ശരത്കാലാരംഭത്തിലെ ആദ്യ 9 ദിവസങ്ങള്‍ ആണ് നവരാത്രിയായി നാം ആഘോഷിക്കുന്നത്, അതായത് കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ തുടങ്ങുന്ന 9 ദിവസങ്ങള്‍! ദേവീസാധനയിലൂടെയും തപസ്സിലൂടെയും മനുഷ്യനായി മാറാനുള്ളതാണ് നവരാത്രോത്സവം!
ഈ ഉത്സവത്തിലൂടെ നാം ഉപാസിക്കുന്നത് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ കഴിവുള്ള ശക്തിയെയാണ്! ആത്മശക്തിയും നൂതനാശയങ്ങളും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ഈ ലോകത്തെ ഭരിക്കാനും കീഴടക്കാനും കഴിയൂ!
നമ്മില്‍ ഉറങ്ങിക്കിടക്കുന്ന വ്യത്യസ്തങ്ങളായ സര്‍ഗ്ഗചിന്തകള്‍ ഏതുമായിക്കൊള്ളട്ടെ, അവ ലോക ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ അവ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദിവ്യ ഗുണശാലികളായിരിക്കണം! നവരാത്രിക്കാലത്ത് സംഗീതവും കലയും നൃത്തവും ചിത്രമെഴുത്തും എന്നുവേണ്ടാ,ഓരോരുത്തരിലും കുടികൊള്ളുന്ന സര്‍ഗ്ഗവൈഭവങ്ങളെ വിവിധങ്ങളായ ആരാധനാ പദ്ധതികളിലൂടെ പുറത്തുകൊണ്ടുവരാം. ഇവ കൃത്യമായി ഉപദേശിച്ചു തന്നിരുന്നവരാണ് ഋഷിമാരും ആചാര്യന്മാരും ആയത്. വേദശാസ്ത്രം ഉപദേശിച്ചവര്‍ മാത്രമല്ല, സംഗീതം ഉപദേശിച്ച നാരദനും, കാമശാസ്ത്രം ഉപദേശിച്ച വാല്‍സ്യായനനും, നാട്യശാസ്ത്രം തയ്യാറാക്കിയ ഭരതമുനിയും,എല്ലാം ഋഷിപരമ്പരയില്‍ ചേര്‍ക്കപ്പെട്ടു! ആ പരമ്പരയുടെ കണ്ണി അറ്റു പോകാതെ നിലനിറുത്തിക്കൊണ്ടുപോകാന്‍ നവരാത്രി ആഘോഷം സഹായിക്കുന്നു
നവരാത്രിയുടെ ഒന്നാം ദിനത്തില്‍, പ്രഥമയില്‍ ദേവിയുടെ ശൈലപുത്രീഭാവമാണ് പ്രകടമാകുന്നത്! ദക്ഷയാഗത്തോടെ ആത്മാഹൂതി ചെയ്യുന്ന സതി ശിവന്റെ പത്‌നിയാകാനുള്ള അദമ്യമായ ആഗ്രഹത്തോടെ മേനയുടെയും ഹിമവാന്റെയും പുത്രിയായി ജനിക്കുന്നു. ശൈലപുത്രീദേവി പ്രകൃതിയുടെ മൂലസ്വരൂപമായ മാതൃരൂപമാണ്. മൂലാധാരചക്രത്തില്‍ അമര്‍ന്ന ദേവിയുടെ ഒരു കയ്യില്‍ താമരയും മറുകൈയില്‍ ത്രിശൂലവും കാണപ്പെടുന്നു. ചുവപ്പുപട്ടില്‍ ശോഭിതയായ ദേവിയെ വഹിക്കുന്നത് നന്ദിയാണ്!









