ചങ്ങമ്പുഴയുടെ ‘മനസ്വനി’ എന്ന കവിത ഒരു ഭാവാത്മകവിലാപമാണ്. വികാരത്തിന്റെയും നിരാശതയുടെയും ആത്മസംതൃപ്തിയുടെയും മന്ദ്രധ്വനികള്‍ അതില്‍ പലസ്ഥലങ്ങളിലും കേള്‍ക്കാം. കുയിലിന്റെ ഗാനംപോലെ ആ കവിത ഹൃദയഹാരിയാണ്. ശുദ്ധസംഗീതമായി അതുയരുന്നു. ബുദ്ധിയല്ല ഹൃദയമാണ് പാടുന്നത്. ചിന്തപോലും ഭാവാത്മകത്വത്തില്‍ വിലയം പ്രാപിക്കുന്നു. മലയാള കവിതയ്ക്ക് ഏത് ഔന്നത്യത്തില്‍ ചെന്നുചേരാമെന്നതിന് ഇത് ഉത്തമനിദര്‍ശനമാണ്. ഇതെല്ലാമാണെങ്കിലും ‘മനസ്വിനി’യും ഒരു മധുരസ്വപ്നമാണെന്ന കാര്യമാണ് ഏറ്റവും പ്രധാനം. അതു വായിക്കുമ്പോള്‍, ആ സ്വപ്നം നമ്മുടെ ജീവിതത്തിന്റെ ഒരനുപേക്ഷണീയഘടകമായി പരിണമിക്കുന്നു. കിനാവും യുക്തിവിചാരവും പരസ്പരവിരുദ്ധങ്ങളാണല്ലോ. ഇവിടെ ആ വൈരുദ്ധ്യമില്ലെന്നു മാത്രമല്ല, രണ്ടും ഒന്നായിത്തീരുകയും ചെയ്യുന്നു. അരുണിമ കലര്‍ന്ന പ്രഭാതാരള്യം, കാടുകളിലെ കളകളശബ്ദം, പ്രതിപാദ്യത്തിന്റെ കാല്പനികത്വം എന്നിവ സ്വപ്നത്തിന്റെ മായികത്വം വര്‍ദ്ധിപ്പിക്കുന്നു.
‘മലരൊളിതിരളും മധുചന്ദ്രികയില്‍ മഴവില്‍ക്കൊടിയുടെ മുനമുക്കി എഴുതാനുഴറീ കല്പനദിവ്യമൊ-
രഴകിനെ എന്നെ മറന്നൂ ഞാന്‍! മധുരസ്വപ്നശതാവലി പൂത്തൊരു മായാലോകത്തെത്തീഞാന്‍!
അദ്വൈതാമല ഭാവസ്പന്ദിത
വിദ്യുന്മേഖല പൂകീ ഞാന്‍”
എന്ന് ആ അനുഗൃഹീതകവി പാടുമ്പോള്‍ കവിതയുടെയും കിനാവിന്റെയും സ്വര്‍ഗ്ഗലോകനികുഞ്ജങ്ങളിലേക്ക് നാം ആനയിക്കപ്പെടുന്നു. യഥാര്‍ത്ഥ ലോകത്തിലേക്കുള്ള ഒരു സഞ്ചാരമല്ല അത്. അങ്ങനെ രണ്ടുലോകമില്ല. ഒരു ലോകമേയുള്ളു. അതു സ്വപ്നത്തിന്റേതുമാണ്.
ചങ്ങമ്പുഴയുടെ ഏത് ഉത്തമകവിതയുടെയും സ്വഭാവമിതാണ്. ‘സങ്കല്പകാന്തി’യിലെ ‘കാളിദാസന്‍’, ‘വനദേവത’, ‘ഉദ്യാനലക്ഷ്മി’ യെന്ന കാവ്യ സമാഹാരഗ്രന്ഥത്തിലെ ‘ഉദ്യാനലക്ഷ്മി’ എന്ന കവിത, ‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിലെ ‘ആനന്ദലഹരി’, ‘പച്ച’, ‘രക്തപുഷ്പ’ങ്ങളിലെ ‘മാപ്പു നല്‍കേണമേ’, ‘ഹേമന്ദചന്ദ്രിക’യിലെ ഗാനങ്ങള്‍-ഇവയെല്ലാം കവിയുടെ സ്വപ്നങ്ങളാണ്. ബോധപൂര്‍വ്വം നിത്യജീവിതയാഥാര്‍ത്ഥ്യത്തിലേക്കു വരുമ്പോള്‍ ചങ്ങമ്പുഴ പരാജയപ്പെടുന്നു. ‘കാളിദാസനും’ ‘വാഴക്കുല’യും താര തമ്യപ്പെടുത്തിയാല്‍ ഈ സത്യം മനസ്സിലാകും. കാവ്യസൗന്ദര്യത്തെ അവലംബിച്ചുനോക്കുകയാണെങ്കില്‍ ‘കാളിദാസന്‍’ എന്ന കവിതയുടെ സമീപത്തു വരാന്‍ ‘വാഴക്കുല’ എന്ന കവിതയ്ക്ക് അര്‍ഹതയില്ല. മായിക സൗന്ദര്യത്തിന്റെ ക്ഷണപ്രഭകളും പ്രസ്ഫുരണങ്ങളും ‘കാളിദാസനും’ ഒരു അലൗകികച്ഛായ കൈവരുത്തുന്നു. വരാംഗനകള്‍ കല്പകപ്പൂവുകള്‍ വാരിവിതറുന്ന ആ നാകലോകത്തുനിന്നു ഒരിക്കലും മടങ്ങിവരാതിരുന്നെങ്കില്‍ എന്നു നാം ആഗ്രഹിക്കുന്നു. അവിടത്തെ രാമണീയകം ഈ ലോകത്തിലെ രാമണീയകത്തെക്കാള്‍ എത്ര സമുല്‍കൃഷ്ടം! നീലക്കടലിനു മുകളില്‍ നീലാന്തരീക്ഷത്തില്‍ക്കൂടി ചിറകുവിരിച്ചു വൃത്താകൃതിയില്‍ പറക്കുന്ന കൃഷ്ണപ്പരുന്ത് വീണ്ടും വീണ്ടും അതിന്റെ ഭ്രമണപഥത്തില്‍ത്തന്നെ വന്നുചേരുന്നതു പോലെ നാം ഈ കാവ്യത്തിന്റെ സ്വപ്നാന്തരീക്ഷത്തില്‍ക്കൂടി അനവരതം, അനുസ്യൂതം പരിഭ്രമണം ചെയ്യുകയാണ്. അവിടം വിട്ടുപോകാന്‍ നമ്മുടെ മനസ്സ് സമ്മതിക്കുന്നില്ല.
ഈ സമയത്ത് സ്വപ്ന ദര്‍ശകനായ ചങ്ങമ്പുഴയോട് ഞാന്‍ ഇങ്ങനെ പറയട്ടെ:
‘പച്ചിലച്ചാര്‍ത്തിന്നടിയില്‍നിന്നോമന
പ്പിച്ചകത്തില്‍ കൊച്ചു പൂമൊട്ടുമാതിരി
ഹാ, വിടരുന്നു നിന്‍ കാവ്യങ്ങളില്‍നവ-
ഭാവന തന്റെ സുരഭിലവീചികള്‍! കോരിക്കുടിച്ചിടുംതോറുമവയില്‍ നി-
ന്നൂറി വരുന്നു പുതിയ സുധാരസം!’









