LIMA WORLD LIBRARY

നന്മയോണം-ഗിരിജ വാര്യര്‍

ഇന്നലെ ഞാനൊരു സ്വപ്നംകണ്ടു.തോരാതെ പെയ്യുന്ന മഴയില്‍ നനഞ്ഞുകുളിച്ചു നില്‍ക്കുന്നു എന്റെ നന്ത്യാര്‍വട്ടം. അതിന്റെ കുഞ്ഞുചില്ലകള്‍ താഴ്ത്തി പൂവ് എത്തിപ്പിടിക്കുന്ന ഒരു സ്ത്രീരൂപം. അവരുടെ പിന്‍ഭാഗം മാത്രമേ എനിക്കു കാണാനുണ്ടായിരുന്നുള്ളൂ..

”ഹേയ്.. ആരാ ദ്.. എന്തിനാ എന്റെ പൂ നുള്ളുന്നേ? ‘
എന്റെ ശബ്ദം പൊങ്ങി. പൂക്കളമിടാന്‍ എന്നെ തുണയ്ക്കുന്നത് ഈ നന്ത്യാര്‍വട്ടവും മന്ദാരവുമാണ്.അതുമില്ലെങ്കില്‍ എന്റെ പൂക്കളങ്ങള്‍! ഒച്ച കേട്ടിട്ടാവണം അവര്‍ തിരിഞ്ഞുനോക്കി.എപ്പോഴും ചിരിക്കുന്ന ആ കണ്ണുകളുടെ ഉടമയെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു! എന്റെ അയല്‍വീട്ടുകാരി!

”ടീച്ചറേ.. ഇവളെത്ര വലുതായി അല്ലേ? അന്നൊരു കുഞ്ഞുതൈ അല്ലായിരുന്നോ? ‘

ഇപ്പോള്‍ ആ കണ്ണുകളോടൊപ്പം അവരും ചിരിക്കുന്നു!
ശരിയാണ്! വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അവളേറെ ഉയരംവച്ചു. അത്യാവശ്യം ഉയരമുണ്ടെന്നു അഭിമാനിക്കുന്ന എനിക്ക്‌പോലും ചില ചില്ലകള്‍
കൈയെത്തിപ്പിടിക്കാന്‍ ആകാത്തപോലെ! ഞാന്‍ വാത്സല്യത്തോടെ ചിരിച്ചുനില്‍ക്കുന്ന അവരുടെ മുഖത്തേക്ക് നോക്കി! കാണെക്കാണെ ആ ചിരി മാഞ്ഞുമാഞ്ഞു അന്തരീക്ഷത്തില്‍ ലയിച്ചു!
”എവിടെ?”
അസ്വാസ്ഥ്യത്തോടെ തലയുരുട്ടി ഒന്നു തിരിഞ്ഞുകിടന്നപ്പോഴേക്ക് ഉണര്‍ന്നുകഴിഞ്ഞിരുന്നു.

പഠിപ്പിച്ചിരുന്ന സ്‌കൂളിലേക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളൂ. ഇവരുടെ വീടിനു മുന്നിലൂടെയാണ് നടത്തം. ഓടുമേഞ്ഞു ഒതുക്കമുള്ള ഒരു കൊച്ചു വീട്! ഗേറ്റിനോട് ചേര്‍ന്ന് പിടിച്ചാല്‍ കിട്ടാത്തത്ര വലിയ തടിയുള്ള ഒരു കിളിച്ചുണ്ടന്‍ മാവുണ്ട്! ഓണക്കാലമായാല്‍ ആ മുറ്റത്തെന്നും അഴകോണം വിരിയിച്ചുകൊണ്ട് മനോഹരമായ പൂക്കളങ്ങള്‍ കാണാം. ചാണകം തേച്ച മുറ്റത്തു നന്ത്യാര്‍വട്ടവും ചെമ്പരത്തിയും ചെണ്ടുമല്ലിയും, വാടാമല്ലിയും ചേര്‍ന്നൊരുക്കുന്ന ട്രഡീഷണല്‍ പൂക്കളം! പുതിയ ചിത്രപ്പണികളോ ഡിസൈനുകളോ ഒന്നും ഉണ്ടാവില്ല. പൂക്കള്‍ ഒന്നിച്ചു നുള്ളിപ്പെറുക്കി ഇടലുമില്ല. ഓരോ ഇതളായി അടുക്കി പല വര്‍ണ്ണങ്ങളിലും ഉള്ള നിരവധി വട്ടങ്ങള്‍! സ്‌കൂളിലേക്ക് പോകുമ്പോള്‍ ഞാന്‍ കൗതുകത്തോടെയത് നോക്കിനില്‍ക്കാറുണ്ട്. കൂട്ടത്തില്‍ ആ അമ്മയുടെ ഓണവിശേഷങ്ങളും കേള്‍ക്കും. ഓണമാണെങ്കിലും അല്ലെങ്കിലും എന്നെക്കണ്ടാല്‍ ആ അമ്മ എന്തെങ്കിലും അന്വേഷിച്ചേ വിടാറുള്ളൂ! ചിലപ്പോള്‍ ”ചൂടുകൂടുന്നു” എന്ന പരാതിയാകാം, അല്ലെങ്കില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാകാം, അതുമല്ലെങ്കില്‍ ”സ്‌കൂള്‍ എന്നാണ് പൂട്ടുന്നത് എന്നഅന്വേഷണമാവാം.. എന്തുതന്നെയായാലും, എന്തെങ്കിലുമൊന്നു മിണ്ടാതെ,പറയാതെ അവര്‍ക്കെന്നെ വിടാനാവില്ല! ഓണക്കാലത്ത് ഞങ്ങളുടെ നാട്ടുവിശേഷങ്ങളില്‍ ഓണപ്പൂക്കളവും നിറഞ്ഞുനില്‍ക്കും

”ടീച്ചറേ ഈ നന്ത്യാര്‍വട്ടം കൊണ്ടുപോയി വെയില് കിട്ടുന്നിടത്ത് വയ്ക്കൂ. പിടിച്ചുകിട്ടിയാല്‍ ഓണപ്പൂവിനെങ്ങും പോവേണ്ടാ” ഒരിക്കല്‍ സ്‌കൂള്‍വിട്ടു വീട്ടിലേക്ക് വരുമ്പോള്‍ അവരൊരു കുഞ്ഞു തൈ വേരോടെ പറിച്ചെടുത്ത് എനിക്ക് തരാനായി കാത്തുനില്‍ക്കുന്നു. അതിന്റെ വേരിന്‍കടയ്ക്കലെ മണ്ണ്‌പോലും പോയിട്ടില്ല.വലിയ ആവേശത്തോടെയല്ലെങ്കിലും ഞാന്‍ ആ കുഞ്ഞിനെ കൈക്കുമ്പിളിലൊതുക്കി കിണറ്റിന്‍കരയിലെ മതിലിനോട് ചേര്‍ന്നുനില്‍ക്കുന്നയിടത്തെ മണ്ണില്‍താഴ്ത്തി! അവളാണ് ഇപ്പോള്‍ ഒരു നൂറോണത്തിന്റെ വിശുദ്ധിയുള്ള വെള്ളപ്പൂക്കള്‍ ശിരസ്സിലേന്തി ഉയര്‍ന്നു നില്‍ക്കുന്നത്! അവളുടെ കൈകളിലിരുന്നാണ് തേന്‍കുരുവികള്‍ എന്നും എനിക്കായി പാടുന്നത്!ഈ നന്ത്യാര്‍വട്ടം ആ അമ്മയുടെ ഓര്‍മ്മച്ചെടിയാണ്! ഓരോ ഓണം വരുമ്പോഴും ഞാന്‍ അവരെ ഓര്‍ക്കും.ഒരു പനിയാണ് ആ അമ്മയെ തട്ടിയെറിഞ്ഞത്! പനി ഒന്ന് കുറഞ്ഞെന്നു പറഞ്ഞ് ഉമ്മറത്തിണ്ണയില്‍ ക്ഷീണിതയായി ഇരിക്കുമ്പോഴും അവരെന്നോട് ചിരിച്ചുസംസാരിച്ചു . രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നത് അവര് പോയെന്നുള്ള വാര്‍ത്ത!
ഗേറ്റിനടുത്തുള്ള ആ കിളിച്ചുണ്ടന്‍ മാങ്ങ എനിക്കു തന്ന് നടാന്‍ ഉപദേശിച്ചതും അവരാണ്.നല്ല സ്വാദുള്ള മാമ്പഴം! പട്ടുസാരികളുടെ മുന്താണിയിലുള്ള മാങ്ങയുടെ ഡിസൈന്‍ കണ്ടിട്ടില്ലേ? ശരിക്കും ആ വെമുല ആണ്! പക്ഷേ ഒരേയൊരു ദോഷംമാത്രം. അതിന്റെ ഞെട്ടിക്ക് നല്ല ബലമാണ് ഏതു കാറ്റു വന്നാലും പൊഴിയില്ല! അണ്ണാറക്കണ്ണന്മാര്‍ ചപ്പി കാമ്പെല്ലാം തിന്നാലും അതാ ഞെട്ടിയില്‍ തൂങ്ങിയടുന്നതു കാണാം! മാങ്ങയണ്ടി മാത്രം അവശേഷിച്ച് അസ്ഥികൂടം പോലെ! ഇപ്പോള്‍ ആ മാവും കണ്ണെത്താത്ത ഉയരത്തില്‍ വളര്‍ന്നു! നമുക്കു മുകളിലേക്ക് നോക്കി നില്‍ക്കാം എന്നല്ലാതെ ഒരാളും അതില്‍ കയറി മാമ്പഴം പറിക്കില്ല. അത് വീണു കിട്ടുകയുമില്ല. പലതവണ അത് വെട്ടിക്കളയാന്‍ എന്റെ വീട്ടുകാരന്‍ പദ്ധതിയിട്ടതാണ്. അടുത്തുനില്‍ക്കുന്ന തെങ്ങെങ്കിലും നേരെയാവട്ടെ എന്ന തോന്നലില്‍! മനസ്സ് അനുവദിക്കുന്നില്ല! ചില മരങ്ങളോടും ചെടികളോടും നാം ചേര്‍ത്തുവയ്ക്കുന്ന മുഖങ്ങള്‍ ഇല്ലേ? അവയങ്ങനെ കനവിലും ഉണര്‍വിലും നിറഞ്ഞുനില്‍ക്കുമ്പോള്‍ നശിപ്പിച്ചു കളയാനൊരു വേദന, വൈമനസ്യം!

”ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം”

”ഓര്‍മ്മയ്ക്ക് പേരാണിതോണം…
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാല-
മന്നെന്നോ വിതച്ചോരു നന്മയോണം. ‘
അതു പൂക്കട്ടെ, കായ്ക്കട്ടെ.. തലമുറകളിലൂടെ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px