LIMA WORLD LIBRARY

അവാര്‍ഡുകളല്ല , സൃഷ്ടിയാണ് വലുത്- സാബു ശങ്കര്‍/09 ഒക്ടോബര്‍ 

സാഹിത്യം , ചിത്രകല , സംഗീതം , ചലച്ചിത്രം എന്നീ സുകുമാര കലകള്‍ ഒരു സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിഫലനങ്ങള്‍ ആണ്. മനുഷ്യ ചരിത്രത്തില്‍ സംസ്‌കാരവും നാഗരികതയും പഠിച്ച് വന്നവരാണ് ഇപ്പോഴത്തെ തലമുറ. സമൂഹത്തിന്റെ അന്തസും ബോധവും കലയില്‍ പ്രതിഫലിക്കുന്നു. ചലച്ചിത്ര കല പഠിക്കുന്നത് തന്നെ യൂറോപ്യന്‍ സിനിമകളില്‍ നിന്നാണ്. പതിറ്റാണ്ടുകളായി വികസിച്ചു വരുന്ന കലയുടെ ദര്‍ശനവും മൂല്യവും തിരിച്ചറിയാന്‍ സാധാരണക്കാരായ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. ബോധനിലവാരത്തിന്റെ പ്രശ്‌നമാണിത്.

പോസ്റ്റ് ഗ്രാജ്വേറ്റ് സിലബസില്‍ ഉളള ഗണിതശാസ്ത്രം ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മനസിലാവില്ല. എന്ന് കരുതി പോസ്റ്റ് ഗ്രാജ്വേറ്റ് സിലബസിനെ ആരെങ്കിലും പരിഹസിക്കുമോ ? മനസിലാക്കാന്‍ ശേഷിയില്ലാത്തവര്‍ പരിഹസിക്കും. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ പോലും സാധാരണക്കാരന് ബുദ്ധിശേഷിയുടെ കാര്യത്തില്‍ , അറിവിന്റെ കാര്യത്തില്‍ , ആസ്വാദനത്തിന്റെ കാര്യത്തില്‍ അപ്രാപ്യമാണ്. കലയുടെ കാര്യത്തിലും ശാസ്ത്രത്തിന്റെ കാര്യത്തിലും ചില ബാലപാഠങ്ങള്‍ പഠിക്കാനുണ്ട് .

നാം മോബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു , അതിലെ ശാസ്ത്രം എന്താണ് എന്ന് മിക്കവര്‍ക്കും അറിയില്ല. പക്ഷേ അന്ധമായ വിശ്വാസത്തില്‍ ഉപയോഗിക്കുന്നു. കഥകളി കാണാന്‍ പോകുന്നവര്‍ അതിലെ കഥയും മുദ്രകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക കാര്യങ്ങളും അറിഞ്ഞിരിക്കണം. എങ്കിലേ ആസ്വാദനം ഭംഗിയാവൂ . അത് പഠിക്കാതെ കഥകളി കണ്ടിട്ട് അതിനെ പരിഹസിച്ചിട്ട് എന്ത് കാര്യം ? സാഹിത്യത്തെ കച്ചവടമാക്കുന്നവര്‍ ഏറെയാണ്. അതുപോലെ സിനിമയെ കച്ചവടമാക്കുന്നവരും അതിലേറെയാണ്. വാണിജ്യ ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന സിനിമ പെട്ടെന്ന് സാധാരണക്കാരെ ആകര്‍ഷിക്കും. വാണിജ്യ സിനിമയിലെ കഥാപാത്രങ്ങള്‍ ഒട്ടേറെ പേരുടെ വിവിധ തരത്തിലുള്ള സംഭാവനയും ഏകോപനവും ആണ്.

കഥാപാത്രം , സംഭാഷണം , ചലനം , വേഷം , പല വിധത്തിലുള്ള ആക്ഷന്‍സ് , മേക്കപ്പ് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഏകോപിപ്പിക്കുമ്പോള്‍ ആണ് സിനിമയിലെ കഥാപാത്രം ആവുന്നത്. അത് ഒരു വിര്‍ച്വല്‍ റിയാലിറ്റി ആണ്. മൊത്തത്തില്‍ വാണിജ്യ സിനിമയ്ക്ക് സാധാരണക്കാരെ തീയേറ്ററില്‍ എത്തിക്കാന്‍ , ടിക്കറ്റ് കൗണ്ടറിലെ കളക്ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ബാധ്യത മാത്രമേ ഉള്ളൂ. അതിനുള്ള ഫോര്‍മുല അതിലുണ്ട്. പക്ഷേ പതിറ്റാണ്ടുകള്‍ കടന്നുപോകുമ്പോള്‍ അവയൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ആണ് സ്ഥാനം പിടിക്കുക.

ഒരുപക്ഷേ സമൂഹത്തില്‍ ബോധപരവും മനശാസ്ത്രപരവും ചിന്താപരവുമായ വൈകൃതങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കും. അതൊരു സാംസ്‌കാരിക പ്രവര്‍ത്തനമല്ല. കലാസൃഷ്ടിയല്ല. ലോകത്ത് ബുദ്ധിയും അറിവും കഴിവും ഉള്ള മനുഷ്യരുടെ മുന്നില്‍ അത്തരം നിര്‍മ്മാണങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ല. അംഗീകാരവും അന്തസും ഇല്ല. അവാര്‍ഡുകള്‍ അല്ല സൃഷ്ടിയാണ് വലുത്. സൃഷ്ടിയാണ് ചരിത്രത്തില്‍ നിലനില്‍ക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px