LIMA WORLD LIBRARY

ഉദര പ്രശ്‌നങ്ങള്‍ക്കും ഉറക്കത്തിനും കൈതച്ചക്ക-ഡോ. വേണു തോന്നയ്ക്കല്‍

നാട്ടിന്‍പുറങ്ങളില്‍ പറമ്പുകളില്‍ ആരാലും പരിരക്ഷയ്ക്കപ്പെടാതെ പൈനാപ്പിള്‍ (pine apple) ധാരാളമായി കണ്ടിരുന്നു. പറമ്പിന് വേലിയായും പൈന്‍ ആപ്പിള്‍ വളര്‍ത്തിയിരുന്നു.
ഇന്ന് പൈനാപ്പിള്‍ ഫാമുകള്‍ തന്നെ അനവധി. കൃഷിക്ക് വേണ്ടത്ര പറമ്പില്ലാത്തവര്‍ ചെടിച്ചട്ടികളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നു. ഒരു പഴം എന്ന നിലയ്ക്ക് പൈനാപ്പിളിന്റെ പ്രസക്തി ഏറെ ശ്രദ്ധയാണ്. പഴം എന്നതിനൊപ്പം ഇത് ഒരു മലക്കറി കൂടിയാണ്.
പൈന്‍ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിള്‍ എന്ന പേരു സിദ്ധിച്ചതത്രേ. പൈന്‍ ആപ്പിള്‍ എന്ന പേരിന് പുറമേ ദേശഭേദമനുസരിച്ച് കൈതച്ചക്ക, കന്നാരച്ചക്ക, അണ്ണാറച്ചക്ക, പുറുത്തിച്ചക്ക എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ബ്രൊമിലിയേസിയെ (bromeliaceae) സസ്യ കുടുംബത്തിലെ അംഗമാണ്. പൈനാപ്പിള്‍ ചെടികള്‍ പല തരത്തിലുണ്ട്. അതില്‍ അനാനാസ് കോമോസസ് (Ananas comosus) ആണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഒരു പ്രധാന ഇനം. കൈതച്ചക്ക ഒരു മള്‍ട്ടിപ്പിള്‍ ഫ്രൂട്ട് (multiple fruit) ആണ്. കൈതച്ചെടി ഓഷധി (herb) വര്‍ഗ്ഗത്തില്‍ പെടുന്നു.
നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ തെങ്ങിന്‍ ചോട്ടിലും വേലിക്കെട്ടിലും ഒക്കെ കാണപ്പെടുന്ന ഒരു ചെടി ആയതു കൊണ്ട് നാം കരുതും ഇയാള്‍ ഇന്നാട്ടുകാരന്‍ ആണെന്ന്. കൈതച്ചെടിയുടെ ജന്മദേശം ദക്ഷിണ അമേരിക്കയാണ്.
കടല്‍ കടന്നെത്തിയ ഇവ ഏറെ പോഷക സമൃദ്ധമാണ്. കുട്ടികള്‍ക്ക് കൂടി നല്‍കാവുന്ന ഒരു മികച്ച പഴമാണിത്. ജീവകം എ, ജീവകം ബി കോംപ്ലക്‌സ് (vitamin B1, vitamin B6 and vitamin B9), ജീവകം സി, കാല്‍സ്യം, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, മെഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഭക്ഷ്യനാരുകള്‍ (dietary fibers), ഫൈറ്റോഹോര്‍മോണുകള്‍ (phytohormones), ആന്റിഓക്‌സിഡന്റുകള്‍ (antioxidents), ബ്രോമെലെയ്ന്‍ (bromelain), മെലറ്റോനിന്‍ (melatonin) എന്നിവയും വലിയ അളവില്‍ കാണപ്പെടുന്നു. കൈതച്ചക്കയില്‍ പ്രധാനമായും കാണുന്നത് ജലാംശവും കാര്‍ബൊഹൈഡ്രേറ്റും പഞ്ചസാരകളുമാണ്. ചെറിയ അളവില്‍ മാംസ്യവും (protein) കൊഴുപ്പുകളും (fat) ഉണ്ട്.
ഫോളേറ്റ് (Folate) അഥവ ജീവകം ബി 9 ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ശരീര കോശങ്ങള്‍ വിശിഷ്യ ചുവന്ന രക്താണുക്കള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഫോളേറ്റ് (folate) മാത്രകള്‍ സഹായിക്കുന്നു. ജനിതക മാത്രകളായ ഡിഎന്‍എ (DNA), ആര്‍എന്‍എ (RNA) എന്നിവയുടെ രൂപീകരണത്തിനും പ്രവര്‍ത്തനത്തിനും ഇത് വേണ്ടതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ ഇതിനേറെ പ്രാധാന്യമുണ്ട്. സുഷിമ്‌ന നാഡിയുടെ വളര്‍ച്ചയ്ത് അത്യാവശ്യം വേണ്ട ജീവകമാണ്. ഇതിന്റെ അഭാവം ജനന വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. മാംസ്യ തന്മാത്രകളുടെ അടിസ്ഥാന ഘടകങ്ങളായ അമിനാമ്ലങ്ങളുടെ (amino acid) ഉപാപചയ പ്രവര്‍ത്തനങ്ങളിലും (metabolism) ഇതിന് പങ്കുണ്ട്.
കൈതച്ചക്കയിലെ ബ്രോമെലെയ്ന്‍ (bromelain) എന്ന ഒരു ദഹന രസമാണ് (digestive enzyme) ഏറെ ശ്രദ്ധേയം. മാംസ്യത്തിന്റെ ദഹനത്തിന് സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിശപ്പില്ലായ്മയുള്ള കുട്ടികള്‍ക്ക് കൈതച്ചക്ക നല്‍കുക. നഷ്ടപ്പെട്ട സ്വാഭാവിക വിശപ്പ് മടങ്ങി വരും.
ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നില നിര്‍ത്താന്‍ സഹായിക്കുന്നു. മറ്റു പഴങ്ങളെ പോലെ തന്നെ ഇതും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നില്ല. അത്തരം കുറിപ്പുകളും പരസ്യങ്ങളും തെറ്റിദ്ധാരണാജനകമാണ്.
മലാശയ അര്‍ബുദം, സ്തനാര്‍ബുദം, എന്നിവയുടെ വ്യാപനവും ഇന്‍ഫ്‌ലമേഷനും (inflammation) തടയാനും ബ്രോമലെയ്‌ന് കഴിവുണ്ട്. രോഗ പ്രതിരോധശക്തി നില നിര്‍ത്തുന്നതോടൊപ്പം ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. അതിനാല്‍ ജലദോഷം ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗമുള്ളവര്‍ക്ക് പൈനാപ്പിള്‍ കഴിക്കാം.
എല്ലുകളുടെ ബലത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും അമിത കൊളസ്‌ട്രോളിന് എതിരെയും പൈനാപ്പിള്‍ പ്രവര്‍ത്തിക്കുന്നു.
ദഹന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉദര പ്രശ്‌നമുള്ളവര്‍ സ്ഥിരമായി പൈനാപ്പിള്‍ കഴിക്കുന്നത് നന്നായിരിക്കും. എന്നാല്‍ ഒരു പരിധി വിട്ട് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ലഘുവായ ദഹന പ്രശ്‌നത്തിന് പൈനാപ്പിള്‍ പരിഹാരം കാണുന്നു. പൈനാപ്പിളില്‍ നാര് ഘടകം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹിച്ച ഭക്ഷ്യ ഘടകങ്ങളുടെ ആഗിരണം സാവധാനത്തിലാക്കുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ബ്രോമലെയ്‌നിലെ ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ മുറിവുകള്‍ വേഗം സുഖമാക്കാന്‍ സഹായിക്കുന്നു. അതുപോലെ വേദന കുറയ്ക്കാനും. പൊണ്ണത്തടിയുള്ളവര്‍ക്കുത്തമം.
ഇതില്‍ അടങ്ങിയിരിക്കുന്ന ജീവകം സി പ്രതിരോധ ശേഷി നിലനിര്‍ത്തുക മാത്രമല്ല ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഉദരാശയത്തില്‍ വരാനിടയുള്ള ക്യാന്‍സറുകള്‍ക്കെതിരെ ഇത് പ്രവര്‍ത്തിക്കുന്നു. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മെലറ്റോനിന്‍ ഉറക്കത്തെ നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ്. അതിനാല്‍ ഉറക്കക്കുറവ് ഉള്ളവര്‍ പൈനാപ്പിള്‍ കഴിക്കുന്നത് നന്നായിരിക്കും.
പൈനാപ്പിള്‍ ജ്യൂസ് കഴിവതും ഒഴിവാക്കുക. ചവച്ച് തിന്നാന്‍ ശീലിക്കുക. വായില്‍ വച്ച് ദഹനത്തിന്റെ ഒരു ഘട്ടം പൂര്‍ണ്ണമാക്കാനും കൂടുതല്‍ നാരു ഘടകം ലഭ്യമാക്കാനും കഴിയുന്നു. ക്ഷീണം അകറ്റാനും പേശികള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും സഹായിക്കുന്നു.
ഇതിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് 59-66 (glycemic index 59 – 66) ആണ്. അതിനാല്‍ പ്രമേഹ രോഗികള്‍ രോഗത്തിന്റെ തീവ്രത അനുസരിച്ച് വേണം കൈതച്ചക്കപ്പഴം കഴിയ്ക്കാന്‍. അക്കാര്യത്തില്‍ നിങ്ങളുടെ ഡോക്ടര്‍ക്ക് സഹായിക്കാനാവും.
പ്രമേഹ രോഗികളുടെയും ആരോഗ്യത്തിന് ജീവകങ്ങളും ഖനിജങ്ങളും ആന്റി ഓക്‌സിഡന്റുകളും വേണ്ടതാണ്. അവ പ്രധാനമായും ലഭിക്കുന്നത് പഴങ്ങളില്‍ നിന്നും മലക്കറികളില്‍ നിന്നുമാണ്. അതിനാല്‍ പഴങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയല്ല നിയന്ത്രിത അളവില്‍ കഴിക്കുകയാണ് വേണ്ടത്.
ഇത്രയേറെ ഗുണകരമായ കൈതച്ചക്ക ചിലരില്‍ ചൊറിച്ചില്‍, നടുവേദന, ഛര്‍ദ്ദി എന്നിവയുണ്ടാക്കുന്നു. ആസ്ത്മയ്ക്ക് എതിരെ നല്ലതാണെങ്കിലും ചിലരില്‍ ആസ്ത്മ കൂടാന്‍ കാരണമാകും. ഗര്‍ഭമലസലിനു കാരണമാകാമെന്ന് പലരും വിശ്വസിക്കുന്നു. അക്കാര്യത്തില്‍ ശാസ്ത്രീയമായ പിന്‍തുണ ലഭ്യമല്ല. വെറും കെട്ടുകഥകളുടെ തണലില്‍ ജനിച്ച വിശ്വാസമാണെങ്കിലും ഭയമുള്ളവര്‍ അത് കഴിക്കാതിരിക്കുക. ഏതിനും മുകളില്‍ മനസ്സാണ്. ഗര്‍ഭിണിയുടെ മനസ്സില്‍ ഊറിക്കൂടുന്ന ഭയം ഗര്‍ഭമലസലിന് കാരണമായേയ്ക്കാം.
പൈനാപ്പിള്‍ ഫ്രിഡ്ജിലോ ശീത സംഭരണികളിലോ സൂക്ഷിയ്ക്കാതിരിക്കുക. പൈനാപ്പിള്‍ കൊണ്ട് സ്വാദിഷ്ടമായ അനവധി വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. പൈനാപ്പിള്‍ കറിയില്ലാത്ത സദ്യ നമുക്ക് ചിന്തിക്കാന്‍ കൂടി പ്രയാസമാണ്. കറി ഉണ്ടാക്കുന്നതോടെ പൈനാപ്പിളിന്റെ പോഷക മൂല്യം കുറയുന്നു. സ്വാദിനാണോ പോഷക മൂല്യത്തിനാണോ പ്രാധാന്യം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px