LIMA WORLD LIBRARY

പുഴയും ആറും അവിക്കലും – ഡോ. പ്രമോദ് ഇരുമ്പുഴി

പുഴ എന്ന അര്‍ത്ഥത്തില്‍ ആര്‍ എന്ന പദം ഉപയോഗിക്കാറുണ്ടല്ലോ? കേരളത്തിലെ പുഴകളുടെ പേര് പരിശോധിച്ചാല്‍ ആറ് എന്ന വാക്ക് ചേര്‍ത്ത് പറയുന്ന പുഴകള്‍ കൂടുതലും ഉളളത് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലാണ്. പെരിയാര്‍, മണിമലയാര്‍, മീനിച്ചിലാര്‍, കരമനയാര്‍, ഇത്തിക്കരയാര്‍, പാംബാര്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. പുഴക്ക് ആറ് എന്ന് പ്രാദേശികമായി ഉപയോഗിക്കുന്ന ജനത ജീവിക്കുന്ന ഭാഗങ്ങളിലൂടെ ഒഴുകുന്ന പുഴകളുടെ പേരുകള്‍ക്ക് കൂടെയാണ് ആറ് എന്ന് കാണുക. വടക്കന്‍ കേരളത്തിലെ പുഴകളുടെ പേരുകളില്‍ പുഴ എന്നും കാണാം.

 

കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, വളപട്ടണം പുഴ, വാമനപുരം പുഴ, കുറ്റ്യാടിപ്പുഴ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇവിടെ നദിക്ക് പുഴ എന്ന് തന്നെയാണ് പ്രാദേശികഭാഷയില്‍ പറയുന്നത്. അതിന് വ്യത്യാസമായിട്ടുള്ളത് ചാലിയാര്‍ ആണ്. പുഴയെന്ന് പ്രാദേശികമായി ഉപയോഗിക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് ഒഴുകുന്നതെങ്കിലും ചാലിയാറില്‍ ആര്‍ എന്നാണ് കാണുന്നത്. അതുപോലെത്തന്നെ രസകരമായ പുഴയുടെ പേരാണ് മൂവാറ്റുപുഴയാര്‍ എന്നത്. അതില്‍ പുഴയും ആറും ഉണ്ട്. കോതയാര്‍, കാളിയാര്‍, തൊഴുപുഴയാര്‍ എന്നീ മൂന്ന് പുഴകള്‍ (ആറുകള്‍) ചേര്‍ന്ന് ഒഴുകുന്നതിനാലാണ് മൂവാറ്റുപുഴയാര്‍ എന്നറിയപ്പെടുന്നത്. മൂന്ന് ആറുകള്‍ ചേരുന്ന പുഴ മൂവാറ്റുപുഴ എന്ന് നിരുക്തം പറയാം. മേല്‍പ്പറഞ്ഞ മൂന്ന് പുഴകളില്‍ ഒന്നായ തൊടുപുഴയാറിലും പുഴയും ആറും ഒട്ടിപ്പിടിച്ച് നില്‍ക്കുന്നുണ്ട്.

 

മൂവാറ്റുപുഴയാറിന് തെക്ക് ഭാഗത്ത് കാണുന്ന കേരളത്തിലെ പുഴകളില്‍ ഭൂരിഭാഗവും ആറ് എന്നാണറിയപ്പെടുന്നത്. അതുപോലെ മൂവാറ്റുപുഴയാറിന് വടക്കുഭാഗത്ത് കാണുന്ന പുഴകളുടെ പേരുകളില്‍ പുഴയെന്നും കാണാം. അതിന് രണ്ടിനും ഇടക്ക് കാണുന്ന മൂവാറ്റുപുഴയാറില്‍ പുഴയും ആറും ചേര്‍ത്ത് പറയുന്ന രീതി രസകരമായി തോന്നുന്നു.

അവില്‍ എന്നതിനര്‍ത്ഥം പാതി വെന്തത് എന്നാണ്. തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ പുഴുങ്ങുക എന്ന അര്‍ത്ഥത്തില്‍ അവിക്കുക എന്ന് പറയാറുണ്ട്. ഉദാ:- മുട്ട പുഴുങ്ങുക (മുട്ട അവിക്കുക ),പുഴുങ്ങിയ മുട്ട (അവിഞ്ഞ മുട്ട ). അന്തരീക്ഷത്തില്‍ ചൂടു വര്‍ദ്ധിക്കുന്നതിന് ആവിക്കുക, ആവിയെടുക്കുക എന്നിങ്ങനെ പറയാറുണ്ട്. കേരളീയസദ്യയില്‍ പ്രധാന ഇനമാണ് അവിയല്‍. മുമ്പു പറഞ്ഞതുപോലെ പാതി വെന്തതോ പുഴുങ്ങി എടുക്കുന്നതോ അല്ല അവിയല്‍ എന്ന വിഭവം. പക്ഷേ ഇതേ അര്‍ത്ഥങ്ങളില്‍ തന്നെയായിരിക്കണം അവിയല്‍ എന്ന വാക്ക് രൂപം കൊണ്ടത്.

ആവിയില്‍ വേവിക്കുന്ന വിഭവങ്ങളാണല്ലോ പുട്ട്, ഇഡലി, ഇടിയപ്പം തുടങ്ങിയവ . ഇതില്‍ പുട്ട് എന്ന വിഭവം കേരളത്തില്‍ പരിചയപ്പെടുത്തിയത്
പോര്‍ട്ടുഗീസുകാരാണ്. അവര്‍ ഭരിച്ചിരുന്ന ശ്രീലങ്കയിലും മലേഷ്യയിലും പുട്ട് എന്ന വിഭവമുണ്ട്. ശ്രീലങ്കയിലെ സിംഹളഭാഷയില്‍ പുട്ട് എന്നു തന്നെയാണ് പേര്. മലേഷ്യയിലെ മലയഭാഷയില്‍ ക്യോ പിട്ടെ ( Kyo Pite) എന്നുമാണ് പേര്. ക്യോ പിട്ടെ എന്നത് പറഞ്ഞുപറഞ്ഞ് അത് കോപിഷ്യം ( Kopitiam) എന്നായി മാറിയിട്ടുണ്ട്.ശ്രീലങ്കയിലെ പുട്ടിന്റെ രൂപം കേരളത്തിലേതുപോലെയാണെങ്കില്‍ മലേഷ്യയിലെ പുട്ടിന് രൂപമാറ്റം ഉണ്ട്.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px