മര്‍ദ്ദകനും മര്‍ദ്ദിതനും തമ്മിലുള്ള ഇരിപ്പിടങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതൊഴിച്ചാല്‍ മര്‍ദ്ദനമുറകള്‍ പ്രാകൃതമായിതന്നെ തുടരുകയാണ് ഈരേഴുലകില്‍ ഇപ്പോഴും.ഇപ്പോള്‍ മലയാളക്കരയില്‍ നിറയെ പോലീസ് സ്റ്റേഷനുകളിലെ അകാരണവും, അനാവശ്യവുമായ മര്‍ദ്ദനമുറകളെക്കുറിച്ചുള്ള ത്രസിപ്പിക്കുന്ന കഥകളുടെ അന്ത്യമില്ലാത്ത ഓളങ്ങളാണ്.
മര്‍ദ്ദനസുഖം മറ്റേത് സുഖത്തേക്കാള്‍ ഉന്നതസുഖമാണെന്ന് കരുതുന്ന ചിലരെങ്കിലും പോലീസ് സേനയിലുണ്ടെന്നാണ് സ്വാതന്ത്ര്യലബ്ദിക്ക് മുന്‍പേതന്നെ വിലയിരുത്തി പോന്നിട്ടുള്ളത്.
പോലീസ് സേനയില്‍ സാങ്കേതികതയിലും മറ്റ് പരിശീലനമുറയിലും ഉണ്ടായ പരിഷ്‌ക്കാരങ്ങള്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഏറെ പര്യാപ്തമാണെങ്കിലും ഒരു അനുഷ്ഠാനംപോലെ ഇന്നും തുടര്‍ന്നുവരുന്ന വന്യഭാവമയമായ നടപടിക്രമമാണ് മര്‍ദ്ദനം.
പോലീസിലെ മികച്ച ക്രിമിനലുകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച് ആശ്ലേഷണം നടത്തി അവരിലെ ക്രിമിനല്‍ വാസനകളെ പുഷ്ഠിപ്പെടുത്തിയത് അടിയന്തിരാവസ്ഥയിലെ ജനാധിപത്യവിരുദ്ധ സര്‍ക്കാരായിരുന്നു. കോടതിവിധിയെ മാനിക്കാതെ ഇന്ദിരാഗാന്ധി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ പ്രഖ്യാപിത അടിയന്തിരാവസ്ഥയായിരുന്നല്ലോ അത്. അതിനെതിരെ നാവ് നീട്ടിയ സകലമേഖലയിലെയും സ്വാതന്ത്ര്യമോഹികളെ ലോക്കപ്പിലും, തടവറയിലും പാര്‍പ്പിച്ച് അടിച്ചും, ഇടിച്ചും, ഉരുട്ടിയും, കൊന്നുകളഞ്ഞും
ഈ നാട്ടില്‍ അനീതിയുടെ വിത്ത്പാകി ജനങ്ങളെ ഞെട്ടിച്ചതൊക്ക ഞാനുള്‍പ്പെടെയുള്ളയുള്ള തലമുറയ്ക്കുമുന്നില്‍ പത്തിവിരിച്ച് തെളിഞ്ഞുനില്‍പ്പുള്ളതാണ്. അവിടുന്നാണ് പോലീസ് സ്റ്റേഷന്‍ നീതി എന്നൊരുതരം നീതിയുടെ വൈറസ് ജന്മംകൊള്ളുന്നത്.
പോലീസ് സേനയ്ക്ക് അവരുടേതായ ചില സ്വഭാവ രീതികളുണ്ട്. അതിനെ നിയന്ത്രിക്കാന്‍ ആരെയും അവര്‍ അനുവദിക്കാറില്ല.
മാറി മാറി വരുന്ന ഭരണനേതൃത്വങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി തരംതാഴാന്‍ പലരും തയ്യാറാകാ റില്ല. ഭരണാധികാരികളുടെ സ്വാര്‍ത്ഥനിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി അവരുടെ തോന്നിവാസങ്ങള്‍ക്ക് കൂട്ട് നില്‍ക്കേണ്ടിവന്നതിന്റെ തിരിച്ചടികള്‍ ഏറ്റുവാങ്ങിയവരും ഇവിടെ വിയര്‍പ്പ് വറ്റാതെ വഴിയോരത്ത് കിതച്ച് തളര്‍ന്ന് നാറ്റത്തോടെ ഇപ്പോഴും നില്‍പ്പുണ്ട്.
ജയറാം പടിക്കല്‍ എന്ന ഐ. പി. എസ്. കാരന്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിന് സമീപം ഉള്ളൂരിലെ വീട്ടില്‍ പുറംവായു ശ്വസിക്കാന്‍പോലും ഭയപ്പെട്ട് വിധിയുടെ ബന്ധനത്തില്‍ കഴിഞ്ഞിരുന്ന കാലം നാം കണ്ടതാണ്. കോളിങ് ബെല്‍ അടിച്ചാല്‍പോലും പുറത്ത് ആരാകുമെന്ന ഭയപ്പാടോടെ പതുങ്ങിനിന്നിരുന്ന ആ പോലീസ് മേധാവിയെ ഞാന്‍ അറിഞ്ഞിട്ടുണ്ട്.
പോലീസ് സ്റ്റേഷനില്‍ പ്രതികളായി എത്തുന്നവരുടെ കുറ്റകൃത്യങ്ങളുടെ ശൈലിയിലും ആധുനികതയുടെ വൈവിധ്യ വര്‍ണ്ണങ്ങള്‍ നമുക്ക് കാണാനാകും. പീഡനങ്ങള്‍, ലഹരി മാഫിയകള്‍, കള്ളപ്പണ വിനിമയക്കാര്‍,മന്ത്രവാദ പ്രമുഖര്‍ തുടങ്ങിയവരൊക്കെയാണ് പുതിയ താരങ്ങള്‍. ഇതിന്റെയൊക്കെ പിന്നിലും മുന്നിലുമായി ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ-മത മേലധികാരികളും, കൂടെ നഗരശോഭിണികളായ മഹിളാ രത്‌നങ്ങളും ഉണ്ടെന്നതാണ് പഴയതില്‍നിന്ന് എടുത്തുപറയാവുന്ന നവിന വിഭവങ്ങള്‍.
ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ ‘എന്റെ കേരളം’ എന്ന ദൃശ്യ യാത്രയുടെ ചിത്രീകരണവുമായി ചിന്ത രവിയേട്ടനോടൊപ്പം ഞാനും, പവിത്രനും (ഉപ്പ്) തിരുവനന്തപുരത്തുള്ള പട്ടം പാലസില്‍ പോകാനിടയായി. കെ. ജി. ജയന്റെ ക്യാമറ പ്രവര്‍ത്തനക്ഷമത കൈവരിച്ചപ്പോള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൗമ്യഭാവത്തിനുനേരെ രവിയേട്ടന്റെ സാന്ദ്രമായ ചോദ്യക്കെട്ടുകള്‍ അഴിഞ്ഞുവീണു. അതിലൊന്ന് പുന്നപ്ര-വയലര്‍
സമരത്തിന് നേരെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ തൊടുത്തുവിട്ട വെടിയുണ്ടകളുടെ അന്യായമുറകളെക്കുറിച്ചായിരുന്നു. അതിന് ഉത്രാടം തിരുനാള്‍ പറഞ്ഞ മറുപടി; ‘ ഒരു ഭരണാധികാരി എന്ന നിലയില്‍ ചിത്തിരതിരുനാള്‍ മഹാരാജാവിന് തന്റെ നാട്ടില്‍ ഭരണഘടനാനുസൃതമല്ലാതെ നടക്കുന്ന ഒരു പ്രവൃത്തിയെ തടഞ്ഞേ പറ്റൂ. അതാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കിയത് ‘.
‘ഇന്ന് അതില്‍ കുണ്ഠിതം തോന്നുന്നുണ്ടോ’ എന്ന രവിയേട്ടന്റെ ചോദ്യത്തിന്,
‘അന്നത്തെ രീതിയില്‍ അത് ശരിയായിരുന്നു.
ഇന്ന് ജനപക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തിലും ശരികള്‍ ഉണ്ടായിരുന്നു എന്നും പറയാം’
എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇരിപ്പിടങ്ങള്‍ക്കനുസരിച്ച് ന്യായവ്യാഖ്യാനങ്ങളില്‍ വരുന്ന നിറഭേദങ്ങളില്‍ വിസ്മയിക്കാമെന്നല്ലാതെ ശരിതെറ്റുകള്‍ക്കുണ്ടോ അനന്ത സത്യത്തിന്റെ നിത്യഭാവങ്ങള്‍.











