നിങ്ങള്‍ കശുമാങ്ങ തിന്നിട്ടുണ്ടോ. ഇതുവരെ കശുമാങ്ങയുടെ രുചി അറിയാത്തവര്‍ ഇനിയെങ്കിലും ഒന്നറിയുക.
കശുമാങ്ങ വൃത്തിയാക്കി ഉപ്പും കൂട്ടി തിന്നാന്‍ നല്ല രസമാണ്. ഒരു പ്രത്യേക രുചിയാണതിന്. സ്‌കൂള്‍ വേനലവധിക്കാലത്ത് കശുമാവിന്‍ ചോട്ടില്‍ കശു മാങ്ങ ഉപ്പും കൂട്ടി തിന്ന ഒരു കുട്ടിക്കാലം നിങ്ങള്‍ക്കോര്‍മ്മയിലുണ്ടോ.
കശുവണ്ടിയും കശുമാങ്ങയുമൊക്കെ നമ്മുടെഗൃഹാതുരത്വം പേറുന്ന ബാല്യകാല സ്മരണകളാണ്. പലപ്പോഴും അത്തരം ഓര്‍മ്മകളാണ് നമ്മുടെ ജീവിതത്തെആനന്ദ പൂര്‍ണമാക്കുന്നത്.
കശുമാങ്ങയില്‍ ധാരാളമായി നാര് ഘടകവും ജീവകങ്ങളും ഘനിജങ്ങളും അടങ്ങിയിരിക്കുന്നു. കശുമാങ്ങ തിന്നുമ്പോള്‍ അത് ചവച്ച് അതിന്റെ നീരാണ് എടുക്കുന്നത്.
കശുമാങ്ങ തിന്നിട്ടില്ലാത്തവര്‍ അത് കണ്ടിട്ടെങ്കിലുമുണ്ടോ. കശുവണ്ടി ശേഖരിച്ചതിനു ശേഷമുള്ള മാംസള ഭാഗമാണ് കശുമാങ്ങ.
കശുമാങ്ങ നീര് പ്രമേഹ രോഗികള്‍ക്ക് ധൈര്യപൂര്‍വ്വം കഴിക്കാവുന്നതാണ്. ഇത് ചര്‍മ്മാരോഗ്യം കാക്കുകയും യൗവനം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉദര സൗഖ്യം ലഭ്യമാക്കാനും ഇത് സഹായകരമാണ്. വയറിളക്ക രോഗങ്ങള്‍ ഇടയ്ക്കിടെയുള്ളവര്‍ കശുമാങ്ങ കഴിക്കുന്നത് നന്നായിരിക്കും. അതു പോലെ പൊണ്ണത്തടി കുറയ്ക്കാനും സഹായകമാണ്.
കശുവണ്ടി ശേഖരിച്ചതിനു ശേഷം കശുമാങ്ങ ഉപേക്ഷിക്കുകയാണ് പതിവ്. അത് പലപ്പോഴും മാഞ്ചോട്ടില്‍ ആയിരിക്കും.
കശുമാങ്ങ ഉപയോഗപ്പെടുത്തി പലതരം മധുര പാനീയങ്ങളും വ്യവസായിക ഉല്‍പ്പന്നങ്ങളായ ആല്‍ക്കഹോള്‍ തുടങ്ങിയവയും വന്‍തോതില്‍ ഉല്‍പാദിപ്പിക്കാവുന്നതാണ്.
കശുമാങ്ങയുടെ നീരെടുത്ത് പുളിപ്പിച്ച് അതില്‍ നിന്നും ഫെനി എന്ന ഒരു തരം മദ്യം ഉല്‍പാദിപ്പിക്കുന്നു. അതിന്റെ കുത്തക ഗോവയ്ക്കാണ്. ഗോവയില്‍ ഫെനി കുടില്‍ വ്യവസായമായി വന്‍തോതില്‍ ഉല്‍പാദിപ്പിയ്ക്കുന്നു.
പുളിപ്പിച്ച കശുമാങ്ങ നീരില്‍ നിന്നും മദ്യം മാത്രമല്ല വിനാഗിരിയും ഉണ്ടാക്കുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന വിനാഗിരിയില്‍ നിന്നും എന്തുകൊണ്ടും ആരോഗ്യ പ്രദമാണ് ഇത്.
കശുമാങ്ങക്ക് പറങ്കിമാങ്ങ എന്ന മറ്റൊരു പേരു കൂടിയുണ്ട്. സസ്യശാസ്ത്രപരമായി ഇത് ഒരു യഥാര്‍ത്ഥ പഴമല്ല. പുഷ്പത്തില്‍ നിന്നാണ് ഫലവും പഴവും വിത്തുമൊക്കെ ഉണ്ടാവുന്നത്. കശുമാങ്ങ പൂത്തണ്ട് (pedicel) വളര്‍ന്ന് വികസിച്ച് ഉണ്ടാവുന്നതാണ്.











