LIMA WORLD LIBRARY

പതിനാറാം മകം…ചില ഓണച്ചിന്തകള്‍-ഗിരിജാവാര്യര്‍, പാലക്കാട്

ഓണച്ചടങ്ങുകളുടെ പരിസമാപ്തി കുറിക്കുന്നതാണ് പതിനാറാം മകം. ‘ഓണത്തിന്റെ വാല്’ എന്നുപറയുന്ന ഈ ആഘോഷം ഓണത്തിന്റെ പതിനാറാം ദിവസം വരുന്നതുകൊണ്ടാണ് ഇതിന് പതിനാറാം മകം എന്ന പേര് വന്നത്. തിരുവോണ, ചിങ്ങമാസത്തിന്റെ തുടക്കത്തിലാണ് വരുന്നതെങ്കില്‍ ഈ മകാഘോഷവും ചിങ്ങത്തില്‍ തന്നെയാകും. എന്നാല്‍ തിരുവോണനാള്‍ ചിങ്ങത്തിന്റെ അവസാനമായാണ് എത്തുന്നതെങ്കില്‍, പതിനാറാം മകം അടുത്തമാസത്തിലേക്ക്, അതായത് കന്നിയിലേക്ക് നീളും.കന്നിയിലെ ആയില്യവും ഓണാഘോഷത്തിന്റെ ഗണത്തില്‍പ്പെട്ടതാണ്. ഇതു നെല്‍ച്ചെടിയുടെ ജന്മദിനമായാണ് കണക്കാക്കുന്നത്. കന്നിമാസം വിരിപ്പുകൃഷി (ഒന്നാംവിള), പച്ചക്കറി കൃഷി എന്നിവയുടെ വിളവെടുപ്പു കാലമായതു കൊണ്ടാണ് ഈ ആഘോഷം’ കര്‍ഷകരുടെ ഓണം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ചിങ്ങത്തില്‍ അവസാനം തിരുവോണം എത്തുമ്പോള്‍, ആയില്യവും പതിനാറാം മകവും അടുത്തടുത്ത ദിവസങ്ങളില്‍ വരും. നെല്ലിന്റെ പിറന്നാള്‍ എന്ന സങ്കല്‍പ്പത്തിലാണ് ആയില്യം- മകത്തിന്,മാക്കോലമണിയുമ്പോള്‍ നെല്‍ക്കതിര്‍ വരയ്ക്കണം എന്ന് നിര്‍ബന്ധമാക്കിയിരിക്കുന്നത്.പാടത്തു പണിയെടുക്കുന്ന കര്‍ഷകര്‍ക്ക്,കന്നിക്കൊയ്ത്തു കഴിഞ്ഞ് ഓണം നിറച്ചുണ്ണാനുള്ള അവസരം കൂടിയാണിത്.

ഓണദിവസങ്ങളുടെ സന്തോഷങ്ങള്‍ക്ക് അറുതിവരുത്തി ചതയംനാള്‍ മഹാബലി വിട പറയുമ്പോള്‍
‘പതിനാറാം മകത്തുന്നാള്‍
ഞാന്‍ വരുന്നുണ്ട് പിള്ളേരെ!
എന്ന് വാക്ക് കൊടുത്തിട്ടാണ് പോകുന്നതത്രേ!അതാണീ മകത്തിന്‍ നാളിലെ തിരിച്ചുവരവ് എന്നു ചിലര്‍ വിശ്വസിക്കുമ്പോള്‍ ‘ഞാനെന്റെ മകനെ അയക്കാം’ എന്ന വാക്കാണ് മഹാബലി നല്‍കുന്നത് എന്ന് മറ്റുചിലര്‍ വിശ്വസിക്കുന്നു!

ഓണം വൈഷ്ണവസങ്കല്പമാണെങ്കില്‍ മകാഘോഷം ശൈവസങ്കല്പമാണ്. അതുകൊണ്ടാണ് മുടിയില്‍ സര്‍പ്പഫണം ഉള്ളതും, ദേഹത്ത് പാമ്പ് ചുറ്റിയതുമായ രീതിയിലുള്ള ബിംബങ്ങള്‍,മകത്തടിയന്‍ എന്ന പേരില്‍ അണിഞ്ഞു വയ്ക്കുന്നത്.കൃഷ്ണക്കിരീടം എന്ന,കിരീടംപോലുള്ള ചുവന്ന പൂ ആണ് മകത്തടിയനെ അലങ്കരിക്കാനെടുക്കുന്നത്. അതു കിട്ടാത്തിടത്തു മറ്റു പൂക്കള്‍ ഉപയോഗിക്കുന്നതു കാണാം.

എന്തേ, ഈ വൈഷ്ണവസങ്കല്‍പവും ശൈവ സങ്കല്പവും ഒന്നിച്ച് ഓണക്കഥകളില്‍ കയറിയത്? കഥയും ചരിത്രവും അപ്പുറവും ഇപ്പുറവും നില്‍ക്കുമ്പോള്‍ ഇടയില്‍ മനുഷ്യന്റെ യുക്തിബോധം ഉണര്‍ത്തുന്ന ചോദ്യങ്ങളാണ് ഇവ. ഇതിനുത്തരം തേടാന്‍ നമുക്ക് ഐതിഹ്യങ്ങളിലേക്ക് ഒന്ന് പിറകോട്ട് നടക്കേണ്ടി വരും.

വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്‍ 21 വട്ടം ക്ഷത്രിയനിഗ്രഹം നടത്തി, പാപപരിഹാരത്തിനായി കേരളഭൂമി ബ്രാഹ്‌മണര്‍ക്ക് ദാനം ചെയ്തു എന്നാണ് കഥ. ഈ കേരളം അദ്ദേഹം മഴുവെറിഞ്ഞു നേടിയെടുത്തതാണത്രേ! അദ്ദേഹത്തിന്റെ വെണ്‍മഴു ചെന്നു വീണസ്ഥലംവരെ കടല്‍ പിന്‍വാങ്ങി എന്നാണ് കഥ. പുതുതായി നിര്‍മ്മിച്ച ഈ കേരളക്കരയിലേക്ക്, മഹാബലിയുടെ നാട്ടില്‍ നിന്ന്, അതായത്, വിന്ധ്യാ -സത്പുര പ്രദേശങ്ങളില്‍നിന്ന് ബ്രാഹ്‌മണരെ കൊണ്ടുവന്ന് പാര്‍പ്പിച്ചു. അവര്‍ തങ്ങളുടെ ഓണസങ്കല്പത്തെയും, വൈഷ്ണവസങ്കല്‍പ്പത്തെയും കൂടെക്കൂട്ടി. അതിനുപുറമേ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കുറേയേറെ ജനങ്ങള്‍ കേരളത്തില്‍ വന്നു കുടിയേറി താമസിച്ചു. അവരില്‍ ശൈവരും വൈഷ്ണവരും ഉണ്ടായിരുന്നു. ഇങ്ങനെ മലയാളക്കരയില്‍ രൂപപ്പെട്ട സങ്കരസമ്മിശ്രസംസ്‌കാരം ഓണത്തെയും നെഞ്ചേറ്റി. അതില്‍ വൈഷ്ണവസങ്കല്പത്തിനൊപ്പം ശൈവസങ്കല്പവും ഇടംനേടി എന്നതാണ് ചരിത്രം.

എന്നാല്‍ വിഷ്ണുവിന്റെ അകമ്പടിയോടെയുള്ള മഹാബലിയുടെ നാടുകാഴ്ചയ്ക്ക് ശ്രീ മഹാദേവനും എഴുന്നള്ളുന്നു എന്നു വിശ്വാസികള്‍ക്ക് കരുതാനും വകുപ്പുണ്ട്!

വള്ളുവനാട്ടിലെ ആഘോഷം കണ്ടല്ലോ!നമുക്കിനിയല്പം വടക്കോട്ടുപോകാം അല്ലേ?അവിടെയെത്തിയാല്‍,ഈ പതിനാറാം മകത്തിന്റെ കഥയാകെ മാറി. അവിടെ മകം, ശ്രീഭഗവതിയെ കുടിയിരുത്തുന്ന ആഘോഷമാണ്. വടക്കന്‍ കേരളത്തില്‍ ഓണപ്പൂവിടല്‍ ആരംഭിക്കുന്നത് അത്തത്തിനല്ല,ചിങ്ങം ഒന്നിനാണ്. അത് മകം വരെ തുടരും. ചിങ്ങമാസത്തില്‍ത്തന്നെയാണ് മകം വരുന്നത്എങ്കില്‍, ചിങ്ങം അവസാനനാള്‍വരെ പൂവിടല്‍ തുടരും. എന്നാല്‍ പതിനാറാം മകം കന്നിയിലാണ് വരുന്നതെങ്കില്‍, മകം നാളില്‍ത്തന്നെ പൂവിടല്‍ അവസാനിപ്പിക്കും.

തിരുവോണത്തിന് ശേഷം നിര്‍മ്മിക്കുന്ന പൂക്കളങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതില്‍ പ്രാധാന്യം ‘ശീവോതിപ്പൂവ് ‘എന്ന പേരിലറിയയപ്പെടുന്ന ഒരു ഇലയ്ക്കാണ്. ഈ ഇലയില്‍ ശ്രീഭഗവതി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. പറമ്പുകളില്‍ മതിലിന്റെ അരികുപ്പറ്റിയും വേലിയിറമ്പുകളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ഇണര്‍ച്ചങ്ങളുള്ള ഇലയാണ് ശീവോതിപ്പൂവ്.

മകം നാളില്‍ രാവിലെ കുളികഴിഞ്ഞ് അരിമാവില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത്, ദേവിയുടെ പിഞ്ചു പാദങ്ങള്‍ അണിഞ്ഞുവയ്ക്കും.’ചേടിയണിയുക ‘ എന്നാണ് പ്രദേശികമായി പറയുന്നത് (കളം വരയ്ക്കുക എന്നര്‍ത്ഥം ) ചേടിയണിഞ്ഞിരുന്നത് കിണറിനടുത്തുള്ള പശിമണ്ണ് അരിച്ചെടുത്തിട്ടാണത്രേ. ഇന്ന് അരിമാവാണ് സാര്‍വ്വത്രികമായി ഉപയോഗിച്ചുവരുന്നത്. ദേവീപാദത്തിനു പുറമേ, ആനയുടെ പാദവും ഒരു പക്ഷിക്കാലും(ഇത് തത്തയുടെ പാദം എന്നാണ് വിശ്വാസം )ഇങ്ങനെ ചിത്രം വരച്ചു അണിഞ്ഞുവയ്ക്കും. ദേവി ആനപ്പുറത്തെഴുന്നള്ളുമ്പോള്‍, ഭൂമിയിലെ സകലചരാചാരങ്ങളും അകമ്പടി സേവിക്കും എന്ന സങ്കല്പത്തിന്റെ ബാക്കിപത്രമാവാം ഇത്.
മുറ്റത്തുനിന്നും പടിഞ്ഞാറ്റയിലൂടെ പൂജാമുറിയിലേക്കും, പൂജാമുറിയില്‍നിന്ന് അടുക്കളയിലേക്കും ഈ മാക്കോലങ്ങള്‍ വരയ്ക്കും. ശ്രീദേവി, പുറത്തുനിന്നെഴുന്നള്ളി പൂജാമുറിയില്‍മാത്രം ഇരിയ്‌ക്കേണ്ടവളല്ല, മറിച്ച്,അടുക്കളയില്‍ അന്നപൂര്‍ണ്ണേശ്വരിയായി വിരാജിക്കേണ്ടവളാണ് എന്നായിരിക്കാം ഈ ആചരണം കൊണ്ടുദ്ദേശിക്കുന്നത്. വരച്ച കളങ്ങളിലെല്ലാം ശീവോതിപ്പൂവും മറ്റുപൂക്കളുമിട്ട് അലങ്കരിക്കും.പൂജാമുറിയില്‍ ആവണപ്പലകയിലണിഞ്ഞ് പീഠത്തില്‍ ലക്ഷ്മീദേവിയെ പ്രതിഷ്ഠിച്ച്, ശീവോതിപ്പൂകൊണ്ടലങ്കരിക്കും.

നിവേദ്യങ്ങള്‍ക്കുമുണ്ട് വൈവിദ്ധ്യം!

‘മണ്ണി കാച്ചിയത്’ എന്നറിയപ്പെടുന്ന മകക്കഞ്ഞിയാണ് ഇതില്‍ പ്രധാനം. പച്ചരി മിനുമിനാ അരച്ച്, അടുപ്പില്‍വച്ച്, കുറുകിവരുമ്പോള്‍, ശര്‍ക്കരയിട്ട് ഇളക്കി, തേങ്ങാ ചുരണ്ടിയതും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് മണ്ണി കാച്ചിയത്. മണ്ണിപ്പിട്ട്, മാക്കറിപ്പായസം എന്നൊക്കെ അറിയപ്പെടുന്ന ഈ വിഭവം പിറന്നാള്‍ദിവസം നിര്‍ബന്ധമായും ഉണ്ടാക്കണം. മകം ദേവിയുടെ പിറന്നാള്‍ ആയി കണക്കാക്കുന്നതുകൊണ്ടും, അന്ന് ഈ നിവേദ്യം സവിശേഷമായി കരുതുന്നതുകൊണ്ടുമാകാം,ദേവീപ്രസാദം കിട്ടാനായി പില്‍ക്കാലത്ത്, വീടുകളിലെ പിറന്നാളുകള്‍ക്ക് മാക്കറിപ്പായസം നിര്‍ബന്ധമാക്കിയത്.

ഇതിനുപുറമേ ‘മഞ്ഞച്ചോറ്’ എന്നറിയപ്പെടുന്ന മകച്ചോറാണ് മറ്റൊരു പ്രധാന നിവേദ്യം. പച്ചരി ചോറില്‍, മഞ്ഞളിട്ട്, തേങ്ങ ചിരകിയതും ചേര്‍ത്തു തയ്യാറാക്കുന്നതാണ് ഇത്.

‘താളുകറി ‘ എന്നറിയപ്പെടുന്ന ഇലക്കറിയാണ് വിശേഷമായ മറ്റൊരു നിവേദ്യം. താമരയില അടക്കമുള്ള പതിനെട്ടു കൂട്ടം ഇലകള്‍ ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. എന്നാല്‍ ഇങ്ങനെ തയ്യാറാക്കപ്പെടുന്ന ഇലക്കറിയിലോ മഞ്ഞള്‍ച്ചോറിലോ ഉപ്പു ചേര്‍ത്തുകൂടാ എന്ന നിബന്ധനയും ഉണ്ട്.

തിരുവോണത്തിന് വീട്ടിലെ പുരുഷന്‍മാരാണ് നിവേദിക്കുന്നത് എങ്കില്‍, മകാഘോഷത്തിന്റെ പൂജയും, നിവേദ്യവും നടത്തുന്നത് സ്ത്രീകളാണ് എന്നൊരു പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ വടക്കന്‍ മലബാറില്‍ ഈ ആഘോഷം സ്ത്രീകളുടെ ആഘോഷമായി കണക്കാക്കപ്പെടുന്നു. മകം നാളില്‍ സന്ധ്യാവേളയിലും,വിളക്ക് തെളിച്ച് ദേവീപൂജയുണ്ട്. ഈ സമയത്ത് സുഗന്ധദ്രവ്യങ്ങളും ധൂപങ്ങളും പുകയ്ക്കും. അടനിവേദിക്കും.

രസകരമായ മറ്റൊരു ചടങ്ങുകൂടിട്ടുണ്ട് വടക്കന്‍കേരളത്തിലെ മകാഘോഷത്തിന്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കിടാങ്ങള്‍ക്കുള്ളതാണിത്. തുമ്പ, തുളസി, ശീവോതിപ്പൂ ഇവ മൂന്നും ഉരലിലിട്ട്, നെല്ലു കുത്തുന്നതുപോലെ ഉലയ്ക്കകൊണ്ടിടിക്കും.മൂന്നു തവണ വെള്ളമൊഴിച്ച് ഇതാവര്‍ത്തിക്കും. മൂന്നുവട്ടം ഇടിച്ചതിനുശേഷം പൂവ്വ് ഉരലില്‍ ഏതു ദിശയിലേക്കാണ് കൂടുതല്‍ പൊങ്ങിനില്‍ക്കുന്നത് എങ്കില്‍, ആ ദിശയിലേക്കാവും അവളെ വിവാഹം ചെയ്തയയ്ക്കാന്‍ സാദ്ധ്യത എന്ന നിഗമനത്തിലാണ് എത്തിച്ചേരുക. ദേവിയുടെ കാലേക്കൂട്ടിയുള്ള പ്രവചനമായിക്കരുതി അവിടത്തുകാര്‍ ഈ ചടങ്ങിന് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്.

ഇനി കുറച്ചു തെക്കോട്ടുപോയാല്‍ പെരുമ്പാവൂരില്‍ മകത്തടിയനു മുന്നില്‍ പ്ലാവിലയില്‍ തിരിവച്ചും വാഴയുടെ അണ കൊണ്ട് അഴലുണ്ടാക്കി അതില്‍ തിരിവച്ചും വിളക്ക് തെളിക്കുന്ന സമ്പ്രദായം കാണാം. ഇവിടത്തുകാര്‍ക്ക് നൈവേദ്യങ്ങള്‍ അവല്‍, അപ്പം, അട എന്നിവയാണ്!

കഥകളോ സങ്കല്പങ്ങളോ എന്തുതന്നെ ആയിക്കോട്ടെ, ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമായിക്കോട്ടെ! കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ മനസ്സിലെ ഓണത്തിന്റെ ചാരുതയ്‌ക്കൊട്ടും മങ്ങലേല്‍ക്കില്ല. നമുക്ക് ഓണമെന്നും പോന്നോണംതന്നെ!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px