പുസ്തക വായന എന്റെ ജോലിയല്ല. എന്റെ ജോലി മറ്റൊന്നാണ്. എനിക്ക് നാടുണ്ട്, വീടുണ്ട്, കുടുംബമുണ്ട് മറ്റു പലര്‍ക്കുമുള്ളതുപോലെ തിരക്കുകളുണ്ട്. പ്രശ്‌നങ്ങളുണ്ട് പ്രയാസങ്ങളുണ്ട്. ആഘോഷ ദിവസങ്ങളും കല്ല്യാണം, പാലുകാച്ചല്‍ പോലെയുള്ള മറ്റു ചടങ്ങുകളുണ്ട്. ജോലിക്കിടയിലുള്ള ബുദ്ധിമുട്ടുകളുണ്ട്. മറ്റ് കായിക വിനോദങ്ങളുണ്ട്. സൗഹൃദങ്ങളുമായി കൂട്ടിരുന്ന് സമയം ചിലവഴിക്കുന്ന രസകരമായ അനുഭവങ്ങളുണ്ടാക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുണ്ട്.
നിങ്ങളയക്കുന്ന പുസ്തകങ്ങള്‍ നിങ്ങളുദ്ദേശിക്കുന്ന സമയത്ത് വായിച്ചിരിക്കണം അഭിപ്രായം പറഞ്ഞിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കരുത്. വായിക്കില്ലെന്ന് ഞാനൊരിക്കലും പറയില്ല. അയച്ചു തരട്ടെയെന്ന് ചോദിക്കുമ്പോള്‍ ‘അയച്ചോളൂ.. വായിക്കാം..’ എന്ന് പറയുന്നത് ആത്മാര്‍ത്ഥമായാണ്. വായിക്കാനാണല്ലോ പുസ്തകങ്ങള്‍?.
വായിക്കാനിരിക്കുന്ന ഇരുനൂറിലധികം പുസ്തങ്ങള്‍ ഇപ്പോഴുമുണ്ട് ഷെല്‍ഫില്‍,, അതില്‍ ചിലത് പലരും
അയച്ചു തന്നത്. ചിലത് സൗഹൃദങ്ങള്‍ പരസ്പരം കൈമാറിയത്. ചിലത് വായിക്കാന്‍ കൊതിച്ചു സ്വന്തമാക്കിയത്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ പുസ്തകങ്ങള്‍ പോലും അതേപോലെ ഷെല്‍ഫിലുണ്ട്. ഈ പറഞ്ഞതിലൊന്നും പെടാത്ത നൂറിലധികം പുസ്തകങ്ങള്‍ നാട്ടില്‍, എന്റെ മുറിക്കകത്തുമുണ്ട്.
വായന ഒരു റിസ്‌ക്കുള്ള വ്യായാമ മുറപോലെയാണ്. ചെയ്തുകൊണ്ടേയിരിക്കുമ്പോള്‍ അനായാസമായി കൊണ്ടുപോവാന്‍ കഴിയുന്ന ഒന്ന്. ചില പുതിയ വ്യായാമ മുറകള്‍ പരീക്ഷണമായി കൊണ്ടുവന്നാല്‍
ഒരു മടുപ്പുണ്ടാക്കും എന്ന പോലെ, ചില വായനകള്‍ നിലവിലെ വായനയെപോലും തടസ്സപ്പെടുത്തും. അതുകൊണ്ട് വായന വളരെ സൂക്ഷമതയോടെയാണ് കൈകാര്യം ചെയ്യുന്നത്. പ്രഗത്ഭരുടെ ഒരുപാട് പുസ്തകങ്ങള്‍ വായനയ്ക്കിടയില്‍ മാറ്റി വെച്ചിട്ടുണ്ട് പിന്നെയാണ് ,,,, ആരെയും പരിഹസിക്കുകയല്ല, ഏറെ പ്രയാസമുണ്ടാകുന്നുണ്ട് പലരും. പറഞ്ഞു പറയിപ്പിക്കുകയാണ്.
ആരോടും വെറുപ്പില്ല, ഉണ്ടായിരുന്നെങ്കില്‍ അഡ്രസ്സ് അയച്ചു തരേണ്ടതില്ലല്ലോ ?/ പുസ്തകങ്ങള്‍ തരുമ്പോള്‍ സന്തോഷത്തോടെ വാങ്ങി വെക്കേണ്ട ആവശ്യവുമില്ലല്ലോ ?
ചില പുസ്തകങ്ങള്‍ ഒന്നോ രണ്ടോ പേജില്‍ തന്നെ മുഷിപ്പ് തോന്നും. അത് എഴുത്തുകാരന്റെ/രിയുടെ പോരാഴ്മയാണെന്ന വാദമൊന്നുമില്ല. വായനക്കാരനായ എന്റേതും കൂടിയാവാം.. എന്നാല്‍ അത് ഒരിക്കലും മുന്നോട്ട് കൊണ്ടു പോവുന്നില്ലെന്ന വസ്തുത ഞാന്‍ പറയുമ്പോള്‍ എന്നെ നിങ്ങള്‍ മനസ്സിലാക്കണം.
ചില പുസ്തകങ്ങളെ വിമര്‍ശനാത്മകമായി നേരിട്ടാല്‍ (പരിഹാസമോ അധിക്ഷേപമോ ഒന്നുമില്ലാത്ത മാന്യമായ വിമര്‍ശനം) ചിലര്‍ക്കത് സ്വീകാര്യമല്ല.
ചിലര്‍ പുസ്തകങ്ങള്‍ അയച്ചു തന്നാല്‍ ഒരു പ്രമോട്ടര്‍ എന്ന പോലെയാണ് പെരുമാറുന്നത്. നിങ്ങളെന്നെ ജോലിക്ക് നിര്‍ത്തിയതാണോ?
ചിലരുടെ ആദ്യ ചോദ്യമിതാണ് ‘താങ്കള്‍ എന്റെ പുസ്തകം വായിക്കാന്‍ എന്ത് വേണമെന്ന്?’ ‘വായിക്കാന്‍ പുസ്തകവും സമയവും’ തരണമെന്ന് പറയും. സാമ്പത്തീക സഹായം പോലും തരാന്‍ തയ്യാറായി നില്‍ക്കുന്ന എഴുത്തുകാരുമുണ്ടെന്നര്‍ത്ഥം.
പുതിയകാല, തുടക്കക്കാര്‍ എന്ന നിലയ്ക്ക് പലരുടെയും പുസ്തകങ്ങളെ വേണ്ടത് പോലെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒന്ന് പുറം തടവിയാല്‍ കൂടുതല്‍ മെച്ചപ്പെടും എന്നുറപ്പുള്ളവരെ.. ഒന്നോ രണ്ടോ മൂന്നോ വരെ ക്ഷമിക്കാം.. ആഗ്രഹത്തിനപ്പുറത്ത് വര്‍ഷാ വര്ഷം പുസ്തകം ഇറക്കുന്നവരോട് ദയ കാണിക്കാറില്ല, വിമര്‍ശിക്കാറുണ്ട്. അതും മാന്യമായ വിമര്‍ശനം.
സാഹിത്യം ഒരു കുട്ടിക്കളിയല്ല, അതില്‍ ഇടപെടുന്നവരുടെ സമയവും പ്രയത്‌നവും വിലപ്പെട്ടതാണ്. അത് ചുമ്മാ തമാശ കളിച്ച് വേസ്റ്റ് ചെയ്യാനുള്ളതല്ല. ഒരാള്‍ പുസ്തകം ഇറക്കണം എന്ന ആഗ്രഹം മനസ്സില്‍ വെച്ച് തുടങ്ങുന്ന സമയം തൊട്ട് പലരുടെയും വിലപ്പെട്ട സമയം അപഹരിച്ചെടുക്കുന്നുണ്ട്. ആദ്യം അയാളുടെ എഴുത്ത് മറ്റൊരാളെ കൊണ്ട് വായിപ്പിച്ച് പുസ്തകത്തിന്
യോഗ്യമായതാണോ എന്ന് പരിശോധിക്കലില്‍ തുടങ്ങി, അവതാരിക, പ്രൂഫ് റീഡിങ്, പ്രകാശന ചടങ്ങ് അങ്ങനെ പലരുടെയും സമയം കുട്ടിക്കളിയായി മാറ്റുന്നൂ.. വീണ്ടും പറയുന്നൂ ആഗ്രഹം കൊണ്ടിറക്കുന്ന ആദ്യത്തെ ഒന്നോ രണ്ടോ പുസ്തകം നമുക്ക് അംഗീകരിക്കാം.. ഞാനും ഒന്ന് ഇറക്കീട്ടുണ്ട്. ഒന്നോ രണ്ടോ പുസ്തകങ്ങള്‍ മാത്രം ആഗ്രഹമായി ചുരുക്കൂ.. അതിനും മേലെ പോവുകയാണെങ്കില്‍ വായനക്കാരെയും അംഗീകരിക്കാന്‍ തയ്യാറാവണം.
എനിക്ക് ഇഷ്ടപെട്ടത്, നാളുകളോളം ആഗ്രഹിച്ച് സ്വന്തമാക്കി വെച്ച പലതും ഇന്നും വായിക്കാതെ ഷെല്‍ഫില്‍ അതേപടിയുണ്ട്. എന്റെ വായന അത് എന്റെ സൗകര്യമാണ്. അല്ലാതെ എന്റെ ബാധ്യതയായി നിങ്ങളതിനെ മാറ്റരുത്. എങ്ങനെ വായിക്കണമെന്നും എപ്പോള്‍ വായിക്കണമെന്നും എന്റെ തീരുമാനമാണ്.
ഇന്നത്തെ എഴുത്തുകാരില്‍ പലരും അവരെഴുതിയതുപോലെ വായനക്കാരെ വായിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അവര്‍ അവരില്‍ മാത്രം ചുരുങ്ങാനാഗ്രഹിക്കുന്നു. വിശാലതയോടെ സാഹിത്യത്തെ കൈകാര്യം ചെയ്യാന്‍ ഇനിയും പഠിക്കേണ്ടതുണ്ട്.









