LIMA WORLD LIBRARY

ചക്ക മാഹാത്മ്യം – ഡോ. വേണു തോന്നയ്ക്കല്‍ 

ഒരേ സമയം പച്ചക്കറിയും പഴവുമാണ് ചക്ക. മുള്ള് ഒഴികെ ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കമടല്‍, അങ്ങനെ ചക്കയുടെ മുഴുവന്‍ ഭാഗവും ഭക്ഷ്യ യോഗ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാന ഭക്ഷണമായി ചക്ക കഴിക്കുന്നവര്‍ ഉണ്ട്.
സുലഭമായും തീരെ വില കുറച്ചും കിട്ടിയിരുന്ന ഭക്ഷ്യ വസ്തുവാകയാല്‍ പാവപ്പെട്ടവര്‍ ചക്കയെയാണ് ചക്കക്കാലത്ത് മുഖ്യമായും ആശ്രയിച്ചിരുന്നത്. അങ്ങനെ ചക്ക പാവപ്പെട്ടവരുടെ ഭക്ഷണമായി. ദരിദ്രരുടെ ഭക്ഷണം ആയിരുന്ന ചക്ക ഇന്ന് സമ്പന്നരുടെ ഡൈനിംഗ് ടേബിളിലെ ഒരു പ്രധാന വിഭവമായി മാറിയിരിക്കുന്നു. ഒരു മികച്ച ഭക്ഷ്യ വസ്തുവായിട്ടാണ് ആധുനിക കാലം ചക്കയെ കാണുന്നത്.
ചക്ക വെറുമൊരു പച്ചക്കറിയോ പഴമോ അല്ല. നമ്മുടെ നിത്യ ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള ഒരു ഭക്ഷ്യ വസ്തുവാണ്. നമ്മുടെ ഭൗതിക ജീവിതത്തില്‍ മാത്രമല്ല സാംസ്‌കാരിക തലത്തിലും ചക്കയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ ചക്കയെ അവരുടെ ബോധ തലങ്ങള്‍ക്ക് അനുസരിച്ച് അടയാളപ്പെടുത്തുന്നു. സമൃദ്ധി, ചൈതന്യം, യൗവനം, സ്‌നേഹം, സന്തോഷം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, എന്നിവയെ ചക്ക പ്രതിനിധാനം ചെയ്യുന്നു. പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും എന്നൊരു പ്രയോഗമുണ്ട്. നമ്മുടെ ഓരോരുത്തരുടെയും നാളെകളെ സമകാലിക അവസ്ഥയുമായി താരതമ്യം ചെയ്യുന്നതാണ് ഈ പ്രയോഗം.

ചക്ക വിഭവങ്ങള്‍
ചക്കയില്‍ നിന്നും ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കുന്നു. ചക്കച്ചുള ഉപയോഗിച്ച് ഉണ്ടാക്കുന്ന ചക്ക പുഴുക്ക്, ചക്കക്കുഴമ്പ്, എന്നിവ പ്രധാന ചക്ക വിഭവങ്ങളാണ്. തേങ്ങ ഉള്‍പ്പെടെ വിവിധ തരം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന ചക്ക പുഴുക്ക് രുചികരമായ ഒരു നേരത്തെ ഭക്ഷണമാണ്. നന്നായി വേകിച്ച ചക്കച്ചുള വൃജ്ഞനങ്ങള്‍ ചേര്‍ത്ത് കുഴച്ചുണ്ടാക്കുന്നതാണ് ചക്കക്കുഴമ്പ്. ഇത് പ്രധാന ഭക്ഷണമായി കഴിക്കുന്നവരുമുണ്ട്.
ചക്കക്കുഴമ്പില്‍ ചക്കച്ചുള മാത്രമല്ല ചക്കക്കുരുവും ചക്ക മടലും ചേര്‍ക്കുന്നു. ചക്കക്കുഴമ്പ് നീട്ടി വെളിച്ചെണ്ണയില്‍ കടുക്, വറ്റല്‍ മുളക്, കുഞ്ഞുള്ളി, എന്നിവ ചേര്‍ത്ത് വറവിട്ടെടുത്താല്‍ എരിശ്ശേരിയായി. വിളയാത്ത കുഞ്ഞന്‍ ചക്കകള്‍ സമൂലം ഉപയോഗിച്ചാണ് ഇടിച്ചക്ക തോരന്‍ ഉണ്ടാക്കുന്നത്. നമ്മുടെ സദ്യകളില്‍ ഒരു പ്രധാന വിഭവമാണിത്. കൂടാതെ ചക്ക അവിയല്‍, ചക്കപ്പിരട്ട്, എന്നിങ്ങനെ അനവധി തരം വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു. ചില നാടുകളില്‍ ചക്ക മസാല, ചക്ക ബിരിയാണി എന്നിവയും തയ്യാറാക്കുന്നു. ചക്കയും ഇറച്ചിയും ചേര്‍ത്ത് തയ്യാറാക്കുന്ന ചക്ക വിഭവങ്ങള്‍ ധാരാളമുണ്ട്. നമ്മുടെ നാട്ടില്‍ മാത്രമല്ല പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്തരം വിഭവങ്ങള്‍ ലഭ്യമാണ്.
ഏവര്‍ക്കും വളരെ പ്രിയപ്പെട്ട ലഘു ഭക്ഷണമാണ് ചക്ക ഉപ്പേരി. പല നാടുകളിലും ഇത് ലഭ്യമാണ്. ചായ സല്‍ക്കാരങ്ങളില്‍ ചക്ക ഉപ്പേരി ഒരു പ്രധാനിയാണ്. ചക്ക ഉപ്പേരി ഉല്‍പാദനം കുടില്‍ വ്യവസായമായും ചെറുകിട വ്യവസായമായും നടത്തുന്നു. കൂഴച്ചക്കയാണ് ചക്ക വിഭവങ്ങള്‍ക്ക് കേമന്‍.
ചക്കയില്‍ അനവധി ബേക്കറി വിഭവങ്ങള്‍ തയ്യാറാക്കാം. അച്ചാറുകള്‍, മസാലകള്‍, എന്നിവയും ചക്കയില്‍ ഉണ്ടാക്കുന്നു.
അങ്ങനെ ഓരോ ദേശത്തും അവരവരുടെ ഭക്ഷ്യ സംസ്‌കാരത്തിനും ശുചിഭേദത്തിനും അനുസരിച്ച് വിവിധ തരം ചക്ക വിഭവങ്ങള്‍ തയ്യാറാക്കുന്നു.

ചക്കപ്പഴം തിന്നാം
ചക്കപ്പഴം ഒരു നേരത്തെ ഭക്ഷണമായി കഴിക്കുന്നവരുണ്ട്. ചക്കപ്പഴത്തിനോടുള്ള താല്‍പര്യവും ഇതര ഭക്ഷണങ്ങളുടെ ലഭ്യത കുറവും ചക്കപ്പഴത്തിന്റെ ലഭ്യതയും ദാരിദ്രവുമാവാം അതിനു കാരണം.
ചിലര്‍ ചക്കപ്പഴം എന്ന് കേട്ടാല്‍ ഓടിയണയും. അത്ര കണ്ട് പ്രിയമാണ്. എന്റെ വീട്ടിലെ സഹായിയായിരുന്ന സുകുമാര പിള്ള ഏത് അര്‍ദ്ധ രാത്രിയില്‍ വിളിച്ച് ചക്കപ്പഴം കൊടുത്താലും കഴിക്കും. ചക്കക്കാലമായാല്‍ അദ്ദേഹത്തിന് മറ്റു ഭക്ഷണം ഒന്നും വേണ്ട. വാര്‍ദ്ധക്യ കാലത്തും ചെറുപ്പക്കാരെ പോലെ പണിയെടുത്തിരുന്ന നല്ല കരുത്തും ആരോഗ്യവുമുള്ള അദ്ദേഹത്തിന്റെ പ്രധാന ആഹാരം ചക്ക വിഭവങ്ങളും ചക്കപ്പഴവും മരിച്ചീനിയും ആയിരുന്നു.
ചക്കപ്പഴങ്ങളില്‍ വരിയ്ക്കയാണ് ഏറെ രുചികരം. നിങ്ങളില്‍ മിക്കവരും വരിയ്ക്ക ചക്കപ്പഴം കഴിച്ചിട്ടുണ്ടാവും. വരിയ്ക്ക ചക്കപ്പഴത്തിന്റെ മധുരം അത് കഴിച്ചിട്ടുള്ളവര്‍ക്ക് ആര്‍ക്കും മറക്കാനാവില്ല. ആ ശബ്ദം പോലും മധുരിക്കും.
നാടന്‍ വര്‍ഗ്ഗീകരണത്തില്‍ വരിയ്ക്കയെ കൂടാതെ കൂഴച്ചക്കയുമുണ്ട്. കൂഴച്ചക്കയുടെ പഴത്തേക്കാള്‍ അതില്‍ തയ്യാറാക്കുന്ന മറ്റു വിഭവങ്ങളാണ് കൂടുതല്‍ രുചികരം. വരിയ്ക്കച്ചക്കയിലെ ഇതര വിഭവങ്ങള്‍ക്ക് കുഴച്ചക്കയോളും മതിപ്പില്ല.
ചക്കപ്പഴം കൊണ്ട് ചക്കയപ്പം, ചക്ക പ്രഥമന്‍, ചക്ക വരട്ടിയത്, ചക്ക കേക്ക്, ചക്ക ഹല്‍വ, ചക്ക ചോക്ലേറ്റ് തുടങ്ങി അനേക തരം വിഭവങ്ങള്‍ തയ്യാറാക്കുന്നുണ്ട്. ചക്കപ്പഴ വിഭവങ്ങളില്‍ ഏറെ പ്രസിദ്ധമാണ് ചക്ക വരട്ട്. ചക്ക വരട്ട് എന്ന് കേള്‍ക്കുന്ന മാത്രയില്‍ വായില്‍ ഉമിനീര്‍ നിറയും. അത്ര കണ്ട് രുചികരമാണത്. എത്ര കഴിച്ചാലും മടുക്കാത്ത അതിന്റെ തയ്യാറാക്കലും പ്രത്യേക തരത്തിലാണ്. ഏറെ നാള്‍ യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. ചക്ക വരട്ടും ചക്ക പ്രഥമനും വരിയ്ക്കച്ചക്കപ്പഴത്തിലാണ് പ്രധാനമായും തയ്യാറാക്കുന്നത്.

ചക്കക്കുരുവും ചക്കപ്പൂഞ്ഞും
ചക്കച്ചുളയില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ രുചികരമായ ഏറെ വിഭവങ്ങള്‍ ചക്കക്കുരുവില്‍ (seed) തയ്യാറാക്കുന്നു. ഒരു നേരത്തെ ഭക്ഷണമായി അത് പുഴുങ്ങി കഴിക്കുകയോ കറിയാക്കുകയോ ചെയ്യാം. കൂടാതെ തോരന്‍, അവിയല്‍, മെഴുക്ക്, ഓലന്‍, ഒഴിച്ചു കറി, ചക്കക്കുരു വരട്ട്, ചക്കക്കുരു ഉപ്പേരി തുടങ്ങി പലതരം വിഭവങ്ങള്‍ ഉണ്ടാക്കാം. ചക്കക്കുരുപ്പൊടി ഉപയോഗിച്ച് പായസം, ഹല്‍വ, പുട്ട്, തുടങ്ങി അനേകം വിഭവങ്ങള്‍ ഓരോ ദേശത്തിന്റെയും ഭക്ഷണ ശീലത്തിനനുസരിച്ച് തയ്യാറാക്കുന്നു.
ചക്കക്കുരു ഉണക്കി ഏറെക്കാലം സൂക്ഷിക്കാനാവുന്നു. വളരെ ദൂരെയല്ലാത്ത ഒരു കാലത്ത് കേരളീയ ഗ്രാമങ്ങളില്‍ പഞ്ഞ മാസങ്ങളില്‍ ഒരു നേരത്തെ ആഹാരമായി സാധാരണക്കാര്‍ ഉണക്ക ചക്കക്കുരുവിനെ ആശ്രയിച്ചിരുന്നു. പഴകിയ ചക്കക്കുരു മധുരിക്കും.
ചക്കയുടെ ഉള്ളില്‍ മധ്യ ഭാഗത്തായി സ്‌പോഞ്ച് മാതിരി കാണപ്പെടുന്ന ഭാഗമാണ് ചക്കപ്പൂഞ്ഞ് (core). ചക്കപ്പൂഞ്ഞിനെ ചുറ്റിയാണ് ചക്കച്ചുള (bulb) ക്രമീകരിച്ചിരിക്കുന്നത്. ചക്കപ്പൂഞ്ഞ് ഉപയോഗിച്ച് തോരന്‍, കാളന്‍ ഉള്‍പ്പെടെ ധാരാളം സ്വാദിഷ്ടമായ വിഭവങ്ങള്‍ ദേശഭേദമനുസരിച്ച് ഉണ്ടാക്കുന്നു.
ചക്കയുടെ പുറമേയുള്ള മുളള് ചെത്തിയാല്‍ അകത്ത് കാണുന്നതാണ് ചക്ക മടല്‍ (peel). ചക്കച്ചുള കാണാന്‍ പിന്നെയും ഉള്ളിലേക്ക് പോകണം. ചക്കച്ചുളയോടൊപ്പം ചക്ക മടലും ചേര്‍ത്ത് വിഭവങ്ങള്‍ തയ്യാറാക്കുന്നു.

ചക്കയും കഞ്ഞിയും
ദാരിദ്രമോ വിശന്ന് ‘വയര്‍ കരിയുന്ന’ ഗന്ധമോ അറിയാത്തവരാണ് ഇന്നത്തെ തലമുറയില്‍ മിക്കവരും. എന്നാല്‍ കുറച്ചു കാലം മുമ്പ് ദാരിദ്ര്യവും പട്ടിണിയുമായിരുന്നു നമ്മുടെ മുഖമുദ്ര. അതിനൊരു പരിഹാരമായിരുന്നു ചക്ക.
ചക്കയ്ക്കും ചക്കക്കുരുവിനും വലിയ വിലയില്ലാത്ത ഒരു കാലം. വിശപ്പ് അസഹ്യമാകുമ്പോള്‍ അടുത്ത പറമ്പിലെ പ്ലാവില്‍ നിന്നും ഒരു ചക്കയിട്ട് പുഴുങ്ങിയോ കറി വച്ചോ പശിയടക്കും. ചിലപ്പോള്‍ പ്ലാവിന്‍ ചോട്ടില്‍ ആര്‍ക്കും വേണ്ടാതെ ചക്ക പഴുത്തു കിടക്കുന്നുണ്ടാവും. അത് എടുത്തു മാറ്റി പറമ്പ് വൃത്തിയാക്കി കൊടുക്കുന്നത് ഉടമസ്ഥന് സന്തോഷമാകും. അത്യാവശ്യം ജീവിത സൗകര്യങ്ങള്‍ ഉള്ളവര്‍ക്ക് ചക്കയോട് അവജ്ഞയായിരുന്നു.
ചക്കയും കഞ്ഞിയും എന്ന പ്രയോഗം ചക്കയോട് കാണിച്ച അവഗണനയാണ്. ‘കളിക്ക് വന്നാല്‍ ചക്കയും കഞ്ഞിയും കിട്ടും’ എന്ന് പറഞ്ഞ് കഥകളി കലാകാരന്മാരെ ആക്ഷേപിച്ചിരുന്ന ജന്മിമാരെ കുറിച്ച് കേട്ടിട്ടുണ്ട്.
പുഴുങ്ങിയ ചക്കക്കുരു മാത്രമല്ല ചക്കക്കുരു ചുട്ടും കഴിക്കാറുണ്ട്. ചുട്ടതോ പുഴുങ്ങിയതോ ആയ ചക്കക്കുരുവിനൊപ്പം കട്ടന്‍ ചായയും കഴിച്ച് ദിവസം തള്ളി നീക്കുന്ന കുടുംബങ്ങള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ നിലനിന്നിരുന്ന ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച ആയിരുന്നു.
കാലം മാറി. ചക്ക വിഭവങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മിക്ക പ്രദേശങ്ങളിലും പച്ചയും പഴുത്തതുമായ ചക്ക കിട്ടുന്നു. വേണ്ടത്ര ഉണക്കി പ്രത്യേകം കവറുകളില്‍ ഭദ്രമായി പാക്ക് ചെയ്ത ചക്കച്ചുളയും ചക്കക്കുരുവും ഫിലിപ്പൈന്‍സ് ദ്വീപുകള്‍, മലേഷ്യ, ഇന്തോനേഷ്യ, ചൈന തുടങ്ങി മിക്ക നാടുകളിലും ലഭ്യമാണ്.
ഓണ്‍ലൈന്‍ കച്ചവടക്കാര്‍ ലോകത്തിന്റെ ഏത് ഭാഗത്തും ഇവ സുരക്ഷിതമായി ലഭ്യമാക്കുന്നു. ചക്കച്ചുളയും ചക്കക്കുരുവും തണുപ്പിച്ചും സൂക്ഷിക്കുന്നു.
ചക്ക വറ്റല്‍, ചക്ക വരട്ട്, തുടങ്ങിയ ചക്ക വിഭവങ്ങള്‍ സമ്പന്നരുടെ തീന്‍മേശയിലെ വിശിഷ്ടങ്ങളായ ഭക്ഷ്യ വസ്തുക്കളാണ്. ചക്ക വിഭവങ്ങളുടെ ഉല്‍പാദനം വ്യവസായിക അടിസ്ഥാനത്തില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ധാരാളമുണ്ട്. ആര്‍ക്കും വേണ്ടാതെ കിടന്ന പാവപ്പെട്ടവന്റെ ഭക്ഷണം എന്ന് പറഞ്ഞ് പുച്ഛിയ്ക്കപ്പെട്ട നമ്മുടെ ചക്കയ്ക്ക് ലഭിച്ച അംഗീകാരം.

പോഷക സമ്പുഷ്ടം
ചക്കച്ചുള പോഷക സമൃദ്ധമാണ്. മാംസ്യം അഥവ പ്രോട്ടീന്‍ (protein), കാര്‍ബോഹൈഡ്രേറ്റ് (carbohydrate), കൊഴുപ്പുകള്‍ (lipids), പഞ്ചസാരകള്‍ (sugars), എന്നിവക്ക് പുറമേ ജീവകം ഏ (vitamin a), ബി കോംപ്ലക് (B.Complex), ഫോളിക് ആസിഡ് (folic acid), ജീവകം സി (vitamin c) തുടങ്ങിയ ജീവകങ്ങള്‍, പൊട്ടാസ്യം (K), കാല്‍സ്യം (Ca), മെഗ്‌നീഷ്യം (Mg), ഇരുമ്പംശം (Fe), സോഡിയം (Na), ഫോസ്ഫറസ് (P.), തുടങ്ങിയ ഖനിജങ്ങള്‍ (minerals), ബയോഓക്‌സിഡന്റുകള്‍ (biooxidents), നാരു ഘടകം (dietary fibres) എന്നിവ അടങ്ങിയിരിക്കുന്നു.
ചക്കച്ചുളയേക്കാള്‍ പോഷക സമൃദ്ധമാണ് ചക്കക്കുരു. ചക്കച്ചുള, ചക്കക്കുരു എന്നിവയെ അപേക്ഷിച്ച് ചക്കപ്പൂഞ്ഞില്‍ പോഷക ഗുണം കുറവാണ്. എന്നാല്‍ വലിയ തോതില്‍ നാരു ഘടകം കാണപ്പെടുന്നു. പൊതുവേ ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കമടല്‍ എന്നിവയിലെ വര്‍ദ്ധിച്ച നാരു ഘടകമാണ് ചക്കയുടെ ഏറ്റവും വലിയ പ്രത്യേകത.

അര്‍ബുദ രോഗങ്ങളുടെ ശത്രു
ചക്ക പൊതുവേ അര്‍ബുദ രോഗങ്ങളുടെ ശത്രുവാണ്. ചക്ക ഭക്ഷണം ശീലമാക്കിയവരില്‍ ക്യാന്‍സര്‍ രോഗങ്ങള്‍ പ്രതിരോധിക്കപ്പെടുകയോ രോഗം തീവ്രമാവാതെ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു.
ചക്ക ഹൃദയ സംരക്ഷകനാണ്. രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, അനീമിയ (anemia), തുടങ്ങി ആരോഗ്യ പ്രശ്‌നമുള്ളവര്‍ ചക്ക വിഭവങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ചക്ക വിഭവങ്ങള്‍ ശീലമാക്കുക. ഈ അഭിപ്രായം അമേരിക്കന്‍ ഹാര്‍ട്ട് അസോഷിയേഷന്റേതാണ് (AHA). ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടാസ്യം (K) ആണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. നാഡികളുടെ പ്രവര്‍ത്തനം, ശരീര പേശികളുടെ സങ്കോച വികാസങ്ങള്‍, എന്നിവ മെച്ചപ്പെടുത്താനും ചക്ക ഉത്തമമാണ്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പരിധി വരെ ചക്ക സഹായകമാണ്. കണ്ണിന്റെ ആരോഗ്യം നില നിറുത്താനും അസ്ഥികളുടെ ബലത്തിനും ചക്കയും ചക്കക്കുരുവും ഏറെ ഫലപ്രദമാണ്. ആസ്ത്മ രോഗത്തിനെതിരെയും ചക്ക പ്രവര്‍ത്തിക്കുന്നു. മുറിവുകള്‍ കരിക്കാനും നീരുണക്കാനും സഹായിക്കുന്നതിനൊപ്പം സൂക്ഷ്മങ്ങളായ രോഗാണുക്കളുടെ വളര്‍ച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ചക്ക വിഭവങ്ങള്‍ കാഴ്ച മെച്ചപ്പെടുത്തുകയും കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. നല്ല ഉറക്കം നല്‍കുന്നു. അതിനാല്‍ ഉറക്കം കുറവുള്ളവര്‍ ചക്ക വിഭവങ്ങള്‍ ശീലമാക്കുക. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും ചക്ക നല്ലതാണ്. ശരീര ഭാരം നിയന്ത്രിക്കാന്‍ ചക്കപ്പൂഞ്ഞ് സഹായിക്കുന്നതിനാല്‍ പൊണ്ണത്തടി ഉള്ളവര്‍ ചക്കപ്പൂഞ്ഞില്‍ വിഭവങ്ങള്‍ തയ്യാറാക്കി കഴിക്കുക. ചക്കക്കാലത്ത് ചക്ക വിഭവങ്ങള്‍ പതിവായി കഴിയ്ക്കാന്‍ ശീലിക്കുന്നത് നന്നായിരിക്കും

ഉദര പ്രശ്‌നങ്ങളുള്ളവര്‍ക്ക് ചക്ക
കുടലിന്റെ പ്രവര്‍ത്തന ശേഷിയും ആരോഗ്യവും ചക്ക മെച്ചപ്പെടുത്തുന്നു. ദഹന വ്യവസ്ഥയുടെ ആരോഗ്യക്കുറവാണ് പല ഉദര പ്രശ്‌നങ്ങളും ഉണ്ടാവാനും അത് മാരകമാവാനും കാരണം. ഷവര്‍മ ഉള്‍പ്പെടെ ഭക്ഷ്യ വിഭവങ്ങള്‍ വരുത്തിയ മരണങ്ങള്‍ നാം കണ്ടതാണ്.
കുടല്‍ പുണ്ണ്, മലബന്ധം ഉള്‍പ്പെടെ ഉദര പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനോ അതിന്റെ തീവ്രത കുറയ്ക്കാനോ ഏറ്റവും നല്ല ഭക്ഷണമാണ് ചക്ക. ഇത് മൃദുവായ മലം ഉല്‍പാദിപ്പിക്കാനും മലബന്ധമകറ്റി മലശോധന മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചക്ക പൂഞ്ഞ് വിഭവങ്ങളാണ് ഉദര പ്രശ്‌നങ്ങള്‍ അകറ്റാനും ഉദരാരോഗ്യത്തിനും ഏറെ മെച്ചം. ചക്കയിലെ നാരു ഘടകമാണ് കുടലിന്റെ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നത്.
പാശ്ചാത്യ ജനത ബേക്കറിയാഹാരങ്ങളും കൃത്രിമ രാസ ഭക്ഷണങ്ങളും കഴിച്ച് പ്രശ്‌ന സങ്കീര്‍ണമായ ഉദരങ്ങള്‍ക്ക് ആശ്വാസമേകാന്‍ നാരു ഘടകം മാത്രമായി കഴിക്കാറുണ്ട്. അത്തരം ഉല്‍പന്നങ്ങള്‍ കമ്പോളങ്ങളില്‍ ലഭ്യമാണ്.
പരിഷ്‌കാരത്തിന്റെ പേരില്‍ അത്തരം ഭക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് നാം. നമ്മുടെ ഭക്ഷണങ്ങളില്‍ ധാരാളം നാരു ഘടകം ഉള്ളതിനാല്‍ നമുക്ക് അത്തരം ഉല്‍പന്നങ്ങള്‍ കഴിക്കേണ്ട ഗതികേടില്ല. നാര് ഘടകം വേണ്ടത്രയുള്ള ഭക്ഷണങ്ങളില്‍ കേമന്‍ ചക്കപ്പൂഞ്ഞ് തന്നെ.

പ്രമേഹ രോഗികള്‍ക്ക് ചക്ക കഴിക്കാമോ
ചക്കയും ചക്കക്കുരുവും പ്രമേഹത്തിന് ഔഷധമാണ് എന്ന് വാദിക്കുന്ന ധാരാളം കുറിപ്പുകളും വീഡിയോകളും ശ്രദ്ധിച്ചിട്ടുണ്ട്. അവയ്‌ക്കൊന്നും ശാസ്ത്രത്തിന്റെ പിന്‍ബലമില്ല. ഇത് പ്രമേഹത്തിന് ഔഷധമല്ല. എന്നാല്‍ വളരെ നല്ലൊരു ഭക്ഷണമാണ്. പ്രമേഹ രോഗികളുടെ മിത്രമാണ്. ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ് തുടങ്ങിയവയില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ പോഷക സമൃദ്ധമായ ഭക്ഷണമാണ്. ചക്ക വിഭവങ്ങളില്‍ നാര് ഘടകം ധാരാളമുണ്ടെന്ന് പറഞ്ഞല്ലോ. അതിനാല്‍ ചക്കയും ചക്ക ഉല്‍പന്നങ്ങളും പ്രമേഹ രോഗികള്‍ക്കും ധൈര്യപൂര്‍വ്വം കഴിക്കാം. മിതമായിരിക്കണം എന്നേയുള്ളു. ചക്കപ്പഴത്തിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് 50-60 (GI 50-60) ആണ്. ചക്കപ്പൂഞ്ഞിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് (glycemic index) അതില്‍ താഴെയാണ്. തന്മൂലം ചക്കപ്പൂഞ്ഞ് കഴിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നില്ല. ചക്കപ്പഴം കുറച്ചു മാത്രം കഴിക്കുക.
പ്രമേഹ രോഗികള്‍ രോഗ തീവ്രത അനുസരിച്ച് ഭക്ഷണ ക്രമത്തില്‍ രോഗ വിദഗ്ധന്റെ ഉപദേശം തേടുക. സുദീര്‍ഘമായ ജീവിത കാലത്ത് എപ്പോഴെങ്കിലും വരുന്ന ടൈപ്പ് -2 പ്രമേഹ രോഗമാണിവിടെ (type-2 diabetes) വിഷയം.
ചക്ക കഴിച്ചാല്‍ ലൈംഗികാരോഗ്യം മെച്ചപ്പെടും എന്നവകാശപ്പെടുന്ന വീഡിയോകള്‍ കണ്ടിരിക്കുന്നു. യാതൊരു ശാസ്ത്രീയ പിന്‍ബലവും അവകാശപ്പെടാന്‍ ഇല്ലാത്ത വീഡിയോകളാണവ. ചക്ക ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുകയോ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുകയോ ചെയ്യുകയില്ല. അവ കഴിച്ച് നഷ്ടപ്പെട്ട ലൈംഗികാരോഗ്യം മടക്കി കിട്ടാത്തവരാരും പരാതിയുമായി എത്തുകയില്ല എന്ന ധൈര്യമാണ് അത്തരം വീഡിയോകളും കുറിപ്പുകളും പ്രചരിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പോഷക സമൃദ്ധമാകയാല്‍ ആരോഗ്യകരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാണ്. മനോബലം നഷ്ടപ്പെട്ട് ലൈംഗിക ശേഷി കുറഞ്ഞവര്‍ക്ക് എന്തെങ്കിലുമൊരു പിടിവള്ളി വേണമല്ലോ. ചക്കയോ മത്തനോ കുമ്പളങ്ങയോ മതി.

രാസ മാലിന്യ രഹിത ഭക്ഷണം
ഭക്ഷ്യ മലിനീകരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമുക്കു മുന്നില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്. രാസ ഭക്ഷണം കഴിച്ച് മാരക രോഗങ്ങള്‍ പിടിപെട്ട് മരിക്കാം. ശുദ്ധ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാം. ഇതില്‍ ഏതു വേണമെങ്കിലും സ്വീകരിക്കാം. തീരുമാനം നമുക്ക് ഓരോരുത്തര്‍ക്കുമുള്ളതാണ്.
രാസവളം, കീടനാശിനി, രാസ മാലിന്യങ്ങള്‍ എന്നിവ ഏല്‍ക്കാത്ത ഒരു ഭക്ഷ്യവസ്തുവാണ് ചക്ക. അതിനാല്‍ ഭക്ഷണത്തില്‍ നിന്ന് എന്ത് ഒഴിവാക്കിയാലും ദയവായി ചക്ക ഒഴിവാക്കാതിരിക്കുക. ദുരഭിമാനം വെടിഞ്ഞ് ദയവായി ചക്കപ്പൂഞ്ഞ് ഉള്‍പ്പെടെ ചക്ക വിഭവങ്ങള്‍ ലഭ്യതയനുസരിച്ച് നിരന്തരം
കഴിക്കുക. നിങ്ങളുടെ ഉദരാരോഗ്യം നില നിറുത്തുക മാത്രമല്ല നഷ്ടപ്പെട്ട ആരോഗ്യവും യൗവനവും മടക്കി കൊണ്ടു വരാനും തീര്‍ച്ചയായും സഹായിക്കും.
കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ബേക്കറി ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തെ രോഗങ്ങള്‍ക്ക് തീറെഴുതുന്നതിനേക്കാള്‍ എത്രയോ നന്നാണ് അത്ര പരിഷ്‌കാരിയല്ലാത്ത ചക്ക എന്നറിയുമല്ലോ.

ചക്കയ്ക്കും അലര്‍ജി
സാധാരണയായി ചക്ക വിഭവങ്ങള്‍ സുരക്ഷിതമാണ്. അപൂര്‍വ്വമായി ചിലരില്‍ ചക്ക വിഭവങ്ങള്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്. ചക്കയരക്ക് അലര്‍ജിയും കാണപ്പെടുന്നു. ഇത്തരത്തില്‍ അലര്‍ജി പ്രകടിപ്പിയ്ക്കുന്നവര്‍ ചക്ക വിഭവണങ്ങള്‍ കഴിക്കാതിരിക്കുക. ഉറക്ക ഗുളികകള്‍ (sedatives) കഴിക്കുന്നവര്‍ ചക്ക ഒഴിവാക്കുക.
ഏതെങ്കിലും മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവര്‍ സര്‍ജറിക്ക് മുമ്പ് ചക്ക ഭക്ഷണം ഒഴിവാക്കണമെന്ന് ചില പ്രദേശങ്ങളില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ ചക്ക ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ചക്കയില്‍ വര്‍ദ്ധിച്ച അളവില്‍ കാണുന്ന പൊട്ടാസ്യം വൃക്കയെ കൂടുതല്‍ അപകടത്തിലാക്കുന്നു. ഗര്‍ഭകാലത്തും
മുലയൂട്ടുന്ന കാലത്തും ചില സംസ്‌കാരങ്ങളില്‍ ചക്കയും ചക്കവിഭവങ്ങളും വിലക്കുന്നു.

ഏറ്റവും വലിയ പഴം
ചക്കയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട്. ഏറ്റവും വലിയ പഴമാണിത്. പഴ സാമ്രാജ്യത്തിലെ അധിപന്‍. എന്നാല്‍ അത് ഒരു ഒറ്റപ്പഴമല്ല. മള്‍ട്ടിപ്പിള്‍ ഫ്രൂട്ട് (multiple fruit) ആണെന്ന് സസ്യ ശാസ്ത്രം പഠിച്ചവര്‍ക്കറിയാം. ചക്കയ്ക്ക് പ്രധാനമായും സിലിണ്ടറിന്റെ ആകൃതിയാണ്. എന്നാല്‍ ഫുട്‌ബോളിന്റെ ആകൃതിയിലും വലിപ്പത്തിലും പല നിറങ്ങളിലുമുള്ള ചക്കകള്‍ ഉണ്ട്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിളവ് തരുന്ന ഒരു വൃക്ഷമാണ് പ്ലാവ്. പ്ലാവിന്‍ പൂവ് അഥവാ ചക്കപ്പൂവ് സ്പാഡിഷ് ഇന്‍ഫ്‌ലോറസെന്‍സ് (spadix inflorescence) ആണ്. നമുക്ക് ചക്ക (chakka). പോര്‍ച്ചുഗീസില്‍ ജക (jaca). ഇംഗ്ലീഷില്‍ ജാക്ക് ഫ്രൂട്ട് (Jack fruit). ആര്‍ടോകാര്‍പസ് ഹെറ്ററോഫില്ലസ് (Artocarpus heterophyllus) എന്ന് ശാസ്ത്രനാമം. കുടുംബം മൊറേസീ (family moraceae). ശീമപ്ലാവും അത്തിമരവും മള്‍ബറി ചെടിയും പ്ലാവും ഒരേ കുടുംബക്കാരാണ്. തെക്കേ ഇന്ത്യയില്‍ പശ്ചിമഘട്ട മല നിരകളില്‍ പ്ലാവ് പിറന്നു. പഴങ്ങളില്‍ സംസ്ഥാന കിരീടം ചക്കപ്പഴത്തിനാണ്. തമിഴ്‌നാടിന്റെ സംസ്ഥാന പഴവും ചക്ക തന്നെ.
പതിനഞ്ച് മുതല്‍ ഇരുപത് മീറ്റര്‍ (15-20 m) വരെ ഉയരമുള്ള ഒരു ദ്വിബീജ സസ്യമാണ് പ്ലാവ്. അതേക്കാള്‍ ഉയരത്തിലും വളരുന്ന പ്ലാവുകള്‍ ഉണ്ട്. മുപ്പത് മുതല്‍ അറുപത് വര്‍ഷം (30-60 years old) വരെ ഇവ നിലനില്‍ക്കുന്നു. നൂറും അതിലേറെയും വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്ന പ്ലാവുകളും നാട്ടില്‍ പുറങ്ങളില്‍ കാണാവുന്നതാണ്. ചക്കക്കുരു പാകി പ്ലാവ് മുളപ്പിക്കാം. ഇല മുളപ്പിച്ചും പ്ലാവ് ഉണ്ടാക്കാം.
ഇന്ത്യ, ബര്‍മ്മ, ശ്രീലങ്ക, ചൈന, മലേഷ്യ, ഫിലിപ്പൈന്‍സ് ദ്വീപുകള്‍, ഓസ്‌ട്രേലിയ, കെനിയ, ഉഗാണ്ട, മൗറീഷ്യസ്, മെക്‌സിക്കോ, കരീബിയന്‍ രാജ്യങ്ങള്‍, മധ്യ ദക്ഷിണ അമേരിക്ക, എന്നിവിടങ്ങളില്‍ പ്ലാവ് കൃഷി ചെയ്യുന്നു. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചക്ക ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ബ്രസീല്‍ ആണ് ചക്ക ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം.

ചക്കയെ സ്‌നേഹിക്കുക
ഭക്ഷണങ്ങളില്‍ പഴത്തിന്റെയും പച്ചക്കറിയുടെയും സ്ഥാനമുള്ള ഏറെ പോഷക ഗുണമുള്ള ചക്കയ്ക്ക് മരച്ചീനിയുടെയത്ര പ്രാധാന്യം പലരും കല്‍പ്പിക്കുന്നില്ല. ഭക്ഷണ ആവശ്യത്തിനും വ്യവസായിക ആവശ്യങ്ങള്‍ക്കുമായി വന്‍തോതില്‍ ചക്ക വേണ്ടി വരുന്നു. അതിനാല്‍ പ്ലാവ് കൃഷി നമ്മുടെ നാട്ടില്‍ വ്യാപകമായി. വന്‍കിട പ്ലാവിന്‍ തോട്ടങ്ങള്‍ തന്നെയുണ്ട്. വ്യവസായിക ആവശ്യങ്ങള്‍ക്കും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിലേക്കും കച്ചവട കുത്തകകള്‍ ചക്ക വാങ്ങി കൂട്ടുകയാണ്.

പ്ലാവില്‍ തീര്‍ത്ത ശില്‍പങ്ങള്‍
ഗൃഹ നിര്‍മാണത്തിനും ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുവാനും നാട്ടില്‍ ലഭ്യമായ ഏറ്റവും നല്ല തടി പ്ലാവിന്റേതാണെന്നറിയാം. ക്ഷേത്രങ്ങളില്‍ ശ്രീ കോവിലില്‍ കുടിയിരുത്തുന്ന വിഗ്രഹം തടിയിലോ ശിലയിലോ തീര്‍ത്തതാവാം. ദാരു ശില്പങ്ങള്‍ തടിയില്‍ ഉണ്ടാക്കുന്നതാണ്. യാതൊരു പരിചരണവും കൂടാതെ ഇവ കാലങ്ങളായി നിലനില്‍ക്കുന്നു. അത് എന്തു കൊണ്ടാണെന്ന് അറിയുമോ. ദേവ ചൈതന്യമാവും എന്ന് കരുതുന്നവര്‍ ഉണ്ടാവും. അതുകൊണ്ടല്ല. ബുദ്ധിമാനും അനുഭവസ്ഥനും കലാകാരനുമായ ശില്പി അതുണ്ടാക്കിയിരിക്കുന്നത് വരിക്ക പ്ലാവിന്റെ തടിയിലാണ്. ഇപ്പോള്‍ പ്ലാവിന്‍ തടിയുടെ പ്രാധാന്യം മനസ്സിലായി കാണുമല്ലോ.
വ്യാവസായിക പ്രാധാന്യം
ചക്കയ്ക്ക് വലിയ വ്യാവസായിക പ്രാധാന്യമുണ്ട്. ചക്കയില്‍ നിന്നും ധാരാളം വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതു കൂടാതെ രാസ വ്യവസായത്തില്‍ ഒരു പ്രധാന സ്ഥാനവുമുണ്ട്. ആക്ടിവേറ്റഡ് കാര്‍ബന്റെ (activated carbon) ഉല്‍പാദനത്തില്‍ ചക്ക മടല്‍ അസംസ്‌കൃത വസ്തുവാണ്. ഇത് അഡ്‌സോര്‍ബന്റായി (adsorbent) ഉപയോഗിക്കുന്നു. പേപ്പര്‍, പെയിന്റുകള്‍, എന്നിവയുടെ ഉല്‍പാദനത്തിലും ചക്ക അസംസ്‌കൃത വസ്തുവാണ്.
ചക്കയരക്കില്‍ കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്നു. ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കാര്‍ഷികം, തുടങ്ങി വിവിധ മേഖലകളില്‍ അരക്ക് ഉപയോഗപ്പെടുത്തുന്നു. കൊതുക് തുടങ്ങിയ കീടങ്ങളെ തളക്കാനുള്ള ഒരു ജൈവ ട്രാപ്പ് ആയി ചക്കയരക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ചക്കയരക്ക് ഒരു ജൈവ ഇന്ധനമാണ് (biofuel).
കെട്ടിട നിര്‍മ്മാണം, ഫര്‍ണിച്ചറുകള്‍, ശില്പ നിര്‍മ്മാണം എന്നിവയ്ക്ക് പ്ലാവിന്റെ തടി ഉപയോഗിക്കുന്നു. പ്ലാവിന്‍ തടിയും ചുള്ളികളും ഇലയും ഇന്ധനമായി (വിറക്) ഉപയോഗിക്കുന്നു. ചക്കയില്‍ നിന്നും ധാരാളം ഭക്ഷ്യ വിഭവങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നു.
ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തില്‍ ചക്ക ഉപയോഗപ്പെടുത്തുന്നു. കാലിത്തീറ്റയുടെ ഉല്‍പാദനത്തിലും ചക്കയ്ക്ക് പങ്കുണ്ട്.

പ്ലാവില തൊപ്പി ചൂടാം
പ്ലാവ് അഭിമാനമാണ്. സാമാന്യ വലിപ്പമുള്ള ഒരു പ്ലാവ് മതി ഒരു സാധാരണ കുടുംബത്തിന് അത്യാവശ്യം കഴിയാന്‍. ചക്കക്കാലമായാല്‍ ചക്ക വിഭവങ്ങള്‍ നമ്മുടെ വിശപ്പാറ്റുന്നു. പ്ലാവില്‍ കുരുമുളക് പടര്‍ത്താമെന്നും ഫര്‍ണിച്ചറുകളുടെ നിര്‍മ്മാണത്തിന് പ്ലാവിന്‍ തടി വളരെ നല്ലതാണന്നും കണ്ടു.
പ്ലാവില നല്ലൊരു കാലി തീറ്റയാണ്. നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ ഒരു പ്രധാന വരുമാന മാര്‍ഗമാണ് ആട് വളര്‍ത്തല്‍. പാലിനും ഇറച്ചിക്കും വേണ്ടി ആടുകളെ വളര്‍ത്തുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും പ്രിയപ്പെട്ട ഒരു മൃഗമാണ് ആട്. കുട്ടികള്‍ക്കൊപ്പം ആട്ടിന്‍ കുട്ടികള്‍ കളിക്കുന്നത് കാണാം. കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് മലബാറിലേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ ആടും ആട്ടിന്‍ കുട്ടികളും ഇല്ലാത്ത ഒരു വീടും കാണാന്‍ കഴിയില്ലായിരുന്നു. ആടിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പ്ലാവിലയാണ്. പ്ലാവില മാത്രമല്ല ചക്കയുടെ മുഴുവന്‍ ഭാഗവും കാലി തീറ്റയായി ഉപയോഗിക്കുന്നു.
അതിലുപരി പ്ലാവിലക്ക് ആന്റി ഏജിങ് ഇഫക്ട് ഉണ്ട്. അതായത് ചര്‍മ്മത്തില്‍ പ്രായത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാതെ ചര്‍മ്മത്തിന് ഉണര്‍വ് പ്രധാനം ചെയ്യുന്നു. കൂടാതെ അതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ കാണപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ ഉണങ്ങിയ ചക്കപ്പൂവില്‍ സൗന്ദര്യവര്‍ദ്ധിനികള്‍ ഉണ്ടാക്കുന്നവരുണ്ട്.
ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന തലമുറയില്‍ പെട്ട അംഗങ്ങള്‍ക്ക് തന്റെ കുട്ടിക്കാലം ഓര്‍ക്കാന്‍ പ്ലാവില കരണ്ടിയും പ്ലാവില തൊപ്പിയും ധാരാളം. പണ്ട് കാലത്ത് കഞ്ഞി കുടിക്കാന്‍ ഏവര്‍ക്കും കരണ്ടിയൊന്നും ലഭ്യമായിരുന്നില്ല. പച്ച ഈര്‍ക്കിലില്‍ പച്ച പ്ലാവില കോര്‍ത്ത് കുമ്പിള്‍ കോട്ടിയാണ് (jack fruit leaf spoon) കഞ്ഞി കോരി കുടിച്ചിരുന്നത്. പച്ച പ്ലാവില കോട്ടി കഞ്ഞി കുടിക്കുന്നത് ചിലര്‍ക്കെങ്കിലും ഗൃഹാതുരത്വമാവും. കഞ്ഞി ഇഷ്ടമില്ലാത്തവര്‍ പ്ലാവില കുമ്പിളിന്റെ ചുവട്ടില്‍ ഒരു മുറിവിടും. കഞ്ഞി കോരുമ്പോള്‍ അതിലൂടെ കഞ്ഞി വെള്ളം ചോര്‍ന്നു പോയി പ്ലാവില കുമ്പിളില്‍ തടയുന്ന ചോറ് കഴിക്കുകയും ചെയ്യാം. പ്ലാവില കോട്ടി അതില്‍ പലഹാരങ്ങള്‍ ഉണ്ടാക്കുന്നു.
പ്ലാവിലയില്‍ തൊപ്പി കോട്ടി തലയില്‍ ചൂടി കളിച്ചിരുന്ന ഒരു ബാല്യം ഓര്‍ക്കുന്നവര്‍ ഇത് വായിക്കുന്നവരില്‍ ആരെങ്കിലും ഉണ്ടാവും. കൂടാതെ പ്ലാവിലയില്‍ പലതരം കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്നവരുണ്ട്. പണ്ടു കാലത്ത് കുട്ടികള്‍ തങ്ങളുടെ കലാനൈപുണ്യം കാട്ടിയിരുന്നതും കലാവിരുത് വികസിപ്പിച്ചിരുന്നതും ഇത്തരം കളിപ്പാട്ട നിര്‍മ്മിതികളിലൂടെയായിരുന്നു. ഇന്ന് നമ്മുടെ നാട്ടിന്‍ പുറത്തെ കുട്ടികള്‍ പോലും പ്രകൃതിയുമായി ഇണങ്ങി കളിക്കാന്‍ മറന്നു പോയിരിക്കുന്നു. അവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും വരെ മൊബൈല്‍ ഫോണിനുള്ളിലെ സോഷ്യല്‍ മീഡിയ അറകളിലാണ്. അവരോട് പ്ലാവിലയുടെ വിശേഷം പറഞ്ഞാല്‍ മനസ്സിലായി കൊള്ളണമെന്നില്ല. എന്തിന് കുട്ടികളെ പഴിക്കണം. മാതാപിതാക്കളെ കണ്ടല്ലേ മക്കള്‍ പഠിക്കുന്നത്. കട്ടാര ചുവട്ടില്‍ പഞ്ഞി പൂക്കുകയില്ല.

പ്ലാവ് നമ്മുടെ വികാരമാണ്
പ്ലാവ് നമ്മുടെ വികാരമാണ്. അതിനാല്‍ അത് നമ്മുടെ വിചാരങ്ങളയുടെയും വിശ്വാസങ്ങളുടെയും ഭാഗമായി. അത്തരം വിശ്വാസങ്ങള്‍ ഓരോ ദേശങ്ങളിലും വ്യത്യസ്തമാണ്.
കേരളത്തിന്റെ തെക്കന്‍ ഗ്രാമങ്ങളില്‍ ഇന്നും നില നില്‍ക്കുന്ന ഒരു വിശ്വാസമുണ്ട്. അത് ഒരു ആചാരമായി തുടരുന്നു. ചക്ക കാലത്ത് പ്ലാവില്‍ നിന്നുള്ള അവസാന ചക്കയും എടുത്ത് കഴിഞ്ഞാല്‍ പ്ലാവില അടര്‍ത്തി താഴേയ്ക്കിടണം. അതേ തുടര്‍ന്ന് പ്ലാച്ചോട്ടില്‍ നില്‍ക്കുന്നവര്‍ ഭൂമിയില്‍ നിന്നും കല്ലും മണ്ണും വാരി മുകളിലേക്ക് എറിയും. ഈ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരാള്‍ ‘കളളനൊരായികം പിള്ളേര്‍ക്കായിരം ഉടയനൊരു പന്തീരായിരം’ എന്നുറൊക്കെ ചൊല്ലും. മറ്റുള്ളവര്‍ അത് ഏറ്റുചൊല്ലി സംഗതി ഗംഭീരമാക്കും.
വരും വര്‍ഷങ്ങളില്‍ പ്ലാവില്‍ നന്നായി ചക്ക പിടിക്കണം എന്നാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ചക്കയും ഇതര ഉല്‍പ്പന്നങ്ങളും തന്ന് തങ്ങളെ സംരക്ഷിച്ച പ്ലാവിനോടുള്ള ഉപകാരസ്മരണയായും ഇതിനെ കാണാം. ഈ ഉപകാരസ്മരണയില്‍ ഉപകാരിയായ പ്ലാവിന്റെ ഇലകളാണ് നശിപ്പിക്കുന്നത് എന്ന് അവര്‍ ഓര്‍ക്കുന്നില്ല.
തിരുവിതാംകൂറുകാര്‍ക്ക് പ്ലാവിനോട് മറ്റൊരു കടപ്പാട് കൂടിയുണ്ട്. തിരുവിതാംകൂര്‍ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് അക്കഥ അറിവുള്ളതാണ്.
തിരുവിതാംകൂര്‍ യുവരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ ശത്രുതയ്ക്ക് പാത്രമാവേണ്ടിവന്നു.
ഒരിക്കല്‍ നെയ്യാറ്റിന്‍കര വഴി യാത്ര ചെയ്യവേ ശത്രുക്കളുടെ മുന്നില്‍ അകപ്പെടുമെന്ന നിലയിലെത്തിയ യുവരാജാവ് സമീപമുള്ള ഈഞ്ചക്കാട്ടിലെ ഒരു പ്ലാവിലെ വലിയൊരു പൊത്തില്‍ ഒളിച്ചിരുന്നു രക്ഷപെട്ട ഒരു കഥയുണ്ട്. അമ്മച്ചി പ്ലാവ് എന്ന പേരില്‍ അറിയപ്പെടുന്ന ആ പ്ലാവിന്റെ അവശിഷ്ടങ്ങള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് ചരിത്ര സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px