പൃഥ്വീരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത സിനിമയാണ് വിലായത്ത് ബുദ്ധ. പ്രസിദ്ധനായ എഴുത്തുകാരന്‍ ഇന്ദുഗോപന്റെ ഇതേ പേരിലുളള നോവലിന്റെ സാരാംശം ഉള്‍ക്കൊണ്ടാണ് വിലായത്ത് ബുദ്ധ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമ / നോവല്‍ പേരിലുള്ള വിലായത്ത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? തീട്ടംഗോപാലന്‍ എന്ന കഥാപാത്രം വീട്ടില്‍ വളര്‍ത്തുന്ന മികച്ച ഒരു ചന്ദനമരത്തിനെ സൂചിപ്പിക്കാനാണ് വിലായത്ത് ബുദ്ധ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ബുദ്ധന്റെ ആദ്യ പ്രതിമ നിര്‍മ്മിച്ചത് ചന്ദനത്തടിയിലാണെന്നും, ഇനിയത് നിര്‍മ്മിക്കാന്‍ ലോകത്തിലെ മികച്ച ചന്ദനത്തടി വേണമെന്നും ചന്ദനത്തടി മോഷ്ടാവായ ഡബിള്‍ മോഹനന്‍ പറയുന്നുണ്ട്. നടന്‍ ഷമ്മി തിലകന്‍ അഭിനയിക്കുന്ന കഥാപാത്രമായ തീട്ടം ഗോപാലന്റെ വീട്ടിലുള്ളത് അത്തരതിലുള്ള മികച്ച ചന്ദനമരം (വിലായത്ത് ബുദ്ധ)ആണെന്ന് ഡബിള്‍ മോഹനന്‍ പറയുന്നുണ്ട്.
പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ വിലായത്ത് എന്നാല്‍ പ്രൊവിന്‍സ്, രാജ്യം എന്നെല്ലാമാണ് അര്‍ത്ഥം. അതിനുപുറമെ വിദേശി, യൂറോപ്യന്‍ എന്നീ അര്‍ത്ഥങ്ങളിലും വിലായത്ത് എന്ന് ഉപയോഗിക്കാറുണ്ട്. ഉദാ:- വിലായത്ത് മാല്‍ – വിദേശസാധനം, വിലായത്ത് ഖാന – വിദേശഭക്ഷണം .ഗുജറാത്തി മുസ്ലിങ്ങള്‍ക്കിടയില്‍ വിലായത്ത് എന്ന് ആളുകള്‍ക്ക് പേരിടാറുണ്ട്. വിലായത്ത് ഖാന്‍ എന്ന പേരുള്ള സിതാര്‍ വാദകന്‍ പ്രസിദ്ധനാണല്ലോ?
ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ ഉപയോഗിക്കുന്ന വിലായത്ത് എന്ന പദം മലയാളത്തിലെത്തിയപ്പോള്‍ രൂപമാറ്റം വന്ന് ബിലാത്തി ആയതാണ്. മലയാളത്തിലൈപ്പോലെ തന്നെ ബംഗാളിയിലും ഒറിയയിലും ബിലാത്തി എന്ന പ്രയോഗമുണ്ട്. ബംഗാളി ഭാഷയില്‍ തക്കാളിക്ക് ബിലാത്തി ബേഗന്‍ എന്നാണ് പേര്.ആസ്സാമീസില്‍ ബിലാഹി, മാലിദ്വീപിലെ ഭാഷയായ ദിവേഹി യില്‍ വിലാത്തു എന്നീ ഭാഷകളിലും വിലായത്ത് എന്ന പദം രൂപമാറ്റത്തോടെ ഉപയോഗിക്കുന്നുണ്ട്.
നാട്ടുരാജ്യമായിരുന്ന കാലത്ത് കൊച്ചിക്കാര്‍ ഇംഗ്ലണ്ടിനെ കുറിക്കാന്‍ ബിലാത്തി എന്നാണ് പറഞ്ഞിരുന്നത്. മലയാളത്തിലെ പ്രസിദ്ധ യാത്രാവിവരണ കൃതിയാണ് കെ .പി കേശവമേനോന്റെ ബിലാത്തിവിശേഷം. അതില്‍ ധനികര്‍ക്ക് ജീവിക്കാന്‍ സൗകര്യമുള്ളതും ദരിദ്രര്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ളതുമായ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടന്‍ (ബിലാത്തി ) നഗരത്തിന്റെ വിശേഷങ്ങളാണ് പ്രതിപാദിക്കുന്നത്.
കൈതച്ചക്ക, കൂവ തുടങ്ങിയവയെപ്പറ്റി പറയുമ്പോള്‍ ഇപ്പോഴും ബിലാത്തി എന്ന് നാട്ടിന്‍പുറത്തുളളവര്‍ ഉപയോഗിക്കാറുണ്ട്. കൈതച്ചക്ക/ കൂവ എന്നിവ നാടനാണോ ബിലാത്തിയാണോ എന്ന് സാധാരണ ചോദിക്കാറുണ്ട്. വലിപ്പം കൊണ്ടും ഗുണം കൊണ്ടും മെച്ചമുള്ളതിനെയാണ് ജനങ്ങള്‍ ബിലാത്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വലിപ്പം, ഗുണം എന്നിവ കുറവുളളതാണ് നാടന്‍. വിദേശ ഉത്പന്നം കൂടുതല്‍ മെച്ചമുള്ളതാണ് എന്ന വിധേയ മനോഭാവം ജനങ്ങളുടെ മനസ്സിലുള്ളതുകൊണ്ടായിരിക്കും വലിപ്പം /ഗുണം എന്നിവ മെച്ചമുള്ളതിനെ ബിലാത്തി എന്ന് വിളിക്കുവാന്‍ കാരണം.ബിലാത്തി എന്ന് വിളിക്കുന്നത് ലണ്ടനെയാണല്ലോ? എന്നാല്‍ ലണ്ടന്‍ എന്ന വാക്ക് വാമൊഴിയില്‍ ഉപയോഗിക്കുന്നത് അത്ര നല്ല അര്‍ത്ഥത്തിലല്ല താനും. കക്കൂസില്‍ പോവുക എന്ന അര്‍ത്ഥത്തില്‍ ലണ്ടനില്‍ പോവുക എന്ന് ചിലയിടങ്ങളില്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ നുണ പറയുക എന്നതിന് ലണ്ടന്‍ വിടുക എന്ന് മലപ്പുറത്ത് പറയാറുണ്ട്. തങ്ങളെ അടക്കിവാണ ഇംഗ്ലണ്ടിനോടുള്ള എതിര്‍പ്പിനാലായിരിക്കണം ലണ്ടന്‍ എന്ന വാക്ക് നല്ല അര്‍ത്ഥത്തിലല്ലാത്ത സാഹചര്യങ്ങളില്‍ പ്രയോഗിക്കാന്‍ കാരണമെന്ന് തോന്നുന്നു.









