LIMA WORLD LIBRARY

ഫലിതരാജകുമാരന്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

ജീവിതത്തില്‍ ഒരു തീപ്പെട്ടി മരുന്നിനോളം എങ്കിലും ഫലിതം കാത്തുസൂക്ഷിക്കണമെന്ന് പറഞ്ഞത് എഴുത്തുകാരനായ തിക്കോടിയനാണ്. മാര്‍ത്തോമാ സഭയുടെ സൂര്യതേജസ് ഡോക്ടര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ചിരിയുടെ പൂത്തിരികളും അമിട്ടുകളും പ്രയോഗിച്ചാണ് തന്റെ ജീവിതത്തിലുടനീളം പെരുമാറിയത്.
‘ദൈവം ഫലിതം സംസാരിക്കുന്നു’, എന്ന പുസ്തകത്തില്‍അദ്ദേഹം പറയുന്നു:’ദൈവം ഫലിതം പറയുമോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.ദൈവം എന്നോട് ഫലിതം പറയാറുണ്ടെന്ന് എനിക്കറിയാം. ആ ഫലിതങ്ങളില്‍ ചിലതൊക്കെ ഞാന്‍ എന്റെ സ്‌നേഹിതന്മാരുമായി പങ്കുവെക്കാറുമുണ്ട് ‘.
ക്രിസോസ്റ്റം തിരുമേനി പറയുന്ന ഫലിതങ്ങളില്‍ സാധാരണക്കാര്‍ കാണാത്ത കാഴ്ചകള്‍ കാണാനും കേള്‍ക്കാത്ത ശബ്ദം കേള്‍ക്കാനും കഴിയുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു, ‘കണ്ണുകള്‍ അടച്ചിരിക്കുന്ന എല്ലാവരും ഉറങ്ങുകയല്ല. കണ്ണുകള്‍ തുറന്നിരിക്കുന്നവര്‍
എല്ലാം അറിയുന്നുമില്ല. ഇതാണ് വാസ്തവം’. ക്രിസോസ്റ്റം തിരുമേനി ചിരിക്കുമ്പോള്‍ നാം ചിന്തിക്കുന്നു.തിരുമേനി ചിന്തിക്കുമ്പോള്‍ നാം ചിരിക്കുന്നു. കേവലം ഒരു ചിരിക്ക് അപ്പുറം അതില്‍ ചിന്തയുടെ ചൈതന്യമുണ്ട്,
തത്വശാസ്ത്രങ്ങളുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്. സാധാരണ ഒരാളിന് പറയാന്‍ കഴിയുന്നതല്ല അതൊന്നും. അതുകൊണ്ടാണ് ദൈവത്തോട് അത്രയ്ക്കും അടുത്തുനില്‍ക്കുന്ന ഒരാളിനേ ഇങ്ങനെ പറയാന്‍ കഴിയൂ എന്ന് വിശ്വസിക്കപ്പെടുന്നത്.
നര്‍മ്മത്തിന്റെ സ്പര്‍ശമുള്ള അദ്ദേഹത്തിന്റെ ചില സംഭാഷണങ്ങള്‍:
മരണശേഷം പുരോഹിതന്മാരാരും സ്വര്‍ഗ്ഗലോകത്തില്‍ എത്തുന്നില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ തിരുമേനി അവരെ പരിഹസിക്കുകയുണ്ടായി. മാരാമണ്‍ കണ്‍വെന്‍ഷന്‍ ആണ് സന്ദര്‍ഭം.അവിടെ പ്രസംഗിക്കവേ ക്രിസോസ്റ്റം തിരുമേനി ഒരു കഥ പറഞ്ഞു: കലശലായ പ്രേമത്തില്‍ പെട്ടുപോയ കാമുകി കാമുകന്മാര്‍ തമ്മില്‍ വിവാഹിതരാവാന്‍ അവരുടെ വീട്ടുകാര്‍ അനുവദിച്ചില്ല. അതുകൊണ്ട് അവര്‍ ആത്മഹത്യ ചെയ്തു. അവര്‍ സ്വര്‍ഗ്ഗത്തിലെ ത്തിയപ്പോള്‍ ദൈവത്തോട് അവരുടെ സങ്കടം ബോധിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ വച്ചെങ്കിലും അവരുടെ വിവാഹം ദൈവം നടത്തി കൊടുക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. ദൈവത്തിന് അവരോട് സഹതാപം തോന്നി. അടുത്ത ഞായറാഴ്ച വരാന്‍ പറഞ്ഞവരെ മടക്കി അയച്ചു. ഇങ്ങനെ പല ഞായറാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ ദൈവത്തോട്
കുപിതരായി സംസാരിച്ചു.അപ്പോള്‍ ദൈവം ശാന്തതയോടെ പറഞ്ഞു, ‘കുഞ്ഞുങ്ങളെ നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ നിങ്ങളുടെ വിവാഹം നടക്കണമെങ്കില്‍ നിങ്ങളെ ആശീര്‍വദിക്കാന്‍ ഒരു പുരോഹിതനെങ്കിലും വേണ്ടേ. ഇതുവരെ പുരോഹിതന്മാരിലാരും സ്വര്‍ഗ്ഗലോകത്തിലെത്തിയിട്ടില്ല.അതാണ് പ്രശ്‌നം’.ദൈവം തന്റെ നിസ്സഹായത പ്രകടമാക്കി.
എല്ലാ മാസവും ആദ്യ ആഴ്ചയില്‍ തന്നെ ഒരു ധര്‍മ്മക്കാരന്‍ ക്രിസോസ്റ്റം തിരുമേനിയെ കാണാന്‍ വരുമായിരുന്നു. കിട്ടുന്നതും വാങ്ങി അവന്‍ സന്തോഷത്തോടെ മടങ്ങുമായിരുന്നു. തിരുമേനി അവന്റെ സുഹൃത്തായിട്ടാണ് പിച്ചയെടുക്കുന്ന മറ്റു കൂട്ടുകാരോട് ഗമയില്‍ പറഞ്ഞിരുന്നത്. അങ്ങനെ പറഞ്ഞു കേള്‍ക്കുന്നത് തിരുമേനിക്ക് വളരെ ഇഷ്ടവുമായിരുന്നു. ഒരുതവണ അയാള്‍ വന്നത് ഒരു അസാധാരണ ആവശ്യമായിട്ടായിരുന്നു:’തിരുമേനീ, ഞാന്‍ പലതവണ ഇവിടെ വന്നിട്ടുണ്ട്.പക്ഷെ ഇതേവരെ തിരുമേനിയുടെ ഭാര്യയെ കണ്ടിട്ടില്ല’. അവന്റെ നിഷ്‌കളങ്കമായ സംശയം കേട്ട് തിരുമേനിക്ക് ചിരി വന്നു. എങ്കിലും ഗൗരവം വിടാതെ പറഞ്ഞു,’ശരിയാ.
അവള് മഹാ കള്ളിയാ. ഞാനും ഇതുവരെ അവളെ കണ്ടിട്ടില്ല’. ഇതുകേട്ട് അയാള്‍ എന്തോ ആലോചിച്ച് നിന്നിട്ട് അല്പം കഴിഞ്ഞു ഒന്നും മിണ്ടാതെ തന്റെ വീതവും വാങ്ങി മടങ്ങിപ്പോയി. തിരുമേനി അവിവാഹിതനാണെന്ന കാര്യം ആ പാവത്തിന് അറിയില്ലായിരുന്നു.
എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിക്കാഞ്ഞതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്: ‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവിടെ വിപ്ലവകരമായ ഒരു സംഭവം നടന്നു. ഹെഡ്മാസ്റ്റര്‍ സ്‌കൂളില്‍ ഒരു സ്ത്രീയെ അധ്യാപികയായി നിയമിച്ചു ! അവര്‍ ക്ലാസെടുക്കാന്‍
വന്നത് എന്റെ ക്ലാസിലായിരുന്നു. അമ്മാവന്‍ ഇതറിഞ്ഞ് ചോദിച്ചു, ‘എടാപെണ്ണുങ്ങളാണോ പഠിപ്പിക്കുന്നത്. പെണ്ണുങ്ങളെക്കൊണ്ട് പഠിപ്പിക്കുവാന്‍ പറ്റുമോ. ലോകത്തെവിടെയെങ്കിലും ഇങ്ങനെയൊരു സംഭവം നടക്കുന്നത് അറിയാമോ’.ഇത് കേട്ട് ഞാന്‍ രാവിലെ സ്‌കൂളില്‍ ചെന്ന് ഹെഡ്മാസ്റ്ററോട് പറഞ്ഞു,’സാറേ പെണ്ണുങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ ഇരുന്ന് പഠിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് എന്നെ ഇപ്പോഴത്തെ ക്ലാസില്‍ നിന്ന് മാറ്റണം.എനിക്ക് അവര്‍ പഠിപ്പിക്കുന്ന ക്ലാസില്‍ പഠിക്കാന്‍ പറ്റില്ല’. അവസാനം
എന്റെനിര്‍ബന്ധത്തിനു വഴങ്ങി ഹെഡ്മാസ്റ്റര്‍ ആ ക്ലാസില്‍ നിന്നും
എന്നെ മാറ്റി മറ്റൊരു ക്ലാസില്‍ ആക്കി. അത് ടീച്ചര്‍ക്ക് വലിയ സങ്കടം ഉണ്ടാക്കി. അവരുടെ ശാപം കൊണ്ടാണ് എനിക്ക് കല്യാണം കഴിക്കാന്‍ സാധിക്കാഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
തിരുമേനിക്ക് തന്റെ പ്രായത്തെക്കുറിച്ച് അറിയില്ലായിരുന്നു ! ഒരിക്കല്‍ സുകുമാര്‍ അഴിക്കോട് തിരുമേനിയുമായുള്ള സംഭാഷണമദ്ധ്യേ
ചോദിച്ചു, അങ്ങേയ്ക്ക് ഇപ്പോള്‍ എത്ര വയസ്സായി ?. അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് തിരുമേനി പറഞ്ഞു: ‘സാറേ, അതൊരു കുഴപ്പം പിടിച്ച ചോദ്യമാ. കാരണം,അമ്മ എന്നെ പ്രസവിച്ച സമയത്ത് എനിക്ക് കണക്ക് കൂട്ടാന്‍ അറിയില്ലായിരുന്നു. ഞാന്‍ കണക്കുകൂട്ടാന്‍ പഠിച്ചപ്പോഴേക്കും എന്റെ അമ്മ മരിച്ചുപോയി. അതുകൊണ്ട് എന്റെ യഥാര്‍ത്ഥ പ്രായം എനിക്കറിയില്ല’. തിരുമേനി തന്റെ നിസ്സഹായത വ്യക്തമാക്കി.
ക്രിസോസ്റ്റം തിരുമേനി, മതസൗഹാര്‍ദ്ദം തന്റെ ജീവിതത്തില്‍ നടപ്പിലാക്കിയ മഹാനുഭാവനായിരുന്നു
.ഒരിക്കല്‍ വഞ്ചിയൂര്‍ ക്ഷേത്രത്തിലെ പൂജാരി അദ്ദേഹത്തിന് ശ്രീകൃഷ്ണന്റെ ഒരു പ്രതിമ നല്‍കി. അദ്ദേഹം അത് തന്റെ അതിഥി മുറിയില്‍ വെച്ചിരുന്നു. ഇതു കണ്ട് പലരും അത്ഭുതപ്പെട്ടു, തിരുമേനിയുടെ വീട്ടില്‍ ശ്രീകൃഷ്ണന്റെ പ്രതിമയോ ?. ഇതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു,
‘ ഒരു വിഭാഗം ജനങ്ങള്‍ കൃഷ്ണനെ ദൈവമായി കാണുന്നു. അവര്‍ ആരാധിക്കുന്ന കൃഷ്ണനെ ഞാന്‍ ആദരിക്കുന്നു. ഗാന്ധിയുടെപ്രതിമയും, അഴീക്കോട് സാര്‍ തന്ന അദ്ദേഹത്തിന്റെ ഗുരു വാഗ്ഭട സ്വാമിയുടെ പ്രതിമയും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. നമ്മള്‍ ആരാധിക്കുന്നവരെ മാത്രമല്ല ലോകം ആരാധിക്കുന്ന എന്തിനെയും ആദരിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ലോകത്തെ ആരാധിക്കാന്‍ പഠിക്കുകയാണ്’. ഇതാണല്ലോ യഥാര്‍ത്ഥ മതസൗഹാര്‍ദ്ദം.
ആചാര്യ വിനോബാ ഭാവെയുടെ നേതൃത്വത്തില്‍ നടന്ന ഭൂദാനയജ്ഞത്തിന്റെ ഒരു ചടങ്ങില്‍ മാര്‍ ക്രിസോസ്റ്റവും പങ്കെടുത്തിരുന്നു. എല്ലാവരും ഉച്ചയൂണിന് ഇരുന്നു.വിശപ്പിന്റെ വിളി മൂലം കിട്ടിയവര്‍ കിട്ടിയവര്‍ ഊണ് കഴിച്ചു തുടങ്ങി. അപ്പോള്‍ സംഘാടകരില്‍ ഒരാള്‍ ഓടിവന്ന് തിരുമേനിയോട് പറഞ്ഞു, ‘തിരുമനസ്, ഭക്ഷണത്തിനു മുമ്പായുള്ള പ്രാര്‍ത്ഥന ചൊല്ലണം’. പകുതിയിലേറെ പേര്‍ ഭക്ഷണംകഴിച്ച് തുടങ്ങിയെന്ന് മനസ്സിലാക്കിയ തിരുമേനി പ്രാര്‍ത്ഥന ഇങ്ങനെയാക്കി. ‘ദൈവമേ ഒരു ന്യൂനപക്ഷത്തിന്റെ മുന്നിലും, ഭൂരിപക്ഷത്തിന്റെ വായിലുമായിരിക്കുന്ന ഭക്ഷണത്തെ അനുഗ്രഹിക്കേണമേ’.
തിരുമേനിയുടെ നര്‍മ്മശരങ്ങള്‍ ഏറ്റുവാങ്ങിയവരില്‍ ഏറെയും സഭാ അധികാരികളും സഭയിലെ വൈദികരും ആണ്. ഒരിക്കല്‍ മര്‍ത്തോമാ സഭയിലെ ഒരു തിരുമേനി വന്ന്, അന്നത്തെ സഭയും ഇന്നത്തെ സഭയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തിരുമേനിയോട് ചോദിച്ചു. തിരുമേനിയുടെ മറുപടി പെട്ടെന്നായിരുന്നു, ‘പണ്ടൊക്കെ അച്ഛന്മാര്‍ എന്തുപറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കും. ഇപ്പോള്‍ സത്യം മാത്രമേ വിശ്വസിക്കൂ’.
പലതരത്തിലുള്ള ബിഷപ്പുമാര്‍ അണിനിരുന്ന ഒരു വലിയ വേദിയില്‍ തിരുമേനി പൊട്ടിച്ച ചിരിയമിട്ട് ബിഷപ്പുമാരെ ഒക്കെ ഒരു നല്ല കുമ്പസാരത്തിന് പ്രേരിപ്പിച്ചു കാണും. അദ്ദേഹം പറഞ്ഞു, ‘യേശു നേരിട്ട് ആരെയും സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയിട്ടില്ല. അതുകൊണ്ടാകും കര്‍ത്താവിന്റെ ജീവിതാന്ത്യത്തില്‍ ഒരാളെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. അത് ഒരു നല്ലകള്ളനെയാണ്, കര്‍ത്താവിനോടൊപ്പം ക്രൂശിക്കപ്പെട്ടകള്ളനെ’. അല്‍പനേരം മൗനമായി നിന്നശേഷം ക്രിസോസ്റ്റം തുടര്‍ന്നു, ‘സ്വര്‍ഗ്ഗത്തില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ബിഷപ്പുമാര്‍ എല്ലാം ഇന്ന് വാശിയോടെ മത്സരിക്കുകയാണ്,
ഒരു നല്ല കള്ളനാകാന്‍’.
ഓര്‍ത്തഡോക്‌സ് സഭ കോട്ടയത്ത് ആരംഭിച്ച ബാലമന്ദിരത്തിന്റെ ഉദ്ഘാടനമാണ് വേദി. ഓര്‍ത്തഡോക്‌സ് സഭയിലെ സര്‍വോന്നത പിതാക്കന്മാരും വൈദികരും വിശ്വാസി സമൂഹവും ഒത്തുകൂടിയ വിശാലമായ ചടങ്ങില്‍ തിരുമേനിയാണ് ഉദ്ഘാടകന്‍. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു
കൊണ്ട് പറഞ്ഞു,’ഈ ബാല മന്ദിരത്തിലെ കുട്ടകളെ ശരിയായി വളര്‍ത്തിയില്ലെങ്കില്‍ അവര്‍ എന്തായിത്തീരും?. ഒന്നുകില്‍ അവര്‍ സെന്‍ട്രല്‍ ജയിലില്‍ പോകും,അല്ലെങ്കില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ബിഷപ്പ് ആയിത്തീരും’. അത് ശരിവെച്ചു കൊണ്ടാണെങ്കിലും അല്ലെങ്കിലും
ആ ഫലിത്തില്‍ സഭയാകെ കൂട്ടച്ചിരിയിലമര്‍ന്നു.
എല്ലാറ്റിനും എല്ലാവര്‍ക്കും ചുട്ട മറുപടി കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനി മറുപടി ഇല്ലാതാക്കി. വിശ്രമത്തില്‍ കഴിഞ്ഞിരുന്ന തിരുമേനിയെ കാണാന്‍ കോഴഞ്ചേരിയില്‍ എത്തിയ മുഖ്യമന്ത്രിക്ക് കുടിക്കാന്‍ കൊടുക്കാന്‍ തിരുമേനി സഹായിയോട് ആവശ്യപ്പെട്ടു. ഈ സമയം മുഖ്യമന്ത്രി പറഞ്ഞു,’വേണ്ട ഞാന്‍ കുടിച്ചിട്ടാണ് വന്നത്’. പ്രായത്തില്‍ സെഞ്ച്വറി അടിച്ച ചെറുപ്പത്തിലും ഒരു നിമിഷം ആലോചിക്കാതെ തിരുമേനിയുടെ മറുപടിയെത്തി, ‘എന്നെ കാണാന്‍ ആരും കുടിച്ചിട്ട് വരാറില്ല’. മദ്യ നിരോധനത്തിന്റെ മുന്നണി പോരാളിയായ തിരുമേനിയുടെ മറുപടിയില്‍ പൊട്ടിച്ചിരിക്കുക അല്ലാതെ മുഖ്യമന്ത്രിക്ക് മറുപടി ഇല്ലായിരുന്നു.
ഇങ്ങനെ എത്രയെത്ര പൊട്ടിച്ചിരികള്‍, നര്‍മ്മഭാഷണങ്ങള്‍, ഫലിതങ്ങള്‍…. വര്‍ണ്ണനാതീതം. ഇത്തരംനന്മവഴികളിലൂടെ സമൂഹത്തില്‍ മാറ്റം വിതച്ച ക്രിസോസ്റ്റം തിരുമേനിയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമംഅര്‍പ്പിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px