LIMA WORLD LIBRARY

വയലാര്‍ അനുസ്മരണം-ജോസ്‌കുമാര്‍ ജര്‍മ്മനി

‘ സ്‌നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസത്രത്തേയും ‘
എന്ന് ധീരമായി പ്രഖ്യാപിച്ച കവിയും കഥാകൃത്തും ഗാനരചയിതാവും
പ്രാസംഗികനുമായിരുന്ന ‘വയലാര്‍’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ,
സ്ലേറ്റില്‍ ‘വസന്തം’ എന്ന വാക്ക് തെറ്റുകൂടതെ എഴുതി സ്‌കൂള്‍ പ്രവേശനം നേടിയ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ ആലപ്പുഴ,
ചേര്‍ത്തല താലൂക്കിലെ വയലാറിലുള്ള രാഘവപ്പറമ്പ് കോവിലകത്തേക്കാവട്ടെ
ഇന്നത്തെ യാത്ര .

മലയാളത്തിന്റെ മറക്കാനാവാത്ത കവിയും ഗാനരചയിതാവും
സമൂഹത്തേയും
വ്യക്തിയേയും പരസ്പര പൂരകങ്ങളായി കണ്ട്, മാനവമഹത്വം കവിതകളിലും
ഗാനങ്ങളലും കൂടി മലയാളികള്‍ക്ക് കാണിച്ചുകൊടുത്ത കവീശ്വരന്റെ ജന്മഗൃഹമായ രാഘവപ്പറമ്പ്. ആലുവ വെള്ളാരപ്പള്ളി കളപ്പാട്ടുമഠത്തില്‍ കേരളവര്‍മ്മയുടേയും വയലാര്‍ രാഘവപ്പറമ്പില്‍ കോവിലകത്ത് അംബാലിക തമ്പുരാട്ടിയുടേയും മകനായി ആയരത്തി തൊള്ളായിരത്തി ഇരുപത്തിയെട്ട് മാര്‍ച്ചുമാസം ഇരുപത്തിയഞ്ചാം തീയതി ജനിച്ച്, നാല്‍പ്പത്തിയേഴാം വയസ്സില്‍ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ച് ഒക്ടോബര്‍മാസം ഇരുപത്തിയേഴിന് നമ്മെ വിട്ടുപിരിഞ്ഞിട്ട്
27.10.2025 ന് അമ്പതു വര്‍ഷം തികയുകയാണ്.
ആ കാവ്യ-ഗാനപ്രതിഭക്ക് മുമ്പില്‍
പ്രണാമം.

വയലാര്‍ രാമവര്‍മ്മയെക്കുറിച്ച് മലയാളികളോട്
സംസാരിക്കുന്നതും എന്തെങ്കിലും എഴുതുന്നതും
കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്നതിന് തുല്യമെന്ന് നന്നായറിയാം.
കാരണം,
വയലാറിന്റെ
ഏതെങ്കിലുമൊരു ഗാനശകലം ചുണ്ടിലൂറാത്ത മലയാളികള്‍
ലോകത്തെവിടെയും
ഉണ്ടാകാന്‍ സാധ്യതയില്ല.
എങ്കിലും മിന്നാമിനുങ്ങിനുങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ട
ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

രാമവര്‍മ്മ തിരുമുല്‍പ്പാട്
വയലാര്‍ രാമവര്‍മ്മയായത്ഈശ്വരനിശ്ചയം.

1948 ല്‍ അദ്ദേഹത്തിന്റെ
ഇരുപതാം വയസ്സില്‍ ‘പാദമുദ്രകള്‍’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി തുറവൂരിലെ നരസിംഹവിലാസം പ്രസ്സുടമയായ
മാധവപൈയെ കാണുന്നു.
‘പാദമുദ്രകള്‍’
എഴുതിയത് രാമവര്‍മ്മ തിരുമുല്‍പ്പാട്.
പുസ്തകം വില്പനയ്‌ക്കെത്തുന്നു. നിര്‍ഭാഗ്യവശാല്‍
പുസ്തകം വിറ്റുപോയില്ല.
ചെലവായ തുക നല്‍കി പുസ്തകം കൊണ്ടുപോകണമെന്ന് മാധവപൈ.
തുക നല്‍കാന്‍ കഴിയാതിരുന്ന
സാഹചര്യത്തില്‍
മാധവപൈക്ക്
പകര്‍പ്പവകാശം
നല്‍കുകയായിരുന്നു തിരുമുല്‍പ്പാട്. എന്നാല്‍ ബുദ്ധിമാനായ മാധവപൈ രാമവര്‍മ്മ തിരുമുല്‍പ്പാട് എന്നതിനു മുകളില്‍ വയലാര്‍ രാമവര്‍മ്മ എന്ന് അച്ചടിച്ച് ഒട്ടിച്ചു വച്ചു. അത്ഭുതമെന്നു പറയട്ടെ, പുസ്തകം ഞൊടിയിടയില്‍ വിറ്റുപോവുകയും
കവിയെതേടി വായനക്കര്‍ വയലാറില്‍ എത്തുകയുമായി.
പിന്നീടങ്ങോട്ട്
വയലാറിന്റെ വരികള്‍കള്‍ക്ക് ഈണം പകരുകയായിരുന്നു മലയാളികള്‍.

ഇത്രമാത്രം പ്രപഞ്ച സൗന്ദര്യം
ആസ്വദിക്കുകയും ജീവിതം ആഘോഷമാക്കുകയും ചെയ്ത മറ്റൊരു കവിയോ ഗാനരചയിതാവോ
മലയാളമണ്ണില്‍
പിറന്നിട്ടുണ്ടാവുകയല്ല. ഇതിന് സാക്ഷ്യം അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും തന്നെ. ഈ ഭൂമിയേയും ഇവിടുത്തെ ജീവജാലങ്ങളേയും മനഷ്യജന്മത്തേയും കവി എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്നും , ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ആ ജന്മം ഈ ഭൂമിയില്‍ത്തന്നെ ലഭിക്കണമെന്നും
ആഗ്രഹിച്ചെഴുതിയ ഈ ഗാനം ആര്‍ക്കാണ്
മറക്കാന്‍
കഴിയുക ?
‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍
തൂവല്‍ കൊഴിയും തീരം
ഈ മനോഹര തീരത്തുതരുമോ
ഇനിയൊരു ജന്മം കൂടി …
എനിക്കിനിയൊരു
ജന്മംകൂടി…….
ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ ?
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ?
ഗന്ധര്‍വ്വഗീതമുണ്ടോ ?
വസുന്ധരേ ! വസുന്ധരേ….
കൊതിതീരുംവരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ…….
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ ?
സ്വപനങ്ങളുണ്ടോ? പുഷ്പ്പങ്ങളുണ്ടോ ?
സ്വര്‍ണ്ണമരാളങ്ങളുണ്ടോ ?
വസുന്ധരേ !
വസുന്ധരേ……
മതിയാകുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ ? ‘
ഇത്ര മനോഹരമായൊരു വര്‍ണ്ണന ആസ്വദിക്കുമ്പോള്‍ ആരാണ് ഈ മനോഹരതീരത്ത് ഒരു ജന്മം കൂടി ആഗ്രഹിക്കാതിരിക്കുക !

ഒരുപക്ഷേ ഈ ഭൂമിയിലെ മനുഷ്യ
ജന്മത്തിന്റെ മാഹാത്മ്യം പുന്താനം നമ്പൂതിരിയെ പോലെ വയലാറും അനുഭവച്ചറിഞ്ഞിരിക്കണം.
മനുഷ്യജന്മത്തിന്റെ മഹനീയതയെ
പൂന്താനം വര്‍ണ്ണിക്കുന്നതിങ്ങനെ:
‘എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്രവന്നു പിറന്നു സുകൃതത്താല്‍ !
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മണ്ണില്‍ക്കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ് നിന്നതും
എത്ര ജന്മം മരിച്ചു നടന്നതും
എത്ര ജന്മം പറന്നു നടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്
മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം !

വയലാറിന്റെ കാവ്യഹൃദയം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിന്റെ കവിതകള്‍ തന്നെ മതിയാവും.
‘ മനുഷ്യന്‍. മനുഷ്യന്‍
ഞാനെന്നില്‍നിന്നാരംഭിച്ചു.
മഹത്താം പ്രപഞ്ചത്തിന്‍
ഭാസുരസങ്കല്‍പ്പങ്ങള്‍
എന്നിലുണ്ടിന്നേവരെ ജീവിച്ച സംസകാരങ്ങള്‍
എന്നിലുണ്ടെന്നിനിയത്തെവിടരും സംസ്‌കാരങ്ങള്‍.
ഈ വിശ്വതലത്തിന്റെ കര്‍മ്മമേഖലകളില്‍
ജീവിതം നോവുമ്പോളെന്നാത്മാവു നൊന്തിടുന്നു.
മാനവപ്രയത്‌നത്തിന്‍ ചുണ്ടുകളെങ്ങാഹ്ലാദ-
ഗാനവീചികള്‍ നെയ് വതവിടെപ്പാടുന്നു ഞാന്‍ ‘
ഇവിടെ കവിയുടെ
കാവ്യ-ഗാനരചനകളുടെ സ്രോതസ്സ്
വ്യക്തമാകുന്നണ്ട്. ഇവിടെ വികാരവും വിചാരവും ഒരുപോലെ ഒത്തുചേരുന്നു.

ജാതിയുടേയും മതത്തിന്റേയും മതില്‍ക്കെട്ടുകളില്‍ ഈശ്വരപൂജ നടത്തുന്നവരോട്
കവിക്ക് ഒന്നേ പറയാനുള്ളു.
‘ മനുഷ്യന്‍ മനഷ്യനെ സ്‌നേഹിക്കുമ്പോള്‍ മനസ്സില്‍ ദൈവം ജനിക്കുന്നു.
മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍
തുടങ്ങുമ്പോള്‍ മനസ്സില്‍ ദൈവം മരിക്കുന്നു ‘ ഈ വരികളില്‍ക്കൂടി മനുഷ്യമനസ്സിനെ ദേവാലയമാക്കുക എന്ന സന്ദേശം നല്‍കുകയാണ് പ്രിയ കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മ. മനഃപ്രസാദമുണ്ടാക്കുന്ന സല്‍ക്കര്‍മ്മങ്ങള്‍ മാത്രമാണ് ഈശ്വരപൂജയെന്നെഴുതിയ വേദവ്യാസന്റെ വരികള്‍ നോക്കൂക:
‘ മനഃപ്രസാദം കുരുതേ
തദേവേശ്വര പൂജയാ. ‘
ഈ ആശയം
വയലാറിനെ സ്വാധീനിച്ചിട്ടുണ്ടാവണം .

വയലാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍
ഏതൊരു മലയാളിയും
നെഞ്ചോടു
ചേര്‍ത്തു പിടിക്കുന്ന മറ്റൊരു മനോഹരമായ
അനുഭവമാണ്
മാനസമൈനേ..
എന്നു തുടങ്ങുന്ന പ്രണയഗാനം.
‘മാനസമൈനേ വരൂ

മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയില്‍ നീ
തേടുവതാരേ.. ആരെ….
മാനസമൈനേ വരൂ
നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
കളിക്കൂട്ടുകാരനെ മറന്നുപോയോ
കടലിലെ ഓളവും
കരളിലെ മോഹവും
അടങ്ങുകില്ലോമനെ
അടങ്ങുകില്ലാ..
മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയില്‍ നീ
തേടുവതാരേ… ആരെ…
മാനസമൈനേ വരൂ’….

നിന്റെ പൂവാടിയില്‍ ആരെയാണ് നീ തേടുന്നത് ?
നിലാവുള്ള ഈ രാത്രിയില്‍
നിശാഗന്ധി പൂത്തുലയുമ്പോള്‍ ഈ
കളിക്കൂട്ടൂകാരനെ,കളിക്കൂട്ടുകാരിയെ നീ മറന്നുപോയോ എന്ന് ഒരിക്കലെങ്കിലും മനസ്സില്‍
ചോദിക്കാത്ത
ആരെങ്കിലുമുണ്ടോ
നമ്മുടെയിടയില്‍?
ഇത്ര നല്ലൊരു പ്രണയഗാനം വയലാറിനല്ലാതെ ആര്‍ക്കെഴുതാന്‍ കഴിയും?
കടലിലെ
ഓളവും
കരളിലെ മോഹവും
അടങ്ങുകില്ലരുനാളും..
അടങ്ങുകില്ല…

ഒരു ഗാനരചയിതാവ് എന്നതിലുപരി വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ് വയലാര്‍.
പാദമുദ്രകള്‍, കൊന്തയും പൂണൂലും,എനിക്കു മരണമില്ല,
മുളങ്കാട്, ഒരു യൂദാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിത,
സര്‍ഗസംഗീതം, രാവണപുത്രി, അശ്വമേധം, സത്യത്തിനെത്ര വയസ്സായി, താടക എന്ന ദ്രാവിട രജകുമാരി, അയിഷ, റോസാദലങ്ങളും
കുപ്പിച്ചില്ലുകളും എല്ലാം അദ്ദേഹത്തിന്റെ
കൃതികളാണ്.
1961ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
ലഭിച്ചു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പലപ്പോഴായി മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
‘വരിക,ഗന്ധര്‍വ്വഗയകാ വീണ്ടും
വരിക കാതോര്‍ത്തു നില്‍ക്കുന്നു കാലം’
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px