LIMA WORLD LIBRARY

ഫാല്‍ഗുനസന്ധ്യയില്‍ കൊഴിഞ്ഞ പ്രണയപുഷ്പം-ഗിരാജാ വാര്യര്‍

നിശാഗന്ധികള്‍ മൊട്ടിടുന്ന ഫാല്‍ഗുനസന്ധ്യ! വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍ പാര്‍വതീപൂജയ്ക്ക് പൂ നുള്ളുവാന്‍ വന്നതാണ് ആ ദ്രാവിഡരാജകുമാരി! അവള്‍ താടക! ആ താഴ്വര അവളുടെ സൈ്വരവിഹാരരംഗമാണ്! അവിടെയാണ് പെണ്മനസ്സിനെ ഉന്മാദം കൊള്ളിക്കുന്ന സുന്ദരഗാത്രത്തോടെ, ആ കാമസ്വരൂപനെ, ശ്രീരാമനെ,അവള്‍ ആദ്യമായി കാണുന്നത്. താമരച്ചോലയ്ക്കരികേ, ഏതോ ഒരു മുനി കൊണ്ടുനടക്കുന്ന ആ യുവാവിനെ കണ്ടമാത്രയില്‍ അവള്‍ കണ്ണെടുക്കാതെ ഒരഭൗമരോമാഞ്ചമായി നിന്നുപോയി!
ആദ്യദര്‍ശനത്തില്‍ത്തന്നെ അനുരാഗവിവശയായ ആ പെണ്‍കിടാവ് രാമന്റെ അരികിലെത്തുന്നു.
‘ ചിത്രശിലാതലങ്ങള്‍ക്കുമീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ആ രാത്രി സ്വപ്നവും കണ്ടു വനനദീതീരത്ത് ശ്രീരാമചന്ദ്രന്‍ ഉറങ്ങവേ,
കാട്ടിലൂടൊച്ചയുണ്ടാക്കാതനങ്ങാതെ
ഓട്ടുവളകള്‍ കിലുങ്ങാതെ ഏകയായ്… ‘
അവളെത്തുന്നു.
നോക്കൂ.. ആ കാമസ്വരൂപന്റെ ഉറക്കത്തിന് ഒരു വിഘ്‌നവും വരുത്തരുത് എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് തന്റെ ഓട്ടുവളകളുടെപോലും ഒച്ച കേള്‍പ്പിക്കാതെ അത്രയും ശ്രദ്ധയോടെ അവള്‍ അരികിലെത്തുന്നത്. പക്ഷേ രാമനടുത്തെത്തിയ താടകയുടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു തളിരിളം താമരമൊട്ടുപോലെയുള്ള അവളുടെ വിരലുകള്‍ ശ്രീരാമചന്ദ്രന്റെ മുടിയിഴകളെ തഴുകുന്നു! ഞാണ്‍വടുവാര്‍ന്ന അദ്ദേഹത്തിന്റെ കൈകളിലും സ്വര്‍ണ്ണംപോലെ ജ്വലിക്കുന്ന അംഗോപാംഗങ്ങളിലും തഴുകിത്തലോടുന്ന അവള്‍ ആ അനുഭൂതിയില്‍ തന്റെ മനം കവര്‍ന്ന പുരുഷനെ ഒരു മാദകചുംബനത്താല്‍ ഉണര്‍ത്തുന്നു. അവളുടെ സാമീപ്യസുഖത്തില്‍ പൂത്തുവിടര്‍ന്ന രാമന്റെ കണ്ണുകളില്‍നോക്കി ആ പെണ്‍കിടാവ് തൊടുക്കുന്ന ആദ്യചോദ്യം അനുവാചകന്റെ ഉള്ളില്‍ തറയ്ക്കുന്നതാണ്.
‘ ആര്യവംശത്തിന്നടിയറവയ്ക്കുമോ സൂര്യവംശത്തിന്റെ സ്വര്‍ണസിംഹാസനം? ‘
ആര്യദ്രാവിഡസംഘര്‍ഷങ്ങളുടെ മാറ്റൊലി മുഴങ്ങുന്ന അക്കാലത്ത് രാമനോടുള്ള താടകയുടെ ഈ ചോദ്യം തികച്ചും പ്രസക്തമാണ്.
അവളുടെ സംശയം ശരി വയ്ക്കുന്നതാണ് പിന്നീട് അരങ്ങേറുന്ന സംഭവങ്ങള്‍! ഒരുപക്ഷേ അതറിഞ്ഞുകൊണ്ടുതന്നെയായിരിക്കണം അവള്‍ ഈ ചോദ്യം തൊടുത്തുവിട്ടത്!ചുറ്റും ഉറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു. നിശബ്ദയായി നില്‍ക്കുന്ന പെണ്‍കിടാവിനെ നോക്കി,യജ്ഞകുണ്ഡത്തിന് അരികില്‍നിന്നും വിശ്വാമിത്രന്‍ ഗര്‍ജിക്കുന്നു.
‘ വില്ലു കുലയ്ക്കൂ, ശരം തൊടുക്കൂ രാമാ കൊല്ലൂ, നിശാചരി താടകയാണവള്‍. ‘
ആര്യവംശത്തിന്റെ ആജ്ഞകളെ കണ്ണുംപൂട്ടി അനുസരിക്കാനേ ആ സൂര്യവംശരാജകുമാരന് കഴിഞ്ഞുള്ളൂ! താന്‍ പൂവമ്പെയ്ത ആ നെഞ്ചിലേക്ക് മാരകമായ അസ്ത്രം തൊടുക്കാന്‍ നിര്‍ബന്ധിതനായി ആ കുമാരന്‍!

‘ആദ്യമായ് രാമന്റെ മന്മഥാസ്ത്രം മാലചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നുപോയ് പുത്രീവിയോഗ്യവ്യഥയില്‍ വിന്ധ്യാചലം’

എഴുത്തച്ഛന്‍ രാമായണത്തില്‍ വരച്ചിട്ട ഘോരരൂപണിയായ താടകാഭയങ്കരി എവിടെ? വയലാറിന്റെ,കതിരുപോലുള്ള ഈ പെണ്‍കിടാവെവിടെ?
‘ അവളെ പേടിച്ചാരും നേര്‍വഴി നടപ്പീലാ’ എന്നാണ് അദ്ധ്യാത്മരാമായണത്തില്‍ വിശ്വാമിത്രന്‍ താടകയെപ്പറ്റി ശ്രീരാമദേവന് വിവരിച്ചു കൊടുക്കുന്നത്!
സത്യവും മിഥ്യയും ഇഴപിരിയ്ക്കാന്‍ വന്നതല്ലഞാന്‍! ആര്യദ്രാവിഡസംഘര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ നിലനിന്നിരുന്നു എന്ന ചരിത്രം രേഖപ്പെടുത്തുന്നുണ്ട്! ആ പശ്ചാത്തലത്തില്‍, ശത്രുപക്ഷങ്ങള്‍ക്കിടയില്‍ വിരിഞ്ഞ സുന്ദരമായ ഒരു പ്രണയകവിത എന്നിതിനെ വിവക്ഷിക്കാം!
വയലാറിന്റെ വിന്ധ്യപുത്രി വായിച്ചാല്‍
താടകയെ നാം ഇഷ്ടപ്പെട്ടുപോകും നാം അറിയുന്ന, നമ്മുടെ അയല്പക്കത്തെ പെണ്‍കുട്ടിയെപ്പോലെ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px