ചിത്രം കാണുക. ചെറിയ ചക്ക പോലെ തോന്നുന്നില്ലേ. അത് ചക്കയല്ല. അതാണ് ഡൂറിയന്‍ പഴം (durian fruit). വല്ലാത്ത ദുര്‍ഗന്ധം പേറുന്ന ഒരു പഴമാണ്.
ഇതിന്റെ ദുര്‍ഗന്ധം കാരണം ഇവയുടെ കയറ്റുമതി പോലും നിഷേധിച്ച രാജ്യങ്ങളുണ്ട്. ചില രാജ്യങ്ങളില്‍ സിംഗപ്പൂര്‍ ആണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താവ്.
വല്ലാത്ത ഗന്ധം ആണെങ്കിലും തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഡൂറിയന്‍ പഴങ്ങളുടെ രാജാവായി അറിയപ്പെടുന്നു. ഇത് വിശിഷ്ടമായ ഒരു പഴമത്രേ. പഴത്തില്‍ അടങ്ങിയിട്ടുള്ള സല്‍ഫര്‍ സംയുക്തങ്ങളാണ് പഴത്തിന്റെ ദുര്‍ഗന്ധത്തിന് കാരണം.
രൂക്ഷവുമായ ഗന്ധം ഡ്യൂരിയന്റെ ഒരു പ്രധാന സവിശേഷതയെന്നു കണ്ടു. ഡ്യൂരിയന്‍ പഴത്തിന് പുറത്ത് കട്ടിയുള്ള, മുള്ളുള്ള തൊണ്ടു പോലുള്ള തൊലി കാണാം. ഉള്ളില്‍ കാണുന്ന മൃദലവും ഇളം നിറമുള്ളതുമായ മാംസവുമായ ഉള്‍ഭാഗം ചക്കയുടെ ചുളകളെ ഓര്‍മ്മിപ്പിക്കുന്നു, ഇതാണ് ഭക്ഷിക്കുന്ന പഴം. ചുളയ്ക്കുള്ളില്‍ ചക്കക്കുരു പോലെ തോന്നിപ്പിക്കുന്ന അതേക്കാള്‍ വലിപ്പമുള്ള ഭക്ഷണയോഗ്യമായ കുരുവുമുണ്ട് (ടeed). ഒരു പഴത്തിന് 1 – 3 കിലോഗ്രാം ഭാരം ഉണ്ടാവും. ചിലപ്പോള്‍ 5 കിലോഗ്രാം വരെ ഭാരമുണ്ടാവും. വര്‍ഷത്തില്‍ രണ്ടു വട്ടം പുഷ്പിക്കും. പൂവും ഭക്ഷ്യയോഗ്യമാണ്.
ഇത്രയേറെ ദുര്‍ഗന്ധമുള്ള ഈ പഴത്തിനോട് എന്താണിത്ര താല്പര്യം. ദുര്‍ഗന്ധമാണെങ്കിലും ഏറെ രുചികരവും പോഷക സമൃദ്ധവുമാണ്. ഡൂറിയന്‍ പഴത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ്, ഭക്ഷ്യ നാരുകള്‍, എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റാമിന്‍ സി, ബി കോംപ്ലക്‌സ് ജീവകങ്ങളായ തയാമിന്‍ (thiamine) റൈബോഫ്‌ലേവിന്‍ (riboflavin), നിയാസിന്‍ (niacin), പൈറിഡോക്സീന്‍ (pyridoxine ), ഫോളേറ്റ് (folate), ഖനിജങ്ങളായ പൊട്ടാസ്യം (K), മാംഗനീസ് (Mn), ചെമ്പ് (Cu), മഗ്‌നീഷ്യം (Mg), എന്നിവയും ഉണ്ട്.
ഈ പഴം ഹൃദയാരോഗ്യത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും പ്രതിരോധ സംവിധാനം നില നിര്‍ത്തുന്നതിനും സഹായകമാണ്. മാത്രമല്ല ഉദര സുഖം നല്‍കുന്നു. അതിലൊക്കെ ഉപരി ഇതിനെ കാമചോദന (libido) ഉണര്‍ത്തുന്ന ഒരു പഴമായി കരുതുന്നു. തന്‍മൂലവുമാവാം ഇതിന്റെ വര്‍ധിച്ച ആവശ്യമെന്ന് കരുതുന്നതിലും തെറ്റില്ല.
ബോര്‍ണിയോ, സുമാത്ര, എന്നിവിടങ്ങളാണ് ഉത്ഭവിച്ചത്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് ദ്വീപുകള്‍, തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇത് ലോകമെമ്പാടും കൃഷി ചെയ്യുന്നു. 25-50 മീറ്റര്‍ (80-165 അടി) ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത മരമാണിത്. മാള്‍വേസീ സസ്യ കുടുംബത്തില്‍ (family malvaceae) പെടുന്ന ഒരു ഫല വര്‍ഗ്ഗ സസ്യമാണിത്. ഡ്യൂറിയോ ജീനസില്‍ (genus Durio) ഡ്യൂറിയോ സിബെതിനസ് (Durio zibethinus) ആണ് സാധാരണയിനം.











