പരമകാരുണികനും കരുണാനിധിയുമായ സര്‍വ്വലോക രക്ഷിതാവിനോട് ആദ്യമായി ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
അവന് തന്നെ സര്‍വ്വസ്തുതിയും. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ നമുക്ക് എന്നും കാവലായി കൂടെയുണ്ട് എന്നത് ഉറപ്പാണ്.
ഈ കുറിപ്പിന്റെ തലക്കെട്ട് കാണുമ്പോള്‍ നിങ്ങള്‍ക്ക് ചെറിയ ചിരിയൊക്കെ വരുമെങ്കിലും ഞാന്‍ പറയാന്‍ പോവുന്ന സംഭവം ഇച്ചിരി ഗൗരവമുള്ളതാണ് കേട്ടോ.
എന്റെ മോള്‍ക്ക് ഒരു കല്യാണാലോചന വന്നു. ചുങ്കത്തറ എന്ന സ്ഥലത്ത് നിന്നായിരുന്നു അത് .
അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഞാന്‍ ഇന്നലെ ചുങ്കത്തറക്ക് എന്റെ സുഹൃത്തിനെയൊന്ന് കാണാന്‍ ബൈക്കില്‍ പോയതായിരുന്നു. അവരെപ്പറ്റിയുള്ള
വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് അന്വേഷണമൊക്കെ കഴിഞ്ഞ് സംതൃപ്തനായി ഞാന്‍ മടങ്ങി. നിലമ്പൂര്‍ ടൗണിലെത്തിയപ്പോള്‍ തോന്നി ക്രമംതെറ്റി വളര്‍ന്ന
താടിയൊക്കെയൊന്ന് ശരിയാക്കണമെന്ന്.
സുഹൃത്തായ ആഷിഖിന്റെ സലൂണില്‍ കയറി താടിയൊക്കെ ഒന്ന് വെട്ടിയൊതുക്കി ഞാന്‍ മടങ്ങി.
വീടിനടുത്തെത്താന്‍ , ഏകദേശം
കഷ്ടി ഒരരകിലോമീറ്റര്‍ അടുത്ത് വെച്ച്
ഒരു കയറ്റം കയറിക്കൊണ്ടിരിക്കുമ്പോള്‍ മുമ്പിലെ ആള്‍ട്ടോകാര്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്നങ്ങ് തിരിച്ചു.
ഞാന്‍ വലിയ സ്പീഡിലല്ലെങ്കിലുംബൈക്ക് ചെന്ന് കാറില്‍ ശക്തിയായി ഇടിച്ചു.
ഞാനങ്ങ് തെറിച്ചു പോയി. ബൈക്കിന്റെ പാര്‍ട്‌സുകള്‍ പൊട്ടി എന്റെ ചുറ്റിനും ചിതറിത്തെറിച്ചു പോവുന്നത്
ഞാന്‍ കണ്ടു.
എന്റെ തല റോഡില്‍ ശക്തമായി ഇടിച്ചു. ഫുള്‍കവര്‍ ഹെല്‍മറ്റായിരുന്നു ഞാന്‍ ഇട്ടിരുന്നത്.
പിന്നൊന്നും
എനിക്ക് ഓര്‍മ്മയില്ല. ആരൊക്കെയാണ് ഓടി വന്നത് എന്നോ, ഏത് വണ്ടിയില്‍ എന്നെ കയറ്റി എന്നോ ,
എന്റെകൂടെ ആരൊക്കെ ഉണ്ടെന്നോ
ഒന്നും ഓര്‍മ്മയില്ല.
ഓര്‍മ്മ തെളിഞ്ഞ് വരുമ്പോള്‍ ഞാന്‍ ഒരു ബെഡില്‍ ഇരിക്കുകയാണ്.
‘ഞാനെവിടെയാണ്.? ‘ഞാന്‍ ചോദിച്ചു.
‘നിങ്ങള്‍ ഹോസ്പിറ്റലിലാണ്. ‘
ആരോ പറഞ്ഞു.
‘എന്താണ് സംഭവിച്ചത്. ?’
ഞാന്‍ വീണ്ടും.
‘നിങ്ങള്‍ക്കൊരു ആക്‌സിഡന്റ് പറ്റി. ‘
ഒരാള്‍.
‘എന്താക്‌സിഡന്റ്. ?’
ഞാന്‍.
‘നിങ്ങടെ ബൈക്ക് കാറുമായി ഒന്ന്
തട്ടി. ‘
‘ഏതാ ഇത്
ഹോസ്പിറ്റല്‍ ?’
ഞാന്‍ വീണ്ടും.
‘ഇത് വടപുറം ന്യൂലൈഫ് മെറ്റേണിറ്റി ഹോസ്പിറ്റലാണ്.’
ഒരു സിസ്റ്ററാണ് അത് പറഞ്ഞത്. എന്നിട്ടവര്‍ ചോദിച്ചു.
‘നിങ്ങളുടെ വീട് എവിടെയാ…?’
‘എന്റെ വീട് … വീട് …’
ഞാനൊന്ന് തപ്പി.
‘നിങ്ങളുടെ പേര് ..?’
അവര്‍ വീണ്ടും.
‘പേര്. . എന്റെ പേര്. ‘
പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാനത് തിരിച്ചറിഞ്ഞു.
എന്റെ പേര്‌പോലും എനിക്കോര്‍മ്മയില്ല.
ഞാനാകെയൊന്ന് ടെന്‍ഷനായി.
‘നിങ്ങള്‍ ടെന്‍ഷനാവണ്ട. പതുക്കെ ആലോചിച്ച് പറഞ്ഞാല്‍ മതി.’
സിസ്റ്റര്‍ പറഞ്ഞു.
ഞാന്‍ വീണ്ടും ആലോചിച്ചു. പടച്ചോനേ …..
എന്താണ് എന്റെ പേര്.എന്റെ വീടെവിടെയാണ്. എന്താണ് ശരിക്കും സംഭവിച്ചത്.
ഞാനിപ്പോഴൊന്നുറങ്ങിപ്പോയോ. സ്വപ്നമാണോ ഇത്. അല്ല. ഇത് സ്വപ്നമല്ല .
എന്റെ കൈയുടെ പാദത്തിന്‍മേലും കാല്‍മുട്ടിലും മുറിവുകളുണ്ട്.
കാല് നെരിയാണിക്ക് മുകളില്‍ ചതഞ്ഞ് വീങ്ങിയിട്ടുണ്ട്. തലക്ക് നല്ല മരവിപ്പുണ്ട്.
അവിടെയും ഇവിടെയുമൊക്കെ ഇച്ചിരി വേദനയും തോന്നുന്നുണ്ട്.
അപ്പോഴാണ് വേറൊരാളുടെ കയ്യിലുള്ള ഒരു ഫോണ്‍ ഞാന്‍ കാണുന്നത്.
പെട്ടെന്ന് എനിക്കെന്റെ ഫോണിനെക്കുറിച്ചോര്‍മ്മ വന്നു.
ഞാന്‍ ചോദിച്ചു.
‘എന്റെ ഫോണെവിടെ?’
ചോദിച്ചതും ഞാന്‍ പാന്റ്‌സിന്റെ കീശയില്‍ തപ്പി.
ഹാവൂ
ഫോണുണ്ട്. ഞാനത് തുറന്ന് നോക്കി. അതില്‍ നിഹാല്‍റോഷന്‍ എന്ന , എന്റെ മോന്റെ പേരിലാണ് ഭാര്യയുടെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത്.
ഞാനതിലേക്ക് വിളിച്ചു.
‘എടീ… ഇവരിതാ എനിക്ക് ഒരു ആക്‌സിഡന്റ് പറ്റി എന്ന് പറയുന്നു. എനിക്കൊന്നും ഓര്‍മ്മ വരുന്നില്ല. നീയിവിടെ ഒന്ന് വന്നേ..’
‘നിങ്ങള്‍ എവിടന്നാ ഈ വിളിക്കുന്നേ.?’
അവള്‍
‘ഞാന്‍ വടപുറം ന്യൂ ലൈഫിലാ…’
തൊട്ടടുത്തായത് കൊണ്ട് അവള്‍ അനിയത്തിയെയും കൂട്ടി ഉടനെയെത്തി.
അപ്പോഴും എന്റെ മെമ്മറി മുഴുവനായും തിരിച്ചെത്തിയിരുന്നില്ല..
പല്ലും മോണയും ഹെല്‍മറ്റില്‍ അടിച്ചിട്ടാണെന്ന് തോന്നുന്നു നല്ല വേദന. അവള്‍ പുറത്തേക്ക് പോയി
ഇച്ചിരി നേരം കഴിഞ്ഞ് വന്ന് പറഞ്ഞു.
‘നമുക്ക് നല്ലൊരു ഹോസ്പിറ്റലില്‍ പോകാം. ‘
അങ്ങനെ ഞങ്ങള്‍ ഒരോട്ടോയില്‍ വണ്ടൂരുള്ള ഹോസ്പിറ്റലില്‍ പോയി.
എക്‌സ്-റേ,
സി ടി സ്‌കാന്‍
എല്ലാം എടുത്തു. ഓര്‍ത്തോയെക്കണ്ടു.
സര്‍ജനെ കണ്ടു. റിസല്‍ട്ടില്‍ യാതൊരു കുഴപ്പവുമില്ല. അല്‍ഹംദുലില്ലാഹ് .
ഉഷാര്‍.
ഇവിടെ
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം എന്നത് , ഒറ്റനിമിഷം കൊണ്ട് ഞാന്‍ എന്റെ സ്വന്തം പേര് പോലും മറന്ന് പോയി എന്നതാണ്. ഞാനാരാണ് എന്താണ് എവിടെയാണ് എന്ന കാര്യങ്ങള്‍. ഏറ്റവും പ്രിയപ്പെട്ടവരെപ്പോലും ഓര്‍മ്മയില്ലാതാവുന്ന ഒരവസ്ഥ.
പിന്നീട് ,
പോയ ഓര്‍മ്മകള്‍ തിരിച്ചു വന്നില്ലെങ്കില്‍ ,
അതല്ല ഒരിക്കലും ഉണരാതെ ആ ഉറക്കില്‍ ഞാന്‍ തുടരുകയാണെങ്കില്‍ എന്തായിരിക്കും എന്റെ അവസ്ഥ.?
കാണുന്നവരെല്ലാം ‘അവന്‍ ഒരാക്‌സിഡന്റില്‍ പെട്ട് കോമയിലായതാ..’ എന്ന് പറയുമായിരിക്കും.
വേണ്ടപ്പെട്ടവര്‍, നമ്മളെ ശരിക്കും വേണമെന്നുള്ളവര്‍ നമ്മളെയും പരിചരിച്ച് ,
സങ്കടപ്പെട്ട്, വിഷമിച്ച്, കരഞ്ഞ്, വിധിയെ പഴിച്ച് പിന്നീടുള്ള കാലം മുഴുവന്‍ ജീവിക്കുമായിരിക്കും.
കോമയിലായവന്‍ ഈ ലോകത്ത് നടക്കുന്നത് ഒന്നുമറിയാതെ അങ്ങനെ കിടന്ന് ശരീരമൊക്കെ പൊട്ടി ആയുസ്സെത്തുമ്പോള്‍ അങ്ങ് തീര്‍ന്നുപോകും.
ഈ ഭൂമിയില്‍ അങ്ങനെ എത്ര പേരുണ്ട് എന്നറിയാമോ. അനേകമനേകം പേര്‍. താന്‍ ജീവിച്ചിരിക്കുന്നു എന്നതറിയാതെ ജീവിച്ചിരിക്കുന്നവര്‍.
ശരിക്കും ഒരു നിമിഷത്തിന്റെ ആയിരത്തിലൊരംശം മതി നമ്മുടെയൊക്കെ ജീവിതം മാറിമറിയാന്‍.
ഇവിടെ നമ്മള്‍ ഒന്നുമല്ലാതാവാന്‍.
മനോഹരമായ
ഓര്‍മ്മകള്‍ നിറഞ്ഞ മനസ്സിന് മുകളിലേക്ക് ഒരു കറുത്ത കരിമ്പടം പെട്ടെന്ന് വലിച്ചിട്ടാല്‍ എങ്ങനെയുണ്ടാവും.
ചിരിച്ച് കളിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒരാള്‍ പെട്ടെന്ന് മരിക്കാതെ മരിച്ചാല്‍ എന്തായിരിക്കും അവസ്ഥ?
ഒരനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയുന്നതാണ്.
നിങ്ങളുടെ വാഹനയാത്രകളില്‍ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുത്.
ഞാനിട്ടത് ഫുള്‍കവര്‍ ഹെല്‍മറ്റല്ലെങ്കില്‍ സത്യമായിട്ടും എന്റെ മുന്‍വശത്തെ പല്ലുകള്‍ മുഴുവന്‍ പോകുമായിരുന്നു. ഒരുപക്ഷേ, ഇതെഴുതാന്‍ ഞാന്‍ ഈ ഗ്രൂപ്പില്‍ ഉണ്ടാവുമായിരുന്നില്ല. വളരെ പതുക്കെയായത് കൊണ്ടാണ് പരിക്കുകള്‍ എനിക്ക് വളരെ കുറഞ്ഞുപോയത്. വേഗത കൂടിയിരുന്നെങ്കില്‍ വീഴ്ചയുടെ ആഘാതം കൂടി വലിയ പരിക്കുകളായിരുന്നേനെ. എങ്കില്‍
കുടുംബത്തിന് മൊത്തമുള്ള സാമ്പത്തിക ശാരീരിക മാനസിക തളര്‍ച്ചകള്‍ എല്ലാം വളരെ ഭീകരമായിരിക്കും.
ഈ ചെറിയ മുറിവുകളും ചതവുകളും തന്നെ എന്നെ എത്രയോ അസ്വസ്ഥമാക്കുന്നു. അപ്പോള്‍ കൊടുംവേദനയുടെ ഭീകരനിമിഷങ്ങളിലൂടെ കടന്നു
പോകുന്നവരുടെയും കുടുംബങ്ങളുടെയും അവസ്ഥ എനിക്ക് ചിന്തിക്കാന്‍ പോലുമാവുന്നില്ല.
എല്ലാവരെയും ദൈവം കാത്ത് രക്ഷിക്കട്ടെ.
സ്വയം സൂക്ഷിക്കുക. യാത്ര എത്ര കുറഞ്ഞ ദൂരത്തിലേക്കാണെങ്കിലും ബൈക്കിലാണെങ്കില്‍ ഹെല്‍മറ്റും കാറിലാണെങ്കില്‍ സീറ്റ് ബെല്‍റ്റും ധരിക്കുക.
പോലീസ് പിടിച്ച് പിഴ ഈടാക്കാതിരിക്കാനുള്ള വഴികളാവരുത് നമുക്ക് സുരക്ഷാ ഉപകരണങ്ങള്‍.
സ്വയം ബോധവാന്‍മാരാവുക. മറ്റുള്ളവരെ ബോധവല്‍ക്കരിക്കുക.
‘ദേ. ആ കാണുന്നതല്ലേ കട. അടുത്തല്ലേ. അങ്ങോട്ടല്ലേ..എന്തിനാ ഹെല്‍മറ്റ് ‘
എന്ന് ലാഘവത്തോടെ ചിന്തിക്കാതിരിക്കുക.
കാലിന്റെ സുരക്ഷക്ക് വില കൂടിയ ചെരിപ്പ് വാങ്ങുന്ന നമ്മള്‍
ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങള്‍ അടങ്ങുന്ന തലയുടെ സുരക്ഷ പലപ്പോഴും മറക്കുന്നു. ഹെല്‍മറ്റ് വാങ്ങുമ്പോള്‍ കുറഞ്ഞ ക്വാളിറ്റിയുള്ളത് കുറഞ്ഞ വിലയില്‍ വാങ്ങി നമ്മളത് ലാഭമാണെന്ന് ചിന്തിക്കുന്നു.
നിങ്ങളുടെ ജീവനും ജീവിതവും നിങ്ങള്‍ക്കെന്നപോലെ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.











