ഒക്ടോബര്‍ 8.
എം. ആര്‍. ബി. എന്ന ദിവ്യതേജസ്സ് ഭൂമിയില്‍നിന്ന് മറഞ്ഞുപോയിട്ട് 24 വര്‍ഷം തികയുന്നു.
ആധുനിക കേരളം സൃഷ്ടിച്ച മഹാരഥന്മാരുടെ ഉന്നത ശ്രേണിയില്‍ ഉദിച്ചു നില്‍ക്കുന്ന വിശിഷ്ട നാമമാണ് മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന എം. ആര്‍. ബി. യുടേത്. പൊന്നാനി താലൂക്കിലെ വന്നേരി ദേശത്ത് മുല്ലമംഗലം കേരളന്‍ ഭട്ടതിരിപ്പാടിന്റെയും, വാഴപ്പിള്ളി മഹളിലെ ആര്യ അന്തര്‍ജനത്തിന്റെയും മകനായി ജനനം.
സ്വ സമുദായത്തിന്റെ മേനിമുഴുവന്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും, ദുരാചാരങ്ങളുടെയും മാറാല നീക്കി അവിടെ മാനവിക മൂല്യങ്ങളുടെ പ്രകാശം വിതറാന്‍ ശ്രമിച്ച ഒട്ടും ചെറുതല്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു 1909 ല്‍ ജന്മം കൊണ്ട കേരളീയരുടെ നവോത്ഥാന നായകന്‍ എം. ആര്‍. ബി.
ജാതിമതചിന്തകളുടെ തിമിരം ബാധിച്ചവരും ജാതിക്കുള്ളിലെ ജാതി വര്‍ണ്ണങ്ങളേറ്റ് അന്ധതയില്‍ മുങ്ങിയവരും തമ്മിലുള്ള പോരാട്ടങ്ങളുടെ കാഹളം മുഴങ്ങുന്ന ഒരു നാടായിരുന്നു നമ്മുടെ കൊച്ചുകേരളം. സവര്‍ണ്ണര്‍ എന്ന ജാതിയാരോപണങ്ങളില്‍ രമിച്ച് അനാചാരങ്ങളുടെ വിസര്‍ജ്ജ്യവുമായി വിഹരിച്ചിരുന്ന നമ്പൂതിരി സമുദായത്തിലെ ജാതിവിഷം വഹിച്ചിരുന്ന ചിലന്തികളുടെ ആക്രമണത്തില്‍നിന്ന് മനുഷ്യമോചനത്തിനുവേണ്ടി അവതരിച്ച അനന്യസാധാരണന്മാരായ സഹോദരദ്വയങ്ങളായിരുന്നു മുല്ലമംഗലം സഹോദരന്മാര്‍ എന്നറിയപ്പെട്ടിരുന്ന എം.ആര്‍.ബി. യും, പ്രേംജിയും.
സഹജരോടുള്ള സ്‌നേഹാധിഷ്ഠിതമായ കാഴ്ചപ്പാടും അതിന്റെ പ്രായോഗിക സംരക്ഷണത്തിനനുസൃതമായ കര്‍മ്മപദ്ധതികള്‍ അലോചിച്ചുറയ്ക്കുകയും, തന്റേതായ മാര്‍ഗ്ഗം എഴുത്തിന്റെയും, അഭിനയത്തിന്റെയും, ആവിഷ്‌കാരങ്ങളുടെയും സര്‍ഗ്ഗ പ്രവര്‍ത്തനങ്ങളാണ് എന്ന് തിരിച്ചറിയുകയും ചെയ്ത്
ലക്ഷ്യപ്രാപ്തിയിലേക്കുള്ള സുധീരമായ ചുവടുകള്‍ ജീവിതചര്യയായി സ്വീകരിച്ച മലയാളമണ്ണിന്റെ അഭിമാന കലാകൃത്തായിരുന്നു എം. ആര്‍. ബി.
പ്രതിഭയുടെ ജ്വലനം
‘മറക്കുടയ്ക്കുള്ളിലെ മഹാനഗരം’ എന്ന ഒരു ചെറുകഥ ഉണ്ണി നമ്പൂതിരി പത്രത്തില്‍ ആദ്യമായി എഴുതി പ്രസിദ്ധീകരിച്ചു. തോന്നുമ്പോലെ വിവാഹം കഴിച്ച് തോന്നുമ്പോലെ ഭാര്യമാരെ സമീപിക്കുന്ന വയസ്സന്‍ നമ്പൂതിരിമാരുടെ ഭാര്യാപട്ടികയില്‍ എവിടെയെങ്കിലുമൊരു തസ്തികയില്‍ അമര്‍ന്നടങ്ങി ജീവിതം തള്ളിനീക്കിയിരുന്ന നമ്പൂതിരി സ്ത്രീകളുടെ നീറുന്ന യാതനകളായിരുന്നു കഥയിലെ ഉള്ളടക്കം.
ഏറെ വായിക്കപ്പെടുകയും, യാഥാസ്ഥിതിക്കാരുടെ മനമുലയ്ക്കുകയും ചെയ്ത ആ കഥ, പിന്നീട് വി. ടി. ഭട്ടതിരിപ്പാടിന്റെ ഉപദേശപ്രകാരം നാടകരൂപത്തില്‍ പുനസൃഷ്ടിക്കുകയും ഗുരുവായൂരില്‍ യോഗക്ഷേമസഭയുടെ വേദിയില്‍ ആദ്യ പ്രദര്‍ശനം നടത്തുകയുമുണ്ടായി.
നമ്പൂതിരിമാര്‍ക്കിടയിലെ ജന്മിത്വത്തിന്റെയും, ഭോഷ്‌കത്വത്തിന്റെയും പൊലിമയില്‍ താഴെക്കിടയിലുള്ളവര്‍ അനുഭവിച്ചിരുന്ന തീവ്രവേദനയില്‍ മനംനൊന്ത് എം. ആര്‍. ബി. യുടെ സര്‍ഗ്ഗമാനസം എപ്പോഴും അസ്വസ്ഥതയുടെ നിഴലിലായിരുന്നു.
1940 കള്‍ മലയാള നാടക സങ്കല്‍പ്പങ്ങളില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയ കാലങ്ങളായിരുന്നു. ലോകത്തില്‍ വന്നുകൊണ്ടിരുന്ന ശാസ്ത്രീയ പരിണാമബോധ ങ്ങളുടെ അലയടികള്‍ കൈരളി മണ്ണിലേക്കും ഒഴുകിയെത്താന്‍ മടികാണിച്ചിരുന്നില്ല. പ്രേംജിയുടെ ‘ഋതുമതി’യും, ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്കും’, ‘മറക്കുടയ്ക്കുള്ളിലെ മഹാനരഗ’വും അക്കാലത്തെ വീര്‍പ്പുമുട്ടിയിരുന്ന സാധാരണക്കാരില്‍ ശുദ്ധവായു നിറയ്ക്കാനായി ഉദയംചെയ്ത സൃഷ്ടികള്‍തന്നെ.
മരണസാന്നിധ്യം അടുത്ത് നിന്നിരുന്ന തന്തമാരായ നമ്പൂതിരിമാര്‍ അധികം വൈകാതെ കാലപുരിയിലേക്ക് യാത്രയാകുമ്പോള്‍ ശേഷിച്ച ജീവിതം മുഴുവന്‍ ചത്തതിനൊക്കുമേ ജീവിച്ചുപോന്നിരുന്ന വിധവകളായ വനിതകളുടെ നരകപര്‍വ്വങ്ങളെക്കുറിച്ച് ആകുലനായി തന്റെ കലാപ്രവര്‍ത്തനങ്ങളിലൂടെ ഇതിനുള്ള പരിഹാര സന്ദേശങ്ങള്‍ തൊടുത്തുവിടാന്‍ തുടങ്ങിയ എം. ആര്‍. ബി.,1963 ല്‍ കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരണമായ ‘കേളി’ യുടെ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭീഷ്മമായ തീരുമാനം
വേളിയും സംബന്ധവുമൊക്കെ കൊടികുത്തിവാണിരുന്ന വിധവകളായ അന്തര്‍ജനങ്ങള്‍ക്ക് ഒരു പുതുജീവന്‍ നല്‍കുന്നതിനായി സമുദായ മനസ്സിന്റെ അനിഷ്ടങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ഭീഷ്മമായ തീരുമാനമെടുത്ത് കേരളത്തിലാദ്യമായി ഒരു നമ്പൂതിരി വിധവയെ വേളിചെയ്ത് ജീവിതം നല്‍കിയ ഭീഷമാചാര്യനാണ് മഹാനായ എം ആര്‍. ബി. എന്ന് പറഞ്ഞാല്‍ പുതുതലമുറക്കാരില്‍ എത്രപേര്‍ക്ക് വിശ്വസിക്കാനാകുമെന്ന് അറിയില്ല.
‘ആദര്‍ശം പ്രസംഗിച്ചു നടക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അതെളുപ്പമാണ്. സ്വന്തം പ്രവൃത്തികൊണ്ട് മാതൃക സൃഷ്ടിക്കാന്‍ വെമ്പുന്ന ധീരാത്മാക്കളെയാണ് പരിവര്‍ത്തനത്തിനു ദാഹിക്കുന്ന സമുദായത്തിന് ഇന്നാവശ്യം. ഞാന്‍ ചോദിക്കട്ടെ, ഒരനാഥ വിധവ പുനര്‍വിവാഹത്തിനു ഒരുമ്പെടുകയാണെങ്കില്‍ ആ ഭാഗ്യം കെട്ടവളെ കൈ കൊള്ളാന്‍ നിങ്ങളില്‍ ആരെങ്കിലും തയ്യാറുണ്ടോ…’
ഈ നൂറ്റാണ്ടില്‍ കേരളമണ്ണില്‍ വിങ്ങി മുഴങ്ങിയ ഏറ്റവും ശക്തമായ പെണ്‍ ചോദ്യശരമായിരുന്നു, പാര്‍വതി നെന്മിനിമംഗലം യോഗക്ഷസഭാ മീറ്റിങ്ങിലെ നിറഞ്ഞ സദസ്യരുടെ മുഖത്തേക്ക് ചൂണ്ടി തൊടുത്തു വിട്ടത്.
അവര്‍ചൂണ്ടിയ വിരല്‍ത്തുമ്പിന്റെ വെളിച്ചത്തില്‍ കയറി ‘ഉവ്വ്, ഞാന്‍ തയ്യാറുണ്ട്’ എന്നൊരു മുഴക്കം സദസ്യരുടെ ഇടയില്‍നിന്ന് ഉദിച്ചുയര്‍ന്നു.
ആ മനുഷ്യ സ്‌നേഹിയുടെ പേരാണ് എം. ആര്‍. ബി എന്ന്.
എം. ആര്‍. ബി യുടെ ജേഷ്ഠനായ ഭരത് പ്രേംജിയുടെ മകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കൂടിയായ നീലന്‍ എന്നോട് ഈ ഇതിഹാസ വൃത്താന്തം വിവരിച്ചു പറഞ്ഞപ്പോള്‍ അല്പനേരത്തേക്ക് സാമൂഹ്യ പരിഷ്‌ക്കാര്‍ത്താക്കളെക്കുറിച്ചു ള്ള എന്റെ അല്‍പ്പജ്ഞാനങ്ങളില്‍ പുതിയൊരു വിളക്ക് എരിയാന്‍ തുടങ്ങി.
1934 സെപ്റ്റംബര്‍ 13 ന് ചരിത്ര തിളക്കമുള്ള ആദ്യത്തെ ആ വിധവാവിവാഹം സമുദായഭേദമെന്യേ തടിച്ചുകൂടിയ സദസ്സിനെ സാക്ഷ്യപ്പെടുത്തി സംഭവിക്കുകയും ചെയ്തു. മഹാനായ വി. ടി. ഭട്ടതിരിപ്പാടിന്റെ ഭാര്യാ സഹോദരിയായിരുന്നു വധു.
പിന്നീട് സ്വ സഹോദരന്‍ പ്രേംജിയും വിധവാവിവാഹം തന്നെ സ്വീകരിച്ച് സമുദായത്തിന് മാതൃകയായി. സമുദായ ഭ്രഷ്ട് ഉള്‍പ്പെടെയുള്ള അനവധി തിരിച്ചടികള്‍ നേരിടേണ്ടിവന്ന ഈ ശൂരന്മാരുടെ സാമൂഹ്യ പ്രതിബദ്ധത ഏത് കാലത്തും കേരളത്തിന് മാതൃകതന്നെയാണ്.
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന്റെ തൂലികയില്‍ രണ്ട് നാടകങ്ങള്‍ ഉള്‍പ്പെടെ 14 പുസ്തകങ്ങളും കൈരളിക്ക് മുതല്‍ക്കൂട്ടായി ലഭിച്ചിട്ടുണ്ട്.
മനസ്സിലെ വളകിലുക്കങ്ങള്‍ നിലച്ച ആത്തോള്‍മാരുടെ മനസ്സിനെ ദീപ്തമാക്കുവാന്‍വേണ്ടി മാത്രമല്ല സമൂഹത്തിലെ സകലരിലും വൈജ്ഞാനിക തലത്തിന്റെ ഒരു തിരി കൊളുത്തിവെക്കുകകൂടി ചെയ്തിരുന്നു ഈ വിശിഷ്ഠ കലാകൃത്തുക്കള്‍.
തിരിച്ചു വീശുന്ന ഇരുള്‍ കാറ്റ്
ആശയപരമായും നിയമപരമായും സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള അനവധി മുന്നേറ്റങ്ങള്‍ ആധുനിക സമൂഹങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഭയപ്പാടുകളോടെയല്ലാതെ ഒരു പെണ്ണിന് അവളുടെ നിത്യജീവിതത്തിന്റെ വിവിധ അതിജീവന പാതകള്‍ മുന്നേറാനാകുമോ.
സ്വന്തം തൊഴിലിടങ്ങളിലും കുടുംബങ്ങളില്‍പ്പോലും പലപ്പോഴും അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാതെ വിധിയെ പഴിച്ച് ജീവിച്ചു വരുന്ന എത്രയോ സ്ത്രീകളെ നമുക്കുചുറ്റും കാണുന്നത് ഇന്നും ഒരു നിത്യസത്യമാണ്.
ബ്രാഹ്‌മണ്യത്തിന്റെ വിസര്‍ജ്ജ്യങ്ങളെന്ന് കരുതിയിരുന്ന പലതും രൂപം മാറി നാമം മാറി നവീന ചേലകളണിഞ്ഞ് നാട്ടില്‍ ഇപ്പോഴും ഗുരുതരമായ ഭീതി വിതറിക്കൊണ്ട് പടര്‍ന്നുകൊണ്ടിരിക്കുകയുമാണ്.
‘പെണ്ണായി പിറന്നെങ്കില്‍ മണ്ണായി തീരുവോളം കണ്ണീര് കുടിക്കാലോ ദിനവും കണ്ണീരുകുടിക്കാലോ ‘..
എന്ന പി. ഭാസ്‌കരന്റെ ഗാനശകലം അന്വര്‍ത്ഥമാകുന്ന രീതിയിലാണ് അന്നും ഇന്നും കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി.
സ്വതന്ത്രവും, മത നിരപേഷവുമായ ഒരു ഭാവിസമൂഹത്തെ സ്വപ്നംകണ്ട ഒരുകൂട്ടം സാമൂഹ്യ പരിഷ്‌കാര്‍ത്താക്കളുടെ നെഞ്ചിലേക്ക് തിരിച്ച് ആഞ്ഞടിക്കുന്ന സമകാലീന സംസ്‌ക്കാര മാലിന്യങ്ങള്‍ പൂര്‍വികരോട് നെറികേട് കാണിക്കും വിധമാണെന്ന് പറഞ്ഞാല്‍ ആരും നെറ്റിചു ളിക്കുമെന്ന് തോന്നുന്നില്ല.
എം. ആര്‍. ബി യോടൊപ്പം സഹോദരനായ പ്രേജിയും, സാക്ഷാല്‍ വി.ടി യും മറ്റ് കേരളമണ്ണിന് സംസ്‌കാര തനിമയുടെ ഏഴഴക് പാകിയ പൂര്‍വ്വസൂരികളൊക്കെയും ഇപ്പോഴത്തെ മലയാളനാടിന്റെ ദുരവസ്ഥയില്‍ അണ്ഡകടാഹത്തിലെവിടെയോ സ്പന്ദിച്ചിരുന്ന് മനക്ലേശത്തോടെ കാതോര്‍ക്കുന്നുണ്ടായിരിക്കും എന്ന് കരുതുന്നതില്‍ തെറ്റുണ്ടാവില്ല എന്ന് കരുതാം.
മതവും, ദുരചാരങ്ങളും പൂര്‍വ്വാധികം ശക്തിയോടെ അന്യന്റെ രക്തത്തിനുവേണ്ടി മുനകൂര്‍പ്പിക്കുന്ന ഇന്നത്തെ കാലത്ത് അസ്ത്രങ്ങളെ പുഷ്പ്പങ്ങളാക്കുന്ന സര്‍ഗ്ഗ വിളക്കുമായി മുന്നോട്ടു വരേണ്ട സാംസ്‌കാരിക ധീരന്മാര്‍ പലരും മൗനവ്രതത്തിലായിരിക്കുന്നതുകൊണ്ട് സാമൂഹ്യപ്രവര്‍ത്തനം എന്നുപറയുന്നത് വെറുമൊരു നേരമ്പോക്കല്ലെന്ന് തെളിയിച്ച
പൂര്‍വ്വികര്‍തന്നെ അവതാര മെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്.









