LIMA WORLD LIBRARY

സ്‌നേഹ സാനുവിന്റെ പ്രേമഭാജനം – അനുസ്മരണം: പായിപ്ര രാധാകൃഷ്ണന്‍ 

സ്‌നേഹസാനുക്കളിലൂടെയുള്ള സഞ്ചാരമായിരുന്നു എം.കെ.സാനുവെന്ന സാനുമാഷ്ടെ ജീവിതം. അദ്ധ്യാപനത്തിലും സാഹിത്യത്തിലും സൗഹൃദത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയത്തിലും സ്‌നേഹമന്ത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മൂലധനം. അഭിരുചിയിലും ആദര്‍ശത്തിലും കലാ സങ്കല്പങ്ങളിലും സമാന തരംഗദൈര്‍ഘ്യമുള്ള ഒരു സൗഹൃദ കാന്തിക വലയം മാഷെ എന്നും ചൂഴ്ന്നു നിന്നിരുന്നു. എം.ഗോവിന്ദനായിരുന്നു അതിന്റെ ഊര്‍ജ്ജസ്രോതസ്സ്. എം.വി. ദേവന്‍, സി.എന്‍.ശ്രീകണ്ഠന്‍നായര്‍, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ അവരുടെ അവസാന കാലംവരെ ഈ ദൃഢസൗഹൃദത്തില്‍ രമിച്ചിരുന്നു. സുകുമാര്‍ അഴിക്കോടുമായുണ്ടായിരുന്ന അതിരുവിട്ട അടുപ്പം പാളിപ്പോവുകയും നിലവിട്ട പരസ്പര ഒളിപ്പോരുകളിലേക്ക് നീങ്ങുകയും ചെയ്തു. അതിന് കാരണമായതും സ്‌നേഹബന്ധങ്ങളിലെ പാളിച്ചകള്‍ തന്നെയാണെന്നാണ് എല്ലാറ്റിനും സാക്ഷിയായ പോഞ്ഞിക്കര റാഫി പറഞ്ഞത്.
സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന കാലത്ത് സാനുമാഷ് അഴിക്കോടിന് വിശിഷ്ടാംഗത്വം നല്കുകയുണ്ടായി. വിശിഷ്ടാംഗത്തിന് ഒരിക്കലും സാഹിത്യ അക്കാദമി അദ്ധ്യക്ഷനാവാനാകില്ല. അങ്ങിനെ അക്കാദമി പ്രസിഡന്റ് സ്ഥാനത്തിനുള്ള അഴിക്കോടിന്റെ ഗുപ്തമോഹത്തിന് തടയിടുകയും ചെയ്തു.
ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നുവെങ്കിലും പ്രഭാഷണമാണ് മാഷ്ടെ ആത്മപ്രകാശനത്തെ ഉദ്ധീപിച്ചുപോന്നത്. മാഷ്ടെ ക്ലാസുകള്‍ പോലും പ്രസംഗ പരമ്പരകളായിരുന്നു. എഴുപതുകളുടെ തുടക്കത്തില്‍ മഹാരാജാസ് കോളേജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ ക്ലാസ്സിലാണ് സനുമാഷെ ആദ്യം അറിയുന്നത്. പായിപ്ര പോലുള്ള വിദൂര ഗ്രാമത്തില്‍ നിന്ന് വരുന്ന എനിക്ക് ലീലാവതി ടീച്ചറെയും, സാനുമാഷെയും, എം.അച്യുതന്‍ മാഷെയുമൊക്കെ വെളിപ്പെടുത്തിത്തന്നത് കോപ്പറേറ്റീവ് സ്റ്റോറിന് പിന്നിലെ ഇരുട്ടുമുറി ക്ലാസ്സായിരുന്നു. പ്രണയികളുടെ ഇരുമ്പുചുറ്റു ഗോവണിയും നിലീന എബ്രഹാമിന്റെ ബംഗാളി ക്ലാസ്സുമായിരുന്നു അയല്പക്കം. വള്ളത്തോളിന്റെ ബധിരവിലാപമെന്ന ഏറ്റവും ചെറിയ പുസ്തകമായിരുന്നു സാനു മാഷ് എടുത്തിരുന്നത്. അതൊഴിച്ച് ബാക്കി ലോകത്തുള്ള സകലമാന വിഷയങ്ങളും പരാമര്‍ശിക്കപ്പെടുന്ന വാഗ്നിര്‍ജ്ജരിയായിരുന്നു ആ ക്ലാസുകള്‍.
എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചിലരുടെ അധികാരമോഹത്തെക്കുറിച്ചും രാഷ്ട്രീയ പക്ഷപാതങ്ങളെക്കുറിച്ചുമൊക്കെ പ്രസംഗ ക്ലാസ്സുകളില്‍ കത്തിക്കയറും. വര്‍ഷങ്ങള്‍ക്കു ശേഷം പു.ക.സ യുടെ അദ്ധ്യക്ഷനും M L A യുമൊക്കെ ആയപ്പോള്‍ വന്ന നിലപാടുകളിലെ ചാഞ്ചല്യത്തെക്കുറിച്ച് മാഷോട് ഞാന്‍ ആരാഞ്ഞിട്ടുണ്ട്. അവിടെയും ആളുകളുടെ സ്‌നേഹവും സൗഹൃദവുമാണ് ഇവ്വിധം ചായാനും ചെരിയാനും പ്രേരിപ്പിക്കുന്നതെന്നായിരുന്നു മറുപടി.
കരിക്കാമുറിയിലെ വീട്ടിലും കോളേജിലുമൊക്കെ പ്രസംഗ പരിപാടികള്‍ക്ക് ക്ഷണിക്കാന്‍ വരുന്നവരുടെ തിരക്ക് കണ്ടിട്ടുണ്ട്. ശിഷ്യന്മാരും സുഹൃത്തുക്കളും അടങ്ങുന്ന ഇവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ നിഷേധ സ്വരമുയര്‍ത്താന്‍ അദ്ദേഹം അശക്തനായിരുന്നു. ഇവരില്‍ നിന്നും രക്ഷ നേടാന്‍ മാഷ്‌ക്ക് ചില സ്വകാര്യ ഒളിസങ്കേതങ്ങളും ഉണ്ടായിരുന്നു. അവസാന വര്‍ഷ ബിരുദ കാലത്ത് താനേറ്റ ചില സാഹിത്യ പരിപാടികള്‍ക്ക് രണ്ടുമൂന്നിടത്ത് മാഷ് എന്നെ നിയോഗിച്ചത് ഓര്‍മ്മവരുന്നു. എന്റെ സാഹിത്യ പ്രസംഗങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു .
സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന അവസാന കാലം മാഷ് വളരെ അസ്വസ്വസ്ഥനായിരുന്നു. രാഷ്ട്രീയ ഇടപെടലുകളുടെ ആധിക്യം മൂലമുണ്ടായ പരിഭവങ്ങളും പരാതികളും മാഷ്ടെ സ്വകാര്യ സംഭാഷണങ്ങളില്‍ നുരഞ്ഞു വന്നിരുന്നു. സാനു മാഷ്ടെ ഭരണ സമിതി ഒഴിഞ്ഞയുടനെ ചുമതലയേല്‍ക്കാനായിരുന്നു സാഹിത്യ അക്കാദമിയിലെ എന്റെ നിയോഗം. ഞാന്‍ ചാര്‍ജെടുത്ത് രണ്ടോ മൂന്നോ മാസം കഴിഞ്ഞു കാണും മാഷ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അക്കാദമിയില്‍ വന്നു. എന്നെ പുറത്തേക്ക് വിളിപ്പിച്ച് മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു .’ ഞങ്ങളുടെ കമ്മിറ്റി നിയമിച്ച താല്ക്കാലിക ജീവനക്കാരെ നിങ്ങള്‍ പിരിച്ചുവിടുമോ എന്നറിയില്ല . സെക്യൂരിറ്റിയായി ജോലി നോക്കുന്ന ഡേവിഡ് പാവമാണ്. അയാളുടെ കാര്യം രാധാകൃഷ്ണന്‍ ശ്രദ്ധിക്കണം. പറഞ്ഞു വിടാതെ നോക്കണം.’ ഞാന്‍ മാഷ്‌ക്ക് കൊടുത്ത വാക്ക് പാലിച്ചു. അയാളെ മാത്രമല്ല ഒരു താല്ക്കാലിക ജീവനക്കാരനേയും പിരിച്ചു വിട്ടില്ല. കുങ്കുമം പത്രാധിപരായിരിക്കുമ്പോള്‍ ഇതുപോലെ മറ്റൊരാള്‍ക്കുവേണ്ടിയും മാഷ് ശുപാര്‍ശക്കത്ത് എനിക്കയച്ചിരുന്നു . (ആ കത്ത് ഈയിടെ പ്രസിദ്ധീകരിച്ച കത്തുകളുടെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. )
ലളിതവും ഋജുവും വെടിപ്പുമുള്ളതാകണം പ്രഭാഷണവും എഴുത്തുമെന്ന് സാനു മാഷ് എപ്പോഴും നിഷ്‌കര്‍ഷിച്ചിരുന്നു. ആശയങ്ങള്‍ ഗഹനമാകുമ്പോഴും മാഷ്ടെ ആവിഷ്‌കാരം അനായാസവും അക്ലിഷ്ടവുമായിരിക്കും. ധര്‍മ്മലംഘനങ്ങളോടും അനീതികളോടും സൗമ്യവും ദൃഢവുമായിരുന്നു നയം. വി.ആര്‍. കൃഷ്ണയ്യര്‍ ഡോ . സി.കെ.രാമചന്ദ്രന്‍ എന്നിവരുമായുള്ള സൗഹൃദവും അന്യായങ്ങള്‍ക്കെതിരെയുള്ള മാഷ്ടെ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട് .
എഴുപതുകളില്‍ സി.എന്‍.ശ്രീകണ്ഠന്‍ നായരും, സാനു മാഷും, എം വി ദേവനും, കാനായിയും, ഡി.വിനയചന്ദ്രനും, എം.തോമസ് മാത്യുവും, ടി ആറുമെല്ലാം ചേര്‍ന്ന് രൂപപ്പെട്ട ‘അരുള്‍ക്കള’ മെന്ന വേറിട്ടൊരു സാംസ്‌കാരിക കൂട്ടായ്മയില്‍ ഞാനും സി അയ്യപ്പനുമൊക്കെ ശിങ്കിടികളായുണ്ടായിരുന്നു. മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു സമീപത്തെ ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ കെട്ടിടമായിരുന്നു ‘അരുള്‍ക്കള ‘ ത്തിന്റെ അരങ്ങ്.
ശ്രീനാരായണ ഗുരു മുതല്‍ മോഹന്‍ലാല്‍ വരെ നീളുന്ന ജീവചരിത്ര വൈവിധ്യം വിപുലമായ സാനു മാഷ്ടെ രചനാ ലോകത്തെ സവിശേഷ മേഖലയാണ്. കുമാരനാശാന്‍, എം.ഗോവിന്ദന്‍, പി.കെ.ബാലകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, ചങ്ങമ്പുഴ, ബഷീര്‍, വൈലോപ്പിള്ളി, കേസരി, കേശവദേവ്, സി.ജെ.തോമസ് എന്നിങ്ങനെ നീളുന്നു ആ നിര. സൗന്ദര്യ ദര്‍ശനം വിമര്‍ശനം കലാസാഹിത്യ ചിന്ത, നാടക പഠനം, യാത്രാനുഭവങ്ങള്‍, സാംസ്‌കാരിക ചിന്തകള്‍ എന്നിങ്ങനെ പതിനായിരത്തിലധികം പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മാഷ്ടെ രചനാലോകത്തെ വിസ്മയത്തോടെയല്ലാതെ പിന്തുടരാനാവില്ല .
ആദ്യമായി സാനുമാഷെ കേള്‍ക്കുകയും കാണുകയും ചെയ്ത ആ മലയാളം ഇരുട്ടുമുറി ക്ലാസ്സിന്റെ അടുത്തുള്ള സദാ പ്രകാശമാനമായ മറ്റൊരു മലയാളം ക്ലാസ്സുമുറിയില്‍ വച്ചാണ് മാഷോടൊപ്പം അവസാനം വേദി പങ്കിട്ടത്. അമ്പതു വര്‍ഷം മുമ്പത്തെ ഞങ്ങളുടെ ആ മലയാളം ബിരുദ ക്ലാസ് പുനഃസൃഷ്ടിക്കുകയായിരുന്നു. പഴയ അദ്ധ്യാപക പ്രൗഢിയോടെ സനുമാഷും വന്നു. കാറില്‍ നിന്നിറങ്ങുമ്പോള്‍ രാധാകൃഷ്ണനും ഉണ്ടല്ലോ എന്നു പറഞ്ഞ് എന്റെ കൈ പിടിച്ചു. ആ കൈകള്‍ ദുര്‍ബ്ബലങ്ങളായിരുന്നു. എന്നാലും ഗുരുദക്ഷിണയെന്നപോലെ എന്റെ പുതിയ പുസ്തകം ‘ആഴ്ചയുടെ തീരങ്ങളില്‍ ‘ മാഷ്‌ക്ക് സമര്‍പ്പിച്ചു. അദ്ദേഹം എന്നെ ആശ്ലേഷിച്ചു .
മഹാരാജാസിന്റെ പൂമരത്തണലില്‍ മഹാഗുരുപരമ്പരകളുടെ ഊഷ്മളമായ ഒരു കണ്ണിയായി ശിഷ്യപരമ്പരകളെ ആ സ്‌നേഹ സാനുവിലേക്ക് ചേര്‍ത്തുപിടിച്ച് മാഷും മറയുന്നു .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px