LIMA WORLD LIBRARY

പ്രാദേശിക തെരഞ്ഞെടുപ്പ് എത്തുമ്പോള്‍-മിനി സുരേഷ് (Mini Suresh)

ലോകത്തിലെ ഏറ്റവും വലിയതും വൈവിധ്യവുമാര്‍ന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യം പ്രശസ്തമാണ്. പ്രാദേശിക സ്വയംഭരണ സംവിധാനത്തെയാണ് ഇതിന്റെ അടിത്തറയായി കണക്കാക്കുന്നത്.
ഗ്രാമ പഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോര്‍പ്പറേഷനുകള്‍ എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്ന പ്രാദേശിക ഭരണ സമിതിയാണ് വാര്‍ഡുകള്‍. ജനങ്ങള്‍ക്കൊപ്പം നേരിട്ട് പ്രവര്‍ത്തിക്കുന്ന ഘടകമായതിനാല്‍ വാര്‍ഡ് തെരഞ്ഞെടുപ്പുകള്‍ക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.
ജനങ്ങള്‍ നേരിടുന്നപ്രശ്‌നങ്ങളുടെ പരിഹാരങ്ങളും വികസന പ്രവര്‍ത്തനങ്ങളുടെ നാന്ദിയുമെല്ലാം കുറിക്കുന്നത് വാര്‍ഡ് തലത്തില്‍ നിന്നാണ്.

വോട്ടര്‍മാരുമായുള്ള വ്യക്തിപരമായ ബന്ധങ്ങളും
സ്ഥാനാര്‍ത്ഥിയുടെ സേവന ചരിത്രവും , പ്രശ്‌നങ്ങളെ നേരിടുന്ന സമീപനവും
വിജയത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളും ജനബന്ധങ്ങളും വിശ്വാസ്യതയുമെല്ലാം
ഫലത്തെ സ്വാധീനിക്കും . ഓരോ വോട്ടും
സ്ഥാനാര്‍ത്ഥിക്ക് അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

സാംസ്‌കാരിക , വനിതാ , യുവജന
സംഘടനകള്‍ നല്‍കുന്ന പിന്തുണയും മുഖ്യമായ കാര്യമാണ്. പലപ്പോളും സാമൂഹിക കൂട്ടായ്മകളുടെ ഏകോപനങ്ങളും വിജയത്തിന്
കാരണമാകാറുണ്ട്.

വീടുകള്‍ തോറുമുള്ള ക്യാംപയിനുകളും
വ്യക്തിപരമായ സമീപനങ്ങള്‍ക്കും മുന്‍തൂക്കം കൂടുതലുള്ളതിനാല്‍ സാമ്പത്തിക സ്ഥിതി
കുറഞ്ഞവര്‍ക്കും മത്സരിക്കുവാന്‍ സാധിക്കുന്ന
ജനാധിപത്യത്തിന്റെ തുറന്ന വാതിലാണ് വാര്‍ഡ് തെരഞ്ഞെടുപ്പ്.

ദിവസേന ജനങ്ങള്‍ നേരിടുന്ന കാര്യങ്ങളായ
കുടിവെള്ളം , തെരുവ് വിളക്കുകള്‍ , റോഡ് പ്രശ്‌നങ്ങള്‍ , അംഗന്‍ വാടി – സ്‌കൂള്‍ , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ , ക്ഷേമ പദ്ധതികളുടെ ഗുണഭോക്തൃ നിര്‍ണ്ണയം തുടങ്ങി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ആവശ്യമായ വസ്തുതകളെല്ലാം വാര്‍ഡ് അംഗത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്നു.
പ്രോജക്ട് തെരഞ്ഞെടുത്ത് നടപ്പാക്കുന്നതില്‍ വാര്‍ഡ് അംഗത്തിന്റെ അഭിപ്രായത്തിനും സ്വാധീനത്തിനും മുന്‍തൂക്കം കണ്ടു വരാറുണ്ട്.

73 – 74 ആം ഭരണഘടനാ ഭേദഗതി പ്രകാരം
സ്ത്രീകള്‍ക്ക് 33% സംവരണവും എസ് സി എസ് ടി വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്കും രാഷ്ട്രീയത്തിലേക്ക് സജീവമായി കടന്നു വരുന്നതിനും നേതൃത്വത്തിനും അവസരം
ലഭിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വലിയ മാറ്റമാണിത്. വാര്‍ഡ് തലം മുതല്‍ ലോകസഭ വരെയുള്ള ഓരോ തെരഞ്ഞെടുപ്പുകളും ജനങ്ങളുടെ തീരുമാനങ്ങളുടെ ശക്തി പ്രകടമാക്കുന്ന പ്രക്രിയകളാണ്.

സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും
വികസനപാത വെട്ടിത്തെളിക്കുന്ന മൈക്രോ ലെവല്‍ സംവിധാനമെന്ന് വിശേഷിപ്പിക്കാവുന്ന
തദ്ദേശീയ തലത്തിലെ തെരഞ്ഞെടുപ്പുകള്‍ ഇന്ന് വലിയ രാഷ്ട്രീയവേദികളുടെ ചെറിയ പതിപ്പുകളായി മാറുന്ന കാഴ്ചകളാണ് കാണുന്നത്. സീറ്റു നേടാനുളള പിടിവലികളും പോര്‍വിളികളും സര്‍വ്വസാധാരണ സംഭവങ്ങളാണ്. മുന്‍പ് പരാജയപ്പെട്ടവരും
മത്സരബുദ്ധി വെടിയാതെ വീണ്ടും ഗോദയിലിറങ്ങുന്നതും കാണാം.

രാഷ്ട്രീയ പോരാട്ടങ്ങള്‍ മുറുകുമ്പോള്‍
മറുഭാഗത്ത് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍
അനുഭവിക്കുന്ന മാനസ്സിക സമ്മര്‍ദ്ധം ഏറെ
ഗൗരവമുള്ളതാണ്. പലരും തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. ഓരോ വീട്ടിലെയും വോട്ടര്‍മാരെ സന്ദര്‍ശിച്ച്
വോട്ടുകള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു. കുടുംബം , ബന്ധുക്കള്‍ , കൂട്ടുകാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലായിടത്തു നിന്നും
പ്രതീക്ഷകള്‍ വയ്ക്കുന്നു. തോല്‍വി സംഭവിക്കുമ്പോള്‍ ഈ പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേല്‍ക്കുന്നത്. ആ തകര്‍ച്ച പല
സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ മാനസിക ആഘാതം സൃഷ്ടിക്കാറുണ്ട്.
തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ
വരുന്നവരും പരാജയപ്പെടുന്നവരും ആത്മഹത്യയിലേക്ക് വഴുതി വീഴുന്ന സംഭവങ്ങളും വിരളമല്ല.

ചെലവഴിച്ച പണം , കടമടക്കുവാനുള്ള ഭാരം ,
ആളുകളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും
പരിഹാസങ്ങളും , ശരിയായി പ്രവര്‍ത്തിച്ചില്ല – തുടങ്ങിയ കുറ്റപ്പെടുത്തലുകളും മറ്റും മനസ്സിന് കരുത്തു കുറവുള്ള പരാജിതരെ ബാധിക്കാറുണ്ട്.

ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ചുറ്റും
കൂടുന്ന ആളുകളുടെ പിന്തുണ തോല്‍വിക്കു
ശേഷം സ്ഥാനാര്‍ത്ഥിക്ക് നഷ്ടമാകുന്ന അവസ്ഥ കാണാറുണ്ട്.
അല്ലെങ്കില്‍ അങ്ങനെയൊരു നിരാശയും ഒറ്റപ്പെടലും തളര്‍ച്ചയും പരാജയപ്പെടുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ ബാധിക്കാറുണ്ട്. ഈ സമ്മര്‍ദ്ധങ്ങളുടെ ബാക്കിപത്രങ്ങള്‍ കുടുംബാംഗങ്ങളും സഹിക്കേണ്ടി വരുന്നു.. സ്ഥാനാര്‍ത്ഥിയുടെ മാനസികാഘാതങ്ങള്‍ക്കും വിഷാദാവസ്ഥകള്‍ക്കും മാതാപിതാക്കള്‍ ‘ഭാര്യ , ഭര്‍ത്താവ് , കൂട്ടുകാര്‍ , കുട്ടികള്‍ പോലും ഇരയാകേണ്ട അവസ്ഥ വരാറുണ്ട്.

മത്സരങ്ങളില്‍ ഒരാള്‍ക്കു മാത്രമേ വിജയിക്കുവാനാകൂ എന്ന ബോധം തുടക്കത്തില്‍
തന്നെ സ്ഥാനാര്‍ത്ഥിക്കുണ്ടാകണം. ജീവിതത്തില്‍
പരാജയം ഒന്നിന്റെയും അവസാനമല്ലെന്നും ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നുമുള്ള ചിന്തകള്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമ്പോള്‍
തന്നെ മനസ്സിലുറപ്പിക്കണം. ജീവിതം എന്തിനെക്കാളും വിലയേറിയതാണെന്ന
തിരിച്ചറിവും വേണം.

തെരഞ്ഞെടുപ്പിന് ചെലവിടുന്ന രീതികളും ശ്രദ്ധയോടെ ആയിരിക്കണം. കടുത്ത സാമ്പത്തിക ബാധ്യതകള്‍ ഒരിക്കലും വരുത്തിവയ്ക്കരുത്.

പരാജയത്തെ ആരോഗ്യപരമായി ഏറ്റെടുക്കുന്ന
സംസ്‌കാരം രാഷ്ട്രീയത്തിലും സമൂഹത്തിലും വളര്‍ന്നു വരണം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണമാനസിക പിന്തുണയും ആവശ്യമാണ്.
വേണ്ടി വന്നാല്‍ കൗണ്‍സിലിംഗും ലഭ്യമാക്കണം.

പത്തു വര്‍ഷം മുന്‍പ് കോട്ടയം നഗരസഭയിലെ ഇരുപത്തിയൊന്‍പതാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി ഞാനും പോര്‍ക്കളത്തിലിറങ്ങിയിട്ടുണ്ട്. ജനിച്ചു വളര്‍ന്ന
പ്രദേശത്തിന്റെ വികസനം മാത്രമായിരുന്നു ലക്ഷ്യം.
പ്രദേശത്തുള്ള ജനമനസ്സുകളിലെ രാഷ്ട്രീയ വീക്ഷണങ്ങളും കാറ്റു വീശുന്ന ഗതിയും പകിട
കളികളുമൊന്നും മനസ്സിലാക്കാതെയുള്ള എടുത്തു ചാട്ടത്തില്‍ മൂക്കും കുത്തി വീണു.
മേല്‍പ്പറഞ്ഞ മാനസിക വിഷമങ്ങളൊക്കെ അന്ന്
പക്വതക്കുറവു കൊണ്ട് അനുഭവിച്ചു എന്നത് നേരാണ്.
ഇത്തവണയും സ്ഥാനാര്‍ത്ഥി ആകുവാനുള്ള ക്ഷണവും ഇലക്ഷന്‍ പ്രചരണ രംഗത്തിറങ്ങുവാനുള്ള പ്രേരണയുമൊക്കെ ഉണ്ടായിരുന്നു. തീര്‍ച്ചയായും പ്രചരണത്തിനിറങ്ങേണ്ടതുമാണ്.

പക്ഷേ വാര്‍ഡിലെ മത്സര രംഗത്തുള്ള രണ്ട് സ്ഥാനാര്‍ത്ഥികളും ബന്ധുക്കളും സ്‌നേഹിതകളുമാണ്.
എനിക്ക് ഇലക്ഷന് നില്‍ക്കുവാന്‍ എല്ലാ പ്രോത്സാഹനവും നല്‍കിയ സുഹൃത്ത് തന്നെ അന്ന് എതിര്‍വശത്തെ അണിയിലേക്ക് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ വേദനയും , ചില ചോര പൊടിയുന്ന അനുഭവങ്ങളുടെ മുറിവുകളും നീറ്റലുള്ള പാടുകളായി മനസ്സില്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ആ ഒരു വിഷമം സ്ഥാനാര്‍ത്ഥികളായ എന്റെ സ്‌നേഹിതകള്‍ക്ക് ഞാനായി വരുത്തരുത്. ആ ഉദ്ദേശത്തോടെ നീങ്ങുകയാണ്.

തെരഞ്ഞെടുപ്പുകളെ വികാരപരമായൊന്നും സമീപിക്കരുതെന്ന് വീട്ടില്‍ നിന്നും വരെ അഭിപ്രായം വന്നു. എങ്കിലും എന്തൊക്കെ വലിയ വര്‍ത്തമാനങ്ങള്‍ പറഞ്ഞാലും എഴുത്തുകാര്‍ വികാരജീവികളാണല്ലോ .
അതു കൊണ്ട് ഞങ്ങളുടെ നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണം ഗ്യാലറിയില്‍ ഇരുന്നു
കൊണ്ട് വീക്ഷിക്കുകയാണ്.

എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വാര്‍ഡ് തികച്ചും ഹരിതാഭമായിരുന്നു.
വയലേലകള്‍ക്ക് നടുവിലൂടെ ശാന്തയായി ഒഴുകിയിരുന്ന കൊടൂരാറിന്റെ തീരത്ത് ഏതോ
ഒരു വിവരദോഷിയുടെ തീരുമാനത്തിന്റെ ഫലമായി ഇന്ന് ചന്തയാണ് പ്രവര്‍ത്തിക്കുന്നത്. പച്ച മീനും ഉണക്കമീനുമൊക്കെ ജനങ്ങള്‍ക്ക്
ആവശ്യമാണെങ്കിലും പുഴയുടെ തീരത്ത് ചന്ത
സ്ഥാപിക്കുവാന്‍ പാടില്ലായിരുന്നു എന്നൊരു ശക്തമായ പ്രതിഷേധം മനസ്സിലിരമ്പുന്നുണ്ട്. ചുറ്റുമുള്ളതൊന്നും നോക്കാതെ അവിടെ
ഒറ്റപ്പെട്ട് നില്‍ക്കുന്ന ഇല്ലിമുളകളുടെ ഭംഗി ആസ്വദിക്കാമെന്ന് കരുതിയാലും എങ്ങും
മെത്ത പോലെ കൂട്ടിയിട്ടിട്ടുള്ള മാലിന്യങ്ങളുടെ
ദുര്‍ഗന്ധമാണ്. ഓര്‍ക്കുമ്പോള്‍ തന്നെ മനം പുരട്ടും.
കൂടിക്കിടക്കുന്ന മാലിന്യങ്ങളും കടിപിടി കൂട്ടുന്ന തെരുവു നായ്ക്കളും നിത്യക്കാഴ്ചയാണ്. വഴിപോക്കരെ ഇടയ്ക്കിടക്ക് ഓടി വന്ന് കടിക്കുന്നത് ഇവരുടെ വിനോദമായി മാറിയിട്ടുണ്ട്.

ചില വെട്ടിക്കുറക്കലുകളിലൂടെ ഇരുപത്തിയൊന്‍പതാം വാര്‍ഡ് ഇരുപത്തി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ മാറ്റിയെടുക്കുവാന്‍ വലിയ വിപ്ലവങ്ങളൊന്നും ആവശ്യമില്ല. നാടിനൊരു പുതിയ മുഖം
നല്‍കുവാന്‍ അടുത്ത വനിതാ സാരഥിക്ക് കഴിയട്ടെ എന്ന പ്രതീക്ഷയോടെ
ഞങ്ങളുടെ വാര്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും പുരോഗമിക്കുന്നു.

ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി ബോധമുള്ള പൗരന്മാരുടെ ഹൃദയത്തിലാണ്. ജനങ്ങള്‍ ഉണര്‍ന്നാല്‍ മാത്രമേ രാഷ്ട്ര പുരോഗതി
ഉണ്ടാകുകയുള്ളൂ. നാം ഓരോരുത്തരും ഓരോ മിന്നാമിനുങ്ങുകളായി മാറിയാല്‍ ഇരുട്ടിനെ
കീഴടക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px