(പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, ചലച്ചിത്ര നിരൂപകനും, അഭിനേതാവും, സംവിധായകനും, ഡല്‍ഹി ദൂരദര്‍ശന്റെ ജനപ്രിയനായ വാര്‍ത്താവതാരകന്‍, പി. ടി. ഐയുടെ ചീഫ് പ്രൊഡ്യൂസര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തുടങ്ങി ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ അമരക്കാരനുമായിരുന്ന ശ്രീ. ശശികുമാറുമായി ഇത്തിരി വര്‍ത്തമാനം)
ചോ – 1
ചലച്ചിത്ര ലോകം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്കും ആകാംഷകള്‍ക്കും ആധുനിക സാങ്കേതിക വിദ്യയുടെ ദ്രുത ഗതിയിലുള്ള പരിണാമ പ്രക്രിയകള്‍ എത്രമാത്രം ആശ്വാസകരമായി സംഭവിക്കാന്‍ സാധ്യതയുണ്ട്.?
ഉത്തരം : 1
ന്യൂ ജെന്‍ ആളുകളുടെ പ്രതികരണങ്ങളില്‍ വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ നമ്മള്‍ സൂക്ഷ്മമായി ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. അവരുടെ മനസ്സില്‍ ഉണ്ടാകുന്ന വികാര വിചാരങ്ങളുടെ ലോജിക് മനസ്സിലാക്കാന്‍ കഴിയാതെ നമ്മള്‍ ഒരു രംഗം എത്ര ആലങ്കാരികതയോടെ ചിത്രീകരിച്ചാലും ഉദ്ദേശിക്കുന്ന റിസള്‍ട്ട് തിരിച്ചു കിട്ടിക്കോളണമെന്നില്ല. ഉദാഹരണത്തിന് നമ്മള്‍ മുന്‍പ് ചിത്രീകരിച്ചിരുന്ന ഹ്യൂമര്‍ ടച്ചുള്ള ഒരു രംഗമോ, ദുഃഖ പരിവേഷത്തിലുള്ള ആഴമുള്ള സീക്വന്‍സുകളോ പുതിയ മനസ്സുകളില്‍ മറ്റൊരുതരം വികാരമായിരിക്കും ഉളവാക്കുക. അതുപോലെതന്നെയാണ് മറ്റെല്ലാ ജീവിത മുഹൂര്‍ത്തങ്ങളും. പുതിയവരെ പരിഹസിക്കുകയല്ല, അവര്‍ ഹൈലി ബ്രില്ലിയന്റ് തന്നെയാണ്.
അവരുടെ കാഴ്ച പ്രതലങ്ങളിലും കാഴ്ചപ്പാടിന്റെ പ്രതികരണങ്ങളിലും മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു.
സിനിമയുടെ ദൈര്‍ഘ്യം ചുരുങ്ങി ചുരുങ്ങി ഇപ്പോള്‍ ഒരു മിനിറ്റില്‍ ഒതുങ്ങുന്ന സൃഷ്ടികള്‍ വരെ എത്തിതുടങ്ങി. ഇന്ത്യയില്‍ അതിനുള്ള തുടക്കങ്ങള്‍ ഒരുങ്ങിതുടങ്ങിയിയിട്ടുണ്ട്.
ഒരു മിനിറ്റിന്റെ 100 എപ്പിസോഡുള്ള പരമ്പരയാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നത്.
ചോദ്യം – 2
ഒരു മിനിറ്റ് വീതമുള്ള പരമ്പരയോ, സിനിമപോലെ വിവിധകലാരൂപങ്ങളുടെ സംഗമമായ, ജനകീയമായ ഈ കലാരൂപത്തെ അപമാനിക്കുന്നതിനു തുല്യമാകില്ലേ ഇത്തരം പ്രവണതകള്‍.
ഉത്തരം – 2
സിനിമയുടെ ഉള്ളടക്കവും സംവേദന സമയമൊക്കെ തീരുമാനിക്കുന്നത് സംവിധായകന്റെ / നിര്‍മ്മാതാവിന്റ തീരുമാനങ്ങളല്ലേ. മാറിയ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രേക്ഷക മനസ്സിന്റെ താളങ്ങള്‍ക്കനുസരിച്ച് ആവിഷ്‌ക്കാരം ക്രമപ്പെടുത്തുന്ന സംവിധായകനെ വിമര്‍ശിക്കുന്നതെങ്ങിനെ. ഇന്ന് സെല്ലുലോയ്ഡ് പോലും ആവശ്യമില്ലെന്ന അവസ്ഥയിലേക്ക് സാങ്കേതികത വളര്‍ന്ന് കഴിഞ്ഞുവല്ലോ. നമുക്ക് ഭാവനയില്‍പ്പോലും കാണാന്‍ കഴിയാതിരുന്നത്ര വേഗത്തിലും മേന്മയിലുമാണ് സിനിമ മാറിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും നമ്മുടെ ഭാഷാ ചിത്രങ്ങളിലും അതിന്റെ അലകള്‍ വന്നടിയുമല്ലോ. ടെക്‌നോളജിയുടെ വികാസം ഒരേസമയം ലോകമെമ്പാടുമല്ലേ എത്തിച്ചേരുന്നത്.
പരസ്യചിത്രങ്ങള്‍ വളരെ ചെറുതും എന്നാല്‍ ആശയങ്ങളാല്‍ സമൃദ്ധവുമല്ലേ. അതുപോലെ വിദഗ്ദരായ സ്‌ക്രീന്‍ പ്ലേ റൈട്ടേഴ്സിനെക്കൊണ്ട് ഏറ്റവും സൂക്ഷ്മമായ രീതിയില്‍ സ്‌ക്രീന്‍പ്ലേ എഴുതിച്ച് ഷൂട്ടിങ്ങിന് ശേഷം ഷാര്‍പ്പ് ആയുള്ള എഡിറ്റിങ് കൂടിയായാല്‍ കാര്യം സാധിക്കും.
പണ്ട് ‘ബൈബിള്‍’ സീരിയല്‍ ആക്കിയ കാലത്ത് അതിന്റെ നിര്‍മ്മാതാവ് കേരളത്തിലെ സുഹൃത്തുക്കളായ കുറേ എഴുത്തുകാരെ സമീപിച്ച് തന്റെ സൃഷ്ടിയുടെ പരമാവതി പൂര്‍ണ്ണതയ്ക്കുവേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. അതുപോലെയുള്ള രീതികളിലൂടെ ഉത്തമമായ വിഷയങ്ങള്‍ ആശയങ്ങള്‍ ചോരാതെ തെരഞ്ഞെടുക്കാനാകുമല്ലോ.
കാഴ്ചക്കാരില്‍ ഭൂരിപക്ഷവും
ഒ.ടി.ടി പ്ലാറ്റ് ഫോമിലോ, മൊബൈല്‍ ഫോണിലോ ചിത്രം കാണുന്നവരാണ്. തിയേറ്ററില്‍ പോയി കാണാനുള്ള സമയവും, ഒരുക്കങ്ങളൊന്നും പൊതുവെ അവര്‍ക്ക് രുചിക്കുന്നതല്ല.
ചോദ്യം – 3
മലയാള സിനിമകള്‍ ഭൂരിപക്ഷവും പഴയകാല സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലും, കുടുംബ പശ്ചാത്തലത്തിലും ഊന്നിക്കൊണ്ടുള്ള കഥകളും അതിനനുസൃതമായ ധൈര്‍ഘ്യവും ജനഹിതങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള വിവിധതരം കലാവിഭവങ്ങളുടെ ചേരുവകളും കൂടിയുള്ള
ആവിഷ്‌ക്കാര രീതിയിലായിരുന്നുവല്ലോ ഒരു കാലത്ത്. അവിടുന്ന് ഇന്നത്തെ മൂല്യരഹിതവും, അക്രമാസക്തവുമായ മാറ്റത്തെ എങ്ങിനെ വിലയിരുത്തുന്നു.
ഉത്തരം – 3
പരിണാമ പ്രക്രിയകളുടെ ഭാഗമായി കലയുടെ എല്ലാ മുഖങ്ങളിലും മാറ്റങ്ങള്‍ പ്രകടമാണ്. യൂറോപ്യന്‍ നാടകങ്ങളിലും, സിനിമയിലും നേരത്തെ തന്നെ വിഷയ സെലക്ഷനിലും അവതരണ ശൈലിയിലും ഇതിന്റെ മാറ്റങ്ങള്‍ നമ്മള്‍ നേരത്തെത്തന്നെ കണ്ടിട്ടുള്ളതാണ്. ഇതിവൃത്തത്തില്‍ വരുന്ന മാറ്റങ്ങള്‍ സമൂഹത്തില്‍ വന്നുചേരുന്ന ഒഴിച്ചുകൂടാനാവാത്ത പരിണാമത്തിന്റെ അടയാളങ്ങള്‍ തന്നെയാണ്.
ആവിഷ്‌ക്കാര ശൈലികള്‍ ടെക്‌നോളജിയുടെ നൂതനമായ സാധ്യതകളെ ഉള്‍ക്കൊണ്ടുള്ളതാണ്.
വിശാലമായ പ്രതിപാദനരീതികളുടെ ആവശ്യങ്ങള്‍ ഇന്നില്ല. മാത്രവുമല്ല സിനിമയുടെ കാഴ്ചക്കാര്‍ കേവലം കേരളത്തിലോ, സൗത്ത് ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നതല്ലല്ലോ. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ മുന്നിലൂടെ ഏത് സിനിമയ്ക്കും കടന്നുപോകാനുള്ള അവസരങ്ങള്‍ ഇന്ന് വളരെ ഈസിയായി ലഭ്യമാണ്. അതുംകൂടി മനസ്സിലാക്കിയിട്ടുവേണം നമ്മള്‍ സിനിമയെ വിശകലനം ചെയ്യാന്‍.
സിനിമ ഇപ്പോള്‍ വെല്ലുവിളികളെ നേരിടുന്ന ഒരു കലാരൂപമാണ്. സെല്ലുലോയ്ഡ് ടെക്‌നോളജിയില്‍ നിന്ന് ഡിജിറ്റല്‍ ടെക്‌നോളജിയിലേക്ക് അതിവേഗം മാറ്റങ്ങള്‍ നടന്ന ഒരു മാധ്യമമാണ്.
സിനിമയുടെ പുതിയ പ്രവണതകള്‍ നമുക്ക് തീര്‍ച്ച പ്പെടുത്തുവന്‍ പറ്റാത്ത അവസ്ഥയിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ഒരു മിനിറ്റ് ആയാലും, 30 സെക്കന്റ് റീല്‍ ആയാലും, 5-10 മിനിറ്റുകളുടെ എപ്പിസോഡുകളായാലും, 30 മിനിറ്റിന്റെ ഡോക്യുമെന്ററി ആയാലും സിനിമയുടെ ഗ്രാമര്‍ ഈസ്തെറ്റിക്‌സ് വലിയ ഫ്രെയ്മില്‍ കാണുന്നതിനുവേണ്ടിയുള്ളതാണ്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത് ഭൂമി ചുരുങ്ങിച്ചുരുങ്ങി ഒരു മണ്‍ തരിയായി രൂപാന്തരപ്പെടുന്ന അവസ്ഥ. അതില്‍നിന്ന് മാറി ചിന്തിക്കനോ പ്രവര്‍ത്തിക്കാനോ ഇനി ആര്‍ക്കും കഴിയില്ല.
ഒ. ടി. ടി. യില്‍ വരുന്ന എല്ലാ സിനിമകളും കാണുന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ നിത്യേനയുള്ള മാറ്റങ്ങള്‍ കണ്ടറിയുന്ന ആളുമാണ്.
മലയാള സിനിമപോലെ വൈബ്രന്റ് ആയുള്ള സിനിമകള്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ഇല്ല. സംസ്‌കാര ബിംബങ്ങളിലൊക്കെ ഇതുവരെ പ്രകടമാകാതിരുന്ന കേരള സംസ്‌കാരത്തിന്റെ എല്ലാ ഭാവങ്ങളും ഇപ്പോള്‍ വെളിപ്പെടുന്നുണ്ട്. യുവ സിനിമാക്കാരും ദളിത് സിനിമാ പ്രവര്‍ത്തകരും ഈ ശൈലി അനുകരിക്കാന്‍ തുടങ്ങിയിട്ടുള്ള ത് നല്ല പ്രവണതയാണ്.
ചോദ്യം – 4
നമുക്കുണ്ടെന്ന് പറയുന്ന സംസ്‌ക്കാരം അഥവാ മാനവികത ഈ ആധുനികതയുടെ തിരകളേറ്റ് തകര്‍ന്ന് തരിപ്പണമാകുമെന്ന് കരുതാനാകുമോ?
ഉത്തരം – 4
സംസ്‌കാരം എന്നത് ഓരോ നിമിഷത്തിലും സംഭവിക്കുന്ന ഒന്നാണ്. ആരോ അടിച്ചേല്‍പ്പിക്കുന്നതല്ല. ആ മാറ്റങ്ങളിലേക്ക് സൂക്ഷിച്ചുനോക്കി നമ്മള്‍ തന്നെ അതിനെ അനുഭവിക്കുന്നതിനെയാണ് കള്‍ച്ചറല്‍ പ്രാക്ടീസ് എന്നുപറയുന്നത്. ആരോ അടിച്ചേല്‍പ്പിക്കുന്ന കൃത്രിമമായ ഒന്നിനെ അനുകരിച്ച് അതാണ് നമ്മുടെ സംസ്‌കാരം എന്നുപറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അതുപോലെ തന്നെയായിരുന്നു സിനിമയുടെ ഉള്ളടക്കങ്ങളിലും. മുമ്പൊക്കെ കഥകളിയും, ഭരതനാട്യവും, ക്ലാസിക്കല്‍ സംഗീതവുമൊക്കെയായാലേ സംസ്‌കാരത്തിന്റെ മുദ്രകള്‍ ഉള്ള സിനിമകള്‍ ആകൂ എന്നൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അത് മാറിപ്പോയി.
ലോകം മുഴുവന്‍ നുണകളുടെ ആധിപത്യം നിറഞ്ഞുനില്‍ക്കുന്ന ഒരു സമയമാണിത്. അസത്യത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന സമൂഹങ്ങളില്‍ സുതാര്യമായ ക്രിയേഷനുകളില്‍ മാത്രമാണ് സത്യത്തിനെ കണ്ടെത്താനാകുക. നാല് വരികളുള്ള ഒരു കവിതയില്‍പ്പോലും ലോകാവസ്ഥ മുഴുവനും അനുഭവിപ്പിക്കുവാന്‍ കഴിയുന്നത് കലയ്ക്ക് മാത്രമാണ്.
പണ്ടൊക്കെ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ കൂടുമ്പോളാണ് സമൂഹ ഭാവങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ഇക്കാലത്ത് മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ മാറ്റങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തികൊണ്ട് പ്രത്യക്ഷമാകുന്നുണ്ട്. ഇതിനെ സ്വഭാവികമായ പരിണാമപ്രക്രിയ യായി മനസ്സിലാക്കിയാല്‍ മാത്രം മതി.
ചോദ്യ – 5
ഫിലിം ഫെസ്റ്റിവലുകള്‍ കേരളത്തില്‍ ജനകീയമായിതുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഇതിന്റെ സജീവമായ തുടര്‍ച്ചയും ജനങ്ങളില്‍ ഇതിന് ചെലുത്താന്‍ കഴിയുന്ന മേന്മയും പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ നിലനില്‍പ്പുപോലും ഭീഷണിയില്‍ നില്‍ക്കുന്ന ഇത്തരം സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കാന്‍ എന്തെങ്കിലും ഉപായങ്ങള്‍ നിര്‍ദ്ദേശിക്കാമോ.
ഉത്തരം – 5.
ഫിലിം ഫെസ്റ്റിവലുകള്‍ക്ക് നല്ല സിനിമകള്‍ കാണുന്നതിനുള്ള ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ തീര്‍ച്ചയായും കഴിയും. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിയേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ നിലനില്‍പ്പുപോലും അപകടത്തിലായി ക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മിക്ക ഫെസ്റ്റിവല്‍ കമ്മിറ്റികളും. തൃശ്ശൂരിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് തൃശ്ശൂര്‍ ഇതിനൊരു അപവാദമായി അതിജീവിക്കുന്നത് അഭിമാനം തന്നെ.
എന്റെ മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത് തന്നെ സിനിമാ നിരൂപകനായാണ്. 1970 കളുടെ അവസാനം തൊട്ട് സിനിമയെ അനലൈസ് ചെയ്യുന്ന രീതിയില്‍ എല്ലാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളിലും ഞാന്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. അന്നൊക്കെ ദേശീയവും അന്തര്‍ദേശീയവുമായ ഒരുപാട് സിനിമകള്‍ കാണാനും, അതിന്റെ സംവിധായകരുമായി സംവാദങ്ങള്‍ നടത്താനും അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അക്കാലത്ത് സമൂഹവികാരങ്ങള്‍ ആഞ്ഞടിച്ചിരുന്ന നല്ല സിനിമകള്‍ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും ഫെസ്റ്റിവലുകളില്‍ കാണാറുണ്ട്.
പിന്നെ പ്രതിസന്ധികള്‍,
അത് മുന്‍പും ഉണ്ടായിട്ടുള്ളതാണല്ലോ. ഷെഹര്‍സാദ നിലനില്‍പ്പിനുവേണ്ടി 1001രാവുകളില്‍ കഥകള്‍ പറഞ്ഞത് വാളിന്‍ മുനയില്‍ ഭയന്ന് നിന്നുകൊണ്ടായിരുന്നുവല്ലോ.












