LIMA WORLD LIBRARY

കാല്പനികതയുടെ കപടഭാവങ്ങള്‍ (ഫാന്റസി കുറിപ്പ്) – അഡ്വ. പാവുമ്പ സഹദേവന്‍

കാല്പനികതയുടെ ചീഞ്ഞവാലില്‍ തൂങ്ങി കിടന്ന് ചില്ലിയാട്ടം പറന്ന എന്റെ എത്രയെത്ര വര്‍ഷങ്ങളാണ് കൊഴിഞ്ഞു വീണിരിക്കുന്നത്.
കാല്പനികത എന്നും വിപ്ലവത്തിന്റെ കുതിരപ്പുറത്തേറിയാണ് സാഹസിക യാത്ര നടത്തിയിരുന്നതെങ്കിലും
ഇന്ന് അതൊക്കെ അല്പം ചെടിക്കുന്നതുപോലെ എനിക്ക് തോന്നുന്നു.
കാല്പനികത ഇന്ന് ഒരു ക്ലീഷേ (ചര്‍വ്വിതചര്‍വ്വണം) യായിപോകുന്നില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു.
മധ്യവര്‍ഗ്ഗത്തിന്റെ ഭ്രമാത്മകമായ, അയഥാര്‍ത്ഥ സ്വപ്നങ്ങളാണ്, കാല്പനികവിപ്ലവത്തിന്റെ കുതിരപ്പുറത്തേറി അപഥസഞ്ചാരം ചെയ്യുന്നത്.
പുഞ്ചവയലില്‍ വിതച്ച നെല്‍വിത്തുകള്‍ പാലായി കുടം വെയ്ക്കുന്നത് കാണാനായി, ഞാന്‍ അച്ഛന്റെ കൈ പിടിച്ച് പോയതുമുതലായിരിക്കണം കാല്പനിക സ്വപ്നങ്ങള്‍ എന്നില്‍ മൊട്ടിട്ട് തുടങ്ങിയത്.
അച്ഛന്റെ നെല്‍പ്പാടങ്ങള്‍ വിളഞ്ഞുകിടക്കുന്നത് എന്റെ കണ്ണില്‍ എന്നും കുളിര്‍മയും,
മനസ്സില്‍ ആവേശവും പകര്‍ന്നിരുന്നു.
ഞങ്ങളെ കാണുമ്പോള്‍ നെല്‍ച്ചെടികള്‍ തലയാട്ടി സ്വാഗതം ചെയ്യുമായിരുന്നു.
( അവയെല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രം).
എന്തെന്ത് പെടാപാടുപെട്ടാണ് കളകള്‍ വണ്ടികള്‍ വലിച്ച് ആ നെല്ലുകറ്റകള്‍ ഞങ്ങളുടെ വീട്ടുമുറ്റത്തെത്തിക്കുന്നത്.
കാളകളുടെ കണ്ണീര്‍ ഒഴുകിയ ചാലുകളും വടുക്കള്‍ വീണ കഴുത്തും, ഞാന്‍ ആ കുട്ടിക്കാലത്ത് വേദനയോടെ നോക്കി നിന്നിട്ടുണ്ട്.

റൊമാന്റിസിസം മധ്യവര്‍ഗ്ഗത്തിന്റെ കുത്തകയാണെന്ന് കവികള്‍ പാടിയത്,
കല്ലുവെച്ച നുണയും പച്ചക്കള്ളവുമാണ്. കാല്പനികത വ്യവസായ വിപ്ലവത്തിന്റെ സൃഷ്ടിയാന്നെന്ന പാശ്ചാത്യ നിരൂപകരുടെ വ്യാഖ്യാനം എത്ര അസംബന്ധം നിറഞ്ഞതാണ്; മുതലാളിത്തം സൃഷ്ടിച്ച മധ്യവര്‍ഗ്ഗമാണുപോലും ചെറുപ്പക്കാരില്‍ കാല്പനിക സ്വപ്നങ്ങള്‍ക്ക് ജന്മം നല്‍കിയത്. അപ്പോള്‍ അടിമത്ത സമൂഹത്തിലും കാര്‍ഷിക സംസ്‌കൃതിയിലും ഈ പ്രണയവും വിപ്ലവവും ഒന്നും ഉണ്ടായിരുന്നില്ലേ. യഥാര്‍ത്ഥത്തില്‍
മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ കാല്പനികതയും അവനോടൊപ്പം ജന്മം കൊണ്ടിരുന്നു.
അതെന്തയാലും, കാല്പനികതയുടെ പഴയ ഭാവുകത്വത്തെ തകര്‍ക്കാന്‍ കഴിയാതെ, അത് കുഴിച്ച ചതിക്കുഴിയില്‍ ഞാന്‍ വര്‍ഷങ്ങളായി വീണുകിടക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന് യാതൊരു കാല്പനികഭാവവുമില്ല എന്നത് ഒരു തകരപോലെ യാഥാര്‍ത്ഥ്യമാണ്.
അതിഭീകരമായ ചൂടും വിസ്‌ഫോടനങ്ങളുമല്ലാതെ പ്രപഞ്ചത്തില്‍ മറ്റെന്താണുള്ളത് ?
( ഭൂമിയിലെ ജീവിതവും അങ്ങനെയൊക്കെ തന്നെയല്ലേ.
ഓരോ വര്‍ഷവും എത്രയെത്ര ആയിരക്കണക്കിന് ജനങ്ങളാണ് രാജ്യാന്തരയുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത് ).
കവികള്‍ നടത്തിയ ഗൂഢാലോചനയുടെ സൃഷ്ടിയാണ് ഭൂമിയിലെ കാല്പനികത.
കുറച്ചുകൂടി വിശാലമായി പറഞ്ഞാല്‍, കാല്പനികത മനുഷ്യന്റെ സൃഷ്ടിയാണ്;
മനുഷ്യന്‍ പ്രകൃതിയുടെ മേല്‍ ആരോപിച്ച മിഥ്യാസങ്കല്പങ്ങളാണ്.
കാല്പനികതയില്ലാതെ ജീവിതമില്ല എന്ന് പറയുന്നത് ശരിയാണെങ്കിലും,
വിപ്ലവകാരികളും കവികളും ചേര്‍ന്ന്, ചെറുപ്പക്കാരെയും യുവതികളെയും കാല്പനിക വിപ്ലവത്തിന്റെ പേരില്‍ വഞ്ചിക്കുകയായിരുന്നില്ലേ. അതിദുര്‍ബലമായ വൈകാരിക ഭാവങ്ങളല്ലാതെ കാല്പനികതയ്ക്ക് ഈ ജീവിതത്തില്‍ എന്ത് സംഭാവനയാണ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് ?
എന്റെ ജീവിതത്തിന്റെ സിംഹഭാഗവും കാല്പനിക സംഗീതവും റൊമാന്റിക് രചനകളും കവര്‍ന്നെടുക്കുകയായിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു;
അതൊക്കെ നമ്മുടെ സ്വപ്നങ്ങള്‍ക്ക് തീ പിടിപ്പിക്കുമെങ്കിലും, കാല്പനികതയും വിപ്ലവവും,
ചതിയും വിശ്വാസവഞ്ചനയുമല്ലാതെ, ചരിത്രത്തില്‍ മറ്റെന്താണ് നമ്മെ പഠിപ്പിച്ചിട്ടുളളത് ?!

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px