LIMA WORLD LIBRARY

നവരാത്രി നാദസുധ മലയാള സിനിമയില്‍-ജയരാജ് പുതുമഠം

നവരാത്രി ദീപങ്ങളുടെ ഊര്‍ജസ്വലമായ പ്രഭയുമേന്തി മലയാളക്കര മിഴികള്‍ വിടര്‍ത്തി നില്‍ക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഏവര്‍ക്കും കഴിഞ്ഞകാലങ്ങളിലെ പൂജവെപ്പ് വിശേഷങ്ങളുടെ വിലപ്പെട്ട വലിയൊരു വര്‍ണ്ണചെപ്പ് പലര്‍ക്കുമുന്നിലും തുറന്ന് വെക്കാനുണ്ടായിരിക്കും.
അവയില്‍ ക്ഷേത്രാങ്കണങ്ങളില്‍ ചെലവഴിച്ച പ്രാര്‍ത്ഥനാ വിശേഷങ്ങളും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തിയതിന്റെ തെളിഞ്ഞ കഥാ സാഗരങ്ങളും, പുസ്തകങ്ങള്‍ പൂജയ്ക്ക് വെച്ചതുമായി ബന്ധപ്പെട്ട് ചില ഊഷ്മളമായ നിമിഷങ്ങളുമൊക്കെയായിരിക്കും മിക്കവര്‍ക്കും വാതോരാതെ പറയാനുണ്ടായിരിക്കുക.

മായാത്ത ഗാനനിര്‍ദ്ധരികള്‍
————————————-
നവരാത്രി,പൂജവെപ്പ്, വിജയദശമി എന്നൊക്കെയുള്ള പദങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍
ആദ്യമായി ഓടിയെത്തുക;
‘മനസ്സിലുണരൂ ഉഷസന്ധ്യയായ്
മായാമോഹിനി സരസ്വതി…’
എന്നുതുടങ്ങുന്ന മനോഹരമായ ഗാനശകലങ്ങളാണ്.
എ. ബി. രാജ് സംവിധാനം ചെയ്ത ‘മറുനാട്ടില്‍ ഒരു മലയാളി’ എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചനയും, ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതവും നിര്‍വഹിച്ച അനശ്വരമായ ഈ ഗാനം യേശുദാസിന്റെ ആലാപനംകൊണ്ടുകൂടിയാണ് സര്‍വ്വമലയാളികളുടേയും മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്.
ഇതേ ഗാനത്തിന്റെ അനുപല്ലവിയില്‍ രചയിതാവിന്റെ തൂലികയും മനസ്സും ശരീരംവിട്ട് ആത്മാന്വേഷണത്തിന്റെ പഥങ്ങളില്‍ ചരിച്ചിരുന്നു എന്നതിന്റെ തെളിവാണ്;
‘പുസ്തക രൂപത്തില്‍ ആയുധരൂപത്തില്‍ പുണ്യവതീ നിന്നെ കൈതൊഴുന്നേ…
അഴകായ് വീര്യമായ്
ആത്മസംതൃപ്തിയായ് അവിടുന്നടിയനില്‍ നിറഞ്ഞാലും’
എന്ന അഭ്യര്‍ത്ഥനയോടെയുള്ള ഹൃദയനാദം.
പ്രേംനസീറും,വിജയശ്രീയും പ്രധാനമായി രംഗത്ത് തിളങ്ങിയ ഈ ഗാനരംഗം പ്രേക്ഷകരെ വീണ്ടും ഒരു തല്പംകൂടി ഉയര്‍ത്തി ചരണത്തിലെത്തുമ്പോള്‍ നവരാത്രി ദിനത്തിന്റെ പരമോന്നത ഭാവപ്രകടനങ്ങള്‍ മുഴുവന്‍ സമര്‍പ്പിക്കുകയാണ് കവി;
‘കനിവിന്‍ കാഞ്ചന കതിര്‍മാല ചൊരിയൂ
കലയുടെ വര്‍ണ്ണങ്ങള്‍ പകരൂ
കേളീ കലയുടെ തരംഗമാലാ മേളയിലെന്നെയും ലയിപ്പിക്കൂ…’
എന്ന മലര്‍മണമുള്ള ചരണത്തിലൂടെ. കര്‍ണ്ണാടക സംഗീതത്തിന്റെ അഴകില്‍ 4 രാഗങ്ങളുടെ സത്ത കൂട്ടിയിണക്കി (പൂര്‍വ്വികല്യാണി, സാരംഗി, ശ്രീരഞ്ജിനി,അമൃതവര്‍ഷിണി) ദക്ഷിണാമൂര്‍ത്തി 1972 ല്‍ സൃഷ്ടിച്ച ഈ അപൂര്‍വ്വ സംഗീതശില്‍പ്പം നവരാത്രിസ്മൃതികളിലെ എന്നെന്നും മായാത്ത ഒന്നായി എക്കാലവും വിളങ്ങിനില്‍ക്കും.

പുസ്തകം പൂജയ്ക്കുവെക്കുക എന്ന ചടങ്ങ് നല്‍കുന്ന പര്‍വ്വതസമാനമായ സ്വാതന്ത്ര്യം ഒരു വിദ്യാര്‍ഥിക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനുമപ്പുറമാണ്. പൂജകഴിഞ്ഞ് പുസ്തകം പുറത്തെടുക്കുംവരെ എങ്ങനെവേണമെങ്കിലും, എത്ര വേണമെങ്കിലും ധര്‍മ്മച്യുതികള്‍ വരുത്തി തലകുത്തിമറിഞ്ഞാലും ആരും ചോദിക്കാന്‍ ഒരുമ്പെടില്ല എന്ന ബോധം ഇതര മതസ്ഥരായ കുഞ്ഞുകൂട്ടുകാരുടെ ഇടയില്‍ തെല്ലൊരു അഹങ്കാരപ്രകടനങ്ങള്‍ക്ക് വകനല്‍കുന്നതുമാണ്.

മറ്റൊരു ആകര്‍ഷകമായ ഗാനം ഓര്‍മ്മയില്‍ തത്തിക്കളിക്കുന്നത്;
‘നവമീ മഹാ നവമീ
നാദ നര്‍മ്മദാ നദിക്കരയില്‍
നവരാത്രി വളര്‍ത്തും
കാമസുരഭീ… ‘
എന്നുതുടങ്ങുന്ന ഒന്നാണ്.
1972 ല്‍ പുറത്തിറങ്ങിയ
‘ഒരു സുന്ദരിയുടെ കഥ’ എന്ന ചിത്രത്തിലേതാണ് സുശീലാമ്മ പാടിയ ഈ ഗാനം. വയലാറിന്റെ രചനയില്‍ ശങ്കരാഭരണം രാഗത്തിലാണ് ദേവരാജന്‍ മാസ്റ്റര്‍ ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
രംഗത്ത് ജയഭാരതി മുഖ്യ കഥാപത്രമായി അഭിനയിക്കുന്ന അതിന്റെ ചിത്രീകരണവും ഹൃദ്യംതന്നെ.

നക്ഷത്ര ദീപങ്ങള്‍…
————————
നവരാത്രിഗാനങ്ങളുടെ സാന്നിധ്യം മലയാള ചലച്ചിത്രങ്ങളില്‍ പൊതുവെ കുറവാണെങ്കിലും ഒരിക്കലും മാഞ്ഞുപോകാന്‍ സാധ്യതയില്ലാത്ത
മറ്റൊരു പ്രശസ്ത ഗാനമാണ് ജയവിജയന്‍മാര്‍ ഈണം നല്‍കിയ ;
‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപം ഉണര്‍ന്നൂ
രാജധാനി വീണ്ടും സ്വാതി തിരുനാളിന്‍ രാഗസുധാ സാഗരത്തില്‍ നീരാടി’ എന്ന ഗാനം. സെമിക്ലാസ്സിക്കല്‍ ശൈലിയില്‍ ‘നിറകുടം’ എന്ന ചിത്രത്തിലാണ് 1977 ല്‍ ഈ ഗാനം പിറന്നത്.
ബിച്ചു തിരുമലയുടെ വ്യത്യസ്തതകള്‍ നിറഞ്ഞ രചനാവൈഭവം മുഴുനീളെ നിറഞ്ഞുനിന്ന വരികളാണ് യേശുദാസിന്റെ കണ്ഠത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച് പടര്‍ന്ന് പരന്നത്.

ഈ ഗാനങ്ങളെയൊക്ക നിഷ്പ്രഭമാക്കിക്കൊണ്ട്
കെ. ജയകുമാര്‍ – രവീന്ദ്രന്‍ മാഷ് കൂട്ടുകെട്ടില്‍ പിറന്ന സംഗീതസാന്ദ്രമായ അസാമാന്യ ഗാനമായിരുന്നു
‘കുടജാദ്രില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി
സര്‍വ്വ ശുഭകാരിണി…’ എന്നുതുടങ്ങുന്ന ‘നീലക്കടമ്പ്’ എന്ന സിനിമയിലെ വിഖ്യാതമായ ഗാനനിര്‍ധരി.
കുടജാദ്രി താഴ്വാരത്തെ മൂകാംബികാദേവിയെ സ്തുതിച്ചുകൊണ്ട് അപേക്ഷാ ഭാവത്തില്‍ അലയടിച്ച ഈ പാട്ട് വിദ്യാരംഭകാലത്ത് മാത്രമല്ല, നിത്യനിമിഷങ്ങളിലും മനസ്സില്‍ നിറവ് പുലര്‍ത്തുന്ന
കാവ്യകമലംതന്നെ.

മഹിഷാസുരവധം എന്നൊരു ‘മിത്തി’നെ അടിസ്ഥാനപ്പെടുത്തി ഒമ്പത് ദിവസങ്ങളിലായി കൊണ്ടാടപ്പെടുന്ന ഒരു ആചാരമാണ്
നവരാത്രി മഹോത്സവം. തിന്മയുടെ നിരാകരണവും നന്മയുടെ പുനരുദ്ധാരണവും തന്നെയാണ് ഈ ഐതിഹ്യകഥയും മാലോകരോട് ആഹ്വാനം ചെയ്യുന്നത്. കലാലോകത്തെ ഉപാസകര്‍ ഏറെ പ്രാധാന്യത്തോടെ നെഞ്ചിലേറ്റുന്ന മഹനീയമായ ദിനരാത്രങ്ങള്‍കൂടിയാണ് ഈ നവരാത്രി ഉത്സവനാളുകള്‍. അഹങ്കാരങ്ങള്‍ വെടിഞ്ഞ് മനസ്സില്‍ നന്മയുടെ അലങ്കാരങ്ങള്‍ ചാര്‍ത്തുന്ന ഈ ദിവസങ്ങളിലെങ്കിലും ചരാചരങ്ങളെ തിരിച്ചറിയാനുള്ള ശേഷി എല്ലാ മനുഷ്യരിലും ഉണരട്ടെ എന്ന് ആശംസിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px