ആത്മശാന്തിക്കാണ് മനുഷ്യന്‍ ദൈവത്തെ ആശ്രയിക്കുന്നത്. മറ്റാരും തുണയില്ലാത്ത അനിശ്ചിതത്വം നിറഞ്ഞ ഘട്ടങ്ങളില്‍ വേദനകളില്‍ നൊന്തു വിളിക്കുമ്പോള്‍ പ്രതീക്ഷകളറ്റു പോകുന്ന സന്ദര്‍ഭങ്ങളിലെല്ലാം താങ്ങാകുന്ന ശക്തി . കൈ വെടിയുകയില്ലെന്ന വിശ്വാസത്തിലാണ് അദൃശ്യശക്തിയെ തേടി മനുഷ്യര്‍ ദേവാലയങ്ങളിലെത്തുന്നത്.
ഭൂമിയിലെ എല്ലാ കാലഘട്ടങ്ങളിലുമുള്ള സംസ്‌കാരങ്ങളിലും മനുഷ്യ ജീവിതത്തിന്റെ സഹജ സവിശേഷതയാണ് ദൈവാന്വേഷണം. മനുഷ്യന് വിശ്വാസവും , പ്രതീക്ഷയും കരുത്തും പകരുന്ന അവ്യക്തമായ സാന്നിധ്യമാണ് എന്നും
ഈശ്വരന്‍. മനുഷ്യന്‍ ഈശ്വരനെ തേടുന്നത് ഭയത്താലല്ല . സ്‌നേഹത്തിന്റെ പ്രതീകമായാണ്.
ഇഹലോകം മായയാണെന്നും ഭൗതിക വസ്തുക്കളില്‍ തൃപ്തി നേടാന്‍ കഴിയുകയില്ലെന്നുമുള്ള തിരിച്ചറിവും മനുഷ്യരെ ആത്മീയതയിലേക്ക് വേരുറപ്പിക്കുന്നു.
ഈശ്വരചൈതന്യം അറിയുവാനും മനസ്സിനെ ശാന്തമാക്കുവാനും കൂട്ടായ പ്രാര്‍ത്ഥനക്കുമായാണ് മനുഷ്യന്‍ ദേവാലയങ്ങള്‍
നിര്‍മ്മിച്ചത്. എല്ലാ മതങ്ങളുടെയും അടിസ്ഥാനം മനുഷ്യരുടെ ഉള്ളിലെ ഇരുട്ടിനെ അകറ്റി വെളിച്ചം നിറയ്ക്കുകയാണ്.
ആത്മീയതയുടെ നിശ്ശബ്ദതകളല്ല ഇന്ന് ആരാധനാലയങ്ങളില്‍ കാണുന്നത്. ആഡംബരങ്ങളുടെ പ്രദര്‍ശനങ്ങളാണ്. സ്വര്‍ണ്ണം പൂശിയ ഗോപുരങ്ങള്‍ , വിലയേറിയ രത്‌നങ്ങള്‍ പതിപ്പിച്ച ആഭരണങ്ങള്‍ , അലങ്കാരങ്ങള്‍. ഇവയെല്ലാം ആരാധനാലയങ്ങളില്‍ ആവശ്യമുണ്ടോ?
ലാളിത്യം , സത്യസന്ധത , സഹജിവി സ്‌നേഹം
എന്നിവയാണ് ഈശ്വരന്റെ പാഠങ്ങള്‍. ആഡംബരങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന
ധനം പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കും സമൂഹത്തിനാവശ്യമുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കണം.
പട്ടിണിപ്പാവങ്ങളുടെ ദാരിദ്ര്യമകറ്റുവാനുമുള്ള ,
സഹജീവി സേവാഭാവത്തിന്റെ കേന്ദ്രവുമാകണം.
സ്വര്‍ണ്ണം പൂശുവാനുപയോഗിക്കുന്ന ധനം
ഒരു ആശുപത്രി പണിയുവാന്‍ ഉപയോഗിച്ചാല്‍
ഈശ്വരനെ ഹൃദയമാകുന്ന ദേവാലയത്തിലും ദര്‍ശിക്കുവാനാകും.
‘ ഈശ്വരനെ തേടി ഞാനലഞ്ഞു ഒടുവില്‍ എന്റെ ഹൃദയത്തിലാണ് കണ്ടെത്തിയത്’എന്ന
കബീര്‍ ദാസിന്റെ വരികള്‍ ഇവിടെ പ്രസക്തമാണ്.
ദൈവം ആകാശത്തും , വിഗ്രഹങ്ങളിലുമല്ല കുടിയിരിക്കുന്നത്. നമ്മില്‍ തന്നെയാണ്. കരുണയുടെയും , സ്‌നേഹത്തിന്റെയും നൈര്‍മ്മല്യഭാവമാണ് നമ്മിലെ ഈശ്വരാംശം.
ഭക്തിയുടെ അളവ് ഭക്തന്‍ സമര്‍പ്പിക്കുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കത്തിലല്ല , നിഷ്‌കളങ്കവും സംശുദ്ധവുമായ ചിന്തകളോടെയുള്ള ആരാധനയിലാണ്.
യഥാര്‍ത്ഥ ഭക്തിയോടെ നല്‍കുന്ന പുഷ്പം പോലും ഈശ്വരന് പ്രിയപ്പെട്ടതാണ്.
ആരാധനാലയങ്ങളിലെ ശാന്തി നിറഞ്ഞ അന്തരീക്ഷം പ്രാര്‍ത്ഥനകളില്‍ ഏകാഗ്രത നിറയ്ക്കുന്നുണ്ട്. ആരാധനാലയത്തില്‍ ചെന്ന് മനശുദ്ധിയോടെ പ്രാര്‍ത്ഥിച്ചു മടങ്ങുമ്പോള്‍ പ്രത്യേക ഉന്മേഷം നിറയാറുമുണ്ട്. അതു പോലെ
ആരാധനാലയങ്ങളുടെ നടത്തിപ്പിന് ധനം ആവശ്യമാണ്. പക്ഷേഎല്ലാം അമിതമാകുമ്പോളാണ് അര്‍ത്ഥശുദ്ധി നഷ്ടമാകുന്നത്.
സ്വര്‍ണ്ണത്തിളക്കത്തില്‍ തിളങ്ങുന്നതല്ല യഥാര്‍ത്ഥ ഭക്തി. മനുഷ്യത്യവും പരസ്പരസ്‌നേഹവുമാണതിന് ദീപ്തി പകരുന്നത്. ആരാധനാലയങ്ങള്‍ ആ ഓര്‍മ്മപ്പെടുത്തലായിരിക്കണം ആഡംബരമായ ണിയേണ്ടത്. ഈശ്വരനെ കാണുവാന്‍ കണ്ണുകളും മനസ്സും തുറക്കണം.
ഒരു മതവിഭാഗത്തെയും പേരെടുത്ത് പറയാതെയും , പരമാവധി വിവാദങ്ങള്‍ ഒഴിവാക്കിയുമാണ് വെള്ളിനാണയം ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത് എന്നു കൂടി സൂചിപ്പിക്കട്ടെ.











