LIMA WORLD LIBRARY

സംഗീത നാടക അക്കാദമിയുടെ നൃത്ത വസന്തം-ജയരാജ് പുതുമഠം

കാലം മാറുന്നതനുസരിച്ച് ഭൂമിയിലുള്ള സകലതും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. ഈ മാറ്റത്തെ തടയാന്‍ യാതൊരു പ്രപഞ്ച ശക്തികള്‍ക്കും പ്രകൃതി അനുവാദം നല്‍കിയിട്ടില്ല. ജനനമരണ നിഗൂഢതകളിലൊഴികെ ഈ പരിഷ്‌ക്കരണത്തിന്റെ അനിവാര്യസ്പന്ദനങ്ങള്‍ അനസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നത് പ്രകൃതിയുടെ ഒരു പിടിവാശിയായിപ്പോലും വേണമെങ്കില്‍ പണ്ഡിത-പാമരഭേദമെന്യേ കരുതാവുന്നതാണ്.

എന്നിരിക്കേ സാഹിത്യത്തിലും, സിനിമയിലും,നാടകത്തിലും, സംഗീതത്തിലും, നൃത്തകലയുടെ സകലഭാവങ്ങളിലും ക്രമാനുഗതമായി സംഭവിച്ച പരിണാമങ്ങളുടെ തെളിമയിലാണ് ഇന്ന് കേരള കലാവൃന്ദങ്ങള്‍ ലോകത്തിന്റെ ഉത്തുംഗങ്ങളില്‍ അലയടികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്.

സംഗീതനാടക അക്കാദമിയുടെ ‘തൃഭംഗി’ എന്ന പേരിലുള്ള നൂതനമായ സംരംഭം കേരളത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലേയും കലാഭിരുചിയുള്ള വ്യക്തികള്‍ക്ക് പരിശീലനം നല്‍കി അവരുടെ ഉള്ളില്‍ വിളങ്ങുന്ന കലാദീപത്തെ കുറേകൂടി പ്രകാശിപ്പിക്കുവാനുള്ള കഴിവിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനുള്ള ലക്ഷ്യം വെച്ചുള്ളതാണ് എന്നറിയുന്നത് പ്രതീഷാനിര്‍ഭരംതന്നെ .

മോഹിനിയാട്ടം, ഭാരതനാട്യം, കുച്ചിപ്പുടി, കഥക് എന്നുതുടങ്ങി നാടോടി നൃത്തംവരെ ഈ വിശാലമായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ക്ലാസ്സിക്കല്‍ കലകളെ സാധാരണക്കാര്‍ക്കിടയില്‍ പരിചിതമാക്കാന്‍ ഉപകരിക്കും എന്നതില്‍ തര്‍ക്കമില്ല. നൃത്തലോകത്തിലെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ സംരംഭം പ്രേക്ഷകരില്‍ കലയുടെ ഇന്നോളമുള്ള ചരിത്രപഥങ്ങളും, സൗന്ദര്യ നിറവുകളും, അതിന്റെ രാഷ്ട്രീയ ഭാവങ്ങളും, കൃത്യമായ അവതരണ പാഠങ്ങളും ലളിതമായി തയ്യാറാക്കിയ പ്രകടനങ്ങളിലൂടെ കലാസ്‌നേഹികളുമായി പങ്കിടുന്ന വര്‍ണ്ണാഭമാര്‍ന്ന ഈ വിരുന്ന് സമീപകാലങ്ങളില്‍ കേരളംകണ്ട മറ്റ് മികച്ച കാഴ്ചകളേക്കാള്‍ മികച്ചതുതന്നെ.
കാല്‍ നൂറ്റാണ്ട് മുന്‍പ് തിക്കൊടിയന്‍ അക്കാദമി നേതൃത്വം വഹിച്ചിരുന്ന സമയങ്ങളിലാണ് സമാനമേന്മയുള്ള കലാവിസ്മയങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഒഴുകിയെത്തിയതെന്നാണ് അനുഭവസ്ഥര്‍ പങ്കുവെക്കുന്നത്.

കേരളത്തെ ഉത്തരമേഖല, ദക്ഷിണമേഖല, മദ്ധ്യമേഖല എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ച് ദക്ഷിണ മേഖലയുടെ കൂടിച്ചേരലാണ് കുമാരനാശാന്റെ നാട്ടില്‍ ഓഗസ്റ്റ് 29,30,31 തിയ്യതികളിലായി നടന്നത്. സെപ്റ്റംബര്‍ 13-14 തിയ്യതികളിലായി 2 ദിവസം ഉത്തര മേഖലയും കണ്ണൂരിലെ തളിപ്പറമ്പില്‍ സജീവമായി. ഇതിന്റ ജനകീയത തിരിച്ചറിയാന്‍ വേണ്ടുവോളം ഉപകരിച്ച നിമിഷങ്ങളായിരുന്നു ഇപ്പോഴും മായാതെനില്‍ക്കുന്ന ആ രണ്ട് നാളുകള്‍.
മദ്ധ്യമേഖലയിലെ ശില്‍പ്പശാലയാണ് 19-9-25 ല്‍ (ഇന്നലെ) അങ്കമാലിയില്‍ നടന്നത്.
ജനങ്ങളുടെ ചോദ്യോത്തര സംവാദങ്ങളിലും, നേതൃത്വം നല്‍കിയ വിശിഷ്ഠവ്യക്തികളുടെ സോദോഹരണ ഭാഷണങ്ങളിലും ഈ ഉദ്യമത്തിന്റെ സുതാര്യത വ്യക്തമായിരുന്നു.

പലരുടെയും തെറ്റിദ്ധാരണകള്‍പോലെ നൃത്താവിഷ്‌കാരങ്ങള്‍ കേവലം മത്സരങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും, അത് ആത്മീയാന്വേഷകര്‍ക്ക് ഈശ്വരസാക്ഷാല്‍ക്കാരത്തിന്റെ സോപാനപ്പടിയിലേക്കുള്ള അനന്തമായ ചവടുവെപ്പുകളാണെന്നും പത്മശ്രീ. ഗുരു കലാമണ്ഡലം ക്ഷേമാവതിയെപ്പോലുള്ള നര്‍ത്തകിമാര്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ സത്യാന്വേഷികളുടെ നാട്യഹൃദയം പ്രകാശധാരയാല്‍ നിറഞ്ഞൊഴുകുന്നത് സ്വാഭാവികം മാത്രം.

ഉപദേശരൂപേണ വിവരക്കേടുകള്‍ മൊത്തമായി വിതരണംചെയ്ത് ഇത് നാട്യശാസ്ത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത
പഠനവിഷയങ്ങളാണെന്ന് പറഞ്ഞുപരത്തുന്ന കുറേ വ്യാജ പണ്ഡിതന്മാര്‍ ഉണ്ടിവിടെ. ചില ഗുരുക്കന്മാരെ അവസരത്തിനു കിട്ടുമ്പോള്‍ അവരോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്ത് വികസിപ്പിച്ചതിനുശേഷം ഞാന്‍ ഈ ടീച്ചറുടെ ശിഷ്യയായിരുന്നു എന്ന് കള്ളം പറഞ്ഞ് നോട്ടീസ് വിതരണം നടത്തി കുട്ടികളെ ആകര്‍ഷിപ്പിച്ച് ഫീസടപ്പിച്ച് ‘അഭ്യാസം’ ആരംഭിക്കുന്ന വിരുതരും മലയാളമണ്ണില്‍ സുലഭം.
ഇത്തരം ഇരുട്ട്പടര്‍ന്ന മേഖലകളിലേക്ക് പ്രശസ്തരായ നൃത്താധ്യാപകരെ കൊണ്ടുവന്ന് വിദ്യാര്‍ഥികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന മാതൃകാപരമായ ഒരു സമ്പ്രദായമാണ് സംഗീത നാടക അക്കാദമിയുടെ ഈ പുത്തന്‍ അവബോധ ശ്രമങ്ങള്‍.

എല്ലാ കലകളുടേയും മൂലധാമം പ്രകൃതി തന്നെയാണല്ലോ.
ജാഗ്രതാവസ്ഥയില്‍ ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടത്ര ഉള്‍ക്കാഴ്ചയുടെ ഉണര്‍വില്ലാത്തതിന്റെ കുറവുകള്‍ നികത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാന്‍ പദ്ധതികള്‍ തയ്യാറാക്കിയ ഒരുപാട് പിഴവുകള്‍ തീര്‍ത്ത് പരിചയമുള്ള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിന്റെ ഉദ്യമങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാകുമെന്നുതന്നെ കരുതാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px