കുട്ടികള്‍ ഭാവി ലോകത്തിന്റെ വാഗ്ദാനങ്ങളാണ്. നമ്മുടെ വാല്‍സല്യഭാജനങ്ങള്‍…മാത്രമല്ല, അവര്‍ ഓരോരുത്തരും വികസിച്ചുവരുന്ന വ്യക്തികളാണ്. അവരുടെ സ്വഭാവത്തിനും ഭാവിക്കും രൂപം കൊടുക്കുന്നത് മാതാപിതാക്കളും അധ്യാപകരും ആണെന്ന് പറയാമെങ്കിലും വാസ്തവത്തില്‍ അവരുടെ വളര്‍ച്ചക്കും സ്വഭാവത്തിനും ഭാവിക്കും പ്രധാനകാരണം അവര്‍ തന്നെയാണ്. ജനിക്കുമ്പോള്‍ ഓരോ കുട്ടിയിലും ചില വാസനകളും കഴിവുകളും അന്തര്‍ലീനമായി കിടക്കുന്നുണ്ട്. നൈസര്‍ഗികമായ ഈ കഴിവുകള്‍ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയുമാണ് നമ്മുടെ കര്‍ത്തവ്യം.
ഒരു കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് മൂന്നു കാര്യങ്ങള്‍ ആവശ്യമാണ് :രക്ഷാബോധം,ശാന്തത, സ്‌നേഹം. അമ്മ അരികത്തുണ്ടെന്ന വിചാരം കുട്ടികള്‍ക്ക് ആശ്വാസവും ആനന്ദവും നല്‍കുന്നു. കുട്ടികളോട് സ്‌നേഹം ഉണ്ടായിരുന്നാല്‍ മാത്രം പോരാ അവരെ വളര്‍ന്നുവരുന്ന വ്യക്തികള്‍ എന്ന നിലയില്‍ ആദരിക്കുകയും വേണം.അത് ചെയ്യരുത്,ഇത് ചെയ്യരുത് എന്ന് പറഞ്ഞ് കുട്ടികളെ മാതാപിതാക്കള്‍ ശാസിക്കാറുണ്ട്. ഇത്തരം കല്‍പ്പനകള്‍ നിരന്തരം കേള്‍ക്കുന്ന കുട്ടിക്ക് താന്‍ മുതിര്‍ന്നവര്‍ക്ക് ഒരു ശല്യമാകുന്നില്ലേ എന്ന് തോന്നുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ചില മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ വളര്‍ച്ച ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. സമൂഹത്തില്‍ അവര്‍ നേരിടേണ്ടിവരുന്ന വിപത്തുകളെ ഓര്‍ത്ത് അവര്‍ക്ക് രക്ഷാകവചം ഒരുക്കി അവരുടെ കൂടെ സദാ പോകുന്ന പ്രവണത കാണുന്നുണ്ട്. നമ്മുടെ പെണ്‍കുട്ടികളെ ആരില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നത്.മരണ ഭയം മൂത്ത് ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക് അഭയം തേടിയ പരീക്ഷിത് രാജാവിനെ മാമ്പഴത്തിനകത്തെ ഒരു പാമ്പായി വന്ന് കൊത്തിക്കൊന്ന കഥ കേവലം കഥയായി മാത്രം കരുതിക്കൂടാ. പെണ്‍കുട്ടികളെ സുരക്ഷിത വലയങ്ങളില്‍ ഒതുക്കുകയല്ല, സമൂഹത്തിന്റെ വൃത്തികേടുകളെ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാന്‍ മാനസികമായും ശാരീരികമായും അവരെ ശക്തരാക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നതിനു പകരം അവരെ കൂട്ടിലിട്ടു വളര്‍ത്തി പ്രതിസന്ധികളിലേക്ക് തുറന്നു വിടുകയാണ് ഇന്ന് സമൂഹം ചെയ്യുന്നത്. അത് അപകടകരമാണ്.
കുട്ടികള്‍ക്ക് കുറെ പണം സമ്പാദിച്ചു കൊടുത്തതുകൊണ്ടല്ല അവരുടെ സുരക്ഷിതത്വം സാധ്യമാക്കുക. മാതാപിതാക്കളുടെ ജീവിതം തന്നെ ഒരു അനുകരണീയ മാതൃകയാവണം അവര്‍ക്ക്. കുഞ്ഞുങ്ങളെ സുഹൃത്തുക്കളാക്കണം. അപ്പോള്‍ ആരും ആര്‍ക്കും ഭാരമാവില്ല. സൗഹൃദത്തോടെ ഇടപഴകിയാല്‍ അത് പകരുന്ന ആശ്വാസം ചെറുതല്ല. മാതാപിതാക്കളുടെ സ്‌നേഹസ്പര്‍ശക്കുറ വാണ് പകരം മയക്കുമരുന്നും മദ്യവും വന്നു കൂടുന്നത്. ശരി തെറ്റുകള്‍ വിധിക്കാതെ അവരെ കേള്‍ക്കണം. അവരുടെ ചെറിയ ഗുണങ്ങളെ അഭിനന്ദിക്കണം.
അപ്പോള്‍ മാത്രമേ മൂല്യങ്ങള്‍ക്ക് കുട്ടികള്‍ ഉയര്‍ന്ന സ്ഥാനം നല്‍കുകയുള്ളൂ. മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന എബ്രഹാം ലിങ്കണ്‍ന്റെ വാക്കുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ് : ‘നിങ്ങള്‍ എന്നെ ചുട്ടുകരിച്ച്,എന്റെ ചാമ്പല്‍ ചുറ്റും വിതറിക്കൊള്ളുവിന്‍, കഴിയുമെങ്കില്‍ എന്റെ ആത്മാവിനെ നരകത്തിലേക്ക് തള്ളിവിട്ടുകൊള്ളുവിന്‍, എന്നാല്‍ കൂടി സത്യത്തിനും ധര്‍മ്മത്തിനും നിരക്കാത്ത, തെറ്റാണെന്ന് ഞാന്‍ ബലമായി വിശ്വസിക്കുന്ന ഒരു കാര്യത്തിന് എന്റെ അനുകൂല്യം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല’.
വിദ്യാഭ്യാസം എന്നത് കേവല സാക്ഷരതയല്ല. വിദ്യാര്‍ഥികളെ അവരുടെ കഴിവുകളിലേക്ക് നയിക്കുകയും ആ കഴിവുകളെ അവര്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പൊതു നന്മയ്ക്കുള്ള നിക്ഷേപമാക്കുകയും ചെയ്യുന്നതാവണം വിദ്യാഭ്യാസം. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വളരുന്ന കുട്ടികളുടെ സ്വഭാവ രീതികളില്‍ വരുന്ന മാറ്റങ്ങള്‍ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ നമ്മുടെ വിദ്യാഭ്യാസ രീതിക്കാവുന്നില്ല. എന്നാല്‍ വികസിത രാജ്യങ്ങളില്‍ കലാകാലങ്ങളില്‍ കുട്ടികളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം നടത്തി അനിവാര്യമായ മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്നു. കുട്ടികളെ അടിച്ചൊതുക്കി നേരെയാക്കാം എന്ന തോന്നല്‍ ഒരിക്കലും വിജയിക്കില്ല. പ്രശ്‌നക്കാരെ നേരിടേണ്ടത് അവരുമായുള്ള നിരന്തരമായ സൗമ്യ സമ്പര്‍ക്കത്തിലൂടെയാണ്. പുതിയ കാലത്ത് പ്രശ്‌നങ്ങളെ നേരിടാനുള്ള പരിശീലനം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിക്കേണ്ടതുണ്ട്. സാമൂഹിക മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകളും അറിവുകളും കുട്ടികളുടെ ദൈനംദിന ജീവിതത്തിലേക്ക് പകര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ നമ്മള്‍ ഇന്നോളം നേടിയ സകല അറിവുകളും പാണ്ഡിത്യവും വൃഥാവിലാവും. വിദ്യാഭ്യാസം വിദ്യാലയത്തില്‍ നിന്നുമാത്രമാണെന്നും അറിവ് ടെക്സ്റ്റ് ബുക്കിന്റെ താളുകളില്‍ ഒതുങ്ങുന്നു എന്നുമുള്ള വിശ്വാസം മാറേണ്ടതുണ്ട്. വിദ്യാലയത്തിന് വെളിയിലാണ് കുട്ടികള്‍ ജീവിതത്തെ അഭിമുഖീകരിക്കേണ്ടത്. സാമൂഹിക ജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന ദുര്‍ഘടപ്രതിസന്ധികള്‍ ആകുന്ന പരീക്ഷകളില്‍ വിജയിക്കാനുള്ള കഴിവുകളാണ് കുട്ടികള്‍ ആര്‍ജിക്കേണ്ടത്. സത്യത്തിന്റെയും വിശുദ്ധിയുടെയും നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കാതെ ലോകത്തെ മറ്റു മുഴുവന്‍ അറിവുകളും പകരുന്ന അധ്യാപകര്‍ സമൂഹത്തെ ഒറ്റുകൊടുക്കുകയാണെന്നും അവര്‍ വിദ്യാര്‍ത്ഥികളെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്നും ഗാന്ധിജി നിരീക്ഷിച്ചിട്ടുണ്ട്. സ്വഭാവശുദ്ധി ഇല്ലാത്ത അറിവിനെ ഗാന്ധിജി കാണുന്നത് ലോക ത്തിലെ ഏറ്റവും വലിയ അപകടകരമായ തിന്മയായിട്ടാണ്.
കുട്ടികള്‍ നാട്ടിലെ ഭാവി പൗരന്മാരാണ്. വീട്ടിലുള്ളവരുമായി ഒന്നിച്ചു കഴിയുമ്പോള്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ വേണ്ടപോലെ നിറവേറ്റുന്നതിനും ചില നീക്കുപോക്കുകള്‍ക്കും അവര്‍ തയ്യാറാകണം. മറ്റുള്ളവരുടെ സുഖസൗകര്യങ്ങളെ കൂടി ഓര്‍ത്ത് നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണം. സ്‌കൂളിലെയും വീട്ടിലെയും അന്തരീക്ഷത്തില്‍ നിന്നാണ് കുട്ടികളുടെ സ്വഭാവരൂപീകരണം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെഅവരെ നേര്‍വഴിക്കു നയിക്കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാധിക്കണം.കുട്ടികള്‍ നന്നായാല്‍ നാട് നന്നാവും.അപ്പോള്‍ മാത്രമേ വിദ്യ നഷ്ടപ്പെടുത്താത്ത ധനമായി മാറുകയുള്ളൂ. അലസതയും ഭീരുത്വവും സുഖാനുഭവങ്ങളില്‍ ലയിക്കാനുള്ള അതിരുകവിഞ്ഞ ആഗ്രഹവും വെച്ചുപുലര്‍ത്തുന്നവരില്‍ നിന്നും വലിയ നേട്ടങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ശ്രദ്ധ കേന്ദ്രീകരിച്ച് അധ്വാനിക്കുവാനും സാഹസത്തിന് ഒരുങ്ങുവാനും വിദ്യാഭ്യാസം വഴി സാധിക്കുന്നവരില്‍ നിന്നുമാത്രമേ സമൂഹം പ്രതീക്ഷ അര്‍പ്പിക്കേണ്ടതുള്ളു.
ഏതു തെറ്റും സ്‌നേഹം കൊണ്ട് തിരുത്താമെന്നും അതിനുള്ള ശക്തി സ്‌നേഹബന്ധത്തിന് ഉണ്ടെന്നുമുള്ള തിരിച്ചറിവ് കുട്ടികള്‍ക്ക് കൊടുക്കണം. ഹിംസാലുവും കൊള്ളക്കാരനു മായിരുന്ന രത്‌നാകരന്‍ എന്ന കാട്ടാളനെ സപ്തര്‍ഷിമാര്‍ തിരുത്തിയില്ലേ? വൃക്ഷങ്ങള്‍ക്ക് മധ്യേ ഇരുത്തി ‘ആമരം’, ‘ഈമരം’, എന്നു ജപിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ അത് ക്രമേണ ‘രാമരാമ’ എന്നു മാറി ഒടുവില്‍ രാമായണമായില്ലേ? അങ്ങനെ കാട്ടാളന്‍ വാല്മീകിയായി, ആദ്യ കവിയും ഋഷിയുമായി.
ബുദ്ധചരിതത്തിലെ കഥാപാത്രമായ അംഗുലീമാലന്‍ കാനന മധ്യേ യാത്രികരായി കാണുന്ന ആളുകളുടെ കൈവിരലുകള്‍ മുറിച്ച് അവന്‍ മാല കോര്‍ത്ത് കഴുത്തിലണിയുമായിരുന്നു. ആയിരം വിരലുകള്‍ തികയ്ക്കുന്ന ഒരു ഗുരുദക്ഷിണ.അവനും തെറ്റ് തിരുത്തി. അംഗുലിമാലന്‍ ഒരു അഹിംസകനായി. അതിന്റെ പിന്നിലും പ്രവര്‍ത്തിച്ചത് ശുദ്ധസ്‌നേഹം, ബുദ്ധസ്‌നേഹം. ഭൗതിക ജീവിതത്തില്‍ എല്ലാ നേട്ടങ്ങളും കൈവരിച്ചതിനുശേഷം മനുഷ്യകുലം ദിനംതോറും വിലപിക്കുന്നത്, യാചിക്കുന്നത് ഒരിറ്റു സ്‌നേഹത്തിനു വേണ്ടിയാണ് എന്ന സത്യം നമ്മള്‍ മറന്നുകൂടാ.
കാഴ്ചയും ഉള്‍ക്കാഴ്ചയും കുട്ടികളെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വിത്തില്‍ ഒരു വൃക്ഷം ഉണ്ടെന്നും,പുഴകള്‍ വറ്റിയാല്‍, മലിനപ്പെട്ടാല്‍ കുടിവെള്ളവും കൃഷിയുമൊക്കെ നശിക്കുമെന്ന ഉള്‍ക്കാഴ്ച കുട്ടികള്‍ക്ക് കൊടുക്കണം. മണ്ണിലും മരങ്ങളിലും കുട്ടികള്‍ നന്മ കാണണം. അതിലും പ്രധാനം, രാജ്യത്ത് ഒരു ഭരണഘടന നിലവില്‍ ഉണ്ടെന്നും അതിന് വിരുദ്ധമായി ജീവിക്കുന്നവര്‍ നിയമ നടപടികള്‍ക്ക് വിധേയരാകുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവരില്‍ മൂല്യബോധവും, ആത്മവിശ്വാസവും വളര്‍ത്തേണ്ടത് സാമൂഹ്യനന്മയ്ക്ക് അനിര്‍വാര്യമാണ്.
സ്വയം പരിവര്‍ത്തന വിധേയമാകാന്‍ ആദ്യം വേണ്ടത് കൂടുതല്‍ നന്നായി സ്വയം അറിയുകയാണ്. മാറ്റത്തിന് ആരും എതിരല്ല. എന്നാല്‍ സ്വയം മാറുന്നതിലാണ് വിയോജിപ്പ്.
ആ മാറ്റത്തിലേക്ക് കുട്ടികളെ നയിക്കുന്ന ദൗത്യമാണ് അധ്യാപകരും രക്ഷിതാക്കളും ഏറ്റെടുക്കേണ്ടത്.’ സര്‍ഗാത്മക സന്തോഷത്തിന്റെ വാഹകരായി പഠിതാക്കളെ മാറ്റിയെടുക്കുന്നവരാ കണം അധ്യാപകര്‍’, എന്നാണ് രവീന്ദ്രനാഥ ടാഗോര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
‘ മൂല്യങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസം മനുഷ്യനെ യന്ത്രമാക്കും, മുല്ല്യാധിഷ്ഠിത വിദ്യാഭ്യാസം മനുഷ്യനെ മനുഷ്യനാക്കും’ – ഡോ.എസ് രാധാകൃഷ്ണന്‍.











