LIMA WORLD LIBRARY

രാജുവിന്റെ അമ്മ ലക്ഷ്മി അമ്മാളും, പൈതങ്ങളെ വലിച്ചെറിയുന്ന കാപാലികമാരും – ജയരാജ് പുതുമഠം

ബാല്യകാലം മുതല്‍ മനസ്സില്‍ വിങ്ങിനിന്നിരുന്ന തീരാവേദനയായിരുന്നു നഗരഹൃദയത്തില്‍ നിത്യവും പരിഭ്രമം പരത്തി നടന്നിരുന്ന ഒരമ്മയുടെയും മകന്റെയും വിഷമ ദൃശ്യങ്ങള്‍.
തൃശ്ശൂര്‍ പഴയനടക്കാവിലെ ബ്രഹ്‌മസ്വം മഠത്തിന്റെ പരിസരങ്ങളിലുള്ള ഇടതൂര്‍ന്ന ബ്രാഹ്‌മണ ഗൃഹങ്ങളുടെ നിഴലിലായിരുന്നു അല്‍പ്പം മാനസികവിഭ്രാന്തിയുള്ള രാജു എന്ന മകനും സഹനത്തിന്റെ മനുഷ്യരൂപവും വാത്സല്യ വാരിധിയുമായിരുന്ന ഒരമ്മയുടെ അവസാനമില്ലാത്ത ദുഖത്തിന്റെ തേങ്ങലുകളും തിങ്ങിനിന്നിരുന്ന പ്രധാന ഇടങ്ങള്‍.
ചില നേരങ്ങളില്‍ ശാന്തരായി അവിടുത്തെ ചില വരാന്തകളില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വായിച്ചിരിക്കുന്ന അമ്മയുടെയുടേയും തൊട്ടരികില്‍ നിശബ്ദനായി എന്തിനോവേണ്ടി കാത്തിരിക്കുന്ന ഒരു അന്വേഷിയെപ്പോലെ തോന്നിപ്പിക്കുന്ന രാജുവിന്റെ സ്വാഭാവിക ചലനങ്ങളും കണ്‍കുളുര്‍പ്പിക്കുന്ന കാഴ്ചകളായി ഇന്നും മനസ്സില്‍തെളിയുന്നുണ്ട്.

ഇതിപ്പോള്‍ ഇവിടെ സൂചിപ്പിക്കാനുണ്ടായ കാരണം;
കഴിഞ്ഞ ദിവസം ഒരു ‘രാക്ഷസി’ (സമാധാന പ്രിയരായ രാക്ഷസിമാര്‍ ക്ഷമിക്കണം) തന്റെ ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തൃശ്ശൂര്‍ ആറ്റൂരിലെ ഒരു ക്വാറിമടയിലേക്ക് വലിച്ചെറിഞ്ഞുവെന്ന വാര്‍ത്തകേട്ട് തപിച്ചുപോയ മനസ്സിന്റെ മരവിപ്പ് ഇപ്പോഴും തിരിച്ചുവന്നിട്ടില്ലാത്ത അവസ്ഥ തുടരുന്നതുകൊണ്ടാണ്.
എന്ത് തെറ്റ് ചെയ്തിട്ടാണ് ആ ചോരക്കുഞ്ഞ് സ്വന്തം പെറ്റതള്ളയാല്‍ ഇത്രമാത്രം പീഡനത്തിന് വിധേയമായത് എന്നോര്‍ത്താല്‍ സ്ത്രീ മനസ്സുകളുടെ വഴിതെറ്റിയ ജീവിത പാതകളിലെ വികല ബോധങ്ങളെ ശാസിക്കാതെ തരമില്ല.

ഇതേ സമൂഹത്തില്‍ ജീവിച്ചുകൊണ്ടുതന്നെയാണ് മകന്റെ മനോനിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച്
ലക്ഷ്മി അമ്മാള്‍ എന്ന അമ്മയ്ക്ക് നേരിടേണ്ടിവന്നിട്ടുള്ള പ്രയാസങ്ങളെ മാതൃമനസ്സിന്റെ അനിര്‍വ്വചനീയമായ വ്യാപ്തിയില്‍ മുക്കിയെടുത്ത് എല്ലാ വിഷമങ്ങള്‍ക്കും അവുധി പ്രഖ്യാപിച്ച് മകന്റെ സംരക്ഷണം മുഖ്യ ലക്ഷ്യമാക്കി മുന്നേറിയതെന്നുകൂടി ഓര്‍ക്കണം.

വേണമെങ്കില്‍ മാനോരോഗിയായ മകനില്‍ നിന്ന് രക്ഷപ്പെടാനായി എത്രയോ മാര്‍ഗ്ഗങ്ങളിലൂടെ അവനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ ഈ അമ്മയ്ക്ക് മെനഞ്ഞെടുക്കമായിരുന്നു.
എന്നിട്ടും മാതൃത്വത്തിന്റെ പരമകോടിയില്‍ നിന്നുകൊണ്ട് ഒരമ്മയുടെ കടമകള്‍ മുഴുവന്‍ നിര്‍വ്വഹിച്ച ലക്ഷ്മി അമ്മാള്‍ പൂര്‍ണ്ണ ചന്ദ്രനെപ്പോലെ മനസ്സിലേക്ക് നിലാവ് പരത്തി ഒഴുകിവരികയാണ്.

ഇടശ്ശേരിയുടെ ‘പൂതപ്പാട്ടില്‍’ പറഞ്ഞപോലെ;
‘കാച്ചിയമോരൊഴിച്ചൊപ്പിവടച്ചിട്ട്
കാക്കേ.. പൂച്ചേ.. പാട്ടുകള്‍ പാടീ
മാനത്തമ്പിളി മാമനെക്കാട്ടീട്ട്
മാമു കൊടുക്കുന്നു നങ്ങേലി…’
ലക്ഷ്മി അമ്മാള്‍ മകനെ ശുശ്രൂഷിക്കുന്നത് കണ്ടിട്ടുള്ളവര്‍ക്ക് ഈ വരികള്‍ ഇവരെക്കുറിച്ചാണോ കവി എഴുതിയതെന്നുകൂടി തോന്നിപ്പോകും.

വര്‍ദ്ധിക്കുന്ന
അമ്മത്തൊട്ടിലുകള്‍
—————————–
ലക്ഷ്മി അമ്മാളും, രാജുവും തൃശ്ശൂരിന്റെ മുഖപടമായി എന്നെന്നും ഒരു സ്‌നേഹമുദ്രയായി ഉദിച്ചുനില്‍ക്കുന്ന അതേ മണ്ണില്‍ത്തന്നെയാണ് ഇത്ര നീചവും, ക്രൂരവും, മനുഷ്യത്വരഹിതവുമായ പ്രവൃത്തി അരങ്ങേറിയതും. മാനവികത മരിച്ചുപോയോ!
ഇത്തരം സംഭവങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. സമീപകാലത്ത് അമ്മതൊട്ടിലുകളില്‍ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുപൈതങ്ങളുടെ എണ്ണവും ഏറിവരികയാണ്. മാന്യതാ സംരക്ഷണത്തിന്റെ തെറ്റായ ധാരണയിലാണ് അവിവാഹിതരായ അമ്മമാര്‍ ഈ ദുഷ്‌കര്‍മ്മം ചെയ്തുപോരുന്നത്.

‘ഓമനത്തിങ്കള്‍ കിടാവോ
നല്ല കോമള താമരപ്പൂവോ’
എന്ന ഇരയിമ്മന്‍ തമ്പിയുടെ ഹൃദയ രാഗത്തില്‍ പിറന്ന താരാട്ട് പാട്ടിന്റെ ഈണത്തില്‍ ലാളനയോടെ പരിചരിക്കപ്പെടേണ്ട കുഞ്ഞുങ്ങള്‍ കുന്തീദേവിയുടെ മാതൃക പിന്തുടരുന്ന അമ്മമാരുടെ കടോരമായ പ്രവൃത്തികളാല്‍ ഹോമിക്കപ്പെടുന്ന സംസ്‌കാരം അധികഠിനം തന്നെ.

സമ്പത്തും സമൃദ്ധിയും പന്തലിച്ചുനിന്നിരുന്ന ഒരു ഭൂതകാല പശ്ചാത്തലത്തിന്റെ നിഴലിലായിരുന്നു രാജുവും ലക്ഷ്മി അമ്മാളും വിധിക്ക് വഴങ്ങി ഇവിടെ ജീവിതം തള്ളിനീക്കിയിരുന്നിരുന്നത്. ബോംബെയില്‍ സ്റ്റേനോഗ്രാഫര്‍ തസ്തികയില്‍ മാന്യമായി തൊഴില്‍ ചെയ്തിരുന്ന രാജു പിന്നീട് മാനസിക രോഗത്തിന് അടിമപ്പെടുകയായിരുന്നു. അവിചാരിതമായുണ്ടായ രോഗപീഡയാല്‍ നിത്യചാക്രിക സദസ്സുകളില്‍നിന്ന് പുറംതള്ളപ്പെട്ട മകനോടൊപ്പം പേറ്റുനോവറിഞ്ഞ അമ്മയും ഇറങ്ങിപുറപ്പെടുകയായിരുന്നു.

തൃശ്ശൂര്‍ മരാര്‍ റോഡിലെ ഉഡുപ്പി ഹോട്ടലില്‍ നിന്നും, ഭാരത് ഹോട്ടലില്‍ നിന്നും സ്‌നേഹപൂര്‍വ്വം ലഭിച്ചിരുന്ന ഭക്ഷണമായിരുന്നു അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തെരുവോരങ്ങള്‍ തന്നെയായിരുന്നു അന്തിയുറങ്ങാനുള്ള ഇടങ്ങള്‍.

ത്യാഗത്തിന്റെ പാഠശാല
——————————–
ഒരുപാട് മനുഷ്യരെ സ്‌നേഹത്തിന്റെ പച്ചയായ തത്വ ശാസ്ത്രങ്ങള്‍ തൊട്ടറിയാന്‍ പ്രേരിപ്പിച്ചിട്ടുള്ള അപൂര്‍വ്വമായ ഈ മാതൃ-പുത്ര വാത്സല്യ ജീവിതം ‘മാതൃവന്ദനം’ എന്ന പേരില്‍ മലയാളത്തില്‍ ഒരു ചലച്ചിത്രമായി ഇറങ്ങിയിട്ടുണ്ട്. മാടമ്പ് കുഞ്ഞുകുട്ടന്‍ രചന നിര്‍വഹിച്ച ഈ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിരുന്ന ദേവരാജന്‍ എന്നയാളും, സഹ സംവിധാനം
ടി. വി. ബാലകൃഷ്ണന്‍ എന്ന സുഹൃത്തുമാണ്. ജഗതി ശ്രീകുമാര്‍ രാജുവിന്റെ രൂപത്തിലും സുകുമാരിചേച്ചി അമ്മാളുടെ രൂപത്തിലും പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്.

ആദിവാസികളുടെ ഇടയില്‍ നിത്യേന പെരുകികൊണ്ടിരിക്കുന്ന അവിവാഹിതരായ അമ്മമാര്‍ ഇതുപോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന പ്രവണത പൊതുവെ കണ്ടുവരുന്നില്ല എന്നത് ആശ്വാസ്യകരമാണ്.
അമ്മതൊട്ടിലില്‍ വീഴുന്ന കുട്ടികള്‍ സ്വന്തം മാതാപിതാക്കളാരെന്നറിയാതെവിവിധ ഇടങ്ങളില്‍ ‘വളരുന്നു’ണ്ടെന്ന വസ്തുത ശരിയാണെങ്കിലും ഇത്തരം വളര്‍ച്ചകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. പ്രിയനന്ദനന്റെ ‘ദര്‍ബാരി ക്യുരുവി’ ഇത്തരം തീവ്രമായ സാമൂഹ്യ പ്രശ്‌നങ്ങളെ സൂക്ഷ്മതയോടെ ചര്‍ച്ചചെയ്ത സിനിമയാണ്.
സ്‌നേഹത്തിന്റെ ഒരു തിരിയെങ്കിലും മനസ്സില്‍ പിടയ്ക്കുന്ന പെണ്ണുങ്ങള്‍ക്ക് ഈ നീചവൃത്തിക്ക് കഴിയുമോ?

‘ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം തന്നെ ഒരമ്മയും ജനിക്കുന്നു. സ്ത്രീ ഉണ്ടായിരുന്നു; പക്ഷെ അമ്മ, അവരുണ്ടായിരുന്നില്ല. അമ്മ എന്നയാള്‍ തികച്ചും പുതിയതാണ്.’ ഓഷോയുടെ പ്രസിദ്ധമായ വരി ഇവിടെ കിടക്കട്ടെ!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px