ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടത്തിയത് ജനങ്ങളാണോ എന്ന് സന്ദേഹം തോന്നത്തക്കവിധം തികച്ചും ഉചിതമായ രീതിയിലാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയിരിക്കുന്നത്.
ഒരു ആകസ്മിക സംഭവവും അതിന്റെ പരിണിത പരിഹാരപ്രക്രിയകളും വിസ്മയകരമായ വികാരവായ്പ്പോടെ അവതരിപ്പിച്ചു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മാറ്റ് കൂട്ടുന്നത്.
ഹോളിവുഡ് സിനിമകളിലൊക്കെ ചാള്‍സ് ബ്രോണ്‍സനും, ഗ്രിഗറി പെക്ക്കും, ക്ലിന്റീസ്റ്റ്വുഡും, ആന്റണി ക്വീനുമൊക്ക അഭിനയത്തിന്റെ അത്ഭുതവിളക്കിലൂടെ കാട്ടിത്തന്ന സാഹസികസംഭവങ്ങളുടെ തീവ്രത ഒട്ടും കുറവില്ലാതെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിയ്ക്കാനായി എന്നതാണ് സംവിധായകനായ ചിദംബരത്തിന്റെ മഹിമ.
ഈ ചിത്രം കണ്ടനാളില്‍ ഞാന്‍ എഴുതിയ ആസ്വാദനക്കുറിപ്പ് ഇവിടെ സൂചിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
( ഈ വരണ്ട സാമൂഹ്യാവസ്ഥയിലും നിറഞ്ഞ സദസ്സോടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഓടുന്നു എന്നതുതന്നെ വലിയൊരു പുരസ്‌ക്കാര സമാനമായ സമ്മതിയാണ്.
മലയാളികള്‍ എല്ലാം ലഹരിക്ക് അടിമകളാണെന്നും, മദ്യപിയ്ക്കാനും ഛര്‍ദ്ദിയ്ക്കാനും മാത്രമേ അവര്‍ക്ക് അറിയുകയുള്ളുവെന്നും, നാഗരികതയില്ലാത്ത ഒരു ജനതയാണ് മലയാളിയെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് അത്തരത്തിലുള്ള ഒരു സിനിമയാണെന്നും പ്രമുഖനായ ഒരു എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
നിര്‍ണ്ണയ സമിതി തര്‍ക്കലേശമെന്യേയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അഭിപ്രായഭിന്നത ഉണ്ടാകാം, കലയല്ലേ!
യുവാക്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തൂത്തുവാരിയ പുരസ്‌ക്കാകാരവാര്‍ത്ത കേട്ട് ആ സിനിമ കണ്ടിട്ടുള്ള ഏതൊരു പ്രേക്ഷകമനസ്സിലും വിസ്മയങ്ങള്‍ ഉണ്ടാകാനിടയില്ല. കാരണം, തിയേറ്റര്‍ ചുമരുകള്‍പ്പോലും വിസ്മയങ്ങളാല്‍ വിറങ്ങലിച്ചുപോയ ഒരു ചലച്ചിത്ര ശില്പമായിരുന്നല്ലോ അത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് പുറമെ
ചിദംബരത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് കൂടി നല്‍കിയതിലൂടെ മികച്ച സംവിധായകന്റെ സൃഷ്ടി തന്നെയാണ് മികച്ച സിനിമ എന്ന് പലരും മിണ്ടാന്‍ മടിച്ചിരുന്ന ഒരു സത്യം ജൂറി അംഗീകരിച്ചുവെന്ന് മനസ്സിലാക്കുന്നു. യുവാക്കളുടെ പ്രതിഭാസരണിയിലേക്കുള്ള മലയാള സിനിമയുടെ പ്രയാണം കണ്ടില്ലെന്നു നടിക്കാന്‍ മടിച്ചു നില്‍ക്കുന്ന മുതിര്‍ന്ന കാരണവന്മാര്‍ ഇനിയെങ്കിലും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ തയ്യാറാകണം
മമ്മൂട്ടി പുരസ്‌കൃതനാകും എന്ന് ഏതാണ്ടെല്ലാവരും കരുതിയിരുന്നതു തന്നെയാണ്.
‘ഭ്രമയുഗം’ മമ്മൂട്ടിയുടെ അഭിനയമികവിന്റെ തികച്ചും വ്യത്യസ്തമായ ഒരു ഉയര്‍ന്ന തല്പം പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കി അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നുവല്ലോ, കൊടുമന്‍ പോറ്റിയുടെ ധാര്‍ഷ്ട്യാനുകരണങ്ങള്‍.
മികച്ച ഗാന രചനയ്ക്ക് വേടന്‍ പരിഗണിക്കപ്പെടുമ്പോള്‍ ചില മുഖങ്ങളില്‍ നീരസത്തിന്റെ ചുളിവുകള്‍ രൂപപ്പെടുമെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സിലെ രംഗ സാഹചര്യവുമായി രചനയെ വിലയിരുത്തുമ്പോള്‍ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം…’ എന്ന വരികള്‍ കേട്ടിട്ട് ജൂറിയ്ക്ക് പേന മടക്കുവാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല എന്നുവേണം കരുതാന്‍.
മികച്ച അഭിനേത്രിയായി ഷംല ഹംസ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അഭിനയ മികവിന്റെ അനന്തവ്യാഖ്യാനങ്ങള്‍ മലയാള സിനിമയും അംഗീകരിക്കാന്‍ മടിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഫെമിനിച്ചി ഫാത്തിമ’ രണ്ടാമത്തെ മികച്ച സിനിമയായി പ്രഖ്യാപിക്കുകകൂടി ചെയ്യുമ്പോള്‍
നവാഗത സംവിധായകന്റെ കിരീടമണിഞ്ഞ ഫാസില്‍ മുഹമ്മദിന്റെ സര്‍ഗ്ഗശേഷിക്ക്
ഇരട്ടി മധുരത്തിന്റെ ചാരുത ഏറുന്നു.
ആസിഫ് അലിയും, ടൊവിനോ തോമസും പ്രത്യേക ജൂറി പുരസ്‌കാരം നേടുമ്പോള്‍ ‘എ. ആര്‍. എം’ ലെ മൂന്ന് വിധത്തിലുള്ള അഭിനയ മെയ് വഴക്കത്തിനുള്ള പ്രോത്സാഹനമായിത്തന്നെ ടോവിനോവിന്റെ അംഗീകാരവും, ‘കിഷ്‌കിന്ധ’യില്‍ ആസിഫ് ചെയ്ത ലാളിത്യമാര്‍ന്ന കഥാപത്ര പ്രവേശനത്തിനുള്ള തലോടലായും അതിനെ കണക്കാക്കാം.
‘ബോഗയ്ന്‍ വില്ല’ ജ്യോതിര്‍മയിയുടെ ഒന്നാന്തരം അഭിനയമികവിന്റെ മുദ്രകള്‍ ചാര്‍ത്തിയ ചിത്രമാണ്. അഭിനയത്തിന് പ്രത്യേക ജൂറി അവാര്‍ഡ് ജ്യോതിര്‍മയിക്ക് ലഭിച്ചതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.
മികച്ച സ്വഭാവനടനായി സിദ്ധാര്‍ഥ് ഭരതന്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ‘ഭ്രമയുഗ’ത്തിലെ കൊടുമന്‍ പോറ്റിയുടെ നിശബ്ദ ആജ്ഞാനുവര്‍ത്തിയായ ഭരതപുത്രന്റെ ചലനങ്ങള്‍ വീണ്ടും
മനസ്സിലൂടെ വിസ്മയത്തോടെ കയറിയിറങ്ങുന്നു.
ലിജോ മോള്‍ക്ക് സ്വഭാവനടിമാരില്‍ പ്രഥമസ്ഥാനം നല്‍കി ബഹുമാനിച്ചത് ജൂറിയിലെ കലാബോധമുള്ള മെമ്പര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിന്റെ തെളിവായി വിലയിരുത്താം.
മനു മഞ്ജിത് എഴുതിയ’പൂവേ പൂവേ താഴമ്പൂവേ ‘എന്ന ഗാനം കെ. എസ്. ഹരിശങ്കറിന്റെ ചേലൊത്ത അലങ്കാര ശബ്ദത്തോടെ പ്രണയ മാരുതനായി ഒഴുകിവന്നപ്പോള്‍ അടുത്തകാലത്തിറങ്ങി മനസ്സില്‍ തങ്ങിയ ഹൃദയ ഗാനമായി അതിനൊരു ഉയര്‍ച്ചയുണ്ടായി.
‘പ്രേമലു’ യുവഹൃദയങ്ങളെ കവര്‍ന്ന ഭേദപ്പെട്ടൊരു ചിത്രമായിരുന്നു. യുവാക്കള്‍ക്ക് പുറമെ പഴക്കംവന്ന പ്രേക്ഷകരും നിറഞ്ഞുകവിഞ്ഞ അവസരങ്ങള്‍ തിയേറ്ററില്‍ കണ്ടുവന്നിരുന്നു. വെറുതെയല്ല ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായി ഇത് തെരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്രലോകത്ത് സാന്നിധ്യം തെളിയിച്ച പ്രശസ്തരായ ഫഹദ് ഫാസിലും, ദലീഷ് പോത്തനും, ശ്യാം പുഷ്‌ക്കരനുമാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ എന്നത് സിനിമ യുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വ്യാകരണബോധങ്ങള്‍ നമ്മില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായ പ്രസന്ന വിതാനഗെ യുടെ ‘പാരഡൈസ്’ ശ്രീലങ്കയിലെ ഒരു പ്രത്യേകതരം ജനാധിപത്യ ലംഘനത്തിന്റെ കഥയാണ് വിശദീകരിക്കുന്നത്.
സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകരെന്ന് കരുതുന്ന വിഭാഗത്തിലുള്ളവരുടെ യാതൊരു സൃഷ്ടികളും ഇവിടെ പരാമര്‍ശിക്കപ്പെട്ടുകണ്ടില്ല. അതിന്റെ ആശങ്കകള്‍ക്ക് ഉത്തരം തേടുന്നവര്‍ എന്തുചെയ്യും?
കേഴുന്ന ബാല സിനിമകള്‍
കുട്ടികളുടെ മികച്ച സിനിമകള്‍ ഉണ്ടായില്ല എന്നതും, ബാല താരങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല എന്നതും നിരാശപ്പെടുത്തുന്നു.
സംഭാഷണ രചനയ്ക്കും, ആക്ഷന്‍ കോറിയോഗ്രഫിക്കും അവാര്‍ഡുകള്‍ ഏര്‍പ്പാടാക്കണമെന്ന ജൂറിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്.
രചനാ വിഭാഗത്തില്‍ മികച്ച ചലച്ചിത്ര ഗ്രന്ഥങ്ങളുടെ അഭാവം ചൂണ്ടികാട്ടിയ ജൂറിയുടെ നിഗമനം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിത്യനിധിപോലെ കരുതാവുന്ന ഒരു ചലച്ചിത്ര ഗ്രന്ഥമാണ് രവീന്ദ്രന്‍ (ചിന്ത) എഴുതിയ ‘സിനിമ സമൂഹം പ്രത്യയശാസ്ത്രം’ എന്ന ഗ്രന്ഥം.
സിനിമാ രചയിതാക്കള്‍ കരുതുന്നത് നിലവാരമില്ലാത്ത ചലച്ചിത്ര ഗ്രന്ഥങ്ങള്‍ രചിക്കുന്നവരുടെ വിയര്‍പ്പൊപ്പാന്‍ ഉപകരിച്ചേക്കും.











