ഒരു ദിവസം നമ്മളീ ഭൂമിയില്‍ പിറന്നു വീഴുന്നു. ചിലര്‍ സുഖസൗകര്യങ്ങളുടെ നടുവിലേയ്ക്കാണെങ്കില്‍ മറ്റു ചിലര്‍ ദുരിതങ്ങളുടെ ഇടയിലേയ്ക്കാകും, എങ്കിലും ഒന്നറിവ് ആകുന്നതുവരെ നാമെല്ലാം ഒരു പോലെ തന്നെയാണ്. കാശുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസമില്ലാതെ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞ്, എന്തൊക്കെയോ കാഴ്ചകള്‍ കണ്ട് മോണകാട്ടി ചിരിച്ചും, ചുണ്ട് കോട്ടി കരഞ്ഞും ജീവിതം തുടങ്ങുന്നു.
ഇതിനിടയില്‍ പിച്ചവച്ചതും കുഞ്ഞുവായില്‍ സംസാരം തുടങ്ങിയതുമെല്ലാം പെട്ടെന്നായിരുന്നു. അക്ഷരങ്ങള്‍ ,നിറങ്ങള്‍, ചിത്രങ്ങള്‍ അങ്ങനെ പുതിയ കാഴ്ചകള്‍ കണ്ടുതുടങ്ങിയതിന് ശേഷമാണ് സ്‌കൂളിലെത്തിയത്. അച്ഛനെയും അമ്മയേയും പിരിഞ്ഞ് ക്ലാസിലെത്തിയപ്പോഴാണ് എല്ലാ കുട്ടികളും ഒരുപോലെയല്ല എന്നു മനസിലായത്. കാശുള്ളവന്റെ വീട്ടിലെ കുട്ടികള്‍ക്കുള്ള പ്രാതിനിധ്യമൊന്നും അതു കുറവുള്ള വീട്ടിലെ കുട്ടികള്‍ക്ക് കിട്ടണമെന്നില്ല. പിന്നെ സൗന്ദര്യവും ( നിറം) ഒരു പ്രധാന ഘടകം തന്നെയാണ്. (ഇന്നതിന് കുറേയൊക്കെ മാറ്റം വന്നിരിക്കുന്നു എന്നത് സന്തോഷമേകുന്നു.)
വീട്ടിലെ എല്ലാബുദ്ധിമുട്ടുകളും കുറവുകളും നിറവുകളും അറിഞ്ഞു വളര്‍ന്ന നമ്മുടെ ബാല്യം ആഗ്രഹങ്ങളൊക്കെയും പുറത്തറിയിക്കാതെ, ഒക്കെയും വിധിയാണ് എന്നു കരുതി സമാധാനിച്ചിരുന്നു. പക്ഷേ ഇന്ന്
ജീവിതത്തില്‍ എത്ര പ്രാരാബ്ധങ്ങളുണ്ടെങ്കിലും അതൊന്നും മക്കളെ അറിയിക്കാതെ , മറ്റുള്ള കുട്ടികള്‍ക്കൊപ്പമെത്താന്‍ അവരുടെ ഏതാവശ്യങ്ങളും അംഗീകരിച്ചുകൊടുക്കുന്നു. അവിടെയാണ് മാതാപിതാക്കള്‍ക്കു ചുവട് പിഴയ്ക്കുന്നത്. ജനറേഷന്‍ ഗ്യാപ്പെന്നും പറഞ്ഞ് അവര്‍ക്ക് ഒന്നിനും സമയം തികയാതെ വരുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്നത് അവര്‍ക്കായി ജീവിച്ച അച്ഛനമ്മമാരാണ്.
നാം കടന്നു വന്ന വഴികളെക്കുറിച്ച് പറഞ്ഞാലും അവര്‍ക്ക് ഇഷ്ടമാകണമെന്നില്ല.
ജീവിതമെന്തെന്ന് അറിയാതെ പുതിയ സൗകര്യങ്ങള്‍ തേടിയലയുന്ന മക്കള്‍ സുഖങ്ങള്‍ തേടി ചിലന്തിവലയില്‍ വീഴുന്ന പ്രാണികളായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. അതെ, പ്രണയമെന്ന അത്ഭുതദ്വീപില്‍ പാറിപ്പറക്കാന്‍ ആഗ്രഹിക്കാത്ത കൗമാരങ്ങളുണ്ടാകില്ല എങ്കിലും ‘എവിടായിരുന്നാലും നീ സുഖമായിട്ടിരുന്നാല്‍ മതി’ എന്നു കരുതുന്ന പ്രണയങ്ങള്‍ ഇന്നില്ല എന്നു മാത്രമല്ല അതിപ്പോള്‍ ‘ക്രഷില്‍’ തുടങ്ങി ബ്രേക്ക് അപ്പില്‍’ അവസാനിക്കുന്ന തുടര്‍ക്കഥയുള്ള നോവല്‍ പോലെയാണ്.
വിവാഹം, ജീവിതം ഇതിനെക്കുറിച്ചൊക്കെയുള്ള കാഴ്ചപ്പാടുകള്‍ സ്വന്തം കുടുംബത്തിലും ചുറ്റിലും കാണുന്ന കുട്ടികള്‍, കല്യാണം കഴിച്ചില്ലെങ്കിലെന്താണ് എന്നു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. നാക്കെടുത്താല്‍ ഭാര്യയും ഭര്‍ത്താവും കീരിയും പാമ്പുമാണെങ്കില്‍ മക്കള്‍ എന്താകും ചിന്തിക്കുക? കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ പറഞ്ഞു കൊടുക്കുന്നതല്ല, നമ്മുടെ പ്രവര്‍ത്തികളാണ് അവര്‍ പഠിക്കുക എന്ന് മറന്നു പോകുന്നു പലരും. പുറത്തുള്ളൊരാളെ വീട്ടില്‍ കുറ്റം പറഞ്ഞിട്ട് നേരില്‍ കാണുമ്പോള്‍ സൗഹൃദത്തിന്റെ പര്യായമെന്നതു പോലെ അഭിനയിക്കുമ്പോള്‍ ആദ്യം കുട്ടികള്‍ ഒന്ന് അമ്പരക്കുമെങ്കിലും പിന്നീട് അവരത് പഠിക്കും, അതുപോലെ പലതും.
സ്വന്തമായൊരു ജോലിയുണ്ടെങ്കില്‍ വിവാഹമെന്തിന് എന്ന് ചിന്തിക്കുന്ന പെണ്‍കുട്ടികളാണ് ഏറെയും. ‘ആണ്‍കുട്ടി’കള്‍ക്ക് മാത്രം പ്രാധാന്യമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് മാറി. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് വളരെ പതുക്കെയാണെങ്കിലും നമ്മള്‍ മനസിലാക്കുന്നുണ്ട്.
പ്രത്യേകിച്ച് സ്ത്രീജനങ്ങളോട് പറയാനുളത് എല്ലാ കടമകളും നിര്‍വഹിച്ച് ജീവിക്കാമെന്ന്
കരുതരുത്, അതു പോലെ നമ്മുടെ സന്തോഷം
വേറൊരാള്‍ തരേണ്ടതാണെന്നു കരുതരുത്, അതിനായി യാചിക്കരുത്. മനുഷ്യരാണ് അവര്‍ സാഹചര്യത്തിന് അനുസരിച്ച് മാറും. അതങ്ങനെയാണ് എന്നു കരുതി സമാധാനിക്കുക. സന്തോഷം സ്വയം കണ്ടെത്തുക. ഒരു പാട്ട് കേള്‍ക്കാന്‍ തോന്നിയാല്‍ കേള്‍ക്കുക, പാടാന്‍ തോന്നിയാല്‍ പാടുക, ഒന്നൊരുങ്ങണം എന്ന് തോന്നിയാല്‍ ഒരുങ്ങുക.
കൊണ്ടു പോകാന്‍ ഒരാളില്ലെങ്കില്‍ തനിച്ചു പോവുക, ഏതിലാണോ സന്തോഷം അതു ചെയ്യുക. നമ്മളും മനുഷ്യജീവിയാണ്. ഒന്നിനു വേണ്ടിയും ആരെയും അധികം ആശ്രയിക്കാതിരിക്കുക.
വേറൊരാള്‍ കാണിച്ചു തരുന്നതല്ല ഒരിക്കലും കാണാനുള്ളത്, അതുപോലെ കേള്‍ക്കാനുള്ളതും. നമ്മുടെ ശരികള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തെറ്റാകാം എങ്കിലും കേട്ടിട്ടില്ലേ ”പരോപകാരമേ പുണ്യം, പാപമേ പരപീഡനം’ എന്ന്, അതുകൊണ്ട് മറ്റുള്ളവരെ വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നോവിക്കാതെ കിട്ടുന്ന സമയം സന്തോഷമായി ജീവിക്കാന്‍ ശ്രമിക്കാം.
ഒന്നും പണ്ടത്തെപ്പോലെയല്ല, ‘നാടോടുമ്പോള്‍ നടുവേ ഓടണം’ എന്നു പറയുന്നതുപോലെ ഇനിയിപ്പോള്‍ ഒന്നിലും അധികം പ്രതീക്ഷയൊന്നും വേണ്ട. പണ്ട് അപകട മരണങ്ങളേ അപ്രതീക്ഷിതമായി ഉണ്ടാകുമായിരുന്നുള്ളൂ, വയസാകുന്നതു വരെ ജീവിക്കാമായിരുന്നു. ഇന്നിപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ശ്വാസം നിലയ്ക്കാം, ആ സ്ഥിതിയ്ക്ക് നാളെയാകട്ടെ എന്നു കരുതാതെ, ഇന്നങ്ങ് ജീവിയ്ക്കാം, അല്ലേ?









