LIMA WORLD LIBRARY

ജീവിത വിജയത്തിന്റെ അടിസ്ഥാനഘടകം-മിനി സുരേഷ്‌

ജീവിതത്തില്‍ മുന്നേറുവാനുള്ള ശക്തികളില്‍ പ്രധാനമാണ് ആത്മവിശ്വാസം . ഒരു വ്യക്തിയുടെ
സ്വപ്നങ്ങളും , കഴിവുകളും കരുത്താര്‍ജ്ജിക്കു
ന്നത് ആത്മവിശ്വാസം നേടുമ്പോഴാണ്.

ഭയം ഒരാളുടെ കഴിവുകളെ മൂടിക്കെട്ടുന്നു. ആത്മവിശ്വാസമുണ്ടെങ്കില്‍ ഭയത്തെയും
ആശങ്കകളെയും മറികടക്കുവാനുള്ള ധൈര്യം ലഭിക്കും. അവര്‍ക്ക് സ്വന്തം അഭിപ്രായം തുറന്നു
പറയുവാനും , മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനും
കഴിയും. മാനസികമായ സന്തോഷത്തോടെ കാര്യങ്ങള്‍ ചെയ്യുവാനും തൃപ്തിയോടെ മുന്നോട്ട്
പോകുവാനും കഴിയും. പ്രതിസന്ധികളെ മറികടന്ന് ലക്ഷ്യസാധനയിലേക്ക് നീങ്ങുവാനും
ആത്മവിശ്വാസമുള്ളവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. പരാജയം ഇവര്‍ക്ക് ഒന്നിന്റെയും
അവസാനമായിരിക്കുകയില്ല. പഠനാനുഭവം പോലെ കണ്ട് ഇക്കൂട്ടര്‍ കരുത്താര്‍ജ്ജിക്കും. ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകം
തന്നെയായ ആത്മവിശ്വാസം നേടുന്നതിന്റെ
ആദ്യപടി സ്വയം തിരിച്ചറിയലാണ്. കഴിവുകളേയും ,പരിമിതികളേയും കുറിച്ച്
ഉത്തമബോധ്യമുള്ള ഒരാള്‍ മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കോ , അനാവശ്യമായ അഭിപ്രായങ്ങള്‍ക്കോ ചെവി കൊടുക്കില്ല.

നേരെയുറച്ച് നിന്ന് കണ്ണില്‍ നോക്കി സംസാരിക്കുക , നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുക , ചെറിയ വിജയങ്ങളിലും സന്തോഷിക്കുക, സാംസ്‌കാരിക സാമൂഹിക
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. പൊതുവേദികളില്‍ സംസാരിക്കുക എന്നിവ
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ്.

ഇന്ന് ഈ വിഷയം മനസ്സിലേക്കെത്തുവാനും ഒരു കാരണം ഉണ്ട്. ഒരു സംശയനിവൃത്തിക്കായി എഴുത്തുകൂട്ടം അംഗവും അധ്യാപികയുമായ മഞ്ജുവിനെ വിളിച്ചു.
സംശയം ചോദിക്കുന്നതിന് മുന്‍പ് രണ്ടു പ്രാവശ്യം’ മോളെ ബുദ്ധിമുട്ടായോ വിളിച്ചത് ‘
എന്ന് ചോദിച്ചു. തിരക്കിനിടയില്‍ ശല്യപ്പെടുത്തുകയാണോ എന്നൊരു ചിന്ത മനസ്സിനെ അലട്ടിയതാണ് കൂടുതല്‍
ഔപചാരികത പ്രകടമാക്കിയതിന് പിന്നിലുണ്ടായിരുന്നത്. മഞ്ജു ടീച്ചര്‍ സ്‌നേഹത്തോടെ ‘ ചേച്ചീ , ആവശ്യമില്ലാതെ
ഇങ്ങനെ പറയുന്നതെന്തിനാണെന്ന് ചോദിച്ചതും
എന്റെ മനസ്സിനെ മഥിച്ചിരുന്ന വല്ലായ്ക ഓടിയൊളിച്ചു.
സ്‌നേഹസൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് ആത്മവിശ്വാസവും മനോബലവും നല്‍കും. ആത്മവിശ്വാസം തീരെയില്ലാത്ത ആളായിരുന്നു ഞാന്‍.
ഇപ്പോഴും ഇടയ്ക്ക് കാലിടറുമ്പോള്‍ ചേര്‍ത്തുപിടിക്കുവാന്‍
ധാരാളം സൗഹൃദങ്ങള്‍ തുണയായുണ്ടെന്നത് എത്ര ആശ്വാസമാണെന്നോ .

എപ്പോഴും ഒരാളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ അയാളുടെ
ആത്മവിശ്വാസ സൂചിക താഴേക്കു പതിക്കും.
അങ്ങനെയുള്ള കാര്യങ്ങള്‍ ഒരു ചെവിയില്‍കൂടി കേട്ട് മറുചെവിയില്‍ കൂടി തള്ളിക്കളയുവാനും ശീലിക്കണം . നമുക്ക്
അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്ന ഒന്നിനോടും കൂടുതല്‍ ഒട്ടിച്ചേരരുത്. ജീവിതത്തെ പ്രകാശിപ്പിക്കുന്നത് എപ്പോഴും ആത്മവിശ്വാസത്തിന്റെ ജ്വാലയാണ് ‘ അത് അണയാതെ സൂക്ഷിക്കണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px