2015 സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പത്രങ്ങളുടെ മുന്‍പേജില്‍ നാം കണ്ട മൂന്നു വയസ്സുകാരന്‍ സിറിയന്‍ ബാലന്‍ അലന്‍ കുര്‍ദി അതിദയനീയമായി കടല്‍തീരത്ത് ചുവന്ന ഷര്‍ട്ടും ഡെനിംനിക്കറും ധരിച്ച് മരിച്ചുകിടക്കുന്ന ചിത്രം .ആ ചിത്രം കരയിക്കാത്ത കണ്ണുകള്‍ ലോകത്തെവിടെയും ഉണ്ടായിരിക്കില്ല. ആഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ കുടിയേറ്റക്കാര്‍ യാത്ര ചെയ്ത ബോട്ട് മുങ്ങിയാണ് മൂന്നു വയസ്സുകാരനായ അലന്‍ കുര്‍ദി മരിച്ചത്. തുര്‍ക്കിയില്‍ പിതാവിന്റെ അടുത്തേക്ക് വരുമ്പോഴായിരുന്നു ഈ അപകടം. അലനോടൊപ്പം സഹോദരനും അമ്മയും മരിച്ചു. അഭയാര്‍ത്ഥിപ്രശ്‌നത്തില്‍ ലോക മനസ്സാക്ഷിയുടെ കുറ്റബോധം മുഴുവന്‍ പേറുന്നതായി ഈ ചിത്രം.ചിത്രം എടുത്തത് തുര്‍ക്കി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ ആയിരുന്നു.
അലനെയൊ കൂടെയുള്ളവരെയോ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. അലന്‍ കുര്‍ദിയുടെ ദാരുണ മരണം അവസാനത്തേതല്ല. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ 2018 ല്‍ മരിച്ചത് 283 അഭയാര്‍ത്ഥികളാണ്. 2019 ജൂണ്‍ 26ന് സംഭവിച്ചത് ഈ ലോകത്തെ കരയിച്ച മറ്റൊരു ദാരുണ സംഭവമായിരുന്നു. സ്വപ്നങ്ങളുമായി ജീവിതത്തിന്റെ മറുകര തേടിയിറങ്ങുമ്പോള്‍ രണ്ടുവയസ്സുകാരി മകള്‍ വലേറിയയെയും 25 കാരനായ പിതാവ് ഓസ്‌കാര്‍ മാര്‍ട്ടിനെസ് ഒടുവില്‍പാതിവഴിയില്‍ പ്രതീക്ഷകള്‍ നിലയില്ലാ കയത്തിലേക്ക് താണുപോയപ്പോഴും, ജീവനറ്റ ശരീരങ്ങളായി കരയിലേക്കടിഞ്ഞപ്പോഴും, ആ അച്ഛന്‍ മകളെയും മകള്‍ അച്ഛനേയും ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു.ഒരു മെക്‌സിക്കന്‍ പത്രമാണ് മൃതദേഹങ്ങളുടെ ദാരുണചിത്രം പ്രസിദ്ധീകരിച്ചത്.
ഇതാ മറ്റൊരു അലന്‍ കുര്‍ദി. കരളു പിളര്‍ക്കുന്ന നിലവിളിയോടെ ഒരച്ഛന്‍ പങ്കുവെച്ച ചിത്രം.സംഭവിച്ചത് ജനുവരി 6, 2017 ല്‍. ചേറില്‍ പുതഞ്ഞു മരവിച്ചുകിടക്കുന്ന ഈ കുഞ്ഞ് ശരീരത്തിന് പ്രായം വെറും 16 മാസം. ഇവന്റെ പേര് മുഹമ്മദ് ഷൊഹെയ്ദ്. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉണ്ടായ ബോട്ടപകടത്തിലാണ് മറ്റുള്ളവരില്‍ നിന്നും വേര്‍പെട്ട ഇവന്റെ മരണം. മകന്റെ ചിത്രത്തിനോടൊപ്പം അവന്റെ മരണ സന്ദേശം ഫോണിലൂടെ വായിച്ചറിഞ്ഞ ഒരു അച്ഛന്റെമാനസികാവസ്ഥ നമ്മുടെ ചിന്തകള്‍ ക്കുമപ്പുറമാണ്.
ആരിലും വേദന ഉളവാക്കുന്ന ഈ ചിത്രങ്ങളുടെ നിശബ്ദ രോദനങ്ങള്‍ ലോകം കേട്ടു.അഭയാര്‍ത്ഥികള്‍ക്കായി തുറക്കാന്‍ മടിച്ചിരുന്ന പല യൂറോപ്യന്‍ രാജ്യങ്ങളുടെയും കോട്ട വാതിലുകള്‍ ഈ നിശബ്ദ രോദനത്തിന് വലിച്ചു തുറക്കാനായി.
ആരാണ് അഭയാര്‍ത്ഥി ? വംശം മതം ദേശം സംഘടന രാഷ്ട്രീയ കാരണങ്ങള്‍ പീഡന മര്‍ദ്ദനങ്ങള്‍ ഭയം തുടങ്ങിയവമൂലം തനിക്ക് പൗരത്വമുള്ള രാജ്യത്ത് നിന്ന് പുറത്തായവനാണ് അല്ലെങ്കില്‍ ഇത്തരം കാരണങ്ങള്‍ മൂലം പൗരാവകാശം നിഷേധിക്കപ്പെട്ടവന്‍ ആരോ അവനാണ് അഭയാര്‍ത്ഥി. അതിനാല്‍ ഓരോ രാജ്യത്തിനും അതത് രാജ്യത്തെ അഭയാര്‍ത്ഥികളില്‍ നിയമപരമായ ഉത്തരവാദിത്വമുണ്ട്. അതില്‍ പ്രധാനമായത് ഒരഭയാര്‍ത്ഥിയേയും പീഡനം അനുഭവിച്ച, നീതി നിഷേധിക്കപ്പെട്ട സ്ഥലത്ത് സ്ഥിതിഗതികള്‍ മാറ്റം വരാതെ തിരിച്ചയക്കരുതെന്നാണ്.എന്നാല്‍ ഏറ്റവും അധികം ലംഘിക്കപ്പെടുന്നതും ഇക്കാര്യംതന്നെ.
അഭയാര്‍ത്ഥി സംരക്ഷണത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ചിന്തിക്കാന്‍ തുടങ്ങിയത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ്.യുദ്ധങ്ങള്‍, നാസി തേര്‍വാഴ്ച, സ്റ്റാലിനിസ്റ്റ് ക്രൂരത എന്നിവയോടെ അഭയാര്‍ത്ഥി പ്രശ്‌നവും അതിന്റെ കാരണങ്ങളും ലഘുവല്ലെന്ന് ലോകത്തിന് ബോധ്യമായി.ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിച്ച മോചനം നിരവധി വംശീയ ദേശീയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടു. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു.പിന്നീട് 50–60 കളില്‍ അള്‍ജീരിയ,അങ്കോള, സാംബിയ തുടങ്ങിയ രാജ്യങ്ങളിലെ പൊട്ടിത്തെറികള്‍ അഭയാര്‍ത്ഥികളുടെ നിതാന്ത പ്രവാഹത്തിന് കാരണമാക്കി.
എഴുപതുകളിലാണ് മറ്റൊരുതരം അഭയാര്‍ത്ഥിപ്രശനം ലോക മനസാക്ഷിയെ വേട്ടയാടാന്‍തുടങ്ങിയത്. പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നവരല്ല, കൂടുതല്‍ സാമ്പത്തിക തൊഴില്‍ സൗകര്യങ്ങള്‍ക്ക് വേണ്ടി അന്യ രാജ്യത്ത് കുടിയേറുന്നവരാണിത്. ഇന്ത്യ പോലുള്ള അവികസിത രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും തൊഴില്‍ അന്വേഷിച്ച് ആയിരങ്ങള്‍ കുടിയേറി.
അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതിന് പ്രധാനകാരണം ഗവണ്‍മെന്റുകളുടെ രാഷ്ട്രീയ അസ്ഥിരതകളാണ്. 1990കളിലെ ആഭ്യന്തര കലാപമാണ് ലൈബീരിയ,ഹെയ്തി, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥിപ്രശനം സൃഷ്ടിച്ചത്.ആഭ്യന്തര ഭരണകൂടം ക്രമസമാധാന പാലനത്തില്‍ പരാജയപ്പെടുന്നതും പട്ടാള വിപ്ലവത്തെ തുടര്‍ന്നുള്ള കലാപവും അഭയാര്‍ത്ഥിപ്രശനം ഉണ്ടാക്കുന്നു. അഫ്ഗാനിസ്ഥാന്‍, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സംഭവിച്ചത് ഇതാണ്. വന്‍ശക്തികളും ശീത സമരവും ഇക്കാര്യത്തില്‍ വഹിച്ച പങ്ക് ചെറുതല്ല. പട്ടിണിയാണ്അഭയാര്‍ത്ഥി പ്രവാഹത്തിന് മൂലകാരണമെന്നു പറയാം. ഒരു യുദ്ധം സാമ്പത്തിക അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു.
എത്യോപ്യ പോലുള്ള രാജ്യങ്ങളില്‍ ക്ഷാമവും പട്ടിണിയും പകര്‍ച്ചവ്യാധികളും പടരുമ്പോള്‍ ജനങ്ങള്‍ സ്വാസ്ഥ്യ മേഖലകള്‍ തേടുന്നത് സ്വാഭാവികം.
തങ്ങള്‍നിവസിക്കുന്ന ഭൂവിഭാഗം അധിവാസ യോഗ്യമല്ലാതായി മാറുന്നതുമൂലം ലക്ഷങ്ങള്‍ ആണ് അഭയാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കുന്നത്. ഇവ പ്രകൃതി ദുരന്തങ്ങളോ മനുഷ്യന്‍ തന്നെ വരുത്തിവെക്കുന്നതോ ആകാം. ചെര്‍ണോബിലും, ഭോപ്പാലിലും സംഭവിച്ചതുപോലുള്ള അപ്രതീക്ഷിത ദുരന്തങ്ങള്‍, വനനശീകരണം, ഉരുള്‍പൊട്ടല്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനം, ഭൂമികുലുക്കം തുടങ്ങിയവയും വന്‍തോതില്‍ അഭയാര്‍ത്ഥിപ്രവാഹത്തിന്കാരണമാകുന്നു. വരള്‍ച്ച, അണക്കെട്ടുകളുടെ നിര്‍മ്മാണം തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ലോകത്തിന്റെ കണ്ണീരിന് ആക്കം കൂട്ടുന്നുണ്ട്.സഹാറാ മരുഭൂമിയുടെ വ്യാപനം ലക്ഷക്കണക്കിന് മനുഷ്യരെ ആഫ്രിക്കയില്‍ അഭയാര്‍ത്ഥികളാക്കി.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ന് വംശീയ സംഘര്‍ഷങ്ങള്‍ നിത്യസംഭവമായി രിക്കുകയാണ്. ലോകത്തിലെ സ്വതന്ത്ര രാഷ്ട്രങ്ങളില്‍ അയ്യായിരത്തോളം വംശ വിഭാഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ഒരു വംശത്തിന് മാത്രമായ രാജ്യം എന്നത് നടപ്പിലാകാതെ വരുമ്പോള്‍ വംശീയ സംഘര്‍ഷവും മൂര്‍ച്ചിക്കുന്നു.വംശീയ പ്രശ്‌നങ്ങളില്‍ മറ്റു രാഷ്ട്രങ്ങള്‍ ഇടപെടുമ്പോള്‍ സംഘര്‍ഷം വന്‍ പൊട്ടിത്തെറിയായി മാറുന്നു. സോമാലിയയില്‍ അതാണ് സംഭവിച്ചത്. നിക്കരാഗ്വയിലെ അമേരിക്കന്‍ ഇടപെടല്‍ സൃഷ്ടിച്ച അഭയാര്‍ത്ഥിപ്രവാഹം ഇന്നും ലോക മനസാക്ഷിയെ വേട്ടയാടുന്നു. ഈ വംശ വിദ്വേഷങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ പരിധിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യാ വിഭജനം, പാലസ്തീന്‍ പ്രശ്‌നം, സമാധാന ചര്‍ച്ചകള്‍ നടക്കവേ ഇസ്രായേല്‍,
ഗാസാനഗരം പിടിച്ചെടുക്കാനായി ബോംബിട്ട് അവിടം അഗ്‌നിക്കിരയാ ക്കുന്നതും ആഹാരത്തിനായി യാചിച്ചുനില്‍ക്കുന്നവരെ പോലും അതി ക്രൂരമായി കൊന്നു തള്ളുന്നതുമെല്ലാം വേറിട്ട ജീവനുള്ള ഉദാഹരണങ്ങളാണ്. ജനിച്ചുവീണ മണ്ണില്‍ ജീവിക്കുന്നതില്‍ നിന്ന് ഒരാളെ തടയുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമാകുന്നു. മ്യാന്മാറില്‍ ( പഴയ ബര്‍മ്മ) അവിടുത്തെ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ മുസ്ലിം ജനതയോട് കാട്ടുന്ന വംശീയ നിലപാടുകള്‍ അതിക്രൂരമാണ്. ഇത് അഭയാര്‍ത്ഥി പ്രശ്‌നത്തെ അതി സങ്കീര്‍ണ്ണമാക്കുന്നു. ഇവിടെ പൗരന്റെ പ്രാഥമികാവശ്യങ്ങള്‍ ലംഘിക്കുന്നു. ചൈനയിലെ തിബത്തന്‍ ജനതയുടെ അവകാശ ലംഘനം മറ്റൊരു ഉദാഹരണം.
വികസിത രാജ്യങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ ബാധ്യത തന്നെ. ചില രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ തടയാനുള്ള അവരുടെ അഭ്യര്‍ത്ഥന നടപ്പിലാകുന്നില്ല. പാകിസ്ഥാന്‍ — അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി അടച്ചതും അമേരിക്ക മെക്‌സിക്കന്‍ അതിര്‍ത്തി മതിലുകെട്ടി അടയ്ക്കാന്‍ ശ്രമിച്ചതും അഭയാര്‍ത്ഥികളെ തിരിച്ചയച്ചതുമൊക്കെ സമീപകാല ഉദാഹരണങ്ങളാണ്.
പലായനത്തിന്റെ വ്യത്യസ്തവും ക്രൂരവുമായ മുഖമാണ് 2020 ല്‍ ഇന്ത്യ കണ്ടത്. കോവിഡ് 19 എന്ന മഹാ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലമര്‍ന്നു. കുടിയേറ്റ തൊഴിലാളികള്‍ സുരക്ഷിതജീവിതം തേടി സ്വന്തം നാടുകളിലേക്കുള്ള പലായനം ആരംഭിച്ചു. വിശപ്പും ദാഹവും ക്ഷീണവും ഒക്കെ സഹിച്ച് സ്വന്തം കുഞ്ഞുങ്ങളെയും ചുമലിലേറ്റിയായിരുന്നു പ്രയാണം.ഇന്ത്യയുടെ അതിക്രൂരമായ സാമൂഹിക സാമ്പത്തിക അസമത്വങ്ങളുടെ ദയനീയ ചിത്രങ്ങളാണ് പുറത്തുവന്നത്. കോവിഡ്കാലം നമുക്ക് മനസ്സിലാക്കിത്തന്ന ഒരു പ്രധാന കാര്യം, കേരളത്തില്‍ 30 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നും, മറുനാട്ടിലും വിദേശങ്ങളിലുമായി ഒരു കോടിയോളം മലയാളി അതിഥി തൊഴിലാളികള്‍ ഉണ്ടെന്നുമുള്ള സത്യമാണ്.
2013ല്‍ ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ സംവിധാനവും രചനയും നിര്‍മ്മാണവും നടത്തിയ ശാസ്ത്ര ചലച്ചിത്രം ആയിരുന്നു ‘എലിസിയെം'(ഋഹ്യശൌാ ഗ്രീക്ക് വിശ്വാസപ്രകാരം പുണ്യപരേതാത്മാക്കളുടെവാസസ്ഥലം–സ്വര്‍ ഗ്ഗം) രാഷ്ട്രീയ സാമൂഹ്യ പ്രസംഗങ്ങളില്‍ ഊന്നിയ ഈ സയന്‍സ് വിഷന്‍ ലോക ശ്രദ്ധ നേടുകയുണ്ടായി ധനവാന്മാര്‍ പാവങ്ങളെ ഈ ഭൂമിയില്‍ ഉപേക്ഷിച്ചിട്ട് 2154 ല്‍ വളരെ പരിഷ്‌കൃത രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ധനികരുടെ ‘എലിസിയെം’ എന്ന സ്‌പേസ് സ്റ്റേഷനില്‍ താമസിക്കാനായി ചേക്കേറി. തുടര്‍ന്ന് ഭൂമിയിലുള്ളവരുടെ ജീവിതം കൂടുതല്‍ യാതനാപൂര്‍ണമാകുന്നു.കുറ്റകൃത്യങ്ങള്‍ പെരുകി. പരിഹാരമായി സുഖജീവിതം ഉള്ള എലിസിയത്തില്‍ എങ്ങനെയും എത്തിപ്പെടുക എന്നത് അവരുടെ സ്വപ്നമായി. എന്നാല്‍ എലിസിയെം ഭരിക്കുന്നവര്‍ അവരുടെ സുഖസൗകര്യങ്ങള്‍ ഭൂമിയിലുള്ളവരുമായി പങ്കിടാന്‍ തയ്യാറല്ല. യൂറോപ്പിലെ കുടിയേറ്റ പ്രശ്‌നമാണ് ഈ നോവല്‍ ഓര്‍മിപ്പിക്കുന്നത്. ഭാവിയിലെ സമ്പന്ന– ദരിദ്ര വ്യത്യാസത്തെ ക്കുറിച്ചുള്ള ശക്തമായ സാമൂഹിക സന്ദേശമുള്ള ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണിത്.
മനുഷ്യത്വപരമായ നയപരിപാടികളിലൂടെ പ്രശ്‌നത്തിന്റെ അടിസ്ഥാനം കണ്ടെത്തി പരിഹാരം കാണുക എന്നതാണ് അന്താരാഷ്ട്ര സമൂഹത്തിന് സ്വീകരിക്കാവുന്ന ഏകമാര്‍ഗ്ഗം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ രാഷ്ട്രത്തിന്റെയും കടമയായി മാറണം. വികസിത രാഷ്ട്രങ്ങള്‍ കുടിയേറ്റത്തിന് എതിരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ലഘുവാക്കണം. ഐക്യരാഷ്ട്രസഭ സഭയും ഏജന്‍സികളും നടത്തുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ മുന്നില്‍ നിസ്സാരമാണ്. അവര്‍ക്ക് പ്രശ്‌നപരിഹാരത്തിനായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. മേല്‍വിലാസം നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിന് പെരുവഴിയില്‍ ആക്കപ്പെടുന്നു. തലയ്ക്കു മുകളില്‍ ആകാശം മാത്രമുള്ള ഈ മനുഷ്യരുടെ നീറുന്ന പ്രശ്‌നത്തിന് അന്താരാഷ്ട്രതലത്തില്‍ തന്നെ രാഷ്ട്രങ്ങളും ഏജന്‍സികളും രാഷ്ട്രത്തലവന്മാരും ഒരുമിച്ചിരുന്ന് ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ട്.











