LIMA WORLD LIBRARY

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍-മേരി അലക്‌സ് (മണിയ)

ഇത് എന്റെ മുപ്പത്തി മൂന്നാം ബുധ പൂര്‍ണിമയുടെ ബാക്കിയായി വരും അല്ലെങ്കില്‍ കാണണം .
ആരുടേയും ഓര്‍മ്മയില്‍ കാണില്ല എങ്കിലും ലിമയിലെ ചിലരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയായി ഇത് വായിക്കുക
അധികം താമസിയാതെ എനിക്ക് വീടിനടുത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി ,അല്ല എന്റെ ഒരു കസിന്റെ രാഷ്ട്രീയ ബന്ധം കൊണ്ട് വാങ്ങിച്ചെടുത്തു എന്നു പറയുന്നതാവും ശരി. അടുത്താണെന്നു പറഞ്ഞാലും അവിടെയും രണ്ടു ബസ്സുകള്‍ കയറണം. വൈകാതെ കേട്ടു ആ വ്യക്തിയുടെ വിവാഹമാണെന്ന്. പേഴ്‌സണല്‍ കല്യാണക്കുറിയും ലഭിച്ചു. എന്തൊ എനിക്കു പോകാനും സഹകരിക്കാനും തോന്നിയില്ല.

അധികം ട്രാന്‍സ്ഫറുകള്‍ ഇല്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റ്. മാത്രമല്ല അത് ഒഴിവാക്കാന്‍ പലരും ടെസ്റ്റെഴുതാതിരിക്കുന്നവര്‍ . വീട്ടില്‍ നിന്നും മാറേണ്ട സാഹചര്യം ഒഴിവാക്കാമല്ലൊ. എങ്കിലും മാറി വന്ന ഓരോ സുപ്പിരിയേഴ്‌സും എന്നെ ഉപദേശിച്ചു. ടെസ്റ്റെഴുതി യു ഡി ക്ലര്‍ക്കാകണം എങ്കില്‍ നല്ല സ്‌കോപ്പുണ്ട്. ഡിഗ്രിയുണ്ട് പ്രായവും ഇത്രയല്ലേ ഉള്ളു. അങ്ങനെ ഞാനും പല ദിവസങ്ങളിലായി നടന്ന ആ ടെസ്റ്റുകള്‍ എഴുതി പാസ്സായി. ദിവസങ്ങള്‍ മാസങ്ങള്‍ മാറി വര്‍ഷങ്ങള്‍ പിന്നിട്ടു. ഞാനും വിവാഹിതയായി മൂന്നു കുട്ടികളുടെ അമ്മയുമായി. പ്രസവാവധികളും കുട്ടികളുടെ വളര്‍ച്ചയും പഠനവും ഒക്കെയായി വീണ്ടും വര്‍ഷങ്ങള്‍ പിന്നിട്ടു.
ഞാന്‍ അതേ ഓഫീസില്‍ തന്നെ. വാടക കെട്ടിടമായിരുന്നതു കൊണ്ട് കെട്ടിടവും സ്ഥലങ്ങളും ഓഫീസ് അന്തരീക്ഷവും മാത്രം മാറി മാറി വന്നു ഉടമസ്ഥര്‍ ഒഴിയാന്‍ പറയുമ്പോള്‍ ഒഴിഞ്ഞു കൊടുക്കണമല്ലൊ.യു ഡി ക്ലര്‍ക്കായി പ്രൊമോഷന്‍ കിട്ടി കോട്ടയം ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോസ്റ്റിംഗും ആയി. ഒറ്റ ബസ്സിന് പോയി വരാവുന്ന ദൂരമായി .

മകള്‍ നാലാം ക്ലാസ്സ് പാസ്സായപ്പോള്‍ അവളെ എന്റെ ഓഫീസിനടുത്തായി ഒരു സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂള്‍ ബസ്സ് വരും കൊണ്ടുപോകും തിരിച്ചു കൊണ്ടു വിടും. പക്ഷെ ചില ദിവസങ്ങളില്‍ അവള്‍ക്കു ഉച്ച കഴിഞ്ഞു ക്ലാസ്സില്ല. ബസ്സുണ്ട് പക്ഷെ ഒറ്റക്കു വീട്ടിലിരിക്കണം. അങ്ങനെയുള്ള ദിവസങ്ങളില്‍ അവള്‍ ഞങ്ങളുടെ ഓഫീസില്‍ വന്നിരിക്കും. വൈകിട്ട് ഒരുമിച്ച് തിരിച്ചു പോരും. ആ സമയത്ത് ഞങ്ങളുടെ മാനേജര്‍ എന്ന തസ്തികയിലുള്ള ഗസറ്റഡ് ഓഫീസര്‍ ചിലപ്പോഴൊക്കെ അവള്‍ക്ക് മിഠായിപ്പൊതി നല്‍കുമായിരുന്നു. എന്നോടുള്ള സ്‌നേഹവും സഹകരണവും കൊണ്ട് ഒട്ടു മിക്കവരും അങ്ങനെയൊക്കെ ചെയ്യുമായിരുന്നു.ഞാനും അതില്‍ നിന്ന് ഒന്നും രണ്ടും കഴിച്ചിട്ടുണ്ട്. ഞാന്‍ ഈ മിഠായിക്കഥ പറയാന്‍ കാരണമുണ്ട്
. ഒരിക്കല്‍ എനിക്ക് ആ ആളുമായി ഒന്നുരസേണ്ടി വന്നു. ആള്‍ ഇന്‍ഡ്യ എന്‍ സി സി സിവിലിയന്‍ സ്റ്റാഫ് അസ്സോസിയേഷന്റെ മീറ്റിംഗിന് കേരളത്തിലെ അഞ്ചു ഗ്രൂപ്പുകളില്‍ കോട്ടയത്തിനെ പ്രതിനിധീകരിച്ച് രണ്ടു മൂന്നു ലേഡീസ് വേണം ,കൂടെ ചെല്ലണം എന്ന ആവശ്യം ഞാന്‍ നിരാകരിച്ചു. സ്റ്റേറ്റ് വിട്ടുള്ള പരിപാടിക്കൊന്നും ഞാന്‍ വരില്ല എന്നു തറപ്പിച്ചു പറഞ്ഞു. ഞാന്‍ മാത്രമല്ല പലരും. ആള്‍ക്ക് അതത്ര സുഖിച്ചില്ല. അന്നു വരെ തേനേ പാലെ എന്നു പറഞ്ഞിരുന്നയാള്‍ പിന്നെ എല്ലാറ്റിനും എതിരായി. ഫയല്‍ ഒപ്പിടാന്‍ താമസിപ്പിക്കുക, അല്പം താമസിച്ചാല്‍ ലേറ്റു മാര്‍ക്കു ചെയ്യുക ,ഹാഫ് ഡേ ലീവാക്കുക ഇതൊക്കെയായി പരിപാടികള്‍. ലീവെടുക്കാമെന്നു വച്ചാല്‍ അത്രയും വര്‍ക്ക് പെന്‍ഡിംഗ് ആകും. എല്ലാം സഹിച്ചു മുന്നോട്ടു പോകാമെന്നു വച്ചു. അങ്ങനെ വര്‍ഷങ്ങള്‍ വീണ്ടും മുന്നോട്ട്.

ഞങ്ങളുടെ ഓഫീസിലേക്ക് ഒരാള്‍ മാനേജര്‍ ആയി വരുന്നു. ഉണ്ടായിരുന്ന ആള്‍ക്ക് പ്രമോ ഷനോടു കൂടി തിരുവനന്തപുരം ഹെഡ് ആഫീസിലേക്ക് മാറ്റം എന്നറിഞ്ഞു .അന്നെനിക്ക് നാല്‍പ്പതുവയസ്സ്. യു ഡി സി ആയിത്തന്നെ ജോലി.മോള്‍ അന്ന് ഓഫീസില്‍ വന്നു. വൈകുന്നേരം ഞങ്ങള്‍ ഓഫീസ് വിട്ടിറങ്ങി. എതിരെ ഞങ്ങളുടെ മാനേജര്‍ വന്ന് മോളുടെ കയ്യില്‍ മിഠായിപ്പൊതി കൊടുത്ത് അമ്മയ്ക്കു കൂടി കൊടുക്കണം എന്നു പറഞ്ഞ് തിരികെ ഓഫീസിലേക്കു തന്നെ കയറി പോയി. ഞങ്ങള്‍ മിഠായിയും നുണഞ്ഞ് ബസ്സ്‌റ്റോപ്പിലേക്കും
പഴയ ആള്‍ പുതിയ തസ്തികയിലേക്ക് ജോയിന്‍ ചെയ്യാന്‍ പോയി.പുതിയ ആള്‍ ജോയിനിംഗ് റ്റൈം ഒക്കെ എടുത്ത് ഞങ്ങളുടെ ഓഫീസിലേക്കും വന്നു.ആ ദിവസം ഒരു വിവാഹം പ്രമാണിച്ച് ഞാന്‍ അവധിയില്‍ ആയിരുന്നു.ഇദ്ദേഹം ഞാന്‍ ആദ്യം എല്‍ ഡി ക്ലര്‍ക്കായി ജോലിയില്‍ കയറിയ ഓഫീസില്‍ യു ഡി ക്ലര്‍ക്കായി ഉണ്ടായിരുന്ന അതേ ആള്‍.

‘പിറ്റേന്ന് പതിവുപോലെ ഓഫീസില്‍ ചെന്നു സിറ്റില്‍ ഇരുന്നു. ആ മുറിയില്‍ ഞങ്ങള്‍ ലേഡീസ് മാത്രമായിരുന്നു. ഇന്നലെ ഒരാളെ കാണാന്‍ പറ്റിയില്ലല്ലൊ എവിടെ ആളെത്തിയൊ എന്ന് ചോദിച്ച് ചിരിച്ച മുഖത്തോടെ വാതില്‍പ്പടിയില്‍ പിടിച്ച് അദ്ദേഹം. ഞാനാകെ ചമ്മി വിളറി.
ഞങ്ങളുടെ മേലധികാരിയാണ് അങ്ങോട്ടു ചെന്നു കാണേണ്ടതാണ്. ആ എന്നെ കാണാന്‍ ! എങ്ങനെ ചമ്മാതിരിക്കും. ലീവെടുത്തതിനു തന്നെ കുശുകുശുപ്പു കേട്ടിരുന്നു. നേരിടാന്‍ വയ്യാഞ്ഞിട്ടെന്ന്. അവിവാഹിതരായ

രണ്ടു പേര്‍ ഒരേ ഓഫീസില്‍ ഉണ്ടെങ്കില്‍ കിംവദന്തികള്‍ക്കാണൊ പഞ്ഞം? കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ വേറെ. അങ്ങനെയും ഒരു ശ്രമം ഉണ്ടായല്ലൊ.
പക്ഷെ ഉള്ളതു പറയാമല്ലൊ അന്നു തോന്നാതിരുന്ന എന്തൊ ഒരു പ്രത്യേക മമത എനിക്ക് ആ മാന്യ വ്യക്തിയോട് ആ പ്രായത്തില്‍ തോന്നിത്തുടങ്ങി കാണാതിരിക്കാന്‍ വയ്യ. ഒരു വാക്കെങ്കിലും മിണ്ടാതിരിക്കാന്‍ വയ്യ. എന്റെ കൈ കൊണ്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പലഹാരങ്ങളൊ കറിയൊ പ്രത്യേകമായി കൊടുക്കണം എന്നൊക്കെയുള്ള ചിന്തകള്‍ .

ഒരു ടെലിപ്പതി പോലെ എന്റെ മനസ്സില്‍ തോന്നിയ മറ്റൊരു കാര്യം എന്റെ സാരിയുടെ മാച്ചിംഗ് കളര്‍.തൂവെള്ള ഷര്‍ട്ട് മാത്രം ധരിച്ചു വന്നിരുന്ന ആള്‍ കളര്‍ ഷര്‍ട്ടുകള്‍ ധരിക്കുന്നു മാറി മാറി അതും മക്കളുടെ .മൂന്നാണ്‍ മക്കളാണദ്ദേഹത്തിനെന്നറിയാം. ഇവിടെ ആരിലാണ് ടെലിപ്പതി വര്‍ക്കായത് എന്നിലൊ അതൊ തിരിച്ചൊ ! രണ്ടും ഒരു കോയിന്‍സിഡന്‍സു പോലെ. എന്റെ ഉള്ളില്‍ ഒളിഞ്ഞു കിടന്നിരുന്ന അദ്ദേഹത്തോടുള്ള മമതയ്ക്ക് ഉത്തമ ഉദാഹരണമായി ഞാനതിനെ കണ്ടു.

ഒപ്പം മറ്റൊരു കാര്യം കൂടി ഇതോടൊപ്പം നടന്നു കൊണ്ടിരുന്നതായി ഞങ്ങള്‍ വൈകി അറിഞ്ഞു. അത് ഏഴാം
ക്ലാസ്സില്‍ പഠിക്കുന്ന മോള്‍ക്ക് ഒരു പ്രണയം ഉള്ളതായി. ഞങ്ങള്‍ വന്നു പോകുന്ന വഴി വക്കിലെ ഒരു വീട്ടിലെ പയ്യന്‍. ആ ആള്‍ തന്നെ അവളെ വിവാഹം ചെയ്തു എന്നതും സത്യം .പക്ഷെ എന്റെ സംശയം അങ്ങനെയായിരുന്നില്ല. ആ സാര്‍ തന്നിരുന്ന മിഠായിയില്‍ എന്തെങ്കിലും … അങ്ങനെ ഒരു വിശ്വാസം ഞങ്ങള്‍ക്കില്ലെങ്കിലും അമ്മയ്ക്കും മകള്‍ക്കും ഒരേ രീതിയിലുള്ള ചിന്താഗതികള്‍ എങ്ങനെ? മകളുടേത് പോകട്ടേന്ന് വയ്ക്കാം. എന്നെ സംബന്ധിച്ചങ്ങനെയാണോ? ഭര്‍ത്താവും വിവാഹപ്രായമാകുന്ന രണ്ടാണ്‍മക്കളും ഒരു പെണ്‍കുട്ടിയും ഉള്ള ഒരു സ്ത്രീയില്‍ അങ്ങനെ ഒരു മനോവികാരം ഉണ്ടാകാമൊ? ഉണ്ടാകുമായിരിക്കും പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ല എന്നാണല്ലോ കേള്‍വി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px