LIMA WORLD LIBRARY

പോലീസ് രാജ് അവസാനിപ്പിക്കുക-അഡ്വ. പാവുമ്പ സഹദേവന്‍

നിരപരാധിയായ സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പോലീസുകരെ സര്‍വ്വീസില്‍ നിന്നും പരിച്ചുവിട്ട്, സര്‍ക്കാര്‍ ശക്തമായ നിയമ നടപടികളെടുക്കണം. മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന പോലീസുകാരെ വിചാരണ ചെയ്ത് ജയിലിലടക്കണം. മാന്യന്മാരായ ബഹുഭൂരിപക്ഷം വരുന്ന പോലീസുകാര്‍ക്കും, ക്രിമനലുകളായ ഇത്തരം കുറെ പോലീസുകാര്‍ അപമാനമാണ്; അവരുടെ അന്തസ്സിനെകൂടി ബാധിക്കുന്ന പ്രശ്‌നമാണിത്. സംസ്ഥാനത്ത് പോലീസ്, നിയമവാഴ്ച്ച (ഞൗഹല ീള ഘമം ) തകര്‍കര്‍ത്തുകൊണ്ടിരിക്കുമ്പോള്‍, ആഭ്യന്തര വകുപ്പ് വെറും നോക്കുകുത്തി മാത്രമാവുകയാണ്. പോലീസില്‍ ഒരു ശുദ്ധീകരണം അടിയന്തിരമായും നടത്തേണ്ടിയിരിക്കുന്നു.

അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് അര്‍ത്ഥമില്ലാതെപോകും. ജനം പോലീസിനെ കൈകാര്യം ചെയ്യാതെ നോക്കേണ്ട സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്ത്വം സര്‍ക്കാരിനാണുള്ളത്. ജനങ്ങള്‍ നിയമം കയ്യിലെടുക്കാതെ ഈ വ്യവസ്ഥയെ നിലനിര്‍ത്തേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ നമ്മുടെ ജനാധിപത്യ രാഷ്ട്രീയവ്യവസ്ഥ, അരാജക രാഷ്ട്രീയവ്യവസ്ഥയായി തീരും. പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണത്തെ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയല്ല വേണ്ടത്. കുറ്റവാളികളായ പോലീസുകാരെ, സര്‍ക്കാര്‍ ഒരിക്കലും സംരക്ഷിക്കാന്‍ പാടില്ല. ക്രിമിനലുകളായ പോലീസുകാരെ ഒരു നിമിഷംപോലും സര്‍വ്വീസില്‍ വെച്ചുപൊറുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവരുത്.

പോലീസ്, ജനങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്നതുവഴി, ജനാധിപത്യ വ്യവസ്ഥയെ നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായിപ്പറ്റി ക്കൊണ്ട്, ജനങ്ങളുടെ രക്തരക്ഷസായി പോലീസ് മാറിക്കൊണ്ടിരിക്കുമ്പോള്‍, ആഭ്യന്തരവകുപ്പ് മൗനം പാലിക്കുകയാണ്. ഇതൊരു ജനാധിപത്യ സര്‍ക്കാരാണോ എന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു.

ഇത്തരമൊരു ഗുരുതരമായ സാഹചര്യത്തില്‍, ഭരണാധികാരികള്‍ കുറ്റകരമായ മൗനം പാലിച്ചാല്‍ ജനാധിപത്യത്തിന്റെ അവസ്ഥ എന്താകും; ജനങ്ങളുടെ അവസ്ഥ എന്താകും ? ജനങ്ങളെ ആര് രക്ഷിക്കും ? ജനങ്ങളുടെ സുരക്ഷിതത്വവും ക്രമസമാധാനപാലനവുമാണ് പോലീസ് സേനയുടെ ലക്ഷ്യമെങ്കില്‍, സര്‍ക്കാര്‍ അടിയന്തിരമായും കുറ്റവാളികളായ പോലീസുകാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണം. കുറ്റവാളികളായ പോലീസുകാര്‍ നിര്‍ദ്ദയം ജയിലിലടക്കപ്പെടും എന്ന ഭയപ്പാട് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയണം. ജനശത്രുക്കളായ പോലീസുകാരെ ഇവിടെ നിന്നും തുരത്തിയോടിക്കേണ്ടത് അടിയന്തിരമായിരിക്കുന്നു. അല്ലെങ്കില്‍ ഈ ഭരണകൂടംതന്നെ ഒരു ജനാധിപത്യവിരുദ്ധ സര്‍ക്കാരായി വിലയിരുത്തപ്പെടും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px