ലോകത്ത് കുറച്ചു വിഷയങ്ങളെ ഉള്ളൂ. അവയ്ക്ക് ചിത്രീകരണം നല്‍കുമ്പോള്‍ കലാകാരന്‍ ആദ്യമായിട്ടാണ് അത് കാണുന്നതെന്നപ്രതീതി അനുവാചകനില്‍ ഉണ്ടാക്കണമെന്ന് പ്രശസ്ത റഷ്യന്‍ സാഹിത്യ നിരൂപകനും ‘റഷ്യന്‍ ഫോര്‍മലിസം’ എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രധാന ചിന്തകനുമായ വിക്ടര്‍ ഷ്‌കലോവ്‌സ്‌കി (Victor Shklovsky) പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സാഹിത്യം പഠിക്കുമ്പോള്‍ അതിന്റെ ഉള്ളടക്കത്തേക്കാള്‍ അതിന്റെ രൂപം (Form ) ആണ്പ്രധാനമായിട്ടുള്ളത്_ ഭാഷ,ശൈലി, ഘടന,സാഹിത്യ
രീതികള്‍ മുതലായവ. എന്തുപറയുന്നു എന്നതിലല്ല എങ്ങനെ പറയുന്നു എന്നതിലാണ് കലയെ പ്രത്യേകമാക്കുന്നത്. മികവാര്‍ന്ന ശില്‍പ്പ ഘടന കൊണ്ടും വൈകാരിക തീവ്രത കൊണ്ടും വായനാനുഭവം
ആസ്വാദ്യമാക്കുന്ന കല. ഈ ആശയങ്ങള്‍ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ്
‘ആര്‍ട്ട് ആസ് ടെക്‌നിക്’
(‘Art asTechnique’-1917).
നമ്മള്‍ പതിവായി കാണുന്ന ലോകത്തെ വീണ്ടും പുതുതായി കാണാന്‍ (Making strange) പ്രേരിപ്പിക്കുകയാണ് ഇത് മൂലം സംഭവിക്കുന്നത്. വിക്ടര്‍ അതിനെ ‘അപരിചിതമാക്കല്‍’
(Defamiliarization) എന്നു വിളിക്കുന്നു. ഈ ‘വിചിത്രതരമാക്കല്‍’ ആണ് കലയുടെ ദൗത്യം എന്നും അദ്ദേഹം വിശ്വസിക്കുന്നു. പ്രതിഭാശാലികള്‍ക്ക് ഇത് വശമാണ്. അതിനാലാണ് ‘ക്രമം തെറ്റിയ സ്ത്രീജീവിതം’ എന്ന ഒരേ വിഷയം ഫ്രഞ്ച് സാഹിത്യകാരന്‍
ഗസ്ത്രവേ ഫ്‌ലോബേറിന്റെ (Gustrave Flaubert) ‘മാഡം ബോവറി’എന്ന നോവലിലും, വിഖ്യാത റഷ്യന്‍ നോവലിസ്റ്റ്
ടോള്‍സ്റ്റോയിയുടെ ‘അന്നാ കരേനിന’യിലും കൈകാര്യംചെയ്തപ്പോള്‍ രണ്ടു കൃതികളും ഹൃദയം തൊടുന്ന രചനകളായത്. ‘യുദ്ധവുംസമാധാനവും’ എന്ന കൃതിയില്‍ ലിയോ ടോള്‍സ്റ്റോയി യുദ്ധം എന്നത് എന്തൊ പുതുതായിസംഭവിക്കുന്ന പ്രതീതിയാണ് നമ്മളിലുളവാക്കുന്നത്. അദ്ദേഹം യുദ്ധത്തെ പുതിയ രീതിയില്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തന്റെ ആശയത്തിലുള്ള പുതുമലഭിക്കുന്നതിനുവേണ്ടി 18 വര്‍ഷം എടുത്ത് എഴുതിയ ഈ കൃതി ഏഴു തവണ അദ്ദേഹം മാറ്റി എഴുതുകയും ചെയ്തു! അങ്ങനെ ആ കൃതി പുതിയൊരു ഭാവുകത്വം സൃഷ്ടിച്ചു.
ഇത്തരം നൂതന രീതികളുടെ ആവിഷ്‌കാരം മൂലമാണ് സാഹിത്യകാരന്മാര്‍ എന്നും ഓര്‍മിക്കപ്പെടുന്നത്. ജനക്കൂട്ടത്തോട് സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി വ്യക്തികളോടാണ് സാഹിത്യകാരന്മാര്‍
സംവദിക്കുന്നത്. ബ്രിട്ടനിലെ രാഷ്ട്രീയ നേതാവായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ രണ്ടാം ലോകമഹായുദ്ധം ജയിച്ചെങ്കിലും ഉടനെ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം നിഷ്‌കാസനം ചെയ്യപ്പെട്ടു.
എന്നാല്‍ അദ്ദേഹം രചിച്ച ‘എ ഹിസ്റ്ററി ഓഫ് ദി ഇംഗ്ലീഷ് സ്പീക്കിംഗ് പീപ്പിള്‍സ്’ (ഇംഗ്ലീഷ് സംസാരിക്കുന്ന ജനതയുടെ ചരിത്രം) എന്ന മൗലിക രചനയിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. റഷ്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ട്രോട്‌സികിയെ അല്ല അദ്ദേഹത്തിലെ സാഹിത്യ നിരൂപകനെ ആണ് നമ്മള്‍ എന്നും ഓര്‍ക്കുക. പ്രൊഫ.
ഒ എന്‍ വി യുടേയും പ്രൊഫ. എം കെ സാനുവിന്റെയും രാഷ്ട്രീയത്തെ അല്ല, സാഹിത്യത്തിലെ അവരുടെ നിസ്തുല സംഭാവനകളെയാണ്‌നാം ഓര്‍ക്കുക. അലക്‌സാണ്ടറിനേക്കാള്‍ ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ ആണ് ലോകജനതയുടെ സ്മരണ മണ്ഡലത്തില്‍ ഇന്നും മരണമില്ലാതെ നിലനില്‍ക്കുന്നത്. വ്യക്തികളുടെ സാംസ്‌കാരിക ചക്രവാളത്തെ വികസിപ്പിക്കുന്നരാണ് ലോക ജനതയുടെ മനസ്സില്‍ എന്നും ഇരിപ്പിടം നേടുന്നത്. കലയേയും സാഹിത്യത്തെയും വേറിട്ട രീതിയില്‍ സമീപിക്കുന്ന പ്രതിഭകള്‍ ഈ ശ്രേണിയില്‍പ്പെടുന്നു.
വലിയ വിജയങ്ങള്‍ നേടിയവരൊക്കെയും വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്തതിലൂടെ നേടിയതാണ് അവയൊക്കെ. ചട്ടക്കൂടുകളും ചിട്ടവട്ടങ്ങളും പൊട്ടിച്ച് സ്വപ്നം തേടി,തല ഉയര്‍ത്തിപ്പിടിച്ച് അവര്‍ മുന്നേറി.ലോകം അവരുടെ പിന്നാലെയാണ് പോകുക.
ആദിശങ്കരന്‍ എട്ടാമത്തെ വയസ്സില്‍ തന്നെ നാലു വേദങ്ങളും ഹൃദിസ്ഥമാക്കി. പന്ത്രണ്ടാമത്തെ വയസ്സില്‍ എല്ലാ ശാസ്ത്രങ്ങളും പഠിച്ചു കഴിഞ്ഞു. പതിനാറാമത്തെ വയസ്സിനുമുമ്പ് എല്ലാ ഭാഷകളിലും കഴിവ് നേടി. 32 ആമത്തെ വയസ്സില്‍ ഈ ലോകത്ത് നിന്നും വിരമിച്ചു.
തന്റെഉപനയനത്തിന് മുമ്പ് പിതാവ് ശിവഗുരു അന്തരിച്ചു. മാതാവ് ആര്യാമ്പയുടെ പരിരക്ഷയും അന്ത്യ കര്‍മ്മങ്ങളും പൂര്‍ണമായും ശങ്കരന്‍ ഏറ്റെടുത്തു. അദ്വൈത മതംസ്ഥാപിച്ചെടുക്കാന്‍ ഈ ലോകത്ത് അവതരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ശങ്കരന്‍ തന്റെ ഗുരു ഗോവിന്ദ ഭഗവത് പാദരുമായി കാശിലേക്ക് പോകവേ ഒരു ചണ്ഡാളനുമായി ഉണ്ടായ അനുഭവവും ദേവന്റെ അനുഗ്രഹവും നേടിയ സംഭവത്തെ ആസ്പദമാക്കി ശങ്കരന്‍ രചിച്ചതാണ് ‘മനീഷാ പഞ്ചകം’
എന്ന വേദാന്ത കൃതി.കാശിയിലെ താമസസ്ഥലത്ത് വച്ച് ‘ഭജഗോവിന്ദം’, സൗന്ദര്യലഹരി’ എന്നീ കീര്‍ത്തനങ്ങള്‍ രചിച്ചു. ‘ശിവാനന്ദലഹരി’, ‘ഹരിസ്തുതി’ തുടങ്ങിയ കൃതികളും ശങ്കരന്റേതാണ്. തന്റെ അന്ത്യകാലത്ത് ശങ്കരന്‍ ശൃംഗേരിയിലോ കാശ്മീരിലോ ആയിരുന്നുവെന്ന് പറയപ്പെടുന്നു.
താജ്മഹല്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ പേരാണ് ചാണ്ഡിഗഡിലെ റോക്ക് ഗാര്‍ഡന്‍. 25 ഏക്കറിലായി പരന്നുകിടക്കുന്ന ഒരു കല്‍പൂങ്കാവനം. പൊതുമരാമത്ത് വകുപ്പില്‍ റോഡ് ഇന്‍സ്‌പെക്ടറായിരുന്ന നേക്ക്ചന്ദിന് ദിവസേന കിട്ടിയ നഗരമാലിന്യങ്ങളുമായി തന്റെ സൈക്കിളില്‍, ആരും കടന്നു വരാത്ത ഒരു മല ഇടുക്കിലെ ഒഴിഞ്ഞ സ്ഥലത്ത് ആ നഗരാവശിഷ്ടങ്ങള്‍ കൊണ്ട് അയാളുടെ സ്വപ്നലോകത്തെ രാജാവും പ്രജകളും സൈനികരും നര്‍ത്തകരും ദേവതകളും മൃഗങ്ങളും കുടിലും പുഴയും നഗരവീഥിയും വെള്ളച്ചാട്ടവും ഒക്കെയായി പുനര്‍ജനിച്ചു.15 വര്‍ഷം ആ രഹസ്യ നിര്‍മ്മാണം തുടര്‍ന്നു. ഒടുവില്‍ 1970 ല്‍ ആ വഴി വന്ന ഒരു മലേറിയ ഓഫീസറാണ് കാട്ടിലെ കല്‍പ്പൂങ്കാവനം കണ്ടുപിടിച്ചത്.കാട്ടിലെ അനധികൃത നിര്‍മ്മാണ വാര്‍ത്ത വിവാദമായി. ശില്‌പോദ്യാനം കാണാന്‍ ജനംഒഴുകിയെത്തിയപ്പോള്‍, ആ സ്വപ്ന നഗരം പൊളിക്കാനായി അധികൃതരും എത്തി. എന്നാലോടുവില്‍ ജനങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗവണ്‍മെന്റ് ആ കല്‍പൂങ്കാവനം ഒരു സര്‍ക്കാര്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. അതിന്റെ ചുമതലക്കാരനായി ആ മനോഹരമായ
ശില്പനഗരം തീര്‍ത്ത പഞ്ചാബിയായ
നേക്ക്ചന്ദിനെ നിയമിച്ചു.നഗരം വലിച്ചെറിഞ്ഞ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച, ആരും കാണാന്‍കൊതിക്കുന്ന
അതിമനോഹര നഗരം തീര്‍ത്ത നേക്ക് ചന്ദിനെ ഇന്ന് ഇതിഹാസ ശില്പിയായാണ് ലോകം ആദരിക്കുന്നത്.
‘അങ്കിള്‍ ടോംസ് ക്യാബിന്‍’ എന്ന കൃതി ഹാരിയറ്റ് ബീച്ചര്‍സ്റ്റോവ് എന്ന അമേരിക്കന്‍ എഴുത്തുകാരിയുടെ വിഖ്യാതമായ നോവലാണ്.അങ്കിള്‍ ടോം എന്ന നീഗ്രോ അടിമയെ മുഖ്യ കഥാപാത്രമാക്കി രചിച്ചിട്ടുള്ള ഈ നോവല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍, പ്രത്യേകിച്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലവിലിരുന്ന അടിമത്വ വ്യവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് തരുന്നത്. സാഹിത്യ നിരൂപകരെയും ചരിത്രകാരന്മാരെയും അമ്പരിപ്പിച്ച ഒരു കൃതിയായി ഇതിനെ കരുതപ്പെടുന്നു. അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ തുടക്കത്തിന് പത്തുവര്‍ഷം മുന്‍പ് വെളിച്ചം കണ്ട ഈ കൃതി, അടിമ വ്യവസ്ഥയ്‌ക്കെതിരായി പൊതുജനാഭിപ്രായം രൂപീകരിച്ച് യുദ്ധത്തിനു വേണ്ടിയുള്ള പാതയൊരുക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.’വലിയ യുദ്ധം ഉണ്ടാക്കിയ ചെറിയ സ്ത്രീ’, എന്നാണ് എബ്രഹാം ലിങ്കണ്‍ ഈ ഗ്രന്ഥകാരിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ രചനയുടെ മലയാള പരിഭാഷ
ശ്രീ പി എ വാര്യര്‍,
‘ടോം അമ്മാവന്റെ ചാള’ എന്ന പേരില്‍ 2006 ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐറിഷ് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന സാമുവല്‍ ബക്കറ്റ് ‘അസംബന്ധ നാടകവേദി'( TheAbsurd Theatre) എന്ന നവീന നാടകവേദിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. അദ്ദേഹത്തെ പ്രശസ്തനാക്കി തീര്‍ത്തത് ‘ഗോദോയെ കാത്ത്’, (Waiting for Godot) എന്ന നാടകമാണ്. അഞ്ചു കഥാപാത്രങ്ങളും രണ്ടു രംഗങ്ങളും അടങ്ങുന്നതാണ് നാടകം. രണ്ടു തെണ്ടികളാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. ഗോദോ എന്ന അതിഥിക്കായുള്ള കാത്തിരിപ്പിന്റെ
ഫലമില്ലായ്മയാണ് നാടകത്തിന്റെ സന്ദേശം.നാടകത്തിലെ ഒരു കഥാപാത്രം പറയുന്നു: ‘ഇവിടെ ഒന്നുംസംഭവിക്കില്ല.
ആരും വരികയും
പോകുകയും ചെയ്യുന്നില്ല. ഇത് ഭയങ്കരമാണ്’. നാടകം മനുഷ്യ ജീവന്റെ സ്വഭാവത്തെപ്പറ്റിയുള്ള ചിത്രീകരണം കൂടിയാണ്. പരമ്പരാഗതങ്ങളായ സങ്കേതങ്ങളും രംഗ സംവിധാനങ്ങളും പാടെ തിരസ്‌കരിച്ച് വിപ്ലവാത്മകങ്ങളായ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം
നല്‍കിയവരുടെ മുന്‍പന്തിയിലാണ് ബക്കറ്റ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മനുഷ്യരാശിയുടെ നന്മതിന്മകള്‍ അപഗ്രഥിച്ച് വിലയിരുത്തുവാനുള്ള ശ്രമമാണ് തന്റെ കൃതികളില്‍ ബക്കറ്റ് ചെയ്യുന്നത്. അപ്പോഴും ശുഭപ്രതീക്ഷയുടെ നേരിയ അംശം പോലും അദ്ദേഹത്തിനില്ല. പ്രസിദ്ധിയെ വെറുത്തിരുന്ന അദ്ദേഹം,1969 ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം തനിക്ക് ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല !
ഇങ്ങനെ എത്രയോ മഹാമനീഷികള്‍
നമുക്ക് മുന്‍പേ കടന്നു പോയിട്ടുണ്ട്. അവരുടെ നല്ല മനസ്സാണ് നല്ല ഭൂമി. അവിടെ നല്ല ചിന്തകള്‍ മുളയ്ക്കുന്നു.
അവയില്‍ നിന്ന് നല്ല കര്‍മ്മങ്ങള്‍ ഉണ്ടാകുന്നു. നല്ല കര്‍മ്മങ്ങള്‍ മനുഷ്യരെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു.












Good work
Especially for those who are literary minded
❤️❤️❤️