
ലോകസിനിമയില്‍ അത്യപൂര്‍വ്വമായ സ്ഥാനം അലങ്കരിക്കുന്ന ചലച്ചിത്രസൃഷ്ടികളാണ് ഹംഗേറിയന്‍ സിനിമയുടെ ചരിത്രത്തിലുള്ളത് . സോള്‍ത്താന്‍ ഫാബ്രി , കരോളി മാക് , മിക്ളോസ് ജാങ്സോ , ഇസ്തവാന്‍ സാബോ , ഇസ്താവാന്‍ ഗാള്‍ , മാര്‍ത്ത മെസാറോസ് തുടങ്ങിയ സംവിധായകര്‍ ലോകസിനിമയില്‍ ശ്രദ്ധേയരാണ് . പ്രമേയത്തിലും ആഖ്യാനത്തിലും ദൃശ്യഭാഷയിലും നൂതനമായ സങ്കേതങ്ങള്‍ അവര്‍ കണ്ടെത്തി . ആ സര്‍ഗ്ഗധാരയുടെ തുടര്‍ച്ചയില്‍ അതിനൂതന പ്രതീകഭാഷ ആവിഷ്‌കരിച്ച സംവിധായകനാണ് ബേല താര്‍ . ഐ എഫ് എഫ് കെ യില്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട് .

2025 ല്‍ നോബല്‍ സമ്മാന ജേതാവായ ഹംഗേറിയന്‍ നോവലിസ്റ്റ് ക്രസ്ന ഹോര്‍ക്കയുടെ വേര്‍ക്ക് മീസ്റ്റര്‍ ഹാര്‍മണീസ് എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് വേര്‍ക്ക് മീസ്റ്ററുടെ രാഗലയങ്ങള്‍ അഥവാ ചെറുത്തുനില്‍പ്പിന്റെ വിഷാദം .

സാധാരണ സിനിമാരംഗങ്ങള്‍ കാണുന്നത് പോലെ ഈ സിനിമയെ ആരും സമീപിക്കരുത് . കാരണം യാഥാര്‍ഥ്യങ്ങളുടെ നേര്‍ദൃശ്യ പരിചരണമല്ല നാം കാണുന്നത് . സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതീകഭാഷയാണ് മൊത്തത്തില്‍ ഈ സിനിമ .
സിനിമയുടെ ഒഴുക്കില്‍ ഒരു വിഷാദഭാവം തങ്ങിനില്‍ക്കുന്നു . ഫാസിസത്തെക്കുറിച്ചും യുക്തിയുടെ മയക്കത്തെ കുറിച്ചും സമൂഹത്തില്‍ അദൃശ്യമായി പതിയിരിക്കുന്ന അധികാരത്തിന് മുന്നില്‍ കീഴടങ്ങാനുള്ള വാഞ്ഛയെക്കുറിച്ചും മനുഷ്യരാശി വളരെ എളുപ്പത്തില്‍ കീഴടങ്ങാന്‍ സാധ്യതയുള്ളതിനെക്കുറിച്ചും സിനിമയിലെ വിഷാദാത്മകത സൂചിപ്പിക്കുന്നുണ്ട് . ചെറുത്തുനില്‍പ്പിന്റെ വിഷാദമാണത് .

ദൃശ്യങ്ങളില്‍ നിന്ന് നാം കാഴ്ചയ്ക്ക് അപ്പുറം നില്‍ക്കുന്ന അര്‍ത്ഥതലങ്ങള്‍ കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട് . അത്ര എളുപ്പത്തില്‍ അര്‍ത്ഥങ്ങള്‍ മനസിലാവണമെന്നില്ല . രൂപകങ്ങളില്‍ നിന്ന് , ധ്വനികളില്‍ നിന്ന് അര്‍ത്ഥം ഗ്രഹിക്കുമെങ്കില്‍ നാം അപൂര്‍വ്വമായൊരു ആസ്വാദന ലോകത്തിലാവും . കലയുടെ സംവേദനക്ഷമത അത്രമാത്രം ഉയര്‍ന്ന നിലവാരത്തിലാണ് . ഇത്തരം സവിശേഷ തലങ്ങള്‍ ആന്ദ്രേ താര്‍ക്കോവ്‌സ്‌കി , തിയോ ആഞ്ചലോ പൗലോസ് , ജൊഡോറോവ്‌സ്‌കി തുടങ്ങിയവരുടെ സിനിമകളില്‍ നാം കണ്ടിട്ടുള്ളതാണ് . ഈ സിനിമയുടെ ഉറവിടമായ സാഹിത്യ ബോധത്തിന്റെ ഗഹനതയോട് അനുരൂപപ്പെട്ടെങ്കിലേ ചലച്ചിത്രകലയുടെ ഗുപ്തവിസ്മയം ആസ്വദിക്കാനാവൂ .

രാജ്യത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ധ്വനിരൂപത്തില്‍ അത്
ഹംഗേറിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക് ആണ് – അത് കാലഘട്ടവുമായി സമരസപ്പെടുന്നു . അതിനാല്‍ രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. ഭരണകൂടത്തെ എതിര്‍ക്കുന്ന വിമതരെ പാര്‍പ്പിച്ചിരിക്കുന്ന സങ്കേതം ഒരുപക്ഷെ ഒരു മാനസിക ചികിത്സാലയം പോലെ തോന്നിയേക്കാം .
ഹംഗറിയിലെ പേരില്ലാത്തതും വിജനവും ഒറ്റപ്പെട്ടതുമായ ഒരു ചെറിയ പട്ടണത്തില്‍, ശൈത്യകാലത്ത്, രാത്രിയില്‍ , ഒരു യുവ പത്രവിതരണക്കാരനായ ജാനോസ് വലുസ്‌ക, ബാറിലേക്ക് വരുന്നു . മദ്യപരില്‍ ചിലരെ പങ്കെടുപ്പിച്ച് സൂര്യന്റെ പൂര്‍ണ്ണ ഗ്രഹണത്തെക്കുറിച്ച് ഒരു പ്രകടനം നടത്തുന്നു. ഒരാള്‍ സൂര്യനായി നില്‍ക്കുന്നു . മറ്റൊരാള്‍ ഭൂമിയായി ഭ്രമണം ചെയ്യുന്നു . വേറൊരാള്‍ ചന്ദ്രനാണ് . അയാള്‍ ഭൂമിയെ ചുറ്റി ഭ്രമണം ചെയ്യുന്നു . ബാറിലുള്ളവരും പ്രകടനത്തില്‍ പങ്കെടുക്കുന്നു . സൂര്യഗ്രഹണം ആവിഷ്‌ക്കരിക്കുമ്പോള്‍ അത് മൃഗങ്ങളെ അസ്വസ്ഥമാക്കുകയും പിന്നീട് നിശബ്ദമാക്കുകയും ചെയ്യുന്ന അവസ്ഥയെയും പ്രകടമാക്കുന്നു . ചൂടുള്ള സൂര്യപ്രകാശത്തിന്റെ മഹത്തായ തിരിച്ചുവരവോടെയാണ് ഈ ഭീതിദ നിശ്ചലാവസ്ഥ അവസാനിക്കുന്നത്.

അധികാരത്തിന്റെയും സാമൂഹിക ഹിസ്റ്റീരിയയുടെയും പ്രപഞ്ച തകര്‍ച്ചയുടെയും ലോകാവസാനത്തിന്റെയും ഒക്കെ സിനിമയില്‍ സൂചകങ്ങളാണ്. സിനിമയുടെ ഭയാനക മൂകതയും മന്ദഭാവവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യവും സിനിമയുടെ വ്യാകരണമാണ് .
പ്രമേയത്തിന്റെ ആത്മീയ വശം, അതിന്റെ രാഷ്ട്രീയ നിഗൂഢത, സംഭാവ്യതയുടെ അജ്ഞാതത്വം, ദീര്‍ഘമായ സ്വപ്ന-വേഗം, ഓവര്‍ഡബ്ബിംഗിലൂടെ നേടിയെടുക്കുന്ന പിറുപിറുപ്പോടെയുള്ള സംയമനം പാലിച്ച സംഭാഷണം, ഭൂപ്രകൃതിയിലൂടെയുള്ള നീണ്ട നടത്തത്തില്‍ കാണുന്ന അക്ഷമ – ഇവയൊക്കെയും ഉള്‍ക്കൊണ്ടുവേണം ഈ സിനിമയെ സമീപിക്കാന്‍ .

നഗരവീഥിയിലൂടെ വാക്കുകളില്ലാതെ നിശബ്ദത പാലിച്ചുകൊണ്ട് രണ്ട് പുരുഷന്മാര്‍ ഒരുമിച്ച് നടക്കുന്ന അസാധാരണമായ ക്ലോസ്-അപ്പ് സീക്വന്‍സ് , മിനിറ്റുകള്‍ക്കകം മുഖങ്ങളുടെ പാര്‍ശ്വദൃശ്യം എന്നിങ്ങനെ പൊതുവെ ഫിലിം സ്‌കൂളുകള്‍ പ്രോത്സാഹിപ്പിക്കാത്ത തരത്തിലുള്ള ഷോട്ടുകളുടെ പ്രയോഗം വിഭ്രാന്തമായ ആനന്ദമുളവാക്കിയേക്കാം . ആസ്വാദനത്തില്‍ അസ്വസ്ഥതയുടെ താളഭംഗം അലോസരപ്പെടുത്തിയേക്കാം .
സംഗീതസംവിധായകനും സംഗീതജ്ഞനുമായ തന്റെ ‘അമ്മാവന്‍’ ജോര്‍ജ്ജി എസ്റ്ററിനോട് ജാനോസിനു ആരാധനയുണ്ട് . സ്‌നേഹനിധിയായ അദ്ദേഹം അവന് ഒരു പിതാവിനെപ്പോലെയാണ്.
പതിനേഴാം നൂറ്റാണ്ടിലെ ബാറോക്ക് സംഗീത സൈദ്ധാന്തികന്‍ ആന്ദ്രാസ് വെര്‍ക്ക്മിസ്റ്റര്‍ സൃഷ്ടിച്ച സംഗീതത്തിന്റെ അപൂര്‍ണ്ണതയെയും രാഗഭാവ ലയത്തേയും കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് ജോര്‍ജ്ജിക്കുള്ളത് . അഷ്ടകങ്ങളും പന്ത്രണ്ട് സ്വരങ്ങളും യാഥാസ്ഥികവും പഴഞ്ചന്‍ സമ്പ്രദായവുമാണ് . പഴയ രീതികളെ നവീകരിക്കണം . പരിഷ്‌കരിക്കണം . സംഗീത സ്‌കെയിലിന്റെ പൊരുത്തക്കേടുകള്‍ മാറ്റി കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിന് ജോര്‍ജ്ജി ചില പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കുന്നു . അമൂര്‍ത്തരൂപത്തിലുള്ള ഒരു മുത്തിനെ പൂര്‍ണ്ണരൂപത്തിലാക്കുന്നത് പോലെ .

ഈ പരിഷ്‌കരണ ചിന്തയെ , സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യത്തെ , അനിവാര്യതയെ രാഷ്ട്രീയ ഘടനയോടുള്ള വിയോജിപ്പും മാറ്റത്തിന് വേണ്ടിയുള്ള തീഷ്ണതയുമായി ചേര്‍ത്ത് വായിക്കാം .
പത്രങ്ങള്‍ ഡെലിവറി ചെയ്യാന്‍ ജാനോസ് പോസ്റ്റ് ഓഫീസിലേക്ക് പോകുമ്പോള്‍ സര്‍ക്കസിന്റെ വരവിന്റെ സൂചനയായി ആ പട്ടണത്തിന് മുകളില്‍ മേഘങ്ങള്‍ തങ്ങിനില്‍ക്കുന്നത് തൊഴിലാളികളെ അസ്വസ്ഥരാക്കുന്നു. വിപത്തിനെ ചെറുത്തുനില്‍ക്കുന്ന വിഷാദഭാവം ദൃശ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നു .
ഒരു വലിയ, ദുര്‍ഗന്ധം വമിക്കുന്ന തിമിംഗലത്തെയും കൊണ്ട് സര്‍ക്കസിലെ മുഖ്യ പ്രകടനക്കാരനായ പ്രിന്‍സ് , ഒരു രാത്രിയില്‍ പട്ടണത്തിലേക്ക് പ്രവേശിക്കുന്നു . അവര്‍ വരുന്നത് കണ്ട് ജാനോസ് ചിന്തയിലാഴുന്നു . ദൈവത്തെയും തിമിംഗലത്തെയും കുറിച്ചുള്ള തത്ത്വചിന്താപരമായ ആലോചനയിലാണ് അയാള്‍ .
ജോര്‍ജ്ജിയുടെ വേര്‍പിരിഞ്ഞ ഭാര്യ ടുണ്ടെ, പോലീസ് മേധാവിയുടെ പിന്തുണയോടെ ‘നഗരം വൃത്തിയാക്കുക’ എന്ന പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്യേണ്ടവരുടെ ഒരു ലിസ്റ്റ് ജോര്‍ജ്ജിക്ക് നല്‍കി . അവള്‍ രാഷ്ട്രീയവും സാമൂഹികവുമായ പദവി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് . ജോര്‍ജ്ജി ആ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രസ്ഥാനത്തിന്റെ ചെയര്‍മാനാകണമെന്ന് ആവശ്യപ്പെടുന്നു . ‘ നമ്മള്‍ ഒരു ക്രമം ഉണ്ടാക്കും . എല്ലാം ശുചീകരിക്കും ‘ എന്നൊരു ഭീഷണി മുഴക്കുന്നുണ്ട് .
ആ രാത്രി അവള്‍ക്ക് ജോര്‍ജ്ജിയുടെ വീട്ടില്‍ താമസിക്കണമെന്നും അറിയിക്കുന്നു . തന്റെ സ്യൂട്ട്‌കേസ് ജാനോസിനൊപ്പം കൊടുത്തയയ്ക്കുന്നു. ഇതിനെല്ലാം മൂകസാക്ഷിയാകുന്ന ജാനോസ് വിഭ്രാന്തിയിലാവുന്നുണ്ട് .
ജോര്‍ജ്ജിയുടെ കഷ്ടപ്പെടുന്ന സഹോദരന്‍ , ചെരുപ്പുകുത്തിയായ ലജോസ് ആ ലിസ്റ്റ് എടുത്ത് പട്ടണത്തിലെ ചത്വരത്തിലേക്ക് പോകുന്നു . പൊതുജനത്തിനുള്ള സേവനങ്ങളുടെ പരാജയത്തില്‍ അസന്തുഷ്ടരായ ജനക്കൂട്ടത്തിന് അയാള്‍ ലിസ്റ്റ് കൈമാറുന്നു.
പട്ടണത്തില്‍ എത്തുന്ന വിചിത്രമായ ‘സര്‍ക്കസ്’ കണ്ട് ജാനോസ് ചിത്തഭ്രമം പിടിപെട്ടത് പോലെ ആവേശഭരിതനുമാണ്. അവിടെയെത്തിയത് അത് ഒരു വലിയ, ചത്തഴുകിയ തിമിംഗലം ഉള്‍ക്കൊള്ളുന്ന ഒരു പൊളിഞ്ഞ കണ്ടൈനര്‍ വഹിക്കുന്ന ഒരു ട്രക്കാണ്. അതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട് . സര്‍ക്കസ് ‘പ്രിന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഒരാളുടെ നിഴല്‍രൂപം പ്രത്യക്ഷമാവുന്നുണ്ട് . അദൃശ്യനായ അയാള്‍ തന്റെ ആശയം കൊണ്ട് ജനക്കൂട്ടത്തെ വശീകരിക്കാന്‍ ശ്രമിക്കുന്നവനാണ് . പക്ഷെ ജനക്കൂട്ടം പ്രകോപിതരാവുകയാണ് . പ്രപഞ്ചത്തില്‍ വിശദീകരിക്കാനാവാത്ത എന്തോ കുഴപ്പം പോലെ . ആകാശഗോളങ്ങളുടെ ഭ്രമണത്തില്‍ താളം തെറ്റിയത് പോലെ .
സര്‍ക്കസ് ട്രക്കിന്റെ ആഗമനദൃശ്യം ഭീതിദമായ ഒന്നാണ് . വീടുകളുടെ മുന്‍വശത്ത് ഒരു വലിയ ചതുര നിഴല്‍ പോലെ അത് കാണപ്പെടുന്നു. ഹെഡ്ലൈറ്റുകള്‍. ജാനോസിന്റെ ഭവ്യതയോടെയുള്ള നില്‍പ്പ് . അയാള്‍ക്ക് മുന്നിലൂടെ അലോസര ശബ്ദത്തോടെ അതിന്റെ മുഴുവന്‍ ഭാഗവും കടന്നുപോകുന്നു.
തിമിംഗലത്തെ കൊണ്ടുവരുന്ന , തുറന്ന ട്രക്കിന് മുന്നില്‍ വെച്ച് ജാനോസിനെ ഒരാള്‍ ആക്രമിക്കുന്നു. ഇതേസമയം മദ്യപിച്ച് ലക്കുകെട്ട പോലീസ് മേധാവിയോടൊപ്പം ടുണ്ടെ സുഖമായി ഉറങ്ങുകയാണ് .
തിമിംഗലത്തിന്റെയും പ്രിന്‍സിന്റെയും സാന്നിധ്യം ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്നു. വിപ്ലവങ്ങളുടെയും അതിന്റെ നാശാവശിഷ്ടങ്ങളുടെയും കാഴ്ചകളെ കുറിച്ച് , സ്ലോവാക്യന്‍ ഭാഷയില്‍ സംസാരിക്കുന്ന പ്രിന്‍സിന് മേലുള്ള നിയന്ത്രണം സര്‍ക്കസ് മാസ്റ്ററിന് നഷ്ടപ്പെടുന്നത് ജാനോസ് കേള്‍ക്കുന്നു . സര്‍ക്കസ് മാസ്റ്റര്‍ അനന്തരഫലങ്ങളെ ഭയപ്പെടുന്നുണ്ട് . അയാള്‍ ജാനോസിനെ അകറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നു .
പ്രിന്‍സ് ഒരിക്കലും പരസ്യമായി സംസാരിക്കുകയോ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നില്ല. എന്നിട്ടും അയാളുടെ സാന്നിധ്യത്താല്‍ നിശ്ചലരായി ഉറ്റുനോക്കുന്ന ആള്‍ക്കൂട്ടം കൊണ്ടു നഗരചത്വരം നിറയുന്നു . തുടര്‍ന്ന് ആള്‍ക്കൂട്ടം പൂര്‍ണ്ണ നിശബ്ദരായി ഒരു പ്രാദേശിക മാനസിക രോഗചികിത്സാ കേന്ദ്രത്തിലേക്ക് അത് തകര്‍ക്കാന്‍ മാര്‍ച്ച് ചെയ്യുന്നു. അവിടെ രാഷ്ട്രീയ തടവുകാരെ മാനസിക ചികിത്സയ്ക്ക് പാര്‍പ്പിച്ചിട്ടുണ്ടാവാം . അവിടെ നിസ്സഹായനായ, എല്ലും തോലുമായ ഒരു വൃദ്ധ നഗ്‌ന രോഗിയെ കാണുന്നതോടെ ആള്‍ക്കൂട്ടം ശാന്തരായി പിന്‍വാങ്ങുന്നു.
കലാപത്തിനുശേഷം, ഒരു കലാപകാരിയുടെ ഡയറി ജാനോസ് കാണുന്നു. കലാപകാരികള്‍ക്ക് അവര്‍ എന്തിനോടാണ് ദേഷ്യപ്പെടുന്നതെന്ന് അറിയില്ലായിരുന്നു. അതിനാല്‍ അവര്‍ എല്ലാറ്റിനോടും ദേഷ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് പോസ്റ്റ് ഓഫീസ് പെണ്‍കുട്ടികളെ ജനക്കൂട്ടം ക്രൂരമായി ബലാത്സംഗം ചെയ്തതിനെക്കുറിച്ചും ഡയറിയില്‍ നിന്ന് അറിയുന്നു .
വീട്ടിലേക്ക് പോകുമ്പോള്‍, ടുണ്ടെയും ഒരു സൈനിക ഉദ്യോഗസ്ഥനും തമ്മിലുള്ള ഒത്തുചേരല്‍ ജോര്‍ജ്ജി ദൂരെ നിന്ന് കാണുന്നു. പട്ടണം തിരിച്ചുപിടിക്കാന്‍ അവര്‍ ഒരു സൈനിക വാഹനത്തില്‍ ഒരുമിച്ച് പോകുന്നു. സൈനികരും ഒരു ടാങ്കും അവര്‍ക്ക് അകമ്പടിയായുണ്ട് .
കലാപത്തില്‍ കൊല്ലപ്പെട്ട ലജോസിന്റെ മൃതദേഹം പിന്നീട് ജാനോസ് കണ്ടെത്തുന്നു. കലാപകാരികള്‍ സൂക്ഷിച്ചിരുന്ന പട്ടികയില്‍ ജാനോസിന്റെ പേര് ഉണ്ടായിരുന്നതിനാല്‍, സ്വന്തം സുരക്ഷയ്ക്കായി ലജോസിന്റെ ഭാര്യ ജാനോസിനോട് രക്ഷപെടാന്‍ പറയുന്നു.
റെയില്‍വേ ട്രാക്കുകളില്‍ ജനോസ് ഓടിപ്പോകുന്നു. പക്ഷേ ഒരു ഹെലികോപ്റ്റര്‍ അയാളെ തടയുന്നു. കൂട്ടിലടച്ചതു പോലെ കിടക്കകളുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍, രാഷ്ട്രീയ വിമതരെ കൈകാര്യം ചെയ്യുന്ന സങ്കേതത്തില്‍ അയാള്‍ എത്തിപ്പെടുന്നു .
ജോര്‍ജ്ജി ജാനോസിനെ സന്ദര്‍ശിക്കുമ്പോള്‍, ജോര്‍ജ്ജി കാണുന്നത് ശൂന്യമായ സ്ഥലമാണ് . കലാപത്തിനുശേഷം എന്താണ് സംഭവിച്ചതെന്ന് ജാനോസിനോട് ജോര്‍ജ്ജി വിവരിക്കുന്നു. ജോര്‍ജ്ജിയെ അയാളുടെ വീട്ടില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു . പൂന്തോട്ടത്തിലെ ഒരു ഷെഡിലാണ് വാസം . സഹകാരി എന്ന പുതിയ പദവിയോടെ ഭാര്യ ടുണ്ടെ ഇപ്പോള്‍ പോലീസ് മേധാവിയോടൊപ്പം ആ വലിയ വീട്ടില്‍ താമസിക്കുകയാണ് .
ജോര്‍ജ്ജി ജാനോസിനോട് പറയുന്നു, മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ജനോസ് മോചിതനായാല്‍, തന്റെ പിയാനോയുമായി ഷെഡില്‍ സംതൃപ്തിയോടെ ഒരുമിച്ച് താമസിക്കാന്‍ കഴിയുമെന്ന്. പരിഷ്‌കരണ പ്രതീക്ഷകളെ ഉപേക്ഷിച്ചുകൊണ്ട് , വ്യക്തിപരമായി കീഴടങ്ങുന്നത് പോലെ , മറ്റേതൊരു സംഗീതത്തെയും പോലെ പിയാനോയെ സാധാരണ രീതിയില്‍ പുനഃക്രമീകരിച്ചതായി ജോര്‍ജ്ജി അറിയിക്കുന്നു . ജാനോസിന്റെ കാഴ്ച്ചയില്‍ ശൂന്യതയാണ് – പ്രതീക്ഷകള്‍ ഇല്ലാത്ത ഒരിടത്തേക്ക് .
പട്ടണ ചത്വരത്തിലൂടെ നടന്നുപോകുന്ന ജോര്‍ജ്ജി ഉപേക്ഷിക്കപ്പെട്ട തിമിംഗലത്തിന്റെ കണ്ണിലേക്ക് നോക്കുന്ന രംഗത്തിലാണ് ഈ ചിത്രം അവസാനിക്കുന്നത്. ജോര്‍ജ്ജി മെല്ലെ നടന്ന് അലങ്കോലപ്പെട്ട തിമിംഗലത്തെയും തലേദിവസം രാത്രി കലാപകാരികള്‍ നശിപ്പിച്ച സര്‍ക്കസ് ട്രക്കിനെയും തിരിഞ്ഞുനോക്കുന്നു. തിമിംഗലത്തിന്റെ അഴുകിയ ജഡം മൂടല്‍മഞ്ഞിനാല്‍ മെല്ലെ മൂടപ്പെടുന്നു…
വെര്‍ക്ക്മിസ്റ്റര്‍ ഹാര്‍മണീസ് ആണ് ബേല ടാറിന്റെ മാസ്റ്റര്‍പീസ് എന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു . 1956-ല്‍ സോവിയറ്റ് യൂണിയന്‍ ഹംഗേറിയന്‍ കലാപത്തെ അടിച്ചമര്‍ത്തുന്നതിന്റെയും 1944-ല്‍ ഫെറങ്ക് സാലാസിയുടെ സംയോജിത നാസി ഭരണത്തിന്റെയും വേദനകള്‍ ഒതുക്കിവെച്ച ഒരു സിനിമയാണിത്. ഈ സിനിമ കാണുന്നവര്‍ക്ക് എവിടെയോ എന്തോ ചീഞ്ഞുനാറുന്നുവെന്ന് തോന്നിയേക്കാം . അഴുകിയ തിമിംഗലത്തെപ്പോലെ അറപ്പും വെറുപ്പും ഭ്രാന്തും നിറഞ്ഞ എന്തോ ഒന്ന്. ഈ സിനിമയിലെ ദുഃഖകരവും വിഷാദാത്മകവുമായ സംഗീതം കാണികളെ കാഴ്ചയ്ക്കപ്പുറത്തേക്ക് പ്രമേയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട് .
വെര്‍ക്ക്മിസ്റ്റര്‍ ഹാര്‍മണീസ് നിരൂപകരില്‍ നിന്ന് വ്യാപകമായ പ്രശംസ നേടിയിരുന്നു . 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പലരും ഇതിനെ കണക്കാക്കുന്നു.
ബേലാ ടാറിന്റെ തന്നെ , ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാറ്റാന്റാങ്കോ എന്ന സിനിമയില്‍ കാണാവുന്ന ഇരുണ്ട, ബെക്കറ്റിയന്‍ പ്രഹസന ആക്ഷേപ നര്‍മ്മം ഈ സിനിമയില്‍ കുറവാണ്. ആഴത്തില്‍ അനുഭവിച്ചാല്‍ സാമുവല്‍ ബെക്കറ്റിന്റെയും യൂജിന്‍ അയനെസ്‌കോയുടെയും ബെര്‍തോള്‍ട്ട് ബൃഹത്തിന്റെയും ഒക്കെ പ്രഹസന ആക്ഷേപ ഹാസ്യത്തെക്കാള്‍, വേറാക്കൂറിനെക്കാള്‍ കൂടുതല്‍ ഇടപെടുന്നത് , രാഷ്ട്രീയ ക്രൂരതയെ നേരിടുന്ന പ്രതിരോധ വേദനയുടെ മറുവശമാണ് . ഒരു നിഴല്‍പ്രദേശം പോലെ ഇരുണ്ട അന്തരീക്ഷത്തിലെ അനുഭൂതി .
ബേലാ ടാറിന്റെ ലോംഗ്‌ടേക്കുകള്‍ ഒരുപക്ഷേ ക്രാസ്‌നഹോര്‍കൈയുടെ രചനയുടെ ഭയാനക സാന്ദ്രതയും പ്രചോദനാത്മകവും എന്നാല്‍ വിപരീതധ്വനിയുമുള്ള ദീര്‍ഘ ഗദ്യശൈലിയെ അവലംബിക്കുന്നതാണ് . 39 ദീര്‍ഘദൃശ്യങ്ങള്‍ കൊണ്ട് 145 മിനിറ്റ് വരുന്ന ഈ സിനിമ 2016 ല്‍ ബിബിസി തെരെഞ്ഞെടുത്ത, 2000 ത്തിനു ശേഷമുള്ള 100 ലോകസിനിമകളില്‍ ഒന്നായിരുന്നു . സിനിമയില്‍ സൃഷ്ടിച്ച ബോധമണ്ഡലവും കാണികളുടെ പക്വമായ ബോധമണ്ഡലവും ഒന്നുചേരുമ്പോഴാണ് ചലച്ചിത്രകല ആസ്വാദ്യകരമാവുന്നതെന്ന് ഈ സിനിമ നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു . കലയുടെ പരസ്പര പൂരകമായ ബൗദ്ധിക സാംസ്‌കാരിക പ്രവര്‍ത്തനമാണിത് .
(നവംബര്‍ 30 ഞായറാഴ്ച ഫില്‍ക്ക ഫിലിം സൊസൈറ്റി തിരുവനന്തപുരം വിശ്വസാഹിത്യവും വിശ്വസിനിമയും എന്ന ചലച്ചിത്രമേള പരമ്പരയുടെ അഞ്ചാം ഭാഗമായി ഡോക്ടര്‍ ഷിവാഗോയോടൊപ്പം ഈ സിനിമയും പ്രദര്‍ശിപ്പിക്കുന്നുണ്ട് . പ്രവേശനം സൗജന്യം. www.filca.in)











