LIMA WORLD LIBRARY

അണഞ്ഞുപോയ വിജ്ഞാനവിളക്ക്-ജയരാജ് പുതുമഠം

തന്റെ കര്‍മ്മഗതിയില്‍ ഉടനീളം സ്‌നേഹത്തിന്റെ അരുണിമ വിതറി സഞ്ചരിച്ച കേരളക്കരയിലെ ഒരു വിജ്ഞാന സൂര്യന്‍ തന്നെയായിരുന്നു ഇന്നലെ വിടപറഞ്ഞ എം. കെ. സാനുമാഷ്.
അദ്ദേഹത്തിന്റെ നിരീക്ഷണ സൂക്ഷ്മത ചൂഴ്ന്നിറങ്ങാത്ത വിജ്ഞാനശാഖകള്‍ തെരഞ്ഞുപോയാല്‍ നിരാശയായിരിക്കും ഫലം.

അക്ഷരങ്ങളുമായുള്ള എന്റെ നേരിയ സൗഹൃദം ആരംഭിച്ച കാലംമുതല്‍ക്കുതന്നെ ആ വിജ്ഞാനമേരുവിന്റെ ഭാഷണങ്ങള്‍ കേള്‍ക്കുവാനും, കുറിപ്പുകള്‍ ഇടമുറിയാതെ വായിക്കുവാനുമുള്ള ഉത്സാഹം ഞാനറിയാതെത്തന്നെ എന്നില്‍ ഒതുങ്ങി കിടന്നിരുന്നു.

ഒരു മൂന്ന് പതീറ്റാണ്ടെങ്കിലും ആയിക്കാണും സാനുമാഷ് അക്കാദമി പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന സുവര്‍ണ്ണ കാലം നിലച്ചിട്ട്.

അക്കാലത്ത് കാക്കനാടനും,
വി. കെ. എന്നും, ശ്രീരാമന്‍ വക്കീലു(സി. വി.ശ്രീരാമന്‍) മൊക്കെ അക്കാദമി മെമ്പര്‍മാരായിരുന്ന പ്രശോഭിത കാലങ്ങളായിരുന്നു.
കാക്കനാടനുമായി എനിക്കുണ്ടായിരുന്ന
ഹൃദയബന്ധത്തിന്റെ അഴകില്‍ തൃശ്ശൂരിലെത്തി മടങ്ങുംവരെ ഞാനും പവിത്രനും ആയിരുന്നു അദ്ദേഹത്തിന്റെ ‘സംരക്ഷ’കര്‍.

600/രൂപയായിരുന്നു കൊല്ലത്തുനിന്ന് ഇവിടെ വന്ന് തിരിച്ചുപോകുന്നതുള്‍പ്പെടെ കാക്കാനാടന് നിശ്ചയിച്ചിരുന്ന അക്കാദമി അലവന്‍സ്.
വരുന്നതിനുമുമ്പുതന്നെ ബേബിച്ചായന്റെ (കാക്കനാടന്‍) അതിസാഹസികയായ പങ്കാളി അമ്മിണി ചേച്ചി വിളിച്ചു പറയുമായിരുന്നു,
‘ജയരാജേ.. പാലിന്റെ കാശ്‌കൊടുക്കാനുള്ള പൈസയെങ്കിലും ബാക്കി വെച്ചോളണേ… ‘ എന്ന്.

ഇത്തരത്തിലുള്ള ഒരു ചുറ്റുപാ ടില്‍ ഒരിക്കല്‍ ഞാനും പവിത്രനും ബേബിച്ചായനെ പൊക്കാന്‍ അക്കാദമിയില്‍ ചെന്നപ്പോള്‍ അക്കാദമിയിലെ സാനുമാഷുടെ മുറിയില്‍ വെച്ചാണ് ഈശ്വരതുല്യമായ സ്‌നേഹഭാവത്തോടെ അപരരോട് ഇടപഴകുന്ന സാനുമാഷിനെ ബേബിച്ചായന്‍ എനിക്ക് പരിചയപ്പെടുത്തി തന്നത്.

അദ്ദേഹത്തിന്റെ വായനക്കാരനാണെന്ന് ഞാന്‍ ഭവ്യതയോടെ പറഞ്ഞു.

അല്‍പ്പനേരം ആ ഉത്തമപുരുഷന്റെ സാന്നിധ്യത്തിലും വാക്കുകളിലും സായുജ്യമടയാനുള്ള ഭാഗ്യം അങ്ങനെയാണ് എനിക്ക് ലഭിച്ചത്. ‘അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം’ എന്ന ഗുരുദേവ വചനത്തിന്റെ തരംഗങ്ങള്‍ ആ
സത്യചാരിയുടെ സാമീപ്യം എന്നിലുണര്‍ത്തി.

അന്ന് അദ്ദേഹം പറഞ്ഞു ; ‘ മറ്റൊരു അവസരത്തില്‍ ഞാന്‍ ജയരാജിനെ കണ്ടിട്ട് മനസ്സിലാവാതെ വരുന്ന സാഹചര്യമുണ്ടായാല്‍ തെറ്റിദ്ധരിക്കരുത്,പരിചയം ഓര്‍മ്മപ്പെടുത്തണേ’എന്ന്.

ഇത്രയും മഹാനായ സാനുമാഷാണ് എന്നെപ്പോ ലെയുള്ളൊരു കൃമിയോട് സ്‌നേഹംപുരട്ടിയ ഈ വാക്കുകള്‍ പറയുന്നതെന്നോര്‍ത്തപ്പോള്‍ എന്നില്‍ വിസ്മയങ്ങളുടെ സ്ഫോടനങ്ങള്‍ ഉണ്ടായി.

ഇങ്ങനെയും മനുഷ്യരോ?

മനുഷ്യജീവിതത്തിന്റെ എല്ലാ ഇതളുകളിലും വാത്സല്യം പടര്‍ത്തി പ്രകാശം പകരുന്ന ഈ സ്‌നേഹസാനുവിന്റെ അമൃതമൊഴികള്‍ തൃശ്ശൂരില്‍ ഉണ്ടാകുമ്പോളൊക്കെ മിക്കവാറും ഏതെങ്കിലുമൊരു കോണില്‍ ആ മഹാശയനെ കാതോര്‍ത്ത് ഞാനും ഇരിക്കാറുണ്ട്. പക്ഷെ ഒരിക്കലും പഴയ പരിചയം പുതുക്കാന്‍ പോയിട്ടില്ല.

“To err is human and to forgive is devine” (തെറ്റ് മനുഷ്യസഹജവും ക്ഷമ ദൈവികവും) എന്ന മാഷിന്റെ അവസാനവരിയുടെ സത്ത നെഞ്ചിലേറ്റി സാനുമാഷുമൊത്തുള്ള അനര്‍ഘ നിമിഷങ്ങളുടെ ഓര്‍മ്മകളെ എന്നെന്നും സൂക്ഷിച്ചുകൊണ്ട് ,
വിട സര്‍…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px