LIMA WORLD LIBRARY

വഴിതെറ്റുന്ന ജീവിതങ്ങള്‍-ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

അതിര്‍ത്തിയില്ലാത്ത അമിതാഗ്രഹം അവസാനത്തില്‍ ദുരന്തത്തിലേക്കാണ് നമ്മെ നയിക്കുന്നത് എന്ന മുന്നറിയിപ്പ് നല്‍കുകയാണ് റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌കിന്റെ പ്രശസ്തമായ നാടോടി കഥാകാവ്യം’മത്സ്യക്കാരനും ചെറു സ്വര്‍ണ്ണ മത്സ്യവും'(‘The tale of the Fisherman and the Golden fish’—1833).
ഒരു മുക്കുവനും ഭാര്യയും ഒരു കടലിന്റെ തീരത്ത് പാര്‍ത്തിരുന്നു. 33 കൊല്ലമായി അവര്‍ അവിടെ താമസിക്കുന്നു. ഒരു ദിവസം മൂന്നുതവണ വല വീശിയപ്പോള്‍ അതില്‍ വന്നു വീണത് ഒരു മത്സ്യം മാത്രം— സ്വര്‍ണ്ണമത്സ്യം. മത്സ്യം പറഞ്ഞു, ‘എന്നെ കടലിലേക്ക് വീടു, നിനക്ക് എന്തുവേണമോ അത് ഞാന്‍ തരാം’. മത്സ്യം സംസാരിക്കുന്നത് കേട്ട് അത്ഭുതപരവശനായ മീന്‍കാരന്‍ പറഞ്ഞു, ‘എനിക്കൊന്നും വേണ്ട നീ കടലിലേക്ക് നീന്തി പൊയ്‌ക്കോളൂ’,എന്നു പറഞ്ഞ് അതിനെ സ്വതന്ത്രനാക്കി. ഭാര്യ ഇതറിഞ്ഞപ്പോള്‍, ആദ്യം ഒരു പുതിയ വീട് മത്സ്യത്തോട് ചോദിക്കാന്‍ പറഞ്ഞു.

മുക്കുവന്‍ കടലിനരികെ എത്തിച്ചെന്ന് മീനിനെ വിളിച്ച് കാര്യം പറഞ്ഞു. മത്സ്യം പറഞ്ഞു,നീ ശാന്തനായി പൊയ്‌ക്കോള്ളൂ. അയാള്‍ വീട്ടിലെത്തിയപ്പോള്‍ അവിടെ പഴയ കുടിലിനു പകരം പുതിയ വീടാണ് കണ്ടത്. ഭാര്യയ്ക്ക് അതിമോഹം ആയി. അവളുടെ നിര്‍ദ്ദേശം അനുസരിച്ച് അയാള്‍ മത്സ്യത്തോട് പറഞ്ഞു പലതും നേടി. അവള്‍ ഉന്നതകുലയായ മാന്യസ്ത്രീയായി മാറി. പിന്നെ രാജ്ഞിയായി മാറിയപ്പോള്‍ കൊട്ടാരത്തില്‍ നിന്നും മുക്കുവനെ പുറത്താക്കി.ഒരാഴ്ച കഴിഞ്ഞ് ഭര്‍ത്താവിനെ വരുത്തി പറഞ്ഞു, ‘നിങ്ങളുടെ മത്സ്യത്തോട് പറയൂ എനിക്ക് കടലാകെ ഭരിക്കണമെന്നും, സ്വര്‍ണ്ണ മത്സ്യം തന്നെ എന്റെ അടിമയായി വേണമെന്നും. മത്സ്യം
എന്റെ കല്‍പ്പനയനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും നീന്തി ഞാന്‍ ആജ്ഞാപിക്കുന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്നും’. മുക്കുവന്‍
കടല്‍ക്കരയില്‍ ചെന്ന് മത്സ്യത്തോട് ഭാര്യയുടെ ആജ്ഞ അറിയിച്ചു. മത്സ്യം ഒന്നും പറയാതെ കടലിന്റെ ആഴത്തിലേക്ക് നീന്തി പോയി. അയാള്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ കണ്ടത് കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ പഴയ കുടിലിനു മുന്‍പില്‍ ഭാര്യ അതീവ ദുഃഖിതയായി
ഇരിക്കുന്നുതാണ്.

അമിതാഗ്രഹം അവസാനത്തില്‍ കൈവശമുള്ള ചെറിയ സന്തോഷവും നഷ്ടപ്പെടുത്തുന്നു.
ലോകസാഹിത്യത്തിലും ഇന്ത്യന്‍കഥാസാഹിത്യത്തിലും ഇതേ സന്ദേശം ഉയര്‍ത്തുന്ന എത്രയോ കൃതികളാണുള്ളത് മഹാഭാരതത്തില്‍ ദുര്യോധനന്‍
ഹസ്ഥിനപുരത്തിലെ രാജാവ് ആകാനുള്ള അതിമോഹം കൊണ്ടാണല്ലോ പാണ്ഡവര്‍ക്കെതിരെ അനീതികള്‍ ചെയ്ത് ഒടുവില്‍ അത് കുരുക്ഷേത്ര യുദ്ധത്തിലേക്കും സ്വന്തംവംശനാശത്തിലേക്കും നയിച്ചത്.

ഒരു ഗ്രീക്ക് കഥയിലെ രാജാവ് മിഡാസിന് (King Midas) കിട്ടിയ, വരം,’ഞാന്‍ തൊടുന്നതെല്ലാം സ്വര്‍ണമാകട്ടെ’ എന്നത് ആദ്യം സന്തോഷം നല്‍കി.പക്ഷേ താന്‍ തൊടുന്നതെല്ലാം, ഭക്ഷണവും മകളും ഉള്‍പ്പടെ എല്ലാം സ്വര്‍ണമായി
മാറിയപ്പോള്‍, തന്റെ മോഹം ദുരന്തമായി മാറുന്നത് അയാള്‍ നേരില്‍ കണ്ടു. ഒടുവില്‍ കിട്ടിയ വരം തിരിച്ചെടുക്കേണമേ എന്നായി പ്രാര്‍ത്ഥന.
പഞ്ചതന്ത്രം കഥയില്‍ ഒരാള്‍ ദിവസേന കിട്ടുന്ന സ്വര്‍ണ്ണ മുട്ടയില്‍ തൃപ്തിയില്ലാതെ ഒരേസമയം എല്ലാം മുട്ടയും കിട്ടണമെന്ന മോഹത്തില്‍ താറാവിനെ കൊന്നു. ഫലമോ,സ്വര്‍ണ്ണ മുട്ടയിടുന്ന താറാവ് ഇല്ലാതായി.
ലോക ചരിത്രത്തിലെ ഏറ്റവും മഹാനായ ഇംഗ്ലീഷ് നാടകകൃത്തും കവിയുമായ ഷേക്‌സ്പിയറുടെ ‘മാക്ബത്ത്’ എന്ന പ്രസിദ്ധ ദുരന്ത നാടകത്തില്‍, അധികാരമോഹം മൂത്ത് മാക്ബത്ത്, രാജാവിനെ കൊന്ന് സ്വയം സിംഹാസനത്തില്‍ കയറുന്നു. പക്ഷേ അതിമോഹം അയാളെ ഒരു കൊലപാതകി ആക്കി ഒടുവില്‍ തന്റെ ജീവിതം തന്നെ മരണത്തിലേക്ക് തള്ളി വിടുന്നു.

ജര്‍മന്‍ സാഹിത്യകാരന്‍ ഗോയ്‌ഥെ (Goethe) രചിച്ച ഫൗസ്റ്റ് (Faust) എന്ന കവിതാത്മക നാടകം സാഹിത്യ ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 1808 ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം ഭാഗം എഴുത്തുകാരന്റെ മരണശേഷം 1832 ല്‍ പ്രസിദ്ധീകരിച്ചു.
ഫൗസ്റ്റ് ലോകത്തിലെ എല്ലാ വിജ്ഞാനവും പഠിച്ചിട്ടും തൃപ്തിയാകാതെ, തന്നെ തൃപ്തിപ്പെടുത്തുന്ന അറിവിനു വേണ്ടി മെഫിസ്റ്റോഫിലിസ് എന്ന പിശാചിന് തന്റെ ആത്മാവ് പോലും വിട്ടുകൊടുക്കുന്നു. അവസാനം അയാള്‍ കുറ്റബോധം അനുഭവിക്കുമ്പോള്‍ സ്വര്‍ഗ്ഗ ദൂതന്മാര്‍ ഇടപെട്ട് ആത്മാവിനെ രക്ഷിക്കുന്നു.
അറിവിനും അനുഭവത്തിനും ഉള്ള മനുഷ്യന്റെ അന്തമില്ലാത്ത ദാഹം അവനെ എവിടെ കൊണ്ടെത്തിക്കുന്നു എന്ന് ഈ കൃതി കാണിച്ചുതരുന്നു.
ഗോയ്‌ഥെ യുടെ ‘ഫൗസ്റ്റ് ‘എന്ന കൃതിക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ക്രിസ്റ്റഫര്‍ മാര്‍ലോ എന്ന ഇംഗ്ലീഷ് നാടകകൃത്ത് എഴുതിയ ‘ഡോക്ടര്‍ ഫൗസ്റ്റസ് ‘
(Doctor Faustus) എന്ന കൃതി 16o4 ല്‍, മാര്‍ലോയുടെ മരണശേഷം, പ്രസിദ്ധീകരിച്ചു.

ഫൗസ്റ്റിനെ പോലെ ഡോക്ടര്‍ ഹൗസ്റ്റസും ജ്ഞാനത്തിന്റെ അതിരുകള്‍ കടക്കാനാ ഗ്രഹിച്ച്, ദൈവത്തോടുള്ള ബന്ധം ത്യജിച്ച് തന്റെ ആത്മാവിനെ
പിശാച് ആയ മെഫിസ്റ്റോഫിലിസിന് വില്‍ക്കുന്നു. ലോക സുഖങ്ങള്‍ ആസ്വദിച്ച് പശ്ചാത്താപം ലേശം പോലും ഇല്ലാതെ മരിക്കുന്നു.അങ്ങനെ അയാളുടെ ആത്മാവ് നരകത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.
രണ്ടു കൃതികളിലും മനുഷ്യന്റെ അമിത മോഹമാണ് വിഷയം, അതിനിടെസംഘര്‍ഷവും മോക്ഷവും
പ്രത്യാശയും ഒക്കെ കടന്നുവരുന്നു
ണ്ടെങ്കിലും. രണ്ടും ‘ഡോക്ടര്‍ ഫൗസ്റ്റസ്’ എന്ന ജനകീയ ഐതിഹ്യത്തെ
(Faustus legend ) അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.
ഈ പ്രശസ്ത കൃതികള്‍ എല്ലാം നമ്മോട് പറയുന്നു : തൃപ്തിയാണ് സത്യമായ സമ്പത്ത്. അതിമോഹം മനുഷ്യനെ ശൂന്യതയിലേക്കാണ് നയിക്കുന്നത്.
ഈ പ്രപഞ്ചം നമ്മുടെ ഏതൊരാഗ്രഹവും നിറവേറ്റാന്‍ സദാ തയ്യാറാണ്.പക്ഷേ തനിക്ക് ഹിതമായത് ചോദിക്കാനുള്ള ധൈര്യം നമുക്കുണ്ടാകണമെന്നു മാത്രം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px