നമ്മുടെ വിശ്വാസമെന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പാണ്. കടല്‍ത്തീരത്തു ചെന്നു നിന്നാല്‍ കൗതുകകരമായ ഒരു കാഴ്ചയുണ്ട്. കടലിലേക്ക് കുറച്ചു മാത്രം ഇറങ്ങി നില്‍ക്കുന്നവരുടെ പാദത്തിനടിയില്‍ നിന്നും ചില കള്ളത്തിരകള്‍ മണ്ണെടുത്തു കൊണ്ടുപോകുകയും ചിലരവിടെ വെള്ളത്തില്‍ വീഴുകയും ചെയ്യുന്ന രസകരമായ കാഴ്ച! എന്നാല്‍, വീഴാതിരിക്കാന്‍ പെരുവിരല്‍ കുത്തി ഉറപ്പിച്ചു നില്ക്കുന്നവരെയും കാണാനാകും.
ഈ കുത്തിനില്പാണ് നമ്മുടെയൊക്കെ വിശ്വാസത്തിന്റെ ഉറപ്പ്. വീഴാതിരിക്കാന്‍ പെരുവിരല്‍ കുത്തി നില്ക്കുന്ന വിശ്വാസത്തിന്റെ ഉറപ്പ്. നമ്മുടെയൊക്കെ കാല്‍ ചുവട്ടില്‍ നിന്നും വിശ്വാസമാകുന്ന മണല്‍ത്തരികള്‍ ഒലിച്ചു പോകാതിരിക്കട്ടെ. പതറാത്ത മനസ്സിനും ഇടറാത്ത ചിന്തകള്‍ക്കും തളരാത്ത വിശ്വാസത്തിനും നമുക്ക് പാത്രീഭൂതരാകാം.









