LIMA WORLD LIBRARY

ശ്രീകൃഷ്ണജയന്തി-ഗിരിജാ വാര്യര്‍

|

ഇന്ന് തോന്ന്യാക്ഷരങ്ങളില്‍ രാധാകൃഷ്ണപ്രണയമാവട്ടെ വിഷയം! ഭക്തി, ആത്മീയത, ഉദാത്തമായ സ്‌നേഹം, അര്‍പ്പണബോധം ഇവയുടെ പ്രതീകമാണ് രാധാകൃഷ്ണസങ്കല്പം! രാധയെന്ന പ്രതീകം , പ്രതിസന്ധികളില്‍ ക്ഷമയോടെ കാത്തിരിക്കാനും സ്‌നേഹത്തിനു വേണ്ടി സ്വയം അര്‍പ്പിക്കാനും ഉള്ള ഉദ്‌ബോധനമാണ്! ശരീരങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ആ പ്രണയത്തെ ബാധിക്കുന്നേയില്ല! വീശുന്ന കാറ്റുപോലെ അവരുടെ കാമനകള്‍ ഒഴുകിക്കൊണ്ടേയിരിക്കും! ഭൗതികതയ്ക്കും അപ്പുറത്തുള്ള ആത്മീയപരിവേഷമാണ് രാധാകൃഷ്ണ പ്രണയത്തിനുള്ളത്. അവര്‍ വിവാഹിതരല്ല എന്നതാണ് ഇതിലെ ഹൈലൈറ്റ്. വേദങ്ങള്‍ അനുസരിച്ച് പ്രണയത്തിന് വിവാഹം ആവശ്യമേയില്ല. അത് കാമുകി കാമുകന്മാര്‍ പങ്കിടുന്ന നിസ്വാര്‍ത്ഥവും നിര്‍മ്മലമായ വികാരമാണ്. തുടക്കവും അവസാനവും ഇല്ലാത്ത അനശ്വരമായ പ്രണയം

കൃഷ്ണനെക്കാള്‍ പ്രായം കൂടുതലാണ് രാധയ്ക്ക്! കൃഷ്ണന്‍ ജനിക്കുന്നതുവരെ അവള്‍ സ്വന്തം കണ്ണുകള്‍ തുറന്നില്ലെന്നതാണ് ഐതിഹ്യം. അത്രയും ക്ഷമയോടുകൂടിയാണ് അവള്‍ കൃഷ്ണനെ വരവേറ്റത് . ജയദേവകവിയുടെ ഗീതാഗോവിന്ദത്തില്‍ ആദ്യ ശ്ലോകം നോക്കൂ

”മേഘൈര്‍ഭൂന്മേദുരമംബരം ച തമാലനീപദ്രുമപല്ലവൈശ്ച”

എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ കുഞ്ഞായ കൃഷ്ണനെ കൂട്ടിക്കൊണ്ടു വരാന്‍ നന്ദഗോപര്‍ ഏല്പിക്കുന്നത് രാധയെയാണ്. ‘ആകാശം മേഘാവൃതമാണ്. തമാല മരങ്ങളാല്‍ ഇരുണ്ടതാണ്. രാത്രിയുമായി.കണ്ണന്‍ ഭയപ്പെടും അതുകൊണ്ട് രാധേ നീ അവനെ വീട്ടിലേക്ക് കൊണ്ടുപോകണം ‘എന്ന നന്ദന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കൃഷ്ണനെ കൂട്ടിക്കൊണ്ടു വരാന്‍ പോയ രാധയെ നാം പിന്നീട് കാണുന്നത് യമുനാതീരത്തെ വള്ളിക്കുടിലില്‍ അവര്‍ സംഗമിക്കുന്നിടത്തുവച്ചാണ്!അപ്പോഴേക്കും കൃഷ്ണന്‍ രാധയ്ക്ക് മുമ്പില്‍ ഒരു യുവാവായി മാറിക്കഴിഞ്ഞിരുന്നു! ശക്തീദേവിയുടെ പര്യായമായ രാധാമാതാ കണ്ണനു വേണ്ടി ജനിച്ചവളാണ്. വൃന്ദാവനത്തിലെ ഗോപികമാരെല്ലാം കൃഷ്ണനെ കൊതിച്ചപ്പോള്‍, കൃഷ്ണന്‍ കൊതിച്ചത് ഈ രാധയെ മാത്രം! വൃന്ദാവനത്തിലെ യമുനാതീരം അവരുടെ സംഗമത്തിന് സാക്ഷിയായി! ജലക്രീഡക്കുശേഷം അവളുടെ പാദങ്ങള്‍ കണ്ണന്‍ ചുവന്ന യവക കൊണ്ടലങ്കരിച്ചു,കേശഭംഗിയില്‍ വനപുഷ്പങ്ങള്‍ ചൂടി, അതിലോലമായ അവയവങ്ങളിലാഭരണങ്ങള്‍ ചേര്‍ത്തു. അനേകം വൃന്ദാവനരാത്രികള്‍ അവരുടെ സല്ലാപത്താല്‍ മുഖരിതമായി! അതുകൊണ്ടാണ് കണ്ണന്‍ പറഞ്ഞത് താന്‍ ഒരിക്കലും വൃന്ദാവനം വിട്ടു പോവില്ല എന്ന്! രാധയ്ക്കും അത് അറിയാം! കാരണം രാധ കണ്ണനുവിട്ടുകൊടുത്തത് കണ്ണന്റെ ശരീരംമാത്രം. ഓടക്കുഴലിനൊപ്പം ആ ആത്മാവും അവള്‍ സ്വന്തമാക്കിയിരുന്നു! ഇതറിഞ്ഞ ദേവന്മാരും ഋഷിമാരും സൂക്ഷ്മരൂപികളായി വൃന്ദാവനത്തില്‍ വസിക്കുന്നു എന്നാണ് വിശ്വാസം!

കാളിയമര്‍ദ്ദനവേളയില്‍ മറ്റെല്ലാവരും കണ്ണനെ എതിര്‍ത്തപ്പോള്‍, രാധയാണ് കണ്ണന് ശക്തി പകര്‍ന്നത്! കംസന്റെ കുബുദ്ധിയില്‍ കണ്ണന് വൃന്ദാവനം വിട്ടു പോകേണ്ടി വന്നപ്പോള്‍, രാധക്കറിയാം അത് എല്ലാം ഉപേക്ഷിച്ചുള്ള പോകലാണ് എന്ന്! എന്നിട്ടും അവള്‍ അചഞ്ചലയായി നിന്നു! കാരണം അവള്‍ക്കറിയാം അകല്‍ച്ചയോ ദൂരമോ തങ്ങളുടെ പ്രണയത്തെ ഒരിക്കലും ബാധിക്കില്ലെന്ന്

കൃഷ്ണന്‍ വൃന്ദാവനം വിട്ട് മഥുരയിലേക്ക് പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍, രാധയോട് അവസാനമായി യാത്ര പറയാന്‍ യമുനാഘട്ടിലെത്തിയ മുഹൂര്‍ത്തം കവികള്‍ വിവരിക്കുന്നതിങ്ങനെ.

രാധ കൃഷ്ണനെ സ്ഥിരം കാത്തിരിക്കുന്നിടത്ത് എത്തി. അവളുടെ പാദങ്ങള്‍ യമുനാനദിയുടെ ഓളങ്ങളില്‍ നനഞ്ഞിരിക്കുന്നു! അവളുടെ കണ്ണുകളില്‍ യമുനാനദി ഒഴുകിപ്പാഞ്ഞു. രാധയുടെ അടുത്ത് വന്നിരുന്ന കൃഷ്ണന്‍ നദിയിലെ ഈ ഒഴുക്കിനെ തൊട്ടറിഞ്ഞു! അവളിലെ ഓളക്കൂത്തിനേയും!
രാധയില്‍നിന്നു വേറിട്ടൊരു കണ്ണനുണ്ടോ? ”വിട” എന്ന രണ്ട് അക്ഷരങ്ങള്‍ പോലും അര്‍ത്ഥശൂന്യമാകുന്ന നിമിഷം! അവളുടെ കണ്ണുകളില്‍ പ്രേമാര്‍ദ്രമായി ഉമ്മവച്ച് കണ്ണന്‍ അവളോട് ഒരു വാക്കുവാങ്ങി! തന്റെ അസാന്നിധ്യത്തില്‍ രാധ ഒരിക്കലും കരയരുതെന്ന്! ആ കണ്ണീര്‍ തന്റെ കര്‍ത്തവ്യപാതയില്‍ വിലങ്ങുതടിയാവുമെന്ന്!കരയാനുള്ള അവകാശം പോലും അവളില്‍ നിന്നു കണ്ണന്‍ കവര്‍ന്നെടുത്തു.രാധ കരഞ്ഞില്ല അവള്‍ കാത്തിരുന്നു. വര്ഷങ്ങളോളം!

കംസവധത്തിന് ശേഷം മഥുരാധിപനായ കണ്ണന്‍ മഥുരയുടെ രാജ്യഭാരം ബലരാമനെ ഏല്‍പ്പിച്ച് ദ്വാരകയിലേക്ക് മടങ്ങുന്നു. രുഗ്മിണി,സത്യഭാമമാരുടെ പതിയായിരിക്കുമ്പോഴും കണ്ണന്റെ ഉള്ളിലെന്നും രാധമാത്രം. ഒരിക്കല്‍ കണ്ണന്റെ സതീര്‍ത്ഥ്യനായ ഉദ്ധവര്‍ ‘ അങ്ങ് രാധയെ മറന്നോ” എന്ന് ചോദ്യംചെയ്യുന്നുണ്ട്. വിഷാദസ്മിതത്തോടെ കണ്ണന്‍ തന്റെ ഉത്തരീയം ഒന്നു മാറ്റി. ആ നെഞ്ചില്‍ തെളിഞ്ഞുനില്‍ക്കുന്നു രാധയുടെ ചിത്രം! യമുനാതീരത്ത്, കണ്ണന്‍ സമ്മാനിച്ച ഓടക്കുഴലുമായി നിര്‍വൃതിയില്‍ കണ്ണടച്ചിരിക്കുന്ന രാധ! ഓളങ്ങള്‍ തന്റെ പാദങ്ങളെ തഴുകുന്നത് അവള്‍ അറിയുന്നില്ല. എന്നാല്‍ അവളുടെ നിശ്വാസം വീണ യമുനാനദിയിലെ ജലം ദ്വാരകയിലെ കണ്ണന്റെ പാദങ്ങളെ നനയ്ക്കുന്നുണ്ട്! കൃഷ്ണനെക്കുറിച്ചുള്ള അവളുടെ ഓരോ ഓര്‍മ്മകളിലും, വിങ്ങുന്നതും രക്തം പൊടിയുന്നതും കണ്ണന്റെ ഹൃദയത്തിലാണ്! ‘ അവള്‍ക്ക് ചുറ്റും എന്നും കൃഷ്ണന്റെ രക്ഷാകവചം ഉണ്ടായിരിക്കും ഉദ്ധവരേ!കാരണം രാധ കൃഷ്ണനായി മാത്രം പിറന്നവളാണ്!” കൃഷ്ണന്റെ വാക്കുകള്‍ കേട്ട ഉദ്ധവര്‍ കുറ്റബോധത്തോടെ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ പ്രണമിച്ചു!

ഒടുവില്‍ രാധ കണ്ണനെ തേടിയെത്തി ദ്വാരകയില്‍.. ആ കണ്ണീരില്‍ ഉരുകിയൊലിച്ചു പോകുമോ എന്ന് ഭയന്ന് കൃഷ്ണന്‍ മറഞ്ഞിരുന്നു. ദ്വാരകയുടെ കവാടങ്ങള്‍ രാധയ്ക്കായി തുറക്കപ്പെട്ടു. രുഗ്മിണി അവളെ സല്‍ക്കരിച്ചത് ചുടുപാല്‍ നല്‍കിയാണ്! അതു മൊത്തം ഒറ്റവലിക്ക് കുടിച്ചിറക്കി രാധ. എന്നിട്ടും അവള്‍ക്കു പൊള്ളലേറ്റില്ല. പകരം വെന്തുപൊള്ളിപ്പോയത് കണ്ണന്റെ നെഞ്ചകമാണ്. അന്ന് രാത്രി അവള്‍ കണ്ണനെ കണ്ടു! വൃന്ദാവനത്തിലെ കണ്ണനെ!
ദ്വാരകയില്‍നിന്നിറങ്ങിയ രാധയെപ്പറ്റി പിന്നീട് ആരും സൂചിപ്പിച്ചിട്ടില്ല! സ്വര്‍ണ്ണം പോലെയുള്ള അവളുടെ
ശരീരകാന്തി കൃഷ്ണവിരഹത്താല്‍ യമുനാനദിയിലെ ജലംപോലെ കറുത്തുപോയിരുന്നു. അവള്‍ എങ്ങും പോയിക്കാണില്ല. ദ്വാരകയില്‍ കൃഷ്ണശരീരത്തിലലിഞ്ഞ് അവള്‍ സായുജ്യം പ്രാപിച്ചുകാണും

പ്രിയരേ, എല്ലാ പുരുഷന്മാരുടെ മനസ്സിലും ഒരു കണ്ണനുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ഓരോ പെണ്ണിന്റെ ഉള്ളിലും പ്രതിഷ്ഠിതമായ ഒരു രാധയുണ്ട്! തന്റെ കണ്ണനെ കാത്തിരിക്കുന്ന, ആ സങ്കല്‍പ്പത്തിലലിയാന്‍ കൊതിക്കുന്ന രാധഅതുകൊണ്ടാണ് സുഗതകുമാരി ടീച്ചര്‍ പാടിയത്
‘ ഈ രാത്രിയുള്ളില്‍ പ്രതിഷ്ഠിതമാകയാല്‍
തീരാത്ത തേടലാകുന്നു ജന്മം’

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px