കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ചയറിയില്ലായെന്നത് നാം കേട്ടു പഴകിയ വാചകമാണ്. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ അതിറങ്ങിപ്പോയിട്ടുണ്ടാകും. പക്ഷേ, അര്‍ഥാഴമുള്ള ഒരു വാചകമാണിത്. ഒരു കണ്ണു പോലും ഇല്ലാത്തവന്റെ നൊമ്പരച്ചൂട് നമുക്കറിയില്ല. കണ്ണില്‍ ഒരു കരടു പോയാല്‍ , അഞ്ചു നിമിഷം കാഴ്ച മങ്ങിയാല്‍ എന്താ സ്ഥിതി. ലോകം അവസാനിച്ച പ്രതീതിയാണ്. കൂടെയുള്ളവരുടെ നന്മ കാണാത്ത നമ്മള്‍ യഥാര്‍ഥത്തില്‍ തുറന്നിരിക്കുന്ന കണ്ണുകളുള്ള അന്ധരാണ്. ജീവിച്ചിരിക്കുമ്പോള്‍ നാം ആരുടെയും നന്മ പറയാറില്ല.
എന്നാല്‍, മരണാനന്തരം അവരെക്കുറിച്ചുള്ള നമ്മുടെ നന്മ പറച്ചില്‍ അളവറ്റതായിരിക്കും. പൂര്‍ണ കാഴ്ചയുള്ള നമ്മള്‍ വലിയ വെളുത്ത പ്രതലത്തിലെ സൂക്ഷ്മമായ കറുത്ത പൊട്ടിനെ കാണുന്നവരാണ്. അപ്പോഴും വെളുത്ത വലിയ പ്രതലം നമ്മുടെ കാഴ്ചയ്ക്കപ്പുറമാണ്. ഉല്‍സപ്പറമ്പില്‍ വെടിക്കെട്ടു കാണാന്‍ പോയി ഉറങ്ങിപ്പോയ കുട്ടിയെപ്പോലെയാണ് നമ്മള്‍. എല്ലാ നന്മകളുടെയും നേരെ കണ്ണടച്ചും ചെവി പൊത്തിയും നാം ഉറങ്ങുകയാണ്. ഒന്നും കാണാതെയും കേള്‍ക്കാതെയും . കാഴ്ചയണയും മുമ്പ് നമുക്ക് ഭൂമിയെ നോക്കി ഇവിടത്തെ സൗന്ദര്യം ആസ്വദിക്കാനാവണം. കണ്ണുള്ളപ്പോള്‍ തന്നെ കാഴ്ചയറിയണം.









