LIMA WORLD LIBRARY

നിലാവ് വറ്റിയ അദ്ധ്യാപികമാര്‍-ജയരാജ് പുതുമഠം

ഓണംപോലെ മലയാളികള്‍ സര്‍വ്വരും സോദരത്വേന കൊണ്ടാടുന്ന ഒരു ഉത്സവം ഭാരതനാട്ടില്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നല്ലേ പഴമയിലെ ചൊല്ല്. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യമാലകളൊക്കെ മാറ്റിവെച്ചാല്‍ത്തന്നെ ഓണം എന്ന പദം കേള്‍ക്കുന്നതുതന്നെ ഒരോണമല്ലേ!

മനസ്സിലെ നിലാവ് കെട്ടുപോയവര്‍ക്കുണ്ടോ ഓണപ്പൊരുളിന്റെ മഹിമയെക്കുറിച്ചറിവൂ. ഓണത്തുമ്പികള്‍ പാറിനടക്കുന്ന ആവണിമാസ കൗതുകങ്ങളെ അറിയണമെങ്കില്‍ മനസ്സില്‍ ഒരു തുമ്പപ്പൂവെങ്കിലും വിരിയിക്കാന്‍ ശ്രമിച്ചിട്ടുള്ളതിന്റെ നനുത്ത ഓര്‍മ്മക്കുളിരുകള്‍ അവശേഷിപ്പുണ്ടായിരിക്കണം.

ഓണവില്ലിന്റെ നാദബ്രഹ്‌മത്തെക്കുറിച്ചറിയാനും ഓണപ്പാട്ടിന്റെ ആത്മസൗരഭ്യമെന്തെന്നറിവാനും മലയാളികള്‍ക്ക് കടലാഴങ്ങളില്‍ തപ്പിനടക്കേണ്ട കാര്യമൊന്നുമില്ല. മതേതരചിന്തകള്‍ വിടര്‍ന്ന് വികസിച്ച് അതിന്റെ നൈര്‍മ്മല്യം മാനവമനസ്സില്‍ പകരണമെങ്കില്‍ തെളിമയുള്ള ചിന്തകളുടെ ഉറവിടങ്ങളില്‍ പ്രപഞ്ചോല്പത്തിമുതല്‍ ഇന്നോളം ലോകം അനുഭവിച്ചിട്ടുള്ള സൃഷ്ടി-സ്ഥിതി-സംഹാരാദികളുടെ അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള കാല്‍പ്പനികവും ശാസ്ത്രീയവുമായ വിന്യാസങ്ങളെ നേരിയ രീതിയിലെങ്കിലും അറിയാന്‍ ശ്രമിച്ച വ്യക്തിമനസ്സുകള്‍ക്കേ കഴിയൂ.
പകരം അവിടങ്ങളില്‍ അന്ധകാരത്തിന്റെ വിഷപ്പാമ്പുകളുടെ കേളീരംഗമാണെങ്കില്‍ ഘോരമായ വിഷരേദസ്സിന്റെ തേരോട്ടം ഏത് നിമിഷങ്ങളിലും പുറത്തേക്ക് പ്രവഹിക്കാനുള്ള സാധ്യതകള്‍ കൂടുതലായിരിക്കും. അതുകൊണ്ടാണ് അദ്ധ്യാപിക എന്ന ഉത്തമപദത്തിന്റെ കണ്ഠത്തില്‍പ്പോലും അപമാനത്തിന്റെ നാഗമാലചാര്‍ത്തിയ രണ്ട് പെണ്‍പിറന്നോത്തികളെ തൃശ്ശൂര്‍ ജില്ലയില്‍ പെടുന്ന പെരുമ്പിലാവിലെ സ്‌കൂളില്‍നിന്ന് തല്‍ക്കാലം അകറ്റിനിര്‍ത്തേണ്ടിവന്നിരിക്കുന്നത്.

എല്ലാ മതങ്ങളുടെയും അന്തസ്സത്ത ഉദ്ഘാഷിക്കുന്നത് സഹോദര്യത്തിന്റെയും ഒത്തൊരുമയുടേയും ദീപങ്ങള്‍ പ്രകാശിപ്പിച്ച്, നന്മ വിതച്ച് നന്മ കൊയ്ത് പരസ്പര ബഹുമാനത്തോടെ ഉണ്ടുറങ്ങി കഴിയാനല്ലേ. അപരന്റെ ആനന്ദംകൂടി പരിഗണിക്കപ്പെടുമ്പോളല്ലേ ഒരുവന്റെ വ്യക്തിത്വം ബഹുമാനതരമായി മാറുന്നത്.

വിദേശവാസം വിധിക്കപ്പെട്ടവര്‍ എത്ര ആഘോഷമായിട്ടാണെന്നോ ഓണദിവസങ്ങള്‍ ആടിക്കൊണ്ടിരിക്കുന്നത്. അവിടെയും ജാതിമത ചിന്തകള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് കുറേക്കാലം പ്രവാസിയായിരുന്ന എനിക്ക് തിരിച്ചറിയാനായിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്ന് വന്നണഞ്ഞവരും,നമ്മളും ഒത്തൊരുമിച്ചുള്ള വൈവിധ്യമാര്‍ന്ന ഉത്സവങ്ങള്‍ കൊടുമ്പിരികൊള്ളുന്ന നിമിഷങ്ങളാണ് അവിടെ ഇനിയുള്ള ദിവസങ്ങളില്‍ അരങ്ങേറാന്‍ പോകുന്നത്.

തഴയപ്പെട്ടവന്റെ തിരിച്ചുവരവ് ഓര്‍മ്മപ്പെടുത്തുന്ന ഓണക്കഥ ഒരു പ്രത്യേക മതത്തിന്റെതാണെന്ന് വിളിച്ചുപറഞ്ഞ് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കുന്ന ക്രൂരവിനോദമാടിയ പെരുമ്പിലാവിലെ കല്ലുപുറം സിറാജുല്‍ ഉലും ഇംഗ്ലീഷ് ഹൈ സ്‌കൂളിലെ അദ്ധ്യാപികമാരായ കദീജ, ഹഫ്‌സ എന്നീ ‘പാമ്പുക’ളെ സ്‌കൂള്‍ അധികാരികള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് കേസ് വേറെയും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരും, ജനങ്ങളും, ജനപ്രതിധിയും ഓടിയെത്തി. ഈ ഇരട്ടകളെ പിരിച്ചുവിട്ട് നാടിന്റെ അഭിമാനം കാക്കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിനോട് എല്ലാവരും ഏകസ്വരത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നതത്രേ.

ഇത് ഇവിടംകൊണ്ട് തീരുന്ന ചെറിയൊരു പ്രശ്‌നമല്ല. ഇത് കേവലം രണ്ട് പെണ്ണുങ്ങളുടെ അവികസിത മസ്തിഷ്‌ക്കത്തിന്റെ മാത്രം ഉല്‍പ്പന്നമാണെന്ന് വിശ്വസിക്കാന്‍ കാലങ്ങളായി ഓണമുണ്ടിട്ടുള്ള മലയാളി മനസ്സുകള്‍ക്ക് ആവില്ല. ഇതിന്റെ പിറകില്‍ ഈശ്വര വിശ്വാസത്തിന്റെ മധുരശുദ്ധി അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത കുറേ തൊരപ്പന്മാരുടെ ക്രൂരദ്രംഷ്ടകള്‍ ഇളകുന്നതിന്റെ തരംഗം ഇവിടെയെല്ലാം ഒഴുകി നടക്കുന്നുണ്ട്.

എന്റെ പ്രിയനാടിന്റെ വിരിഞ്ഞുനില്‍ക്കുന്ന ഓണപ്പൂക്കളുടെ ആത്മഹര്‍ഷത്തിന് നേരെയാണ് നിങ്ങള്‍ ഈ ദുഷിച്ച കാഴ്ചപ്പാടുകളുടെ കരിന്തിരി വലിച്ചെറിഞ്ഞിട്ടുള്ളതെന്ന് ഓര്‍ക്കുക. പ്രകൃതിയുടെ എല്ലാ സൗന്ദര്യഭാവങ്ങളും ഉള്‍ക്കൊണ്ട് പിറന്നുവന്നിട്ടുള്ളതാണ് ഉത്സവങ്ങള്‍. അതില്‍ മതപരവും മതേതരവുമായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഓണത്തിന്റെ ചുമലില്‍ മതം കെട്ടിവെക്കുന്നതില്‍ യാതൊരു കഴമ്പും ഇല്ല. അതിലെ കാല്‍പ്പനിക ഭാവത്തിലാണ് സൗന്ദര്യം ദര്‍ശിക്കേണ്ടത്.

‘ഏത് ദൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും’

എന്നെഴുതിയ കവിശ്രേഷ്ഠന്‍ വൈലോപ്പിള്ളിയും, കാന്നപ്പൂവിനോട് ‘ഇന്നെന്നെ കണ്ടാല്‍ എന്തുതോന്നും കിങ്ങിണിപ്പൂവേ’ എന്ന് അനുരാഗ വിലോലിതയായി ചോദിച്ച നായികയെ നമുക്ക് പരിചയപ്പെടുത്തിയ മലയാളിയുടെ പ്രിയ കവി പി. ഭാസ്‌കരന്‍ മാഷും പ്രകൃതിയുടെ ഒത്തൊരുമയുടെ ലാവണ്യത്തെക്കുറിച്ചുതന്നെയല്ലേ നമുക്ക് പാടിത്തന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px