വിജയപ്രദമായൊരു ജീവിതം പലപ്പോഴും ശ്രദ്ധേയമായിരിക്കണമെന്നില്ല. ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോന്നാലേ ജീവിതം വിജയിക്കുകയുള്ളുവെന്നു ധരിക്കാനും പാടില്ല. ഈശ്വരാനുഗ്രഹങ്ങളാല്‍ അലംകൃതവും സഹോദര സ്‌നേഹത്താല്‍ എരിയുന്നതുമായ വിനീത ജീവിതമാണോ നമ്മുടേതെങ്കില്‍ ആ ജീവിതം ധന്യം തന്നെ. കലി പൂണ്ട കടലലകള്‍ പാറക്കൂട്ടത്തെ ആക്രമിക്കുന്നതു പോലെ തന്നെ ആരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ ഇഴഞ്ഞിഴഞ്ഞു വന്നു മണല്‍ തീരത്തെ നിശ്ശബ്ദമായി മൃദുലമായി സ്പര്‍ശിക്കുന്ന തിരകളും കണ്ടിട്ടില്ലേ ?
പ്രശാന്തമായ തിരകള്‍ തീരത്തെ മുഴുവന്‍ ആവരണം ചെയ്യുന്നതു പോലെ ശാന്തജീവിതം കൊണ്ട് നമ്മുടെ ദിനങ്ങള്‍ നിറവുള്ളതാക്കണം. സ്വച്ഛമായി ഒഴുകി വന്ന് കരയെ മൃദുലമായി തഴുകുന്ന കടല്‍ത്തിര പോലെയാകണം നമ്മുടെ ജീവിതം. ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ തത്രപ്പെടാത്ത തിരമാലകളെപ്പോലെ ഒരു നിശ്ശബ്ദ ജീവിതം ! കടല്‍ നുരയുടെ ധാവള്യം നമ്മുടെ ആത്മാവില്‍ പകരട്ടെ. കടല്‍പ്പരപ്പില്‍ സൂര്യ കിരണങ്ങള്‍ വിതറുന്നതുപോലെ നമ്മുടെ ജീവിതം പ്രകാശത്താല്‍ ദീപ്തമാകട്ടെ. ആ പ്രകാശധോരണിയെ സ്വന്തമാക്കാതെ നമ്മെ സമീപിക്കുന്നവര്‍ക്കെല്ലാം അത് പകര്‍ന്നു കൊടുക്കാനാകണം.









