LIMA WORLD LIBRARY

പാവം ആണുങ്ങള്‍-ഡോ. വേണു തോന്നയ്ക്കല്‍

ഡെങ്കെപ്പനി (dengue fever) , മലമ്പനി (malaria), മന്തുരോഗം (filariasis), സീക്ക പനി (zika fever), തുടങ്ങി അനവധി രോഗങ്ങള്‍ കൊതുകുകള്‍ പരത്തുന്നവയാണ്. ഒക്കെയും പെണ്‍കൊതുകുകളാണ്. എന്തുകൊണ്ട് ആണ്‍ കൊതുകുകള്‍ ഈ പണി ചെയ്യുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ.
സസ്യ നീര്, പൂന്തേന്‍, എന്നിവയാണ് പൊതുവേ കൊതുകിന്റെ ഭക്ഷണം. പെണ്‍ കൊതുകുകളാണ് മുട്ടയിടുന്നത്. അതിലേക്ക് അവയ്ക്ക് മാംസ്യാഹാരം (പ്രോട്ടീന്‍) വേണം. അതിനാല്‍ പെണ്‍കൊതുകുകള്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും ചോര ഭക്ഷണമാക്കുന്നു. അതുകൊണ്ടാണ് പെണ്‍കൊതുകുകള്‍ നമ്മെ കുത്തുന്നത്.
സ്‌റ്റൈലറ്റ് (stylet) എന്ന് വിളിക്കുന്ന സൂചി പോലുള്ള ആറ് വദനഭാഗങ്ങള്‍ (proboscis കൊതുകിനുണ്ട്. അത് ഉപയോഗിച്ചാണ് ഇവ തേനും ചോരയും ഊറ്റി കുടിക്കുന്നത്.
സ്‌റ്റൈലറ്റ് സൂചികള്‍ നമ്മുടെ ഇഞ്ചക്ഷന്‍ സൂചി മാതിരി ഇരയുടെ ചര്‍മം തുളച്ചു കയറാന്‍ തക്ക വിധത്തിലുള്ളവയാണ്. ആണ്‍ കൊതുകുകളുടെ വദന ഭാഗങ്ങള്‍ ദുര്‍ബലമാകയാല്‍ അവയ്ക്ക് പെണ്‍ കൊതുകുകളെ പോലെ ഇരയുടെ രക്തം ഊറ്റിക്കുടിക്കാനാവില്ല.
മുട്ട ഇടാത്തതിനാല്‍ ആണ്‍ കൊതുകുകള്‍ക്ക് അധിക പ്രോട്ടീനിന്റെ ആവശ്യമില്ല. പിന്നെ എന്തിനാണ് ചോര ഭക്ഷണം. അതിനാല്‍ ആണ്‍ കൊതുകുകള്‍ തനി വെജിറ്റേറിയനായി സന്താന ലബ്ധിക്കായി പെണ്‍ കൊതുകുകളോട് സഹകരിച്ച് ജീവിതം സുന്ദര സുരഭിലമാക്കുന്നു.
ആണ്‍ കൊതുകുകള്‍ക്ക് ചോര മുത്താന്‍ പാകത്തിലുള്ള ശക്തമായ സ്‌റ്റൈലറ്റുകള്‍ രൂപപ്പെട്ടില്ല. പകരം പെണ്‍ കൊതുകുകള്‍ക്ക് അത് വികസിച്ചു.
അതെന്തുകൊണ്ട്? ന്യായമായ സംശയമാണ്. ആവശ്യാര്‍ത്ഥം അവയവങ്ങള്‍ രൂപപ്പെടുന്നു എന്ന പരിണാമ സിദ്ധാന്ത ഭാഗത്തെ നമുക്ക് ആശ്രയിക്കാം.
പെണ്‍ കൊതുക് സ്വന്തം സ്‌റ്റൈലറ്റ് സൂചികള്‍ ഇരയുടെ ചര്‍മ്മത്തില്‍ കുത്തുതിനൊപ്പം ഉമിനീര്‍ കൂടി കടത്തി വിടുന്നു. ഉമിനീരിലെ അനസ്‌തെറ്റിക് തന്‍മാത്രകള്‍ ഇരയുടെ ചര്‍മം മരവിക്കാനിടയാക്കുന്നു. തന്നിമിത്തം കൊതുക് കുത്തുമ്പോള്‍ ഇര അറിയുന്നില്ല. ചര്‍മത്തിലെ മരവിപ്പ് കെടുമ്പോഴാണ് കൊതുകു കടി അറിയുന്നത്. അതിനിടയ്ക്ക് പെണ്‍ കൊതുക് വേണ്ടത്ര ചോര ഊറ്റിയിരിക്കും.
പ്ലേറ്റ്‌ലറ്റ് അഗ്രിഗേഷന്‍ ഇന്‍ഹിബിറ്റേഴ്‌സ് (platelet aggregation inhibitors), വാസൊഡയലറ്ററുകള്‍ (vasodilators), ആന്റി കൊയഗുലന്റ്‌സ് (anticoagulants) തുടങ്ങിയ ചില ഘടകങ്ങള്‍ ഇരയുടെ രക്തം കട്ട പിടിക്കാതിരിക്കാനും രക്തക്കുഴലുകള്‍ വികസിച്ച് യാതൊരു തടസ്സവുമില്ലാതെ വേണ്ടത്ര രക്തം ഊറ്റാനും സഹായിക്കുന്നു.
പ്രേത കഥകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. ശ്മശാനത്തില്‍ മന്തുകാല് അനത്താന്‍ (ചൂട് പിടിപ്പിക്കാന്‍) വന്ന നാറാണത്ത് ഭ്രാന്തനെ പനയില്‍ നിന്ന് ഇറങ്ങി വന്ന ഒരു കൂട്ടം യക്ഷികള്‍ ഭീതിപ്പെടുത്താന്‍ ശ്രമിച്ചതും അവയെ നാറാണത്തു ഭ്രാന്തന്‍ തോല്‍പിച്ച കഥയും നമുക്കറിയാം. പെണ്‍ കൊതുകിനെപ്പോലെ ചോര ഭക്ഷണമാക്കുന്നവരാണ് യക്ഷികള്‍. അതിലേക്ക് വേണ്ട കൂര്‍ത്ത ധൃംഷ്ട്രയും അവയ്ക്കുണ്ട്. യക്ഷിയുടെ ഇണ പാവം യക്ഷന്‍ ആണ്‍ കൊതുകകളെപ്പോലെ സസ്യഭോജികളാണ്.
നോക്കണേ നമ്മുടെ നാടോടി കഥകളിലും ഐതിഹ്യങ്ങളിലും കഥാപാത്രങ്ങള്‍ക്ക് കൊതുകുമായി എന്തൊരു സാമ്യത.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px