നതാണ് .
(ദേവീ, ഇവിടെ അവിടുത്തേയ്ക്ക് സുഖം തന്നെയല്ലെ? സുകൃതനിധിയായുള്ളവളേ, എനിക്കിത് ഒരു സുദിനമായ് വന്നു.)
പ്രണയമാനസങ്ങളില്‍ കൊടിയേറുന്ന ഒരു അനുരാഗ പ്രതിഭാസമാണ് കാമുകനെ ദേവനായും കാമുകിയെ ദേവിയായും സങ്കല്‍പ്പ സിംഹാസനത്തില്‍ അവരോധിക്കുന്നത് . മണ്‍തരികളും നീലാകാശവും പൂക്കളും കാറ്റും തഴുകുകയും കുശലം പറയുകയും ചെയ്യുന്ന ഒരു ദേവീയുടെ പ്രേമ സാമ്രാജ്യമാണ് ഈ കാമുകന് വേണ്ടി ഒ എന്‍ വി ഇവിടെ വരച്ചിടുന്നത്
‘ നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗലനീലാകാശവും
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ
കുളിര്‍പകരും പനിനീര്‍ക്കാറ്റും ‘
അശോക വനിയിലെ ശിംശിപ വൃക്ഷത്തണലിലാണ് സീതാദേവി ആത്മനാഥനായ ശ്രീരാമനെ ഓര്‍ത്ത് ദിവസങ്ങള്‍ കഴിച്ചു കൂട്ടിയത്. കൂട്ടിനായി ഏതാനും ദാസി സ്ത്രീകളൊഴിച്ചാല്‍ പിന്നെയുള്ളത് മുകളിലാകാശവും താഴെ ഭൂമിയും. കൂടെ ഇടക്കിടെ എത്തി നോക്കുന്ന മാരുതനും . ദേവിക്ക് സുഖമാണോ എന്ന് തിരക്കാന്‍ തലമുടിയറ്റം സ്പര്‍ശിക്കുന്ന ഭൂമിദേവിയുടെ മണ്‍തരികളും , എല്ലാം സാക്ഷിയായ നീലാകാശവും, പിന്നെ വാല്‍സല്യത്തോടെ നെറുകില്‍ തലോടി മറയുന്ന പനിനീര്‍ക്കാറ്റും മാത്രം . ഇതേ പ്രകൃതി പ്രതിഭാസങ്ങളുടെ വരപ്രസാദം മനസ്സിലേന്തി കാമുകനായ നന്ദന് ( ശങ്കര്‍ ) തന്റെ കാമുകിയോട് രാഗമധുരമായി ചോദിക്കാനുള്ളതും അത് തന്നെ : ‘ സുഖമോ ദേവി ‘
അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂം പീലിയും…
അഴകില്‍ കോതിയ മുടിയില്‍ തിരുകീ….
കളമൊഴികള്‍ കുശലം ചൊല്ലും….
അശോകവനിയില്‍ സീതാദേവി മൂകമായി മനം നൊന്ത്
‘ എന്നുവരും രാമന്‍ എന്നുവരും തന്റെ
കണ്മണിയാളുടെ കരംപിടിക്കാന്‍ ? ‘
എന്ന് വിതുമ്പുന്നുണ്ടാകാം . അതറിയുന്നത് ഒരു പക്ഷേ പരഹൃദയജ്ഞാനത്താല്‍ ശ്രീരാമന്‍ മാത്രമായിരിക്കും. സീതക്ക് കാവലിരിക്കുന്ന സ്ത്രീകള്‍ക്ക് അതറിയില്ല , അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല . അവരെ സംബന്ധിച്ചിടത്തോളം രാവണന്‍ മോഹിക്കുന്ന പെണ്ണ് ഒരു ഭാഗ്യവതിയാണ്.
കോതി മിനുക്കിയ മുടിയില്‍ കുഞ്ഞു പൂക്കളും പൂം പീലിയും ചൂടി അഴകേറിയവര്‍ സുഖദ സ്വരത്തില്‍ കുശലം ചോദിക്കുന്നു ,
‘ സുഖമോ ദേവി ‘
പക്ഷേ ഇവിടെ നന്ദന്‍ എന്ന കാമുകന് തന്റെ കാമുകിക്ക് നല്‍കാനുള്ളത് കേവലം കുശലാന്വേഷണമല്ല , സ്‌നേഹം തുളുമ്പുന്ന ഹൃദയവാഹിനിയുടെ തേന്‍ചാലുകളാണ് .
ഓ എന്‍ വി ഗാനരചന ആരംഭിച്ചത്
‘ ബാലമുരളി’ എന്നൊരു തൂലികാ നാമം സ്വീകരിച്ചു കൊണ്ടായിരുന്നു , അതിനു കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കാലാഹരണപ്പെട്ട നിയമങ്ങള്‍ തന്നെ .
‘ ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്റെ കവിത’എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. ‘സുഖമോ ദേവി ‘ പോലുള്ള അദ്ദേഹത്തിന്റെ പാട്ടു കേള്‍ക്കുമ്പോള്‍ നമ്മള്‍ തനിയെ ചോദിച്ചു പോകും :
‘ പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ ? ‘
സിനിമാ രംഗത്ത് യഥാര്‍ത്ഥ സൗഹൃദങ്ങള്‍ കുറവാണെന്നാണ് പൊതുവേ പറയാറ്. എന്നാല്‍ സാഹോദര്യ നിബദ്ധമായ ഒരു ബന്ധമാണ് രവീന്ദ്രന്‍ – യേശുദാസ് ദ്വയത്തിന് ഉണ്ടായിരുന്നത്. അവസരങ്ങള്‍ ഇല്ലാതിരുന്നു രവീന്ദ്രനെ ചൂള എന്ന സിനിമയിലൂടെ അരങ്ങത്ത് കൊണ്ടു വന്നത് ദാസേട്ടനാണ്. അത് പോലെ ചലച്ചിത്രഗാനങ്ങളില്‍ നിന്ന് മെല്ലെ പിന്‍വാങ്ങാന്‍ നില്‍ക്കുമ്പോള്‍ ഹിസ്ഹൈനസ് അബ്ദുള്ളയിലെ പ്രമദവനം എന്ന പാട്ട് നിര്‍ബന്ധിച്ചു പാടിച്ചു ദാസേട്ടനെ തിരിച്ചുകൊണ്ടുവന്നതും രവീന്ദ്രന്‍ മാഷാണ്
‘ സുഖമോ ദേവി ‘ എന്ന ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിക്കുമ്പോള്‍ സംവിധായകന്‍ വേണു നാഗവള്ളി ഒരു കാര്യം രവീന്ദ്രന്‍ മാഷിനോട് പറഞ്ഞിരുന്നു – ‘അഞ്ചക്ഷരങ്ങള്‍ മാത്രം കൊണ്ടാണ് പല്ലവി , സു-ഖ-മോ- ദേ -വി , ചരണവും അനുചരണവും അത് പോലെ തന്നെ അതി ലളിതമാണ്. മിന്നിച്ചേക്കണം മാഷേ ! ‘
മാഷ് ശരിക്കും മിന്നിച്ചു !











