സ്‌നേഹത്തില്‍ നിന്നാണല്ലോ നമ്മുടെയൊക്കെ ഉത്ഭവം തന്നെ. നമ്മുടെ അസ്ഥിത്വോദ്ദേശവും സ്‌നേഹം തന്നെയാണ്. നാം ഈ ഭൂമിയില്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പഠിക്കുകയാണ്. അങ്ങനെ നിത്യ സ്‌നേഹം നുകര്‍ന്ന് ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോരുത്തരും . നമ്മുടെ സ്‌നേഹത്തിന് ദ്വിമാനങ്ങളാണുള്ളത്. ആദ്യത്തേത് നമ്മോട് തന്നെയുളള സ്‌നേഹം. രണ്ടാമത്തേത് മറ്റുള്ളവരോടുള്ള സ്‌നേഹം. പലപ്പോഴും നാം നമ്മിലേക്ക് മാത്രം ശ്രദ്ധ തിരിക്കുകയാണ് പതിവ്.
സ്വയം സ്‌നേഹിച്ചു മാത്രം കഴിയുമ്പോള്‍ നാം ഇരുട്ടിലാണ് സഞ്ചരിക്കുന്നതെന്ന് ഓര്‍ക്കുന്നില്ല. അപരരെ സ്‌നേഹിക്കുമ്പോഴാണ് നാം പ്രകാശവീഥിയിലാകുന്നത്. നമ്മുടെ സ്‌നേഹം നമ്മിലേക്കു തന്നെ തിരിച്ചു വിടുമ്പോഴാണ് അപര സ്‌നേഹത്തിന്റെ ആഴം കുറയുന്നത്. തന്നെ തന്നെ വിട്ട് സഹജീവികളിലേക്കു കൂടെ ഓടിയണയാനാണ് സ്‌നേഹമെന്ന ശ്രേഷ്ഠ വികാരം കൊണ്ട് നമ്മെ അലങ്കരിച്ചിരിക്കുന്നതെന്നു മറക്കാതിരുന്നാല്‍ നമ്മുടെ ജീവിത യാത്ര എന്നും പ്രകാശ വഴിയിലൂടെയായിരിക്കും മുന്നേറുക.











