LIMA WORLD LIBRARY

മൗലിക നന്മകള്‍-ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

കരുണയാണ് ഈ പ്രപഞ്ചത്തിലെ കാതലായ സത്യം. കരുണകൊണ്ട് ശാന്തമാക്കാന്‍ കഴിയാത്തതുമായി ഒന്നുമില്ല.അപാരമായ കാരുണ്യമാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമായിരിക്കുന്ന വജ്രായുധം.ചില ദുരന്തങ്ങള്‍ കഴിയുമ്പോള്‍ നാം കാണുന്ന ഒരു കാര്യമുണ്ട്.മനുഷ്യര്‍ ദുരിതകാലത്ത് പരസ്പരം സഹായിച്ചു ജീവിക്കുന്നതും അപരിചിതര്‍ പോലും സഹായഹസ്തവുമായി കടന്നുവരുന്നതും. എല്ലാവരുടെയും ഉള്ളിലും നന്മയുടെ ഇത്തരം ഭാവങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. 2019 ലെ വയനാട് കവളപ്പാറ പ്രളയദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ 30 പേരുടെ, ചെളിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ കഴുകി പോസ്റ്റുമോര്‍ട്ടത്തിനായി സൗകര്യം ഒരുക്കി കൊടുത്തത് പോത്തുകല്ലിലെ മസ്ജിദ് ആയിരുന്നു.

‘ ഭൂമിയിലുള്ളവരോട് കരുണ കാണിക്കാനാണ് മതം പറയുന്നത് എന്നും, പള്ളി മുഴുവനായി ഈ സദ്കര്‍മ്മത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണ്’,എന്നുമാണ് പള്ളിക്കമ്മിറ്റി അറിയിച്ചത്. അതുപോലെ കോഴിക്കോട് മിഠായിതെരുവിലെ വസ്ത്ര വ്യാപാരികള്‍ വാരിക്കോരി വസ്ത്രങ്ങള്‍ നല്‍കുകയാണ് ഉണ്ടായത്. പക്ഷേ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമേ ഇത്തരം നന്മ മരങ്ങളെ കുറിച്ച് മറ്റുള്ളവര്‍ അറിയുന്നുള്ളൂ. പ്രതിസന്ധികള്‍ മനുഷ്യനെ ഒന്നാക്കുന്നു. ശരത് കാലത്തെ കൊടിയ തണുപ്പ്
മഞ്ഞുകട്ടകളെ രൂപപ്പെടുത്തുന്നതു പോലെയും വെയില്‍ തെളിയുമ്പോള്‍ ഇല്ലാതായിതീരുകയും ചെയ്യുന്നതുപോലെ. നിത്യജീവിതത്തില്‍ ശാരീരികവും മാനസികവുമായ പീഡയാല്‍ വലയുന്ന ധാരാളം പേരെ നമുക്ക് കാണാനാകും അവരെ തിരിച്ചറിയാനും സ്വാന്തനത്തിന്റെ ഒരു സ്പര്‍ശം നല്‍കാനും നമുക്ക് കഴിയണം. ഈ ആശയമാണ് റഷ്യന്‍ കവിയും കഥാകാരനും ആയ ആന്റണ്‍ ചെക്കോവ് തന്റെ പ്രസിദ്ധ കൃതിയായ ‘വാര്‍ഡ് നമ്പര്‍–6’ല്‍ (1892) പ്രതിപാദിക്കുന്നത്.
ഭ്രാന്തന്മാരെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡ് നമ്പര്‍ — 6, ആശുപത്രിയിലെ ഒരു ഭാഗമാണ്.

അവിടെ മാലിന്യമുണ്ട്, കഷ്ടപ്പാടുണ്ട്,ചികിത്സ എന്ന് പറഞ്ഞ് അക്രമവും മര്‍ദ്ദനവും നടമാടുന്നു. ആശുപത്രിയുടെ തലവനായ ഡോക്ടര്‍ റാഗിന്‍ ആശുപത്രി കാര്യങ്ങളില്‍ അനാസ്ഥ കാണിക്കുന്നു. സ്വന്തമായ ജീവിത ദര്‍ശനം രൂപവല്‍ക്കരിച്ച ഡോക്ടര്‍, ഭ്രാന്തന്മാരോട് സംസാരിക്കുന്ന രീതി കണ്ട് മറ്റുള്ളവര്‍ ഡോക്ടറെ തന്നെ ഭ്രാന്തനായി സംശയിച്ച് ആറാം നമ്പര്‍ വാര്‍ഡില്‍ അടച്ചിടുന്നു. രോഗികള്‍ നേരിട്ട് അനുഭവിച്ച അതേ പീഡനങ്ങള്‍ ഡോക്‌റും അനുഭവിക്കുന്നു. തന്റെ തത്വചിന്തകള്‍ ജീവിതയാഥാര്‍ത്ഥ്യത്തില്‍അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞ്,വലിയ നിരാശയില്‍, വാര്‍ഡിലെ രോഗികളില്‍ നിന്നും പീഡനമേറ്റ് മരിക്കുന്നു. മാനസികാരോഗ്യവും സമൂഹത്തിലെ അനീതികളും, ആശുപത്രിയിലെ ക്രൂരതകളും, സിസ്റ്റത്തിന്റെ ഭാഗമായ കാരുണ്യമില്ലായ്മയും ഈ കഥയില്‍ അടയാളപ്പെടുത്തുന്നു. അതോടൊപ്പം അനുകമ്പയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഈ കഥയില്‍ പറയാതെ പറഞ്ഞുവെക്കുന്നു.

അമേരിക്കന്‍ കവിയും ചെറുഥാ കൃത്തുമായ റെയ്മണ്ട് കാര്‍വറെ ചെക്കോവിന്റെ ഈ കഥ വളരെ അധികം ആകര്‍ഷിച്ചു.1933 ല്‍കാര്‍വര്‍ രചിച്ച ‘കത്തീഡ്രല്‍’ എന്ന ലോകപ്രശസ്ത ചെറുകഥയിലൂടെ, കാരുണ്യവും ദയയും നല്‍കുക വഴി മറ്റൊരാളുടെ ലോകം കാണാന്‍ തുടങ്ങുന്ന അനുഭവം വിവരിക്കുന്നു. ഭാര്യ, ഭര്‍ത്താവ്,അന്ധനായ അതിഥി റോബര്‍ട്ട് എന്നിവരാണ് ഇതിലെ കഥാപാത്രങ്ങള്‍. രാത്രിയില്‍ അവര്‍ ടി വി യില്‍ കത്തീഡ്രലുകളെ ( ഭദ്രാസനപ്പള്ളികള്‍ ) ക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കാണുന്നു. അന്ധനായ റോബര്‍ട്ടിന് കത്തീഡ്രല്‍ എങ്ങനെയുണ്ട് എന്നറിയാന്‍ താല്പര്യമായി. ഭര്‍ത്താവിന് അതിനെപ്പറ്റി വിവരിക്കാന്‍ അറിയില്ല. അപ്പോള്‍ റോബര്‍ട്ട് പറഞ്ഞു,’നീ പേപ്പറില്‍ കത്തീഡ്രല്‍ ന്റെ ചിത്രം വരയ്ക്കൂ, ഞാന്‍ നിന്റെ കൈപിടിച്ച് അത് ‘കാണാം’ ‘.ഭര്‍ത്താവ് വരയ്ക്കാന്‍ തുടങ്ങുന്നു.റോബര്‍ട്ട് വരയ്ക്കുന്ന സുഹൃത്തിന്റെ കൈപിടിച്ച്, അയാള്‍ വരച്ചുകൊണ്ടിരിക്കുന്നത്, തന്റെ മനസ്സില്‍’കാണുന്നു’.

വാക്കുകള്‍ക്കപ്പുറത്ത് ആശയം പങ്കുവെക്കുന്ന ഒരു അനുഭവം, ചിത്രം വരയ്ക്കുന്ന ഭര്‍ത്താവിന് ഉണ്ടാകുന്നു. അദ്ദേഹം ആദ്യമായി മറ്റൊരാളുടെ ലോകം ‘കാണാന്‍’ തുടങ്ങുന്ന അനുഭവം ആസ്വദിക്കുന്നു. കഥ അവസാനിക്കുമ്പോള്‍ ഭര്‍ത്തവ് എന്ന കഥാപാത്രത്തിന് കണ്ണ് തുറന്നിട്ടും അടച്ചിട്ടും വലിയവ്യത്യാസമില്ലെന്ന് തോന്നുന്നു. അയാള്‍ ആദ്യമായി ആത്മീയമായഅനുഭവം കൈവരിക്കുന്നു. ശരീരത്തിന്റെ കണ്ണിനേക്കാള്‍ ഉള്ളിന്റെ കണ്ണിന് പ്രാധാന്യമുണ്ടെന്ന് അയാള്‍ മനസ്സിലാക്കുന്നു. അങ്ങനെ അയാള്‍ തന്റെ ചുരുങ്ങിയ ലോകത്തുനിന്നും പുറത്തുവരുന്നു. പങ്കുവെക്കലിന്റെ ആഴത്തിലുള്ള അനുഭവം കഥാകാരന്‍ വരച്ചുകാട്ടുന്നു.
കാരുണ്യത്തിന്റെ കരസ്പര്‍ശം നല്‍കിയ ഒരു പ്രവൃത്തി ആയിരുന്നു കേരളാ ഗവണ്‍മെന്റിന്റെ ലക്ഷംവീട് പദ്ധതി. ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും, എം എന്‍ ഗോവിന്ദന്‍ നായരും ആഴത്തിലുള്ള ആത്മബന്ധം സൂക്ഷിച്ചിരുന്നു. ഒരാള്‍ ആത്മീയവാദിയും, ആര്‍ച്ച് ബിഷപ്പും. മറ്റേയാള്‍ നിരീശ്വരവാദിയായ കമ്മ്യൂണിസ്റ്റുകാരനും.

തലചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ക്കായി ഓരോ ഇടവകയിലും പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കാനുള്ള പദ്ധതി ആദ്യമായി തുടങ്ങിയത് ഗ്രിഗോറിയോസ് തിരുമേനിയാണ്. ഈ ആശയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 1972 ല്‍ മന്ത്രിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷംവീട് പദ്ധതിക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. ഓരോ പഞ്ചായത്തിലും വീടില്ലാത്തവര്‍ക്കായി 100 വീടുകള്‍ വീതം കേരളത്തില്‍ ആകെ ഒരുലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. അതുപ്രകാരം ആദ്യമായി വീടുകള്‍ പൂര്‍ത്തിയാക്കിയത് കളമശ്ശേരി പഞ്ചായത്തില്‍ ആയിരുന്നു. അതിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു മുഖ്യാതിഥി. ആശംസാ പ്രസംഗത്തില്‍ തിരുമേനി പറഞ്ഞു,

‘എം എന്‍ മരിച്ച് സ്വര്‍ഗത്തിലെത്തും. കാരണം, യേശുദേവന്‍ പറഞ്ഞുതന്ന മാര്‍ഗ്ഗം തന്നെയാണ് അദ്ദേഹം പിന്‍തുടരുന്നത്…. വീടില്ലാത്തവന് വീടും, ദരിദ്രന് ഭക്ഷണവും, പരവശന് കുടിനീരും, നഗ്‌നന് തുണിയും, നല്‍കുക എന്ന കാരുണ്യ പ്രവൃത്തി’. പക്ഷേ ഇതുകേട്ടവര്‍ക്ക് ഒരു സംശയം, ദൈവനിഷേധിയായ കമ്മ്യൂണിസ്റ്റുകാരന് സ്വര്‍ഗ്ഗ പ്രാപ്തിയോ?. സംശയം തീര്‍ക്കാന്‍ തിരുമേനി കൂട്ടിച്ചേര്‍ത്തു, ‘എം.എന്‍ ഇല്ലാത്ത സ്വര്‍ഗ്ഗത്തില്‍ ഞാനുമുണ്ടാവില്ല’. മരണശേഷം ഇരുവരും കണ്ടുമുട്ടിയോ ആവോ!

സൗത്ത്ആഫ്രിക്ക യിലെ ഒരുകാപ്പിക്കട. പ്രായം ചെന്ന ഒരാള്‍ അവിടെ ഒരു മേശയുടെ അരികില്‍ ഇരിക്കുന്നു. പ്രസിഡന്റ് നെല്‍സണ്‍ മണ്‍ഡേലയും സുഹൃത്തും കൂടി കടയിലേക്ക് വന്നു. അവിടെ ഇരുന്ന വ്യക്തിക്കെതിരെയുള്ള വശത്ത് മണ്‍ഡേല ഇരുന്നിട്ട് മൂന്നു ചായ ആവശ്യപ്പെട്ടു.ഒരു ഗ്ലാസ് ചായ അവിടെ ഇരുന്ന വ്യക്തിക്ക് നല്‍കി. സുഹൃത്തും താനും ചായ കുടിക്കാന്‍ തുടങ്ങി.
പക്ഷേ നേരത്തെ അവിടെ ഇരുന്ന മനുഷ്യന്‍ ദുഃഖഭാരത്തോടെ എഴുന്നേറ്റുപോയി. അപ്പോള്‍ മണ്‍ഡേല സുഹൃത്തിനോട് പറഞ്ഞു, ‘ഞാന്‍ തടവിലായിരുന്നപ്പോള്‍ ഈ മനുഷ്യന്‍ അവിടെ വാച്ച്മാന്‍ ആയിരുന്നു. ഞാന്‍ ദാഹജലം വശ്യപ്പെട്ടപ്പോള്‍ അയാള്‍ മൂത്രമാണ് തന്നത്.അയാള്‍ക്ക് അതില്‍ ഇപ്പോള്‍ ദുഃഖമുണ്ട്. അതുകൊണ്ടാകണം ഞാന്‍ കൊടുത്ത ചായ കുടിക്കാതെ അയാള്‍ എഴുന്നേറ്റു പോയത്’ മണ്‍ഡേലയക്ക് അയാളോട് ദേഷ്യമോ വൈരാഗ്യമോ ഇല്ലായിരുന്നു, ദയ മാത്രം !

മൂല്യമുള്ളതെന്ന് നാം കരുതിയിരുന്ന സമസ്ത ജീവിത വ്യാപാരങ്ങളും നിസ്സാരവല്‍ക്കരിക്കപ്പെടുന്നു എന്നതാണ് ഈ കാലത്തിന്റെ ധാര്‍മിക പ്രശ്‌നം. മനുഷ്യന്‍ ഇത്രമാത്രം നിസ്സാരവല്‍ക്കരിക്കപ്പെട്ട കാലം വേറെയുണ്ടോ എന്ന് സംശയം. കലാലയങ്ങളില്‍ ധാരാളം കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷേ കാരുണ്യം, ദയ,സ്‌നേഹം തുടങ്ങിയ ജീവിത മൂല്യങ്ങള്‍ ശീലിച്ച് എങ്ങനെ നല്ല മനുഷ്യനാകാമെന്ന് ആരെയും എവിടെയും പഠിപ്പിക്കുന്നില്ല.ഇന്ന് കുട്ടികളില്‍ തെറ്റുകള്‍ കണ്ടാല്‍ മാതാപിതാക്കള്‍ തിരുത്താറില്ല. അധ്യാപകര്‍ക്ക് അവരെ ഉപദേശിക്കാനോ ശാസിക്കാനോ ശിക്ഷിക്കാനോ സാധ്യമല്ല. അതുകൊണ്ടുതന്നെനാട്ടിലെങ്ങും അക്രമം, അഴിമതി,അടിപിടി, മോഷണം,സ്ത്രീ പീഡനം തുടങ്ങിയ ക്രൂരതകള്‍ വ്യാപകമാണ്.
‘ എന്താണോ നല്ലത് അത് ചെയ്യാനുള്ള സമയം എപ്പോഴും നല്ലത് തന്നെ’, മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ പറഞ്ഞു.. പക്ഷേ ഏറ്റവും വലിയ അപകടം, പ്രവര്‍ത്തിക്കേണ്ട സമയത്ത് മനുഷ്യര്‍ നിശബ്ദരും കര്‍മ്മരഹിതരും ആകുന്നതാണ്. ‘കാരുണ്യമുള്ള ഒരു മനുഷ്യന്‍ ഒരു ആപ്പിള്‍ മരം പോലെയാണ്. മരം കഴിയുന്നത്ര ഫലങ്ങള്‍ നല്‍കിയിട്ട് നിശബ്ദമായി നില്‍ക്കും’.(പഴമൊഴി)

എന്നാല്‍ ഹൃദയത്തില്‍ ആര്‍ദ്രമായ കാരുണ്യം ഇല്ലാത്ത ഒരുവന്‍ കാട്ടിക്കൂട്ടുന്ന ധര്‍മ്മ പ്രകടനം പ്രഹസനം തന്നെയാണ്. ‘പ്രതിഷ്ഠിക്കപ്പെട്ട കല്ലില്‍ ദൈവമില്ല. എന്നാല്‍, കണ്ണില്‍ സ്‌നേഹവും, കനിവും, ദയാദാക്ഷിണ്യവും, ആര്‍ദ്രതയും ഉള്ളവന്‍ ആ കണ്ണുകൊണ്ട് നോക്കിയാല്‍ കല്ലിലും ദൈവത്തെ കാണാം. പ്രതിഷ്ഠകള്‍ ആത്മശുദ്ധീകരണത്തിനുള്ളതാണ്. ആ ശുദ്ധി അവനവന്റെ ആത്മാവില്‍ നിന്ന് തന്നെ വരണം. ആ വരവിനുള്ള വാതിലുകള്‍ മാത്രമാണ് കണ്ണുകള്‍ ‘. ( തിരുക്കുറള്‍).

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px