മെച്ചപ്പെട്ട ചര്‍മ്മകാന്തിയും സൗന്ദര്യവും സ്വന്തമാക്കി പ്രായത്തെ അതിജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഒരത്ഭുത ഫോര്‍മുല. അതാണ് പെര്‍സിമണ്‍ പഴം (persimmon fruit). പ്രായത്തെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന ചില ജൈവ തന്മാത്രകള്‍ അതിലുണ്ട്. തന്മൂലം ചര്‍മം തിളക്കമുള്ളതും സുന്ദരവുമായിരിക്കും. ഇത് ചര്‍മ്മരോഗങ്ങളെ അകറ്റി ചര്‍മാരോഗ്യം നില നിര്‍ത്തുന്നു.
മാത്രമല്ല, ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ക്യാന്‍സര്‍, ഹൃദ് രോഗങ്ങള്‍, ആദിയായ ആരോഗ്യ പ്രശ്‌നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ പെര്‍സിമണ്‍ പഴം ശരീരത്തെ പ്രാപ്തമാക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ശ്വാസകോശം, വൃക്കകള്‍, എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി പൂര്‍വാധികം ഭംഗിയോടെ നില നിറുത്താന്‍ സഹായിക്കുന്നു. ഇവിടെ പടര്‍ന്നേറുന്ന പകര്‍ച്ച വ്യാധികള്‍ നമ്മുടെ രോഗ പ്രതിരോധശേഷിക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.
വര്‍ദ്ധിത കൊളസ്‌ട്രോള്‍, അല്‍ഷൈമേഴ്‌സ് രോഗം (Alzheimer’s disease), തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പെര്‍സിമണ്‍ പഴം കഴിക്കുന്നത് ഉത്തമം. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പ്രമേഹം, കൊളസ്‌ട്രോള്‍, ഫാറ്റി ലിവര്‍ ( fatty liver) എന്നിവയ്ക്കും നല്ലതാണെന്ന് പഠനങ്ങള്‍.
ഈ പഴം ആന്റിഓക്‌സിഡന്റുകളുടെ (antioxidant) നല്ലൊരു കലവറയാണ്. കൂടാതെ ജീവകം എ, ജീവകം സി, ബീറ്റാകരോട്ടിന്‍ (beta carotene) നാരു ഘടകം, മാംഗനീസ് (Mn) തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഗുണം ഏറെയുണ്ട് എന്നു വച്ച് പെര്‍സിമണ്‍ പഴം അമിതമായി കഴിക്കരുത്. പ്രതിദിനം ഒരു മുഴുത്ത പഴം തന്നെ ധാരാളം. ഈ പഴം അപൂര്‍വമായി ചിലരില്‍ അലര്‍ജിയുണ്ടാക്കുന്നു.
പഴുത്തു കഴിഞ്ഞാല്‍ നല്ല മധുരമുള്ളതും രുചികരവുമായ ഒരു പഴമാണിതു്. ഏതാണ്ട് തക്കാളിയുടെ നിറവും ആകൃതിയും വലിപ്പവുമാണ്. ഒറ്റുനോട്ടത്തില്‍ തക്കാളി എന്ന് തോന്നിക്കാവുന്ന ഇതിന് കടുത്ത ഓറഞ്ച് നിറമാണ്.
പെര്‍സിമണ്‍ മരം ഏതാണ്ട് 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ഡയോസ്പിറോസ് കാക്കി (Diospyros kaki) എന്നാണ് ശാസ്ത്രനാമം. കുടുംബം എബനേസീയാണ് (Ebenaceae family). നമുക്കിടയില്‍ കാക്കപ്പഴം അഥവ കാക്കിപ്പഴം എന്ന പേരില്‍ ഇത് പരിചിതമാണ്. ഉത്തരേന്ത്യയില്‍ ജപ്പാനി ഫല്‍ (Japani Phal) എന്നു വിളിക്കുന്നു.
ചൈനയാണ് ജന്മദേശം. ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനയില്‍ ഈ പഴച്ചെടി കൃഷി ചെയ്തിരുന്നു. പഴം മാത്രമല്ല ഇതിന്റെ ഇലയും ചൈനീസ് മെഡിസിനില്‍ വിവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു.
കാക്കിപ്പഴം ജപ്പാന്റെ ദേശീയ പഴമാണ്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ സീസണായി കാണപ്പെടുന്നു.









