1984 -85 കാലം . 24 -25 വയസുകാരനായ ഞാന്‍ ദൃശ്യക്ഷേത്ര എന്നൊരു സമാന്തര ചലച്ചിത്ര പ്രസിദ്ധീകരണം നടത്തുന്നു. എഡിറ്ററും പബ്ലിഷറും ആണ്. കേരളത്തിലെ ഫിലിം സൊസൈറ്റികളിലൂടെയായിരുന്നു വിതരണം. അതിന്റെ ഉള്ളടക്കം വാണിജ്യ ഘടകങ്ങള്‍ ഉളള ഫോര്‍മുല സിനിമയെ കുറിച്ചല്ല . മികച്ച കലാസിനിമയെ സംബന്ധിച്ചുള്ളതാണ്. ഏറിയാല്‍ 320 കോപ്പി മാത്രമേ പ്രിന്റ് ചെയ്തിരുന്നുള്ളൂ.
1985 ലെ ലക്കത്തില്‍ ഓം പുരിയുമായുള്ള അഭിമുഖം , ക്യൂബന്‍ സംവിധായകന്‍ തോമസ് ഏലിയയുമായുള്ള സംഭാഷണം , നിരൂപണങ്ങള്‍ , സ്റ്റുഡിയോയില്‍ വെച്ച് കണ്ടതിനാല്‍ അടൂരിന്റെ മുഖാമുഖത്തെ കുറിച്ച് സിനിമ റിലീസ് ആകുന്നതിന് മുന്‍പേയുള്ള ആദ്യനിരൂപണം , നെടുമുടി വേണുവിന്റെ ഒരു ലേഖനം , എം . എഫ്. തോമസിന്റെ ഇന്ത്യന്‍ സിനിമയെ കുറിച്ചുള്ള ലേഖനം , മജീഷ്യന്‍ – ബര്‍ഗ് മാന്‍ സിനിമയുടെ തിരക്കഥയുടെ തുടക്കം – സാനന്ദ് രാജിന്റെ വിവര്‍ത്തനം ….അങ്ങനെയായിരുന്നു അതിന്റെ ഉള്ളടക്കം . അതില്‍ അയ്യപ്പപണിക്കര്‍ സാറിന്റെ ലേഖനം – ക്യൂബന്‍ സിനിമയെ കുറിച്ചുള്ളത് തുടക്കത്തിലുണ്ട്. അയ്യപ്പ പണിക്കര്‍ സാറിന് എന്റെ സംരംഭത്തെ കുറിച്ച് നല്ല മതിപ്പായിരുന്നു …
അങ്ങനെ അയ്യപ്പ പണിക്കര്‍ സാറിന്റെ ലേഖനം പ്രസിദ്ധീകരിച്ച പതിപ്പുമായി ഞാന്‍ വലിയ സന്തോഷത്തില്‍ , ഒരു പ്രസാധകനെ പോലെ , ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലേക്ക് ചെന്നു. ഇംഗ്ലിഷ് വിഭാഗം മേധാവിയായ അയ്യപ്പ പണിക്കര്‍ സാറിന്റെ മുറിയിലെത്തി. ആരുമില്ല. പ്രസിദ്ധീകരണവും പിടിച്ച് ഞാന്‍ നിന്നു. പിന്നെ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങളില്‍ ഒരു കോണില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയ്യപ്പ പണിക്കര്‍ സാര്‍ എത്തി. കൂടെ രണ്ട് പേര് ഉണ്ടായിരുന്നു എന്നാണോര്‍മ്മ. ഞാന്‍ എഴുന്നേറ്റ് വണങ്ങി കോപ്പി കാണിച്ചു. അയ്യപ്പ പണിക്കര്‍ സാറിന്റെ മുഖത്ത് പഴയത് പോലെ ചിരിയൊന്നുമില്ല . ഒരു ഗൗരവം. മുമ്പ് അതേ മുറിയില്‍ വെച്ച് സംസാരിക്കാറുള്ളതാണ്. ‘ എന്താ സര്‍ ? ‘ ഞാന്‍ ചോദിച്ചു. ‘ യൂ നീഡ് വിസ്ഡം ‘ .
സാറിന്റെ പെട്ടെന്നുള്ള കടുപ്പിച്ചുള്ള മറുപടി കേട്ട് ഞാന്‍ ഞെട്ടി . സന്തോഷം പാടെ ചോര്‍ന്നുപോയ അവസ്ഥ. ‘ ഇരിക്കൂ ‘. സാര്‍ പ്രസിദ്ധീകരണം വാങ്ങി മറിച്ച് നോക്കിക്കൊണ്ട് വീണ്ടും പറഞ്ഞു. ‘ ഇരിക്കൂ ‘. ഞാന്‍ വിഷമത്തോടെ ഇരുന്നു. ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് അങ്ങനെയൊരു സമാന്തര ചലച്ചിത്ര പ്രസിദ്ധീകരണം നടത്തുന്നത് . അത് അയ്യപ്പ പണിക്കര്‍ സാറിന് അറിയുകയും ചെയ്യാം. പിന്നെന്ത് സംഭവിച്ചു. ? ‘ ഇത് ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ ആണ് . ചില മര്യാദകള്‍ വേണം . ‘ ഞാന്‍ വീണ്ടും എഴുന്നേറ്റുനിന്നു. ‘ നല്ല പ്രസിദ്ധീകരണം . നല്ല ഉള്ളടക്കം …’ അയ്യപ്പപണിക്കര്‍ അല്പം മൃദുലമായി അഭിപ്രായപ്പെട്ടു. ‘ താങ്ക് യൂ സര്‍’ . പെട്ടെന്ന് തന്നെ തിരികെപ്പോന്നു.
മൃദുലഭാഷിയും സരസനും സൗമനസ്യനുമായ അയ്യപ്പ പണിക്കര്‍ അപ്രതീക്ഷിതമായി ‘ യൂ നീഡ് വിസ്ഡം ‘എന്ന് ഗൗരവപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഞാന്‍ അവലോകനം ചെയ്തു. അനുമതിയില്ലാതെ അവിടെ ഇരുന്നതാവാം കാരണം. പബ്ലിഷറും എഡിറ്ററും ഒക്കെ വേറെ കാര്യം. സന്ദര്‍ഭം വ്യത്യസ്തമാണ്. പരിസരം പ്രസാധകന്റേതല്ല . കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് ആണ്. വകുപ്പ് മേധാവിയുടെ മുന്നില്‍ , 25 കാരനായ ഞാന്‍ അനുവാദമില്ലാതെ ഇരുന്നത് അനൗചിത്യമാണ് എന്ന് ഞാന്‍ മനസിലാക്കി. സന്ദര്‍ഭത്തിന് അനുയോജ്യമായ പെരുമാറ്റം വേണം .
ഔചിത്യം വേണം. അതില്ലെങ്കില്‍ ‘ വിവേകം വേണം ‘ എന്ന് മുതിര്‍ന്നവര്‍ ശാസിക്കും…. വളരെ അറിയപ്പെടുന്ന വിശിഷ്ട വ്യക്തി പ്രസംഗിക്കുമ്പോള്‍ മറ്റൊരാള്‍ മറുപടിയെന്നോണം ബഹളം വയ്ക്കുന്നത് തീര്‍ത്തും അനാദരവ് ആണ്. സന്ദര്‍ഭത്തിന് യോജിച്ചതല്ല. ഔചിത്യമല്ല. അവിവേകമാണ്. വീ നീഡ് വിസ്ഡം.











