ഗ്രന്ഥങ്ങളെ അറിവിന്റെ ഉറവിടങ്ങളായി മാത്രം കരുതിയാല്‍ പോര. ജീവിതം സുഖപ്രദമാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വഴികാട്ടികളായും അവയെ കരുതേണ്ടതുണ്ട്. വായനയില്‍ നിന്നും ഉളവാകുന്ന അറിവും വികാരങ്ങളും ജീവിതത്തിലുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും ജീവിതസൗഖ്യം പൂര്‍ത്തിയാക്കുന്നതിന് അത് കാരണമാകുകയും ചെയ്യുന്നു. ലോകത്തിലെ പ്രധാന ഗ്രന്ഥശാലയായി കണക്കാക്കി വരുന്ന ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയില്‍ ആയിരക്കണക്കിന് ആളുകളാണ് ദിവസേന ഓരോ വിഷയത്തെപ്പറ്റി പഠിക്കുവാനായി എത്തുന്നത്. തന്റെ സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തം രൂപപ്പെടുത്തുന്നതിന് ആവശ്യമായ അറിവ് കാള്‍ മാര്‍ക്‌സ് സമ്പാദിച്ചത് ഈ ലൈബ്രറിയില്‍ ദിനരാത്രങ്ങള്‍ വായനയില്‍ മുഴുകിയത് കൊണ്ടാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. റോമിലെ വത്തിക്കാന്‍ ലൈബ്രറിയും, വാഷിംഗ്ടണിലെ അമേരിക്കന്‍ കോണ്‍ഗ്രസ് ലൈബ്രറിയും പ്രസിദ്ധമാണ്.
വായനയിലൂടെ സൂപ്പര്‍ ബംബര്‍ നേടുന്ന ഒരു സംഭവം എന്‍സൈക്ലോപീഡിയ ഓഫ് ബ്രിട്ടാനിക്കയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:
മാര്‍പാപ്പയുടെ ആസ്ഥാനമായ വര്‍ത്തിക്കാനില്‍ പിറന്ന ജോണ്‍ ബര്‍ഗ്, കുടുംബ പ്രാരാബ്ദത്താല്‍ പഠനം മുടങ്ങിയപ്പോള്‍ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു. വായനാ പ്രിയനായിരുന്ന ബര്‍ഗ് ഒഴിവുസമയങ്ങളില്‍ ലൈബ്രറിയില്‍ ഓടിയെത്തും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ വായിച്ചുകഴിഞ്ഞിരുന്നു. അധികവും തത്വശാസ്ത്ര ഗ്രന്ഥങ്ങള്‍.
1954 സെപ്റ്റംബര്‍ മാസത്തിലെ ഒരു ബുധനാഴ്ച ബര്‍ഗിന് വായിക്കുവാന്‍ ലൈബ്രേറിയന്‍, പതിനെട്ടാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ തത്വശാസ്ത്രജ്ഞനായ ഹെര്‍മന്‍ ബോഴ്‌സിന്റെ ‘ഭൂമിയുടെ കഥ’ എന്ന ഗ്രന്ഥമാണ് കൊടുത്തത്.വായന തുടങ്ങി ഇരുപത്തിയാറാം പുറമെത്തിയപ്പോള്‍ പുസ്തകത്തില്‍ നിന്നും ഒരു കുറിപ്പു കിട്ടി.’ഇത് കാണാനിടയാകുന്ന ആള്‍ റോമിലുള്ള പ്രൊബേറ്റ് കോടതിയില്‍ പോയി ഫയല്‍ നമ്പര്‍ 162 RI റോം. ഫെബ്രുവരി 5,
1784 എടുത്തു പരിശോധിക്കുക’, എന്നാണ് അതില്‍ പറഞ്ഞിരുന്നത്. അയാള്‍ കുറിപ്പുമായി കോടതിയിലെത്തി. ജഡ്ജി രണ്ടുദിവസത്തോളം സമയമെടുത്ത് ഫയല്‍ കണ്ടെത്തി.തന്റെ പുസ്തകത്തില്‍ ഒളിച്ചു വച്ചിരിക്കുന്ന കുറിപ്പുമായി കോടതിയില്‍ എത്തുന്ന ആദ്യത്തെ ആളിന് തന്റെ സമ്പാദ്യമായ നാല് ദശലക്ഷം ഡോളര്‍ നല്‍കുക, അതായിരുന്നു ഗ്രന്ഥകര്‍ത്താവ് വില്‍പ്പത്രത്തില്‍ എഴുതിവച്ചിരുന്നത്. സന്താനങ്ങളോ ബന്ധുക്കളോ ഇല്ലാതിരുന്ന, പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്ത തത്വജ്ഞാനി ഹെര്‍മന്‍ ബോഴ്‌സ് ആണ് ഇങ്ങനെ വിചിത്രമായ മരണപത്രം എഴുതി വെച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ വിറ്റു കിട്ടിയിരുന്ന 34 ദശലക്ഷം ഡോളര്‍, പ്രൊബേറ്റ് കോടതി വര്‍ഷങ്ങളായി ബാങ്ക് അറയില്‍ നിക്ഷേപിച്ചിരുന്നു. പലിശ ഉള്‍പ്പെടെ 94 ദേശലക്ഷം ഡോളര്‍ ബര്‍ഗിന് ബാങ്ക് നല്‍കി.
പുസ്തകപാരായണം നല്‍കിയ വലിയ സമ്പത്തുകൊണ്ട് ബര്‍ഗ് കുടുംബം ലണ്ടനില്‍ ഒരു പ്രസിദ്ധീകരണശാല തുടങ്ങി, 1955 ല്‍ ‘ഹെര്‍മന്‍ ബോഴ്‌സ് പബ്ലിക്കേഷന്‍സ്’
എന്ന പേരില്‍. ഭാഗ്യം തേടിയെത്തുമ്പോള്‍ ബര്‍ഗിന് പ്രായം 21. പുസ്തകശാല തുടങ്ങിയതോടെ ജോണ്‍ ബര്‍ഗ് കുടുംബസമേതം ലണ്ടനിലേക്ക് താമസം മാറ്റി. ഇംഗ്ലീഷ്‌കാരി ഹെലനെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കള്‍. അവര്‍ പ്രസിദ്ധീകരണ കാര്യങ്ങള്‍ നോക്കുന്നു. 11 കോടി ഡോളര്‍ ആസ്തിയുള്ള ഈ സ്ഥാപനം ഇതുവരെയായി ആയിരക്കണക്കിന് ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലണ്ടനിലെ കിംഗ് തെരുവിലെ അഞ്ചേക്കറോളം വരുന്ന സ്ഥലത്താണ് ബുക്സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
ഇംഗ്ലണ്ടിലെ ഒരു പുസ്തക കച്ചവടക്കാരന്‍ ആയിരുന്ന ഓസ്‌ബോണ്‍, തന്റെ പുസ്തക ശേഖരത്തിന്റെ ഒരു കാറ്റലോഗ് പ്രസിദ്ധീകരിക്കാന്‍ ദിവസക്കൂലിക്ക് കുറച്ച് ആളുകളെ എടുത്തതില്‍ ജോണ്‍സണും ഉണ്ടായിരുന്നു ( ഡോക്ടര്‍ ജോണ്‍സണ്‍ എന്നും സാമുവല്‍ ജോണ്‍സണ്‍ എന്നും പില്‍ക്കാലത്ത് പ്രസിദ്ധനായ അദ്ദേഹം ലേഖകന്‍,നിഘണ്ടുകാരന്‍,ജീവചരിത്രകാരന്‍, കവി എന്നീ നിലകളില്‍ പ്രസിദ്ധനായി. ഒന്‍പതു വര്‍ഷത്തെ തന്റെ പ്രയത്‌നത്തിന്റെ ഫലമായി 1755 ല്‍ പ്രസിദ്ധീകരിച്ച ‘ഇംഗ്ലീഷ് ഭാഷാ നിഘണ്ടു’ ഇന്നും അദ്ദേഹത്തിന്റെ ഭാഷാജ്ഞാനത്തിന്റെ പ്രതീകമായി പരിലസിക്കുന്നു.) പുസ്തകങ്ങള്‍ ചുമന്നു കൊണ്ടുവരുന്നതായിരുന്നു ജോണ്‍സണ്‍ന്റെ ജോലി. ചുമന്നു കൊണ്ടുപോകേണ്ട പുസ്തകങ്ങള്‍ വഴിക്ക് ഇറക്കിവെച്ച് മണിക്കൂറുകളോളം വായിക്കുന്നത് ജോണ്‍സണ്‍ പതിവാക്കിയിരുന്നു. ഇത് കണ്ടുപിടിച്ച പുസ്തകശാലയുടെ ഉടമ ജോണ്‍സണെ വല്ലാതെ ശകാരിച്ചു. ഇത്ഇഷ്ടപ്പെടാതിരുന്ന ജോണ്‍സണ്‍ വലിയൊരു ഗ്രന്ഥം എടുത്ത് ഉടമയുടെ തലയ്ക്ക് അടിച്ച ശേഷം ജോലി ഉപേക്ഷിച്ച് സ്ഥലം വിട്ടു. പില്‍ക്കാലത്ത്, പണ്ട് ചുമട്ടുകാരനായിരുന്ന സമയത്ത് വായനയില്‍ കൂടി അദ്ദേഹം നേടിയ അറിവിനെക്കുറിച്ച് സുഹൃത്തുക്കളോട് വാചാലനാകുമായിരുന്നു.
പുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞാല്‍ ചരിത്രത്തെയും സംസ്‌കാരത്തെയും മായ്ച്ചുകളയാം എന്ന് ചിന്തിച്ച ഭരണകര്‍ത്താക്കളും ഉണ്ടായിട്ടുണ്ട്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതില്‍ പണികഴിപ്പിച്ചത് ചിന്‍ഷിഹുവാന്‍ടിഎന്ന ചക്രവര്‍ത്തിയാണ്. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈന ഭരിച്ചിരുന്ന അതിശക്തനായ ഈ ചക്രവര്‍ത്തിക്ക് പക്ഷേ, വേറൊരു കുഴപ്പം ഉണ്ടായിരുന്നു. താനാണ് ചൈനയിലെ ആദ്യത്തെ ചക്രവര്‍ത്തി എന്നറിയപ്പെടാന്‍ അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായി. അതിനുമുമ്പ് രാജ്യം ഭരിച്ചിരുന്നവരുടെ ചരിത്രംഇല്ലാതാക്കാന്‍ അദ്ദേഹം ഒരു സൂത്രം ചെയ്തു.ചൈനയില്‍ അന്നുണ്ടായിരുന്ന മിക്കവാറും എല്ലാ ഗ്രന്ഥങ്ങളും ശേഖരിച്ച് തീയിട്ട് നശിപ്പിച്ചു. അപ്പോള്‍ പിന്നെ പഴയ ചക്രവര്‍ത്തിമാരെപ്പറ്റി ഒന്നും ആര്‍ക്കും പഠിക്കാന്‍ പറ്റില്ലല്ലോ എന്ന് അദ്ദേഹം കരുതി. പുസ്തകം ഇല്ലാത്തതിനാല്‍ പഴയ ഭരണാധികാരികളുടെ കഥയെല്ലാം എല്ലാവരും വൈകാതെ മറന്നുപോകുമെന്ന് ചിന്‍ഷി സമാധാനിക്കുകയും ചെയ്തു.പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹം നടന്നില്ല. ധീരന്മാരായ ചില പണ്ഡിതന്മാര്‍ രഹസ്യമായി പഴയ ചരിത്രവും മറ്റും ഓര്‍മ്മയില്‍ നിന്നും എഴുതിയുണ്ടാക്കി. ചക്രവര്‍ത്തിയുടെ കാലശേഷം ആ ഗ്രന്ഥങ്ങളെല്ലാം പ്രസിദ്ധീകരിച്ച് സാഹിത്യത്തിന് ദിശാബോധം നല്‍കി. അങ്ങനെ ചിന്‍ഷി ക്ക് മുമ്പുള്ള ചക്രവര്‍ത്തിമാരെ കുറിച്ച് ചൈനക്കാര്‍ വീണ്ടും പഠിക്കാന്‍ തുടങ്ങി.
അനുഭവസമൃദ്ധി ഒരു എഴുത്തുകാരന് തീര്‍ച്ചയായും അനുഗ്രഹം തന്നെയാണ്. എന്നാല്‍ വളരെ പരിമിതമായ അനുഭവം വച്ചുകൊണ്ട് ഒന്നാന്തരം സാഹിത്യ സൃഷ്ടികള്‍ക്ക് ജന്മം നല്‍കിയ എഴുത്തുകാരുണ്ട്. ‘റോബിന്‍സണ്‍ ക്രൂസോ’ (1719) എന്ന സഞ്ചാര നോവല്‍ എഴുതിയ, ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായിരുന്ന ഡാനിയല്‍ ഡിഫോ ഒരു സാങ്കല്പിക കഥയാണ് ഈ നോവലില്‍ പറയുന്നത്. സാഹിത്യ കഥാപാത്രമായ ‘ക്രൂസോ’ തീര്‍ച്ചയായും കടലും ദ്വീപും കാണുന്നുണ്ട്. പക്ഷേ രചയിതാവ് ഡാനിയല്‍ ഡിഫോയ്ക്ക് ആ അനുഭവം ഇല്ലായിരുന്നു എന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഈ കല്‍പിത കഥ എഴുതുന്നതിന് അദ്ദേഹത്തിന് പ്രചോദനമായത് ഒരു സ്‌കോട്ടിഷ് നാവികനായ അലക്‌സാണ്ടര്‍
സെല്‍കിര്‍ക്ക് (1676-1721) ആയിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് ഒരു ദ്വീപില്‍ ചെലവഴിച്ചനാലുവര്‍ഷം നാലുമാസത്തെയും ജീവിതം,പിന്നീട് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ലേഖനങ്ങളും യാത്രാവിവരങ്ങളും പ്രസിദ്ധീകരിച്ചു. അത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ
ജീവിതാനുഭവമായിരുന്നു. ഈ സംഭവം വായിച്ചറിഞ്ഞ ഡീഫോ അതിനോട് തന്റെ കല്‍പ്പനാ ശക്തിയും ചേര്‍ത്താണ് ‘റോബിന്‍സണ്‍ ക്രൂസോ’ എന്ന ലോകപ്രശസ്ത നോവല്‍ രചിച്ചത്. ഒരേകാന്തദ്വീപിലും ഡിഫോ താമസിച്ചിട്ടില്ല. എന്നിട്ടുംനഗരമധ്യത്തുള്ള ഒരജ്ഞാത ദ്വീപിലെ ഏകാന്തവാസത്തെപ്പറ്റി നിത്യസ്മരണീയമായ ഒരു കൃതി അദ്ദേഹം ഭാവനയില്‍ രചിച്ചു !
തന്റെ ചെറിയ അനുഭവം കൊണ്ട് സാഹിത്യത്തില്‍ വലിയ അത്ഭുതം സൃഷ്ടിച്ച സ്ത്രീയാണ് ഇംഗ്ലീഷ് സാഹിത്യത്തിലെജെയിന്‍ ഓസ്റ്റിന്‍. ധാരാളം കൃതികള്‍ രചിച്ച അവരുടെ പ്രസിദ്ധ നോവലുകളാണ്, ‘സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി'(1811),’പ്രൈഡ് ആന്‍ഡ് പ്രെജുഡീസ്'(1813).
പി.കേശവദേവിന്റെ ‘ഭ്രാന്താലയ’ ത്തിലെ കലാപരംഗങ്ങള്‍ സംഭവിച്ചത് ഉത്തരേന്ത്യയിലാണ്. ദേവ് അവിടെയെങ്ങും പോയിരുന്നില്ല.എന്നിട്ടും അദ്ദേഹം ആ രംഗങ്ങളൊക്കെ തന്റെ സമ്പന്നമായ ഭാവന കൊണ്ട് നന്മയത്വമായി പുനസൃഷ്ടിച്ചു. അനുഭവങ്ങളെ തന്റെ ഭാവനയിലൂടെ പാകപ്പെടുത്തുന്നതാണ് ഉത്തമകല.
വായനയെ നിശ്ചലമാക്കുന്ന ഘടകം ഭാഷയാണെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. എഴുത്തുകാര്‍ പുതിയ ഭാഷ സൃഷ്ടിക്കണം. അങ്ങനെയാണ് സാഹിത്യത്തിന് ദിശാബോധം നല്‍കേണ്ടത്. ചന്തുമേനോനെ പോലെയല്ല സി വി രാമന്‍ പിള്ള എഴുതിയത്.തുടര്‍ന്ന് തകഴിയും കേശവദേവും വേറിട്ട് എഴുതി.ഓരോ കാലത്തും വന്ന എഴുത്തുകാര്‍ ഭാഷയെ മാറ്റിമറിച്ചു. ഭാഷയും പ്രമേയവും ആകര്‍ഷണീയമായാലേ വായന മുന്നോട്ടുപോകൂ. ‘മാര്‍ത്താണ്ഡവര്‍മ്മ’ വായിച്ചു തുടങ്ങുമ്പോള്‍ അത് സിവി രാമന്‍ പിള്ള എഴുതിയ നോവല്‍ ആണെന്ന് തോന്നുകയില്ല. ഉറൂബിന്റെയും ബഷീറിന്റെയും കഥകള്‍ നമ്മള്‍ സ്വയം വിസ്മരിച്ചു വായിക്കും. എന്നാല്‍ അതുപോലെയല്ല മറ്റു പല കൃതികളും. ഭാഷ കൊണ്ട് വായനക്കാരെ സാഹിത്യത്തോട് അടുപ്പിക്കണം. ഉള്ളില്‍ കൊള്ളുന്ന അനുഭവങ്ങള്‍ നഷ്ടപ്പെടുന്നതു കൊണ്ടാണ് പലര്‍ക്കും ഭാഷയുടെ സൗന്ദര്യം ഇല്ലാതാകുന്നത്.
എഴുത്തിന്റെയും വായനയുടെയും സിദ്ധി വൈഭവം ശരിക്കും മനസ്സിലാക്കിയ വ്യക്തിയായിരുന്നു ലോകപ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് ആയിരുന്ന ഒ ഹെന്റി. തന്റെ ചെറുപ്പകാലത്ത് അദ്ദേഹം ഒരു ബാങ്കില്‍ കാഷ്യറായി ജോലി ചെയ്തിരുന്നു. ഒരിക്കല്‍ നടന്ന കണക്കെടുപ്പ്
വേളയില്‍ ഒരു വന്‍തുക കുറവുള്ളതായി കാണപ്പെട്ടു.ആരോ ചെയ്ത മോഷണം, പണത്തിന്റെചുമതലയുള്ള ഹെന്റി യുടെ തലയിലായി.ബാങ്കിന്റെ സ്വത്ത് അപഹരിച്ചു എന്ന കുറ്റം ചുമത്തി ഹെന്റി യെ തുറുങ്കിലടച്ചു. നിരപരാധിയായ തന്നെ ജയിലില്‍ അടച്ചതിനെപ്പറ്റി ഓര്‍ത്ത് അദ്ദേഹം വളരെയധികം മനോവേദന അനുഭവിച്ചു.കടുത്ത ദുഃഖം മാറ്റുവാനായി അദ്ദേഹം ജയിലില്‍ വച്ച് തന്നെ ലേഖനങ്ങളും കഥകളും എഴുതാന്‍ ആരംഭിച്ചു. ജയില്‍ മോചനം ലഭിച്ചശേഷം മടങ്ങിയെത്തിയ അദ്ദേഹത്തിന് മറ്റൊരു തൊഴിലും കിട്ടിയില്ല.ഈ നിലയില്‍ അദ്ദേഹം എഴുത്ത് തുടര്‍ന്നു. കുറച്ചുകാലത്തിനുള്ളില്‍ അദ്ദേഹം വളരെ പ്രശസ്തനായ ഒരു എഴുത്തുകാരനായി അറിയപ്പെടുക യും ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു.
വിജ്ഞാനത്തിനും വിനോദത്തിനും ആശ്വാസത്തിനും വേണ്ടി നമുക്ക് ഇടപെടാവുന്ന ഉത്തമ മാതൃകകളാണ് എഴുത്തും വായനയും. അവ നമ്മുടെ മനസ്സിനെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും നമ്മളില്‍ ഉന്മേഷവും ആത്മാര്‍ത്ഥതയും ആവേശവും നിശാബോധവും നല്‍കുന്നു. നമ്മുടെ രുചിക്കും ആവശ്യത്തിനും പറ്റിയ പുസ്തകങ്ങള്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കേണ്ടതുണ്ട്.വായിച്ചു കഴിഞ്ഞാല്‍ അവയില്‍ പ്രതിപാദിച്ചിട്ടുള്ള ആശയങ്ങളെപ്പറ്റി വിമര്‍ശന ബുദ്ധിയോടെ ചിന്തിക്കുകയും എഴുതുകയും ചെയ്താല്‍ മാത്രമേ അറിവ് തിരിച്ചറിവായി മാറുകയുള്ളൂ.
കല, ചരിത്രം, ജീവചരിത്രം, ശാസ്ത്രം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ നമ്മെ കര്‍മോന്‍മുഖരാക്കും. ഗീത, ബൈബിള്‍, ഖുര്‍ആന്‍ തുടങ്ങിയ പുരാണ കൃതികള്‍ മനസ്സിന് ഉത്സാഹവും ഉന്മേഷവും അറിവും പ്രദാനം ചെയ്യുന്നതിന് ഏറെസഹായകരമാണ്.തിരക്കുണ്ടെങ്കിലും ദിവസവും ഒരു നിശ്ചിത സമയം പുസ്തകം വായിക്കുന്നത് പതിവാക്കാന്‍ സാധിച്ചാല്‍ അത് ജീവിതത്തിന് ഉത്തമ ദിശാബോധം നല്‍കും.











